കേവലം കുറച്ചു വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഒരു പുതു ആരാധനാരീതി, അനുദിനം ശൈലി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയെയാണ് നാം വിചിന്തനം ചെയ്യുന്നത്. ഇവ ദൈവവചനപ്രകാരമുള്ളതാണോ? ഈ ‘പകര്‍ച്ച വ്യാധി’ നമ്മെ എങ്ങനെ ബാധിക്കും? നമ്മുടെ യുവ തലമുറയില്‍ ചിലരും ‘praise and worship’ രീതികളില്‍ ആകര്ഷിക്കപ്പെടുന്നുവോ? ഇന്ന് നാം കാണുന്ന ആത്മീയ സംഗീത സദസ്സുകളിലും ഈ ‘ജ്വരം’ അല്പം ബാധിച്ചു തുടങ്ങിയോ?
ആരാധനക്കാര്‍ എല്ലാവരും കൈ വീശുന്നു, ആണും പെണ്ണും വിത്യാസമില്ലാതെ ‘ശരീരം ഇളക്കി’ ആടുന്നു, നൃത്തം ചെയ്യുന്നു, കൂകി വിളിക്കുന്നു, വര്‍ഷിപ്പ് ലീഡര്‍മാര്‍ (Worship Leders) എന്നൊരു കൂട്ടര് സ്റ്റേജില്‍ കൂത്താടുന്നു, ‘വികാരമുണര്‍ത്തുന്ന അര്‍ത്ഥമില്ലാത്ത’ വരികള്‍ താള മേളങ്ങളോടെ ആവര്‍ത്തിച്ചു പാടുന്നു, കാതടപ്പിക്കുന്ന ശബ്ദം ഉപയോഗിക്കുന്നു, റോക്ക്, പോപ്പ്, റാപ്പ് സംഗീതം ക്രിസ്തീയ സംഗീതത്തിലേക്ക് ഇടകലര്‍ത്തുന്നു.
‘ആരും വിധിക്കണ്ട, ഇങ്ങനെയാരാധിച്ചാല് എന്താ കുഴപ്പം? ഇതൊന്നുമില്ലെങ്കില്‍ ആരാധന അറുബോറാകും, ആളുകളെ ആകര്ഷിക്കണ്ടേ?’ ഒരുപാട് ന്യായങ്ങള്‍ നിരത്തുന്നുണ്ട്. . എന്നാല്‍ വിവിധ ക്രിസ്തീയ ഉപദേശങ്ങളെയും പ്രവൃത്തികളെയും ദൈവജനം വചനാടിസ്ഥാനത്തില്‍ ശോധന ചെയ്തും വിവേചിച്ചും തിരിച്ചറിഞ്ഞു മനസിലാക്കേണ്ടതാണ്.
1.നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. (1കൊരിന്ത്യര്‍ 10:15)
2.സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ (1 തെസ്സ 5:21)
3.പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ. (1യോഹന്നാന് 4:1)
വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ‘ആത്മീയ രീതികളില്‍’ തെറ്റേതന്നു കണ്ടെത്തേണ്ടതും ഒഴിവാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും, പ്രത്യേകിച്ച് പുതിയനിയമ പ്രാദേശീക സഭകളുടെയും ഉത്തരവാദിത്വമാണ്.
1.സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.(റോമര്‍ 16:17)
2.ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും (വെളിപ്പാട് 2:2)
ലോകപ്രകാരം ഒരു വിജയി ആകുക അല്ലെങ്കില്‍ സമ്മതനാകുക എന്നതിനേക്കാള്‍ ഉപരിയായി, മാറ്റമില്ലാത്ത ദൈവവചനത്തോടുള്ള വിശ്വസ്തതയാണ് ക്രിസ്തുവിന്റെ ന്യായാസനത്തില്‍ നാം എത്തുമ്പോള്‍ പ്രതിഫലത്തിന്റെ മാനദണ്ഡം .”ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”(1കോരി 4:2).
എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുക എന്നുള്ളതിനേക്കാള്‍ എങ്ങനെ ചെയ്തു എന്നുള്ളതാണ് ദൈവവചന പ്രകാരം പ്രധാനമായിരിക്കുന്നത്.”എനിക്കു ലഭിച്ച ദൈവകൃപക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.” (1 കോരി 3:10).
ദൈവം വ്യക്തമായി നിര്ദേശിച്ചിരിക്കുന്നതിനെ മറികടക്കുക എന്നുള്ളത് അവിശ്വസ്തതയായിട്ടാണ് ദൈവം കണക്കിടുന്നത്. സഭയിലെ ഉപദേശി ആണെങ്കിലും, മൂപ്പന് ആണെങ്കിലും, മകനാണെങ്കിലും, കൊച്ചുമകനാണെങ്കിലും ദൈവീക പ്രമാണം ഒന്ന് തന്നെ. ചില ഉദാഹരണങ്ങള്‍ നോക്കാം.
1.അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു. ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി. (ലേവ്യ10:1,2) മഹാപുരോഹിതന്റെ മക്കള്‍!!!!
2.പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതു കൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു. (സംഖ്യ20:12) സാക്ഷാല്‍ മോശയും അഹരോനും!!!!
3.അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ? (സംഖ്യ 16:10) ലേവിയുടെ കൊച്ചു മകനും കൂട്ടരും!!!!
4.മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ (ഉസ്സിയാ രാജാവ് ) നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു. (2 ദിന 26:19) പ്രബലനായ രാജാവ്!!!!!
മുകളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികള്‍ ആരൊക്കെയാണെന്ന് സൂക്ഷ്മമായി ഒന്ന് ചിന്തിക്കുന്നത് നമുക്കോരോരുത്തര്‍ക്കും നല്ലതാണ്. ശുശ്രൂഷ ചെയ്യുന്നവര്‍, അവരുടെ മക്കള്‍, കൊച്ചു മക്കള്‍ എന്നിവര്‍ ദൈവിക കാര്യങ്ങളില്‍ കേവലം നിസ്സാരമായിട്ടോ, സമയം പോക്കിനോ, നിര്‍ബന്ധത്താലോ, തമാശയായിട്ടോ ആണോ ഇടപെടുന്നത്. വേണ്ടത്ര ഗൌരവം അവര്‍ കൊടുക്കുന്നുണ്ടോ എന്ന് ഇരുത്തി ചിന്തിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞവര്‍ക്ക് വന്ന ശിക്ഷ മനസിലാക്കി, അത് നമ്മില്‍ പലരുടെയും കണ്ണ് തുറപ്പിച്ചാല്‍ നന്നായിരുന്നു.
ആരാധകന്റെ ആത്മാര്‍ത്ഥത, ആവേശം, ഭക്തി എന്നിവ പരിഗണിച്ച് ഏതു തരത്തിലുള്ള ആരാധനയും സ്വീകരിക്കുന്ന ദൈവമല്ല നമ്മുടെ ദൈവം. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” (യോഹന്നാന് 4:23). ഇത് പുതിയ നിയമത്തില്‍ സാക്ഷാല്‍ നമ്മുടെ ദൈവമായ കര്‍ത്താവ് കല്പിച്ചതാണ്. പ്രമാണങ്ങള്‍ക്ക് അനുസരണമായി, ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ അര്‍പ്പിക്കുന്ന ആരാധന മാത്രമേ നമ്മുടെ ദൈവം സ്വീകരിക്കുകയുള്ളൂ എന്ന് ദൈവവചനത്തില്‍ ആദിയോടന്തം ദൃഷ്ടാന്തങ്ങള്‍ കാണാം. നമുക്ക് സന്തോഷം തോന്നുന്ന പോലെ, നമ്മുടെ രീതികളില്‍ അല്ല നാം ദൈവത്തെ ആരാധിക്കേണ്ടത് എന്ന് നാം മനസ്സിലാക്കണം. എങ്ങനെയെങ്കിലും കര്‍ത്താവിനെ ആരാധിച്ചാലും, കര്‍ത്താവിനു കൊടുത്താലും അതൊന്നും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല എന്നതാണ് വാസ്തവം.
ആരാധന എന്ത് ?
നമ്മുടെ, ത്യാഗപരമായ ജീവിതം, നിര്‍ലോഭമായ സാമ്പത്തിക ദാനങ്ങള്‍, എപ്പോഴും സ്തോത്രം ചെയ്യുന്നത് ഇവയില്‍ ഏതു ആണെങ്കിലും പിതാവായ ദൈവത്തിനും പുത്രനായ ക്രിസ്തുവിനും എപ്പോഴും സകല മഹത്വവും അര്‍പ്പിച്ചുകൊണ്ടുള്ള ശ്രേഷ്ടമേറിയ ചിന്തകളാല്‍ ഹൃദയം നിറഞ്ഞു കവിയുന്നതാണ് ആരാധന. “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമര്‍ 12:1) അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു. (എബ്രായര്‍ 13:15-16). പ്രാര്‍ഥനയില്‍ നാം ദൈവത്തോട് അപേക്ഷിക്കുന്നു, നന്ദി (thanksgiving) പറയുമ്പോള്‍ നമുക്കു ലഭിച്ച ഭൌതിക നന്മകളെ നാം ഓര്‍ക്കുന്നു. എന്നാല്‍ ആരാധനയില്‍ ആരാധകന് ദൈവത്തെ മാത്രം ആസ്വദിക്കുകയാണ്, വിലമതിക്കുകയാണ് (appreciation). “എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു”. (സങ്കീ 45:1-2). വീണ്ടെടുക്കപ്പെട്ട ഹൃദയം കര്‍ത്താവില്‍ മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹത്താല്‍ അധിവസിക്കപ്പെട്ട് നിറഞ്ഞു കവിയുകയാണ്.
ആരാധന സ്ഥലം
യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു” (യോഹന്നാന് 4:21) ഭൂമിയില്‍ പ്രത്യേക ആരാധനാസ്ഥലങ്ങള്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസിക്കില്ല. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക” (എബ്രായര്‍ 4:16). “വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു” (എബ്രായര്‍ 8:2). ”തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു” (എബ്രായര്‍ 10:20) നമുക്ക് ഭാഗ്യമുണ്ടായി. നമ്മുടെ ആരാധനയുടെ സൌരഭ്യ വാസന സ്വര്‍ഗ്ഗീയ സന്നിധിയിലേക്ക് എത്തപ്പെടുന്നതിനു സ്വര്‍ഗത്തില്‍, ജീവനുള്ള പുതുവഴിയായി കര്ത്തവുള്ളതിനാല് ഒരു മദ്ധ്യസ്ഥന്റെയും ആവശ്യവും നമുക്കില്ല.
ആരാധകര്‍
ഇന്ന് ആരാധന അര്‍പ്പിക്കുന്നവര്‍ അഹരോനും അവനുണ്ടായ മക്കളുമല്ല .”സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹന്നാന് 4:23) ജഡത്താലല്ല, പരിശുദ്ധാത്മാവിനാല്‍ വീണ്ടും ജനിക്കപ്പെട്ടവര്‍, മക്കള്‍ എന്ന പദവിയില്‍ വേണം ആരാധിക്കുവാന്‍..
ആരാധനരീതി
ആത്മാവിലും സത്യത്തിലും ആരാധിക്കണം. ആത്മാവില്‍ ആരാധിക്കുക എന്നാല്‍ ആരാധന, മതാചാരങ്ങള്‍ (Ritualistic) നിറഞ്ഞതോ, ബാഹ്യമായിട്ടുള്ളതോ (outward) ആകരുത് . പഴയനിയമ ആരാധന അങ്ങനെയുള്ളതായിരുന്നു. ഇന്ദ്രിയങ്ങള്‍ ഉദ്ദീപിക്കപ്പെടുന്ന ആരാധനയും അങ്ങനെ തന്നെ. ആരാധന ഉയരുന്നത് അന്തരാത്മാവില്‍ നിന്നായിരിക്കണം. സത്യത്തില്‍ ആരാധിക്കുക എന്നാല്‍ ബൈബിള്‍ വ്യക്തമാക്കുന്ന പ്രകാരം ആരാധിക്കണം. സത്യം വെളിപ്പെടുത്തിയിരിക്കുന്നത് ദൈവവചനത്തിലാണ്, പുത്രനായ യേശുക്രിസ്തുവിലൂടെയാണ്. ആരാധന നിയന്ത്രിക്കപ്പെടുന്നതും, ക്രമീകരിക്കപ്പെടുന്നതും ദൈവവചനപ്രകാരമാണ്, പരിശുദ്ധാത്മ നടത്തിപ്പിലാണ്. (തുടരും)
