മെഗാ ക്രൂസേഡുകളുടെ നോട്ടീസ് കിട്ടിയാല്‍ പ്രസംഗിക്കുന്നയാളുടെ പേരിനെ കൂടാതെ മറ്റൊരാളുടെ പേര് കൂടെ അതില്‍ കാണാം, ‘വര്‍ഷിപ്പ് ലീഡര്‍‘ !!!. ആരാണീ പുതിയ അവതാരം? പുതിയ നിയമത്തില്‍ സഭക്ക് നല്‍കിയിട്ടുള്ള വരദാനങ്ങളില്‍ വല്ലതുമാണോ ഇങ്ങനെയുള്ള സംഗീത വിദ്വാന്മാര്‍ ?
മോസാര്‍ട്ടിനെയും, ബീഥോവനെയും വെല്ലുന്ന സംഗീതജ്ഞനായിരുന്നു ശലോമോന്റെ ദേവാലയത്തിലെ സംഗീത വിദഗ്ദ്ധനായിരുന്ന കെനന്യാവ്. പഴയനിയമത്തില്‍ കാണുന്ന ഒരു വര്‍ഷിപ്പ് ലീഡര്‍ ആണ് അദ്ദേഹം. സ്റ്റീഫന്‍ ദേവസ്സിമാരെയും, ജോബി ജോണുമാരെയും, ഇമ്മാനുവേല്‍ ഹെന്ട്രിമാരെയും മറ്റും ‘വിശ്വാസികള്’ ‘ഹീറോ വര്‍ഷിപ്പ്‘ മൂലം ഫേസ് ബുക്കിലും മറ്റും പടങ്ങള്‍ പോസ്റ്റ് ചെയ്തു അവരുടെ നാമത്തെ ഉയര്‍ത്തുന്ന കാലമാണല്ലോ. “വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു”. (1 ദിന 15:22). ശലോമോന്‍ രാജാവായപ്പോള്‍ 30 വയസ്സിനു മേലുള്ള 38000 ലേവ്യരില്‍ നിന്ന് 4000 പേരെയാണ് ദേവാലയത്തിലെ സംഗീത ശുശ്രൂഷക്കായി തെരഞ്ഞെടുത്തത് (1 ദിന 23:1-5). ദൈവാലയത്തിലെ ക്വയറില്‍ വാദ്യങ്ങള്‍ വായിക്കുന്നവര്‍ 4000 ലേവ്യര്‍,.. ഒന്ന് ഊഹിച്ചു നോക്കൂ, ഇന്നെവിടെയെങ്കിലും ഇത് സാധിക്കുമോ? സംഗീതനിപുണന്മാരായ 288 പേരുടെ വിവരവും വിശദമായി ദൈവ വചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്(1 ദിന 25:7-31)
ഇതിനു തുല്യമായി പുതിയ നിയമത്തില്‍ വല്ലതുമുണ്ടോ?
കേള്‍ക്കാന്‍, കാണാന്‍, ആസ്വദിക്കാന്‍ പുതിയനിയമത്തില്‍ ഒന്നും തന്നെയില്ല. സുവിശേഷകന്‍, ഇടയന്‍, മൂപ്പന്‍ എന്നിവരെ പുതിയ നിയമസഭയ്ക്ക് ദൈവം നല്‍കിയിട്ടുണ്ട്. എന്നാല്‍ വര്‍ഷിപ്പ് ലീഡര്‍ (Worship Leader) എന്നൊരു കൂട്ടര്‍ പുതിയനിയമ സഭയിലില്ല. മൂന്നിടങ്ങളിലായി ഇരുപതിലധികം കൃപാവരങ്ങളെ ക്കുറിച്ച് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. പക്ഷെ, ‘വര്‍ഷിപ്പ് മിനിസ്ട്രി’ എന്നൊരു വരം എങ്ങും തന്നെയില്ല. ചില സഭക്കാര്‍ ഇങ്ങനെ ഒരു കൃപാവരം (gift of worship and gift of singing) ഉണ്ട് എന്ന് ദൈവത്തെ പഠിപ്പിക്കുകയാണെന്ന് തോന്നുന്നു. ആരാധിക്കുന്നതും, പാടാനുള്ള കഴിവുമൊക്കെ കൃപാവരങ്ങളുടെ കൂട്ടത്തില്‍ വരുന്നതല്ല. തീര്‍ച്ചയായും വചനത്തിലില്ലാത്തത്തിനു വേണ്ടി തര്‍ക്കിച്ചുകൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തര്‍ക്കിച്ചുകൊണ്ടിരിക്കാം. ദൈവം വേണ്ടെന്നു വച്ചതിനെ നിര്‍ബന്ധമായും നമുക്ക് അനുവദിപ്പിക്കാനാകുമോ? നമ്മുടെ കര്‍ത്താവ്, താന്‍തന്നെ പറഞ്ഞത് ഒന്ന് മനസ്സിരിത്തി ശ്രദ്ധിച്ചു നോക്കിക്കേ “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്തായി 28:20) എന്നു അരുളിച്ചെയ്തു”. കല്പിക്കാത്തത് പ്രമാണിപ്പാന്‍ ഉള്ള ജനത്തിന്റെ തിടുക്കം ആരില്‍ നിന്ന്?
യഥാര്‍ത്ഥത്തില്‍ പ്രെയിസ് ആന്‍ഡ് വര്ഷിപ്പിനോടുള്ള ബന്ധത്തില്‍ ഇന്ന് കാണുന്നത് ഒന്നും തന്നെ പുതിയ നിയമത്തില്‍ കാണുന്നില്ല. കര്‍ത്താവായ യേശുക്രിസ്തു തന്നെ ദൈവാലയത്തിലെ ആരാധന രീതികളെ വ്യക്തമായി ദുര്ബ്ബലപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമ ആരാധന രീതികളെ കര്‍ത്താവ് അസാധുവാക്കിയത് സത്യത്തിലും ആത്മാവിലുമുള്ള പുതിയ നിയമ ആരാധന കൊണ്ടാണ്. (ഈ ആരാധന ബാഹ്യമല്ല). പ്രത്യേക വസ്ത്രങ്ങളില്ല , പ്രത്യേക യാഗങ്ങളില്ല , പെരുന്നാളുകളില്ല, കുന്തുരുക്കമില്ല, സുഗന്ധ ദ്രവ്യങ്ങളില്ല, പഴയ നിയമത്തിലെ പോലെ മ്യൂസിക്കല്‍ വര്‍ഷിപ്പില്ല, വര്‍ഷിപ്പ് ലീഡറില്ല, ആചാരപരമായ കഴുകലുകലില്ല- ആരാധന എന്നാല്‍ ആത്മാവിലും സത്യത്തിലും മാത്രം, പുതിയനിയമ മാതൃക പ്രകാരം. നിത്യതയോളം സൗന്ദര്യം നിലനില്ക്കുന്ന ആന്തരിക അര്‍പ്പണം വചനാനുസരണം നിര്‍വ്വഹിക്കാന്‍ രക്ഷിക്കപ്പെട്ട ഓരോരുത്തരും ശ്രദ്ധിക്കണം.
വര്‍ഷിപ്പ് ലീഡര്‍മാരുടെ ജോലി ആരാധകനെ ദൈവിക സാന്നിധ്യത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് വയ്പ്. സ്വര്‍ഗീയ അനുഭവം നമുക്ക് പകര്‍ന്നു തരുന്ന വ്യക്തി .. തിരുവചനം നമ്മോടു പറയുന്നു, വര്‍ഷിപ്പ് ലീഡര്‍ ഒരു അനാവശ്യ പദവിയാണെന്ന്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട്, ദൈവജനമേ, നമുക്ക് പറയുവാന്‍ കഴിയും, ക്രിസ്തുയേശു താന്‍ കാല്‍വറിയില്‍ തികച്ച പരമ യാഗത്താല്‍ ഒരുക്കപ്പെട്ട പുതുവഴിയില്‍ക്കൂടി കൃപാസനത്തിലേക്ക് അടുത്ത് ചെന്ന് ദൈവത്തെ ആരാധിക്കുവാനുള്ള പ്രാഗത്ഭ്യം ഉണ്ട്. യേശുക്രിസ്തുവിന്‍റെ നാമത്തിലുള്ള കൂടിവരില്‍ ആരാധന നയിക്കുന്നത് പരിശുദ്ധാത്മാവ് മാത്രമാണ്. എത്ര വലിയ വര്‍ഷിപ്പ് ലീഡറിനും അതാകില്ല. വിടുവിക്കപെട്ട, വീണ്ടെടുക്കപ്പെട്ട, ആത്മാക്കളായ നമ്മുക്ക്, നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മ സഹായത്താല്‍ കര്‍ത്താവിനെ ആരാധിക്കാം.
ആശ്ചര്യകരമായ മറ്റൊരു വസ്തുത, “സഭയില്‍ മിണ്ടാതിരിപ്പാന്‍ ” (1 കോരി 14:34-35) കല്പന ലഭിച്ചിട്ടുള്ള, “സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ”(1 തിമോത്തി 2:11-12 ) എന്ന് അനുവദിക്കപ്പെട്ടിട്ടുള്ള സ്ത്രീകളും പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കുന്ന ഈ വര്‍ഷിപ്പ് ലീഡറുടെ പണിക്കു ഇറങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ” ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫേ 5:18-20 ) ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.(ഫിലി 3:3) നമ്മുടെ വര്‍ഷിപ്പ് ലീഡ് ചെയ്യേണ്ടത്, നമ്മെ സത്യത്തില്‍ വഴി നടത്തുന്നതിന്നായി ദൈവം നമുക്ക് അയച്ചു തന്ന പരിശുദ്ധാത്മാവ് തന്നെയായിരിക്കണം.
