അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയര്‍ക്ക് എഴുതിയപ്പോള്‍, “ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍'” (ഫിലി. 1 : 27 ). ‘ഏക മനസോടെ, ഒരുമിച്ചുള്ള പോരാട്ടം‘ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ദേയമാണ്.
ഒരു കൂട്ടം കായികതാരങ്ങള്‍ ‘ഒരു ടീമായി’ മത്സരിക്കുക അല്ലെങ്കില്‍ ഒരു പറ്റം കുതിരകള്‍ ‘ഒരുമിച്ചു’ ഒരു തേര് വലിക്കുക എന്ന രീതിയില്‍ തന്നെയാണ് ” ഒരുമിച്ചു പോരാടുക (striving together )” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സഭയിലെ ഓരോ വിശ്വാസികളും തങ്ങളുടെ ശക്തി അല്ലെങ്കില്‍ കഴിവുകള്‍ സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി സഹ വിശ്വാസികളോടൊരുമിച്ചു ചെലവിടണം എന്നാണ് അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയയിലെ വിശ്വാസികളെ ഓര്പ്പിക്കുന്നത് (ഫിലി. 1 : 27-30 ). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു വിശ്വാസിയെ ദൈവം ഏല്പിച്ചിരിക്കുന്ന താലന്തുകളും, ദൈവ സഭയിലെ സഹവിശ്വാസികള്‍ക്ക് പ്രയോജനത്തിനായി ദൈവം കൊടുത്തിരിക്കുന്ന കൃപാവരങ്ങളും സ്ഥലം സഭയില്‍ തന്നെയും സഭയോട് ചേര്‍ന്നും ഉപയോഗിക്കേണ്ടതാണ്.
ഒരു ദൈവ പൈതല്‍ എവിടെ താമസിച്ചാലും താനായിരിക്കുന്ന സ്ഥലത്തുള്ള സഭയുമായി കൂട്ടായ്മ ബന്ധത്തിലല്ലാതെ ജീവിക്കുന്നതിനു ദൈവവചനം ഒരു രീതിയിലും അനുവദിക്കുന്നില്ല. ഒരു ദൈവപൈതല്‍, അവനോ അവളോ ആയിക്കൊള്ളട്ടെ തന്റെ ശക്തിയും കഴിവുകളും താന്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന സ്ഥലം സഭയില്‍ വിനിയോഗിക്കുന്നതില്‍ താന്‍ പരാജയപ്പെടുകയാണെങ്കില്‍ അത് ആ വിശ്വാസിയെ സംബധിച്ചിടത്തോളം വളരെ ലജ്ജാവഹമാണ്. സ്ഥിരമല്ലാത്ത അതായതു വല്ലപ്പോഴുമുള്ള സഭയുമായിട്ടുള്ള കൂട്ടായ്മ ബന്ധം പുതിയനിയമ മാതൃകയല്ല. പ്രാദേശിക സഭയുടെ ഭാഗമായിരിക്കുകയും മറിച്ച് തന്റെ അദ്ധ്വാനവും കഴിവുകളും സ്ഥലം സഭയുടെ ഉന്നമനത്തിനല്ലാതെ പുറത്തുള്ള അതായതു ലോകപ്രകാരമുള്ള ദൈവീക പ്രസാദത്തിനു എതിരായിട്ടുള്ള കാര്യങ്ങള്‍ക്കുവേണ്ടി ചെലവിടുന്നത് പുതിയനിയമ വിശ്വാസിക്ക് ഭൂഷണമല്ല.
പുതിയനിയമ വിശ്വാസി ലോകപ്രകാരമുള്ള രീതികളോടും പാരമ്പര്യങ്ങളോടും മാനുഷികമായ വിഭാഗങ്ങളോടും, സംഘടനകളോടും (മതപരമായ കൂട്ടങ്ങള്‍ ) എന്നേക്കുമായി യാത്ര പറഞ്ഞവരാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവജനത്തോട്, ദൈവസഭയോട് ചേര്‍ന്ന് വന്നവരാണ് യഥാര്‍ത്ഥമായ പുതിയനിയമ വിശ്വാസികള്‍. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. (അപ്പൊ. പ്രവ. 2 : 41, 42 ) ”
മനുഷ്യ നിര്‍മ്മിതമായ മതപരമായ എല്ലാ സംവിധാനങ്ങളോടും വിശ്വാസികള്‍ അകന്നു ജീവിക്കേണ്ടവരാണ്. വിശ്വാസികള്‍ അഥവാ ദൈവമക്കള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചുകൂടി ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി, ദൈവനാമമഹത്വത്തിന്നായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയേണ്ടതാണ്. ദൈവവചനം വളരെ വ്യക്തമായി ഈ വിഷയം നമ്മെ പഠിപ്പിക്കുന്നുണ്ട്. ( അപ്പൊ. 5 : 13, 9:26-30, 19 : 8, 9). ഈ ചെറിയ കുറിപ്പുകള്‍ വായിക്കുന്ന താങ്കള്‍ക്കും, പുതിയ നിയമ പ്രകാരമുള്ള സ്ഥലം സഭയോട് ചേര്‍ന്ന്, കര്‍ത്താവിനു വേണ്ടി ‘ഒരുമിച്ചു പോരാടുവാനും’, വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാനും അങ്ങനെ ദൈവ നാമം മഹത്വപ്പെടുവാനും ഇടയാകട്ടെ.
