ക്രമീകൃതമായ ഒരു ജീവിതം ദൈവം എത്രമാത്രം ആഗ്രഹിക്കുന്നു?

യഹോവയായ ദൈവത്തിന്റെ പദ്ധതി അനുസരിച്ച് നിര്‍മ്മിതമായ സമാഗമനകൂടാരമെന്ന തിരുനിവാസം ഒരു പുതിയ ആണ്ടിന്റെ പ്രാരംഭമാസം ഒന്നാം തീയതി യിസ്രായേല്‍ ജനത്തിന്റെ മദ്ധ്യേ സ്ഥാപിതമായി. ഒരു പുതിയ ആരംഭമാണ് ഇവിടെ കുറിക്കുന്നത്. മാത്രമല്ല, അവരുടെ ജീവിതത്തിലും സമാഗമനകൂടാരത്തോട് ബന്ധപ്പെട്ടും എല്ലാം വളരെ ക്രമീകൃതമായ ഒരു സംവിധാനമാണ് ദൈവം നിവര്‍ത്തിച്ചത്. കാരണം സകലവും ഉചിതമായും ക്രമമായും ആയിരിക്കണം എന്ന് നിര്‍ബന്ധമുള്ളവാനാണ് മഹാദൈവം (1 കൊരി. 14:40). ദൈവജനമായിരിക്കുന്ന നമ്മുടെ ജീവിതത്തിലും ദൈവഹിതമായ ഒരു ക്രമീകരണം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ദൈവീക സാന്നിദ്ധ്യം നമ്മുടെ ജീവിതങ്ങളില്‍ അനുഭവവേദ്യമാകുകയുള്ളൂ.

 

നാം ലോകത്തിലേക്ക്‌ കണ്ണോടിച്ചാല്‍ എവിടേയും ക്രമംകെട്ടതും പ്രശ്നസങ്കീര്‍ണ്ണമായതുമായ ജീവിതാനുഭവങ്ങളെ നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. ദൈവവചനത്തെ കോട്ടിക്കളയുന്ന ഒരു തലമുറയാണ് ഇപ്പോഴത്തേത്. ദൈവവചനത്തെ മാനിക്കാത്ത ജനസമൂഹം. ക്രമംകെട്ട നടപ്പും, വഷളത്വവും, തികഞ്ഞ അരാജകത്വവും സമൂഹത്തില്‍ കൊടികുത്തി വാഴുന്നു. വിശുദ്ധനായ ദൈവം സ്ഥാപിച്ച സമഗമാനകൂടാരത്തെ സംബധിച്ചിടത്തോളം സകലവും അവിടെ വിശുദ്ധമായിരിക്കണം. സമാഗമാനകൂടാരത്തില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഉപകരണം അശുദ്ധമായാല്‍ ദൈവീക അനുഗ്രഹങ്ങള്‍ക്ക് അത് തടസമായി ഭവിക്കുമായിരുന്നു. കര്‍ത്താവിന്റെ മഹത്വത്തിനായിട്ട് വിളിച്ചു വേര്‍തിരിക്കപ്പെട്ട നമ്മുടെ ജീവിതങ്ങള്‍ നാം എത്ര വിശുദ്ധമായി നയിക്കേണ്ടതാണ്. അശുദ്ധിയും, ക്രമംകെട്ട നടപ്പും ദൈവവചന യോഗ്യമല്ലാത്ത ചെയ്തികളും മറ്റും ദൈവത്തിന്റെ സാന്നിദ്ധ്യവും, അനുഗ്രഹങ്ങളും രുചിക്കുന്നതില്‍ നിന്നും ദൈവജനത്തെ വിലക്കും. മാത്രമല്ല, ഇങ്ങനെയുള്ള ജീവിതം നയിക്കുന്ന വിശ്വാസികള്‍ അവര്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലം സഭകള്‍ക്ക് ഒരു ശാപമാണ്. കാരണം, സ്ഥലം സഭയുടെ സാക്ഷ്യത്തിനും അനുഗ്രഹങ്ങള്‍ക്കും ഇക്കൂട്ടര്‍ തടസമായിരിക്കും. അതുകൊണ്ട് നമ്മുക്ക് നമ്മെ തന്നെ ഒന്ന് ശോധന ചെയ്യാം, ക്രമീകൃതമായ ജീവിതത്തിനു ഉടമകളായി, വിശുദ്ധിയോടുകൂടി, കര്‍ത്താവിനായി വേര്‍പെട്ടു, തിരുനാമം മഹാത്വപെടുത്തി ജീവിക്കാന്‍ ദൈവം കൃപ നല്‍കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *