ആത്മാവിനാലുള്ള ആരാധന എന്താണ്? പ്രാര്‍ത്ഥന പരിശുദ്ധാത്മാവിനോടോ ?

uturnപുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിനെ ആരാധനാ ‘വിഷയ’മായിട്ടല്ല, പ്രത്യുത ആരാധനയുടെ ‘ശക്തി’യായിട്ടാണ് കാണുന്നത്. ഈ കാര്യത്തെക്കുറിച്ച് നമുക്ക് വ്യക്തമായി ചിന്തിക്കാം. പരിശുദ്ധാത്മാവ് ദൈവമാണ്. ശക്തിയിലും സ്ഥാനത്തിലും മഹത്വത്തിലും പിതാവിനും പുത്രനും തുല്യന്‍ ആണ്. അപ്പോസ്തലനായ യോഹന്നാനോട് “ദൈവത്തെ നമസ്കരിക്ക” (വെളിപ്പാട് 22:9) എന്ന് ദൂതന്‍ പറയുന്നതുപോലെ പരിശുദ്ധാത്മാവ് ദൈവം എന്ന നിലയില്‍ ആരാധ്യനും ആണ്. എന്നിരുന്നാലും പിതാവിനെയും പുത്രനെയും ആണ് പ്രാര്‍ത്ഥനയിലും സ്തോത്രത്തിലും അഭിസംബോധന ചെയ്യേണ്ടത്. അതിനു ദിവ്യമായ കാരണവും ഉണ്ട്.

ഈ സഭാകാലയളവില്‍ പരിശുദ്ധാത്മാവ് വിശ്വാസികളിലും ദൈവസഭകളിലും വസിക്കേണ്ടതിനായി ഇറങ്ങി വന്നിരിക്കുകയാണ്. (1 കൊരിന്ത്യര്‍ 3:16,  6:19) “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യര്‍ 3:16) “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കു ള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യര്‍ 6:19) ആയതിനാല്‍ പരിശുദ്ധാത്മാവ് പ്രവൃത്തിയോടുള്ള ബന്ധത്തില്‍ നമ്മുടെ ഉള്ളിലുണ്ട്. ഈ പരിശുദ്ധാത്മാവാണ് നമ്മെ പ്രാര്‍ത്ഥനക്കും സ്തോത്രത്തിനുമായി ഉത്തേജിപ്പിക്കുന്നത്. “അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.”  (റോമര്‍ 8:26).

ആകയാല്‍ പരിശുദ്ധാത്മാവിനെ അല്ല, പരിശുദ്ധാത്മാവിനാല്‍ ആണ് ആരാധിക്കേണ്ടത്. “…..ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.” (ഫിലിപ്പ്യര്‍ 3:3) ആരാധന വിഷയമായിരിക്കുന്ന പുത്രന്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍ ആയിരിക്കുന്നതിനു വിപരീതമായി പരിശുദ്ധാത്മാവ് ഇവിടെ ഭുമിയില്‍ ആണ്. ആകയാല്‍ നമ്മില്‍ സംസാരിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനയിലും സ്തോത്രത്തിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് പ്രാര്‍ത്ഥനയുടെയും സ്തോത്രത്തിന്റെയും ശക്തി ആകയാല്‍ ആ ശക്തിയാല്‍ വേണം പ്രാര്‍ഥനയും സ്തോത്രവും ഉയര്‍ത്താന്‍.. അല്ലെങ്കില്‍ അവ ഫലശൂന്യമാകും. അതുകൊണ്ടാണ് ആത്മാവില്‍ (ആത്മാവിനോടല്ല) പ്രാര്‍ഥിക്കുക.

“നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും ….” (യൂദ: 20) എന്ന് വായിക്കുന്നത്. അതുപോലെ പ്രാര്‍ത്ഥനയിലും സ്തോത്രത്തിലും പരിശുദ്ധാത്മാവില്‍ അല്ലാതെ യേശുകര്‍ത്താവ് എന്ന് പറയുവാന്‍ ആര്‍ക്കും കഴികയില്ല. “ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു” (1കൊരിന്ത്യര്‍ 12.3)

Leave a Reply

Your email address will not be published. Required fields are marked *