ഒരു കാലത്ത് കര്‍ത്താവില്‍ ഉള്ള വിശ്വാസത്തിന്റെയും, കര്‍ത്താവിനോടുള്ള സ്നേഹത്തിന്റെയും ഫലമായും, ആത്മാവിലുള്ള വിത്യസതിന്റെ (രക്ഷയുടെ) ബാഹ്യമായ ( സാക്ഷ്യത്തിന്റെ) അഥവാ വേര്‍പാടിന്റെ അടയാളമായും വിശ്വാസികള്‍ സ്വീകരിച്ച ‘ആഭരണ വര്‍ജ്ജനം’ ഇക്കാലങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ദൈവം വിവിധ കാലങ്ങളില്, അതതു സ്ഥലങ്ങളില്‍ ഉള്ള വിശ്വാസികള്‍ക്ക് കൊടുത്ത വെളിച്ചത്തിന്റെയും, അറിവിന്റെയും, ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ‘ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക്’ (1 കൊരിന്ത്യര്‍ 5:10 / റോമര്‍14.12 ) ലഭിച്ച ‘താലന്തുകള്‍ക്ക്’ ( മത്തായി 25.21 ) ഒക്കെയും കണക്കു കൊടുക്കേണ്ടിവരും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വിത്യാസമില്ലാതെ, വിശ്വാസത്തിന്റെ പേരില്‍ ആഭരണങ്ങള്‍ ഉപേഷിച്ച ഭക്തിയുള്ള വിശ്വാസികള്‍ ഉണ്ടായിരുന്നു. കേരളത്തിലാണ് വ്യാപകമായ രീതിയില്‍ ആഭരണങ്ങളോടും, മറ്റു പലതിനോടും വിട പറഞ്ഞു, വേര്‍പാടും, സാഹോദര്യ ഐക്യവും കാത്തു സുക്ഷിച്ച പിതാക്കന്മാര്‍ ഉണ്ടായിരുന്നു എന്നത് നന്ദിയോടു കൂടി ഓര്‍ക്കുന്നു. കഷ്ടപ്പാടിന്റെയും, കണ്ണുനീരിന്റെയും കടന്നുപോയെങ്കിലും, അഭിമാനത്തോടെ “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി ” (1 തീമോ 2:15) ഇഹലോക ജീവിതം കഴിച്ചു.
കേരളത്തില്‍ തന്നെ പട്ടണങ്ങളിലുള്ള ചില സഭകളിലാണ് ആഭരണം ധാരണത്തില്‍ കൂടുതല്‍ താല്പര്യം. മറ്റു രാജ്യങ്ങളില്‍ ഒക്കെ പോയി തിരിച്ചു കേരളത്തില്‍ വന്നപ്പോള്‍ ‘കൂടെ കൊണ്ടുവന്ന’ വിദേശ സംസ്കാരത്തിന്റെ ഭാഗമായുള്ള പലകാര്യങ്ങളിലും പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് ആഭരണഭ്രമം. ആഭരണം ഒഴിച്ച് മറ്റുള്ള ഏകദേശം എല്ലാ കാര്യങ്ങളും (നമ്മുടെ മാതൃകയുള്ള പിതാക്കന്മാര്‍ ആഭരണത്തോടൊപ്പം വേണ്ടെന്നു വെച്ച പലതും) കാലങ്ങള്‍ കൊണ്ട് (പെട്ടെന്നുള്ള വിത്യാസം അല്ല) വിശ്വാസ സമൂഹത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ ആഭരണം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണം, , ആഭരണം അണിയുമ്പോള്‍ പെട്ടെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുകയും, സംസാര വിഷയം ആകുകയും ചെയ്യും. (മനസ്സില്‍ ആഗ്രഹിച്ചു കൊണ്ട് എത്രനാള്‍ നടന്നാലും ആരും അറിയില്ലല്ലോ) അതുകൊണ്ട്, ആഭരണ സ്നേഹികളുടെ സ്വാധീനത്തില്‍ ‘സഭയില്‍ ആഭരണം ഉപയോഗിക്കാം’ എന്ന ഒരു നിയമം പാസ്സാക്കാന്‍ പണിപ്പെടുകയാണ്. ചുരുക്കം ചില സഭകളില്‍ ‘ജഡീകന്മാര്‍’ വിജയിച്ചു എന്നും കരുതാം. സഭകളുടെ ഏകീകരണം, കേന്ദ്ര നേതൃത്വം, പേരുമാറ്റല്‍ തുടങ്ങി ഒട്ടനവദി കാര്യങ്ങളും ‘വേര്‍പാട്’ ഇല്ലാതാക്കാനുള്ള സാത്താന്യ തന്ത്രങ്ങളുടെ ഭാഗം തന്നെയാണ്.
‘രോഗി ഇച്ചിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍’ എന്ന രീതിയില്‍ പല സുവ്ശേഷകന്മാര്‍ക്കും അവരുടെ ‘വേലകള്‍ക്ക്’ ഇങ്ങനെയുള്ള ‘ആഭരണ പ്രേമികള്‍’ അനുകൂലമായി എന്നത് ഒരു നഗ്ന സത്യമാണ്. എന്നാല്‍, നമ്മുടെ യുവതലമുറയ്ക്ക് ” കയറുവാനുള്ള കുരങ്ങന് ഏണി ചാരിക്കൊടുക്കുകയും‘ ചെയ്യുന്നു.
പ്രത്യക്ഷമായ സാക്ഷ്യവും, ജീവിത വിത്യാസവും പുലര്തുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് ‘വേര്‍പാട്’, എന്തിനു വേര്‍പാട് (SEPARATED) സഭകള്‍ എന്ന് അറിയപ്പെടുന്നു. അല്ല നമ്മള്‍ ‘ബ്രെത്രറണ് സഭ’ (BRETHREN) ആണല്ലോ. അവിടെയാണ് ‘വിശാല വീക്ഷണം‘ ആരംഭിക്കുന്നത്. പുതിയനിയമ പ്രകരമല്ലാത്ത സഭകളോടും, മറ്റും ചേര്‍ന്നു പോകണമെങ്കില്‍ ‘സഹോദര സഭ’ ആയിരിക്കണമല്ലോ.
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല” ( മത്തായി 5:13) .
‘വേര്‍പാട്’ എന്ന പേരിനു യോഗ്യമായ പ്രവര്‍ത്തികളും, അലങ്കാരങ്ങളും, നമ്മുടെ ജീവിതത്തില്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളാം…. എന്തിനും കൊള്ളാം????
വേര്‍പാട് നഷ്ടപെടുന്ന പ്രധാനപ്പെട്ട ചില സാഹചര്യങ്ങള്‍ കുറിക്കുന്നു.
- കേരളം വിട്ടു ജോലിക്കും, പഠനത്തിനും മറ്റും അന്യ സ്ഥലങ്ങളില്‍ പോകുന്നവര്‍ – മാതാപിതാക്കളില്‍ നിന്നും, മാതൃകയുള്ള സഭ വിശ്വാസികളില്‍ നിന്നും അകന്നപ്പോള്‍, അവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം പലപ്പോഴും ദുരുപദേശത്തിനും, ദുഷ്ട്ടതക്കും മറപിടിക്കുന്നു. നമ്മുടെ സ്ഥലം സഭകള്‍ക്കും, മൂപ്പന്മാര്‍ക്കും ഈ കാര്യത്തില്‍ ഒരു ഉത്തരവാദിത്വമോ, അന്വേഷണമോ ഇല്ല എന്നുള്ളത് ഒരു ദുഃഖ സത്യമാണ്. അവര്‍ പോയിരുന്ന സ്ഥലങ്ങളില്‍ പുതിയ നിയമ പ്രകരമല്ലാത്ത മറ്റു സഭകളോടും സമുദായങ്ങളോടും, സംഘടനകളോടും ചേര്‍ന്നതിന്റെ ഫലമായി സ്വായത്തമാക്കിയ ചിലത്, തിരികെ സ്വന്ത സഭയില്‍ വന്നു പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഏതു സ്ഥലത്തും ഏതു സാഹചര്യത്തിലും ആണെങ്കിലും ദൈവത്തിനു വേണ്ടി വേര്‍തിരിക്കപ്പെട്ടവനായി, വേര്‍പെട്ടവനായി ജീവിക്കുകയാണ് വേണ്ടത്. അന്യദേശത്ത് ആയിരുന്ന യെഹൂദാ ജനതയോട്, നിങ്ങളുടെ ഒരു പാട്ട് പാടുവാന്‍ ആവിശ്യപ്പെട്ടപ്പോള്‍ ഉണ്ടായ ചിന്തയും, മനോഭാവവും, മറുപടിയും വളരെ ശ്രദ്ദേയമാണ്.
“സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?” (സങ്കീര്‍ത്തനം 137: 3,4)
ഇക്കാലങ്ങളില്‍ ആയിരുന്നെങ്കില്‍ താളമേളങ്ങളോട് കൂടി ഒരു ‘മ്യൂസിക് ഫെസ്റ്റും’, പിന്നെ അതിന്റെ വീഡിയോയും, ഫോട്ടോയും ഒക്കെ യായി അവരോടൊപ്പം നമ്മക്കും ‘സന്തോഷിക്കാ’ മായിരുന്നു. ‘ആത്മീയതയുടെ’ പേരിലും , ‘വേലയുടെ’ പേരിലും എന്ത് കൂത്ത് കാഴ്ചക്കും ( ആത്മീയം നിറഞ്ഞു നില്‍ക്കുന്ന നല്ല ഓമന പേരുകളില്‍) വേര്പെട്ടവര്‍, മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് പോകുന്നു എന്നത് ദുഖകരമാണ്.
- വിശ്വാസികളായ മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ പറ്റിയുള്ള അമിതമായ വിശ്വാസം. വിശ്വാസികളുടെ മക്കളും വികാരവും, വിചാരവും, ചിന്താ ശക്തിയും ഉള്ളവര്‍ ആണ്. ഒരു ദൈവ ഭക്തിയുള്ള കുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം കുഞ്ഞുങ്ങള്‍ വിശുദ്ധര്‍ ആകില്ല. ആത്മീയ സത്യങ്ങള്‍ അറിയാനും, നല്ല ശീലങ്ങള്‍ ഒക്കെ പഠിക്കുവാനും സാധിക്കുന്നതോടൊപ്പം, എങ്ങനെ അതി വിധക്തമായി പാപം മറച്ചു വെയ്കുവാന്‍ സാധിക്കും എന്നും അവര്‍ മനിസിലക്കും. നമ്മുടെ മക്കള്‍ക്ക് ലഭി ക്കുന്ന വിദ്യാഭ്യാസവും സാഹചര്യങ്ങലും മാതാപിതാക്കള്‍ക്ക് കിട്ടിയതിനെക്കാള്‍ വളരെ ഉയര്‍ന്നത് ആയതു കൊണ്ട് പാപത്തില്‍ പതിക്കുവനുള്ള സാഹചര്യവും അതുപോലെ തന്നെ വലുതാണ്. തെറ്റിപോകാനുള്ള സാധ്യതകള്‍ മനസിലാക്കി, പ്രായത്തിനനുസരിച്ചുള്ള വസ്ത്രധാരണവും, ദൈവനാമ മഹത്വത്തിനായുള്ള ശീലങ്ങളും മക്കളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രാഥമീക ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. വേദ ഞാനതോടൊപ്പം, ഉപദേശ വിഷയങ്ങളില്‍ ഉള്ള ശക്തമായ അടിസ്ഥാനവും മാതാപിതാക്കളോട് കൂടെ മക്കള്‍ ജീവിക്കുന്ന നാളുകളില്‍ തന്നെ അവര്‍ സ്വായത്തമാക്കേണ്ടാതാണ്.
” ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സാദൃശവാക്യങ്ങള്‍ 22:6)
“അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻഅറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു” (1 ശമുവേല്‍ 3: 13)
ഏലീ പുരോഹിതന്റെ ജീവിതവും, മക്കളും, ഭവനവും ഒക്കെ വിശ്വാസികള്‍ക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ.
- വേദ പണ്ട്ടിതന്മാര്‍ (Theologians) എന്ന പദവിയിലേക്ക് സ്വയം ഉയിര്‍ത്തപ്പെട്ടവര്‍ അവരുടെ വക്രബുദ്ധിയില്‍ ഉദിക്കുന്ന ആശയങ്ങള്‍ പല തരത്തിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ വിത്തായി വിതക്കന്നു. സ്ഥലം സഭയില്‍ വചനം പഠിപ്പിക്കുവാന്‍ ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട കൃത്യമായ ഉപദേശങ്ങള്‍ ദൈവ വചനത്തില്‍ ഉണ്ട്. അതിനെ അവഗണിക്കുന്ന സഭകള്‍ അതിന്‍റെ ദോഷ ഫലങ്ങള്‍ അനുഭവിക്കുന്നത് നമ്മുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ.
- രക്ഷിക്കപ്പെടാത്തവരെ സ്നാനപ്പെടുത്തി സ്ഥലം സഭാ കൂട്ടായ്മയില്‍ കൂട്ടിയതിന്റെ പരിണിത ഫലം. വിവാഹത്തിന്റെയും, കുടുംബ മഹിമയും, മറ്റു പല സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടിയും ആണ് സ്നാനപ്പെടുത്തി കൂട്ടായ്മയില്‍ ആക്കുന്നത്.
- മക്കളുടെ ‘മിശ്രവിവാഹം’ (മറ്റു സമുദായങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നും) ന്യായീകരിക്കുവാനും നീതീകരിക്കാന്‍ ‘ഇച്ചായന്‍’ മാരുടെ ശ്രമം. തങ്ങളുടെ ബന്ധക്കാര്‍ വരുമ്പോള്‍ തങ്ങള്‍ക്കു സഭിയില്‍ ലുള്ള ‘പൊങ്ങച്ചം’ കാണിക്കുവാനും അവര്‍ക്ക് തിരുവത്താഴത്തില്‍ പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടാകേണ്ടതിനും ആണ് ഈ ആഭരണ സ്നേഹം.
അടുത്ത കാലത്തുണ്ടായ ഒരു സംഭവം അതിനു നല്ല ഉദാഹരണമാണ്.ഒരു സഭാ കൂട്ടായ്മയില്‍ ഉള്ള ഒരു ‘ചെക്കന്‍’ അകലെ ഒരു സ്ഥലത്തുള്ള സമുദായക്കാരി ‘പെണ്‍ കിടാവുമായി’ പ്രണയത്തിലായി. ഈ കാര്യം ചെക്കന്‍റെ വീട്ടിലും സഭാമൂപ്പെന്മാര്കും അറിവുകിട്ടി. എല്ലാവരും കൂടി ‘ചെക്കനെ’ പിന്തിരിപ്പിക്കാന്‍ ഒരു ചെറിയ ശ്രമം നടത്തിയതും വിഫലമായി. വീട്ടുകാരും, സഭാ മൂപ്പെന്മാരില്‍ ചിലരും, ഉപദേഷ്ടാക്കന്മാരില്‍ ചിലരും കൂടി ‘ പെണ്ണിന്റെ സ്ഥലത്തിനു അടുത്തുള്ള സുവിശേകനെ വിളിച്ചു പെണ്ണ് രക്ഷിക്കപ്പെട്ടതാനെന്നും, അവളെ നിങ്ങടെ സഭയില്‍ സ്നാനപ്പെടുത്തണം എന്നും പറഞ്ഞു. സുവിശേഷകനും ഭാര്യയും ‘പെണ്ണിനെ’ കാണുകയും സംസാരിച്ചതിന്റെയും വെളിച്ചത്തില്‍ അവള്‍ ഈ ചെക്കെനെ വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള ‘തന്ത്ര’മാണിതെന്നും, വീണ്ടും ജനനം പ്രപിച്ചതല്ലെന്നും, അതുകൊണ്ട് സ്നാനപ്പെടുത്താന്‍ പാടില്ല എന്നും ഉറച്ചു. ചെക്കന്‍റെ സഭക്കാരെ വിവരം അറിയിച്ചു. പക്ഷെ കുടുംബക്കാര്‍ നല്ല ‘പിടിപാട്’ ഉള്ളവര്‍ ആയതുകൊണ്ട്, സഭക്കാര്‍ മറ്റു ചില വഴികള്‍ കണ്ടെത്തുകയും ഒരു ‘പാവം സുവിശേഷക’നെ കൊണ്ട് പ്രത്യുത വിവാഹം ഗംബീരമായി നടത്തുകയും ചെയ്തു.
ഒപ്പം, നമ്മുടെ ആദ്യ സുവിശേഷകനു ‘ ഊര് വിലക്കും’ കല്പിച്ചു.
- കൂടുതല്‍ ആളുകളെ വേര്പാട് സഭകളില്‍ ചേര്‍ക്കാന്‍ ഉള്ള ശ്രമം. വിദേശ രാജ്യങ്ങളില്‍ നിന്നും ഒക്കെയായി ചില മാന്യദേഹികള്‍ സുവിശേഷ ഘോഷനതിന്റെ അമിത ഭാരവുംമായി, കീശ നിറയെ കാശുമായി, ഇന്ത്യയില്‍ എത്തുന്നു. ‘വേഴാപല്‍ പക്ഷി മഴക്കായ് കാത്തിരിക്കുന്ന’ പോലെയുള്ള സുവിശേഷകരും, സഭാപ്രമാണികളും ആയി ചേര്‍ന്ന് ‘വലിയ വേല’ നടത്തും. അങ്ങനെ ഈ മാമാങ്ക വിശേഷങ്ങളുടെ വാര്‍ത്തകളും, ചിത്രങ്ങളും ആയി ചരിതാര്‍ത്യത്തോടെ അവര്‍ പറന്നു പോകും. ഇക്കാര്യങ്ങള്‍ നമ്മുടെ ഇടയിലുള്ള വാര്‍ത്താ മാധ്യമങ്ങളിലും, പ്രത്യേകിച്ച് സൌഹൃദ കൂടയ്മയായ ‘മുഖ പുസ്തകത്തിലും (FACE BOOK) ആവോളം ADD ഉം , LIKE ഉം , SHARE ഉം ഒക്കെയായി പരസ്യപ്പെടുത്തുന്നത് നമ്മുക്ക് അറിവ് ഉള്ളതാണ്.
വിദേശ മലയാളി വിശ്വാസികളുടെ ഈ FASTFOOD രീതിയിലുള്ള ഈ ഇന്ത്യാ സുവിശേഷ വല്ക്കരണത്തില്‍, കര്‍ത്താവിനു വേണ്ടി ‘വേര്‍പെട്ടു’ തന്നെ ജീവിക്കണം എന്ന VITAMINS (ക്രിസ്തീയ വളര്‍ച്ചക്ക് അവിശ്യമായത്) ഒന്നും ഇല്ലല്ലോ.
വിദേശ പണത്തോടൊപ്പം സൌജന്യമായി എത്തുന്ന ദുരുപദേശങ്ങള്‍ അപ്പാടെ, പാവപ്പെട്ട വിശ്വാസികള്‍ സ്വീകരിപ്പിക്കുകയാണ്. എതെങ്കിലും ഭക്തന്‍ സംശയം പറഞ്ഞാല്‍ ഗ്രീക്കില്‍ അതിന്റെ വാക്ക് – ക്ഷ, റ XXXX – അതിന്റെ അര്‍ഥം ഇങ്ങനെയും അങ്ങനെയും പറയാമെന്നും, മലയാളം ബൈബിളില്‍ ഉള്ള പരിഭാഷ തെറ്റാണ് എന്നൊക്കെയായി അരുളപ്പാടും, കല്പനയും ഒക്കെയായി നമ്മുടെ സഭയിലെ നടത്തിപ്പുകാരായ ‘പ്രൊഫഷണല്‍’ നേതാക്കന്‍മാര്‍ പഠിപ്പിക്കും. ഗ്രീക്കും, ലത്തീനും അറിയാത്തവര്‍ അന്ഗീകരിച്ചല്ലേ പറ്റൂ.
” കിഴക്കൂന്നു വന്നതുമില്ല, ഒറ്റാലില്‍ കിടന്നതും ഇല്ല”
- Identity വെളിപ്പെടാതിരിക്കുവനുള്ള തന്ത്രം. രക്ഷിക്കപ്പെട്ട വ്യക്തിയാണ് എന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ പിന്നെ, ഇന്ന് ചെയ്യുന്ന പലതും ചെയ്യാനും, പലതും സംസാരിക്കാനും പറ്റില്ലല്ലോ. അതുകൊണ്ട് ‘തിരിച്ചറിയാതിരിക്കാന്‍’ ആഭരണം ഉപയോഗിക്കുന്നു.
ഉദാഹരണമായി ആഭരണം ഉപയോഗിക്കാത്ത ഒരു വ്യക്തി ഒരു ബാറില്‍ ആഹാരം കഴിക്കാന്‍ ആയി കുടുംബമായി ഇരിക്കുന്നത് മറ്റൊരു മലിയളി കണ്ടാല്‍ ഉടനെ പറയുന്ന കമന്റ്, ഈ പാര്‍ട്ടികള്‍ വല്ല ബ്രതറോ, പെന്തക്കോസ്തോ ആണല്ലോ, ആരും കാണാതെ കയറിയിരിക്കുവാ….
ആഭരണം എന്ന ഒറ്റ വിഷയമാണ് ഇതിനു കാരണം. ആഭരണം ധരിക്കതിരുന്നാല്‍ അത് പല കാര്യങ്ങളിലും നിന്നും നിര്‍ബന്ധമായി നാം അകന്നുനില്‍ക്കെണ്ടിവരും.
ഒന്നാം സങ്കീര്‍ത്തനം ഒന്നാം വാക്യം ഒരു കുറിവാക്യമായി കരുതുക.
“ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും” സാക്ഷ്യം പുലര്‍ത്തുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
- സംഘടനാ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം.
സ്ഥലം സഭയെക്കാള്‍ അധികമായി സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശ്വാസികളില്‍ അധികം പേരും ആഭരണ സ്നേഹികള്‍ ആണ്.പുതിയനിയമ മാതൃകയില്‍ അല്ലാത്തതും ദുരുപദേശം ഉള്ളതും ആയ സഭകളോടും, സംഘടനകളോടും, വ്യക്തികളോടും ‘വേലകളില്‍’ സഹകരിക്കണമെങ്കില്‍ ‘ വേര്‍പാട്’ പറയാന്‍ പറ്റില്ലല്ലോ. ഒരു സംഘടന പ്രവര്ത്തകന് മറ്റൊരു സംഘടന പ്രവര്‍ത്തകനുമായി സഹകരിക്കില്ലല്ലോ. സംഘടനകളുടെയോ, വ്യക്തികളുടെയോ പേരുകള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇവരുടെ പൊതു സ്വഭാവം “വേര്‍പാട്” പേരില്‍ മാത്രം ആണ്.
“ആനയ്ക്ക് ഉത്സവം നന്നാകണം എന്നുണ്ടോ ?
ഉത്സവത്തില്‍ ആണെങ്കിലും കാളാമുണ്ടം കാണുമ്പോള്‍
തുമ്പിക്കൈ ഉപയോഗിക്കും. ‘ നെറ്റിപ്പട്ടം കെട്ടിയതും മറന്നു പോകും “
- വേദപുതക ഉപദേശത്തെക്കാള്‍ അധികം മറ്റു പലതിനും, അമിത പ്രാധാന്യം കൊടുക്കുന്ന സഭകള്‍.
- കുടുബത്തിലെ ‘പാപം‘ മറ്റുവര്‍ അറിയാതിരിക്കാന്‍, മറ്റു ചില പാപങ്ങല്‍ക്കൊണ്ട് മൂഡിവയ്ക്കുന്ന വിശ്വാസികള്‍.
- വേദപുസ്തകത്തിലെ ജീവിത മാതൃകയും, യോഗ്യതകളും ഇല്ലാത്ത മൂപ്പന്മാര്‍.
മറ്റു പല ഉപദേശങ്ങളും നമ്മുടെ ഇടയില്‍ ഇപ്പോള്‍ സുലഭമാണല്ലോ..അവയില്‍ ചിലത്
‘കള്ളോപദേശം’ – “ യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു” (ലൂക്കൊസ് 23:46) ക്രൂശിലെ കള്ളന്‍ സ്നാനപ്പെട്ടില്ലല്ലോ, അതുകൊണ്ട് സ്നാനപ്പെട്ടില്ലങ്കിലും സാരമില്ല. സാര്‍വത്രീക സഭയുടെ അഗമായാല്‍ മതി, സ്ഥലംസഭക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാത്ത ഉപദേശം.
‘ഷണ്ടോപദേശം’ – “അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.” (അപ്പോസ്തല പ്രവര്‍ത്തികള്‍ 8:39 ) സ്നാനത്തിനു ശേഷം ഷണ്ടന്‍ തന്‍റെ വഴിക്ക് പോയി.
സ്നാനപ്പെട്ടാല്‍ മതി, പിന്നെ തന്റെ വഴിക്ക് പോകാം എന്നതാണ് ഈ ഉപദേശത്തിന്റെ പ്രത്യേകത. ഫിലിപ്പോസിനെ ആത്മാവ് എടുത്തു കൊണ്ടുപോയത് പോലെ തന്നെ സമ്പത്തും, മാനവും, മാനഹാനിയും മറ്റു പലതും ഒക്കെയായി, നമ്മുടെ ചിലരെയും ‘എടുത്തുകൊണ്ട് പോയതിനു’ നമ്മള്‍ സാക്ഷികള്‍ ആണല്ലോ.
‘അപ്പൊപദേശം’ – ഞായറാഴ്ച സഭയില്‍ പോയി കര്‍തൃമേശയില്‍ പങ്കെടുക്കുന്നതില്‍ മാത്രം തൃപ്തിയടയുന്ന വിശ്വാസികളുടെ ഉപദേശം.
സഭയുടെ മറ്റുയോഗങ്ങളെ ഉപേക്ഷയായി കരുതുന്ന ഇവര്‍ എത്ര തിരക്കാണെങ്കിലും സഭാതീരുമാനങ്ങള്‍ എടുക്കുന്ന കമ്മറ്റിയില്‍ (വേദപുസ്തക പ്രകാരമല്ലാത്ത, നാം ഒമനപേരില്‍ വിളിക്കുന്ന Business meeting) പങ്കെടുക്കും.
‘അങ്ങനെ വാസ്തവമായി ദൈവം കല്പിച്ചിട്ടുണ്ടോ?
പുതിയ നിയമത്തില്‍ അതിനുള്ള വാക്യം ഉണ്ടോ ?
തുടങ്ങിയ ചോദ്യത്തോടെയാണ് ആദ്യമായി നമ്മെ സമീപിക്കുന്നത്.
“നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു” (സദൃശ്യ.22.28)
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു. (ആവർത്തനം – 19:14)
ചിലർ അതിരുകളെ മാറ്റുന്നു;
ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു
കൊണ്ടുപോയി മേയ്ക്കുന്നു. (ഇയ്യോബ് – 24:2)
*********************
