അര്‍ഹനായ വ്യക്തിക്ക് അര്‍പ്പിക്കുന്ന ബഹുമാനാദരവുകളാണ് ആരാധന എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.. യോഗ്യനായ ഒരു വ്യക്തിയെ അത്യന്തം ആദരവോടെ പ്രണാമം ചെയ്യുമ്പോള്‍ അദ്ദേഹത്തെ നമസ്കരിക്കുന്നു എന്ന് പറയാം. പരമോന്നതനായ ദൈവത്തിനു സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നത് ദിവ്യമായ ആരാധനയാണ്. ആരാധനാ സംബന്ധമായി കൃത്യമായ ഒരു നിര്‍വചനം ദൈവ വചനത്തില്‍ ഇല്ല എങ്കിലും ദൈവ വചനത്തില്‍ നല്കീട്ടുള്ള പരാമര്‍ശനങ്ങളും ഉദാഹരണങ്ങളും ചേര്‍ത്ത് പഠിച്ചാല്‍ ആരാധന എന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.
ആരാധന (നമസ്കരിക്കുക) എന്നാല്‍ സാഷ്ടാംഗപ്രണാമം ചെയ്യുക എന്നതാണ്. (അക്ഷരാര്‍ത്ഥത്തില്‍ ചുംബനം എന്ന് പറയാം). നമസ്കരിക്കുന്നത് ആന്തരീക വികാരം കൊണ്ടോ അല്ലാതെയോ ഉള്ള ഒരു ബഹുമാന പ്രകടനം ആണ് എന്ന് ചില വേദഭാഗങ്ങള്‍ വ്യക്തമാക്കുന്നു. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”. (രാജാക്കന്മാര്‍ 19:18)
“ഇപ്പോഴോ,അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു” (ഹോശേയ 13:2 ). “അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” ( സങ്കീര്‍ത്തനം 2:12). “ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.” (മത്തായി 2:11)
“അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.” (മത്തായി 8:2)
ആന്തരീക അനുഭവം ഉണ്ടായിട്ടു ഹൃദയം തുറന്നു ഭയ ഭക്തിയോടെ ദൈവത്തെ വണങ്ങുന്നതാണ് യഥാര്‍ത്ഥത്തില്‍ ദൈവീക ആരാധന. “തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു” (അപ്പോ: പ്രവര്‍ത്തി16:14). റോമര്‍ 1:25 “ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.” അപ്പോ: പ്രവര്‍ത്തി 27:23 ” എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു” തുടങ്ങിയ വേദഭാഗങ്ങളില്‍ ഈവിധ ആന്തരീക അനുഭവത്തിന്റെ പ്രകടനം കാണാവുന്നതാണ്.
ആരാധന ഒരു ശുശ്രുഷയാണ്. ആരാധന എന്ന വാക്കിന്റെ വിശാലാര്‍ത്ഥത്തില്‍, ദൈവത്തിനോ, അന്യദേവന്‍മാര്‍ക്കോ അര്‍പ്പണമായി ചെയ്യുന്ന മതപരമായ ശുശ്രുഷയോ, മേലധികാരികള്‍ക്ക് സേവന മനസോട് കൂടി ചെയ്യുന്ന ശുശ്രുഷയോ ആകാം. ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്നനാം തന്നേ. (ഫിലി. 3.3 ) ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു ( എബ്രായര്‍ 10:21). കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു ( എബ്രായര്‍ 13:10). ആരാധന ഒരു യാഗാര്‍പ്പണ ശുശ്രുക്ഷയാണ്.
ആരാധന എന്നാല്‍ കൊടുക്കലാണ്. അബ്രഹാം തന്‍റെ ഏകജാതനായ മകനെ അര്‍പ്പിച്ചത് പോലെ ഒരുവന് സ്വന്തമായിരിക്കുന്നതില്‍ ഏറ്റവും മേത്തരമായതിനെ, താന്‍ സ്നേഹിക്കുന്നവനും, ബഹുമാനിക്കുന്നവനും ആയവന് പൂര്‍ണ ഹൃദയത്തോട് കൊടുക്കുന്നത് തന്നെ. “അബ്രാഹാം ബാല്യക്കാരോടു:നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു” (ഉല്പത്തി 22.5). ദൈവമായി ബന്ധമില്ലത്തവരില്‍ നിന്നും, ദൈവീക പ്രമാണങ്ങളെ പാലിക്കാത്തവരില്‍ നിന്നും വേറിട്ടാണ് ദൈവത്തെ ആരാധിക്കേണ്ടത് എന്ന വലിയ സന്ദേശം ഈ ചരിത്ര സംഭവത്തില്‍ നിന്നും പഠിക്കാം.
ആരാധനയുടെ ഉദാഹരണങ്ങള്‍, വിദ്വാന്മാര്‍ – മത്തായി 2:11 “ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു” മറിയ – യോഹന്നാന്‍ 12:3 “അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.”
1 ദിനവൃത്താന്തം 29:10-22, ആവര്‍ത്തനം 26:1-11 എന്നീ വേദഭാഗങ്ങള്‍ ശരിയായ ആരാധനയുടെ ഒരു ചിത്രം വരച്ചു കാണിക്കുന്നു. വിശ്വാസികള്‍ക്ക് ഫലകരമായി കര്‍ത്താവിനെ ആരാധിക്കുവാന്‍ ഉതകുന്ന പദാവലികളും ഭാവങ്ങളും ചില സങ്കീര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം.ഉദാഹരണമായി സങ്കീര്‍ത്തനങ്ങള്‍ 95, 96, 107.
ആരാധന എന്നത് കേവലം ദൈവീക കല്‍പനകളുടെ അനുസരണം മാത്രമോ, നാവില്‍ നിന്നും പുറപ്പെടുന്ന വാക്കുകളോ, ബാഹ്യ പ്രകടനങ്ങളോ അല്ല. പ്രത്യുത ഒരു വ്യക്തിയുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും ഉള്ള സത്യമായ അര്‍പ്പണം ആണ്. “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു. ” (മത്തായി 7:7-8). ഒരു ദൈവ പൈതലിന് ദൈവത്തോടുള്ള സംസര്‍ഗത്തില്‍ ചെയ്യാവുന്ന ഏറ്റവും പരമോന്നതമായ ആത്മീയ ശുശ്രുഷയാണ് ആരാധന. വീണ്ടെടുക്കപ്പെട്ട ദൈവ മക്കള്‍ക്ക് ലഭിച്ചിരിക്കുന്ന സമുന്നതമായ പദവിയും ഉത്തരവാദിത്തവും ആണത്. സൃഷ്ടിയും, ജന്തുക്കളും സൃഷ്ടാവാം ദൈവത്തിനു കൊടുക്കുന്ന അര്‍ ച്ചനയെക്കാള്‍ ആഴമേറിയത് ആണ് ദൈവമക്കളുടെ ആരാധന.” ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു (സങ്കീര്‍ത്തനം 148:13).” അത് പ്രാഥമീകമായും നമ്മുടെ ആവശ്യങ്ങളെ അറിയിക്കുന്ന പ്രാര്‍ത്ഥനയേക്കാള്‍ ഉന്നതമാണ്. യേശു ക്രിസ്തുവിന്റെ വ്യക്തി മഹാത്മ്യത്തില്‍ ആകൃഷ്ടരായി അവിടുത്തെ യോഗ്യതയിലും ദൈവത്തിന്‍റെ ദിവ്യ സാന്നിദ്ധ്യബോധ്യത്തിലും അതിശയം പൂണ്ട് വീണ്ടെടുക്കപ്പെട്ട ദൈവജനം ക്രിസ്തുവിന്റെ സന്നിധിയില്‍ ദൈവത്തിന്റെ മാഹാത്മ്യത്തെ ഓര്‍ത്തുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ശുശ്രുഷയാണ് ക്രിസ്തീയ ആരാധന. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം”. ( യോഹന്നാന്‍ 4:24)
ആരാധന ആത്മാവില്‍ നിന്നും ഉള്ളതാണ്, സത്യത്തില്‍ ആയിരിക്കുകയും വേണം. സത്യാരാധനക്കാര്‍ ആയിരിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
