ഇസ്രയേല്‍ മക്കള്‍ മിസ്രയീം വിട്ടുപോയപ്പോള്‍ ആഭരണങ്ങള്‍ ചോദിച്ചു വാങ്ങിക്കൊണ്ടുപോയി (പുറപ്പാട് 3:22, 11:2, 12:35,36). ഈ ചരിത്ര സംഭവം ആഭരണം ധരിക്കാനായി ‘ദൈവം കൊടുത്ത കല്പനയായി അഥവാ ലൈസന്‍സ് ആയി’ പറയുന്നവര്‍ ഉണ്ട്. അങ്ങനെയെങ്കില്‍, ഇക്കാര്യം ഒരു കബളിപ്പിക്കല്‍,വിശ്വാസ വഞ്ചന, തട്ടിപ്പ്, മോഷണം എന്നൊക്കെയും കൂടി പറയേണ്ടി വരും. മിസ്രയീം ദേശത്തില്‍ അടിമയായിരിക്കുമ്പോള്‍, നിഷേധിക്കപ്പെട്ടതും എന്നാല്‍ ന്യായമായതും ആയ കൂലി എന്ന അവകാശം ലഭിക്കും എന്ന് ദൈവം അബ്രാഹമിനോട് അരുളിചെയ്തതു “എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.” (ഉല്പത്തി 15:14) ഈ വാക്യം ഇവര്‍ മനപൂര്‍വ്വം മറന്നു കളയുന്നു .മാത്രമല്ല യിസ്രായേല്‍ മക്കളുടെ വിയര്‍പ്പിന്‍റെ വില കൊണ്ട് തന്നെ ദൈവത്തിന്റെ ആലയം പണിയണം (പുറപ്പാട് 25:1-2, 35:21-22, സംഖ്യ 31: 50-54) എന്ന ദൈവീക പദ്ധതി നടപ്പാക്കാനും ഈ ആഭരണങ്ങള്‍ ഉപയോഗിച്ചു.
