ചുറുചുറുക്കുള്ള ഒരു സഭയുടെ ലക്ഷണമായി ഇളക്കപ്പെരുക്കമുള്ള പാട്ടുകളും, ഡാന്‍സും, കൈയ്യടി, കൈവീശല്‍ എന്നിവയൊക്കെ ഇന്ന് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാദേശീക സഭകള്‍ ചത്തതാണന്നു അടക്കം പറയുന്ന അല്പ്ജ്ഞാനികള്‍ ഇന്ന് അവിടവിടെ തല പൊക്കി തുടങ്ങി. വിരസമായ പഴഞ്ജന്‍ പാട്ടുകള്‍, പ്രാര്‍ത്ഥന, പ്രസംഗം എന്നിവ മാത്രം പോരാ, നമുക്കും ‘വേണമിതൊക്കെ’ എന്നുപദേശിക്കുന്നു. ഇത്തരത്തിലുള്ള ആധുനികന്മാര്‍ക്കു ഒരു മറുപടിയാകട്ടെ ഇക്കുറി.
.” ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ“(എഫേ 5:19).ഈ വാക്യത്തോട് ഇന്ന് എന്തൊക്കെ കൂട്ട് ചേര്‍ത്തിരിക്കുന്നു ???
“അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ”. (1 കോരി 14:27) അന്യഭാഷാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ‘വേര്‍പാടുകാരും’ കൂടെത്തുള്ളിപ്പോകുന്ന കാലമാണിത്. വചനത്തില്‍ “അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍” എന്നു നാം കാണുന്നു. എന്നാല്‍ അന്യഭാഷപ്പാട്ടുകള്‍വചനത്തിലില്ല, ഇന്ന് കാണുന്ന അന്യഭാഷയും വചനത്തിലില്ല. ആദിമ സഭക്കോ, ദൈവ വചനത്തിനോ പരിചയമില്ലാത്ത ഡാന്‍സും, പാട്ടും, ചിരിയും, കുരയും നടക്കുന്ന കാലമാണിത്. പൌലോസ് അപ്പോസ്തലന്‍ ” സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” (i കോരി 14:40), “നിങ്ങളുടെ ക്രമവും” (കൊലോ 2:5) എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ അപ്രസക്തകാര്യങ്ങളെ (സന്ദര്‍ഭവുമായി ഒരു ബന്ധവുമില്ലാതിരിക്കെ തന്നെ) ചില കരിസ്മാറ്റിക്കുകാര്‍ സത്യസുവിശേഷം പ്രസംഗിക്കേണ്ട വേദികളിലേക്ക് വലിച്ചു കൊണ്ട് വരുന്നത് കാണുന്നു. “യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍, മീഖള്‍ കിളിവാതിലിലൂടെ കണ്ടതായ, ദാവീദിന്റെ നൃത്തം” (2 ശമുവേല്‍ 6)” മിര്യമിന്റെ തപ്പും നൃത്തവും പാട്ടും” (പുറ 15), മുടന്തന്‍ കുതിച്ചെഴുന്നേറ്റു നടന്നും തുള്ളിയതും” (അപ്പോ 3) എല്ലാം അസ്ഥാനത്തേക്ക്, ഒന്നും തെളിയിക്കാനില്ലെങ്കിലും വലിച്ചുകൊണ്ട് വരും.
കൈയ്യടി – സങ്കീര്‍ത്തനം 47:1 ല്‍ കാണുന്ന “സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.” “എന്ന ഒരേ ഒരു വാക്യമൊഴിച്ചു നിര്‍ത്തിയാല്‍ വേറൊരു കൈകൊട്ടുന്ന വേദഭാഗവും, സര്‍വ്വവും കൈയ്യടി മയമാക്കാനുള്ള ഒരു വാക്യവും പുതിയ നിയമത്തിലെങ്ങുമില്ല. വശ്യതയും ആവേശവുമുണ്ടാക്കാന്‍ കരഘോഷത്തിനു കഴിയും. അത് “ക്രിസ്ത്യന്‍ പോപ് മ്യൂസിക്കില്‍” നിന്ന് പകര്‍ന്നതാണ്. യോശിയാവിനെ രാജാവായി അഭിഷേകം ചെയ്തപ്പോഴും ഈ കയ്യടി മുഴങ്ങുന്നുണ്ട്(2 രാജാ 11:12). കൈയ്യടിയുടെ ആവേശത്തില്‍ നമ്മുടെ ആത്മീയം കാണിക്കാന്‍ പറ്റും എന്നോ, എല്ലാ പാട്ടും കൈയ്യടിച്ചു പാടണം എന്നോ ദൈവവചനം നിര്‍ബന്ധിക്കുന്നില്ല.
കൈ വീശല്‍ ഈ പുതിയ പരിപാടി ദൈവവചനത്തില്‍ കാണുന്നുമില്ല.
“ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 തിമോത്തി 2:8) ഇവിടെ വീശലല്ല, കൈ ഉയര്‍ത്തലാണ്, അതും പുരുഷന്മാര്‍ മാത്രം, പ്രാര്‍ഥിക്കുമ്പോള്‍ മാത്രം. ഇങ്ങനെയാണോ ഇന്ന് നമ്മുടെ ചുറ്റും കാണുന്ന ആത്മീയ വ്യവസായങ്ങളില്‍ നാം കാണുന്നത്? ജനക്കൂട്ടം ഒന്നടങ്കം കൈ വീശുന്നു !!! പ്രാസംഗികനും, വര്‍ഷിപ് ലീഡര്‍മാരും ജനത്തെ നിര്‍ബ്ബന്ധിച്ച് കൈ വീശിക്കുന്നു. കരിസ്മാറ്റിക് മൂവ്മെന്റുകാരുടെ പ്രവര്‍ത്തന മേഖല തന്നെ, തമ്മില്‍ പോലും പരസ്പര വൈരുദ്ധ്യതയും, ചാന്ജല്യവും നിറഞ്ഞതാണെന്ന് ഒരു നിരീക്ഷകന് സ്പഷ്ടമായി മനസ്സിലാകും. ദൈവവചനം അനുവദിക്കാത്ത ചില അധിക ശൈലികള്‍ കൊണ്ട് ദൈവവചനത്തെ കോട്ടിക്കളയുന്ന ‘കലാപരിപാടികള്‍’ ദൈവവചന പ്രകാരം കാര്യങ്ങളെ നോക്കിക്കാണുന്ന ഭക്തന് ആസ്വദിക്കാനാവുമെന്നു കരുതേണ്ട.”സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ” (1 തിമോത്തി 2:11). ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍ മൌനമായിരിക്കേണ്ട സഹോദരിമാരാണീ കൈ വീശല്‍ മേഖലയില്‍ കൂടുതല്‍ തിളങ്ങി നില്‍ക്കുന്നത്. അവരാണല്ലോ ഇതിന്റെ തുടക്കക്കാര്‍.., നടത്തിപ്പുകാര്‍…..
പുറമേ കാണാവുന്ന പ്രസരിപ്പും ഉന്മേഷവും ആയി മാത്രം യഥാര്‍ത്ഥ ആത്മീയത ആരും തെറ്റിദ്ധരിക്കരുത്. “ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു” (വെളിപാട് 3:2) സര്‍ദ്ദീസിലെ സഭക്ക് ആ പേരുണ്ടായിരുന്നു, എന്നാല്‍ വാസ്തവത്തില്‍ മരിച്ച് മരവിച്ചവനായിരുന്നു ഈ പേരുകാരന്‍.. സത്യത്തില്‍ അകത്തുള്ള ആത്മീയ സന്തോഷത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. വികാരപ്രകടനമോ, ഭാവാഭിനയമോ എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെയാണെങ്കില്‍ ഒരു കൂട്ടര്‍ക്ക് അത് കുന്തുരുക്കം വീശലും, മുട്ടുകുത്തി നില്‍ക്കലും, മണിയടിക്കുന്നതുമാണെന്നും പറഞ്ഞാല്‍ തെറ്റാണെന്ന് പറയാനാകുമോ? കമനീയ മദ്ബഹകളും, അലങ്കാരങ്ങളും മറ്റൊരു രൂപത്തില്‍ ക്രിസ്ത്യന്‍ പോപ് സംഗീതത്തിലൂടെ പുനര്‍ജ്ജനിക്കുകയാണോ? അലങ്കരിക്കപ്പെട്ട സ്റ്റേജില്‍ നില്‍ക്കുന്ന തിളങ്ങുന്ന വസ്ത്രമണിഞ്ഞ ഗായകരിലൂടെ..സിനിമാപാട്ടുകാരിലൂടെ.. യഥാര്‍ത്ഥ ആരാധനയെന്ന വചനമുള്‍ക്കൊള്ളൂന്ന സത്യത്തെക്കുറിച്ച് അവബോധമില്ലത്തവരെ വഴിപിഴപ്പിക്കാന്‍ സാത്താന്റെ കൈയ്യിലെ ആയുധമാണീ ‘നവ്യായാരാധന’ ശൈലിക്കാര്‍.
ഇന്ന് ‘വേര്‍പെട്ടവര്‍’ എന്ന കുടുബത്തില്‍ പിറന്ന യുവ തലമുറയില്‍ ഉള്ള ചിലരും ഈ പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ് (praise and worship) എന്ന ‘സൂത്രാരാധനയില്‍’ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞു. സ്വന്തം മക്കളും ആ വഴിയെ ആയതിനാല്‍ ‘പ്രമുഖ സുവിശേഷകന്‍മാരില്‍’ ചിലരും ഇതിനെ പിന്തുണയ്ക്കുന്നു. മക്കളും കൂട്ടരും ചേര്‍ന്നു പോപ്പും, റാപ്പും പാടുന്നു, ലോകമയത്വം വെളിവാക്കുന്ന വസ്ത്രവും ധരിച്ചു ആടുന്നു, കൈ വീശുന്നു, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചിലത് പറഞ്ഞു കൂടിയിരിക്കുന്നവരെ ആവേശം കൊള്ളിക്കുന്നു. ‘അപ്പന്മാര്‍ പ്രസംഗിക്കുന്നു’. വേര്‍പാടും വിശുദ്ധിയും ഉയര്‍ത്തിപ്പിടിക്കേണ്ടതായ ഇത്തരക്കാര്‍ ‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന’ ഭോഷന്മാരാണെന്ന് നാം മനസിലാക്കി, ഇക്കൂട്ടരില്‍ നിന്നും അകന്നു നില്‍ക്കുകയും, ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്യേണം. അങ്ങനെ നമ്മുടെ മക്കളുടെ തലമുറയോട് ദോഷം ചെയ്യാതിരിക്കാം.
ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയില്‍ ഉന്തി വീഴ്ത്തലിനും, ഊതി വീഴ്ത്തലിനും യാതൊരു സ്ഥാനവുമില്ല. നിഗൂഡമായ മോഹനനിദ്രക്രിയകളെ (hypnotism) ക്രിസ്തീയവല്‍ക്കരിച്ചു പ്രയിസ് ആന്‍ഡ് വര്‍ഷിപുകാര്‍ ദുരുപയോഗം ചെയ്യുകയാണ്. ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ തുടങ്ങി, ഭൗതികജീവിതവിജയ സൂത്രവാക്യങ്ങള്‍ പഠിപ്പിക്കുന്ന ഈ വ്യാജപ്പതിപ്പുകളുടെ പേരും ആരാധന എന്നുള്ളതാണ് ദുഖകരം. കണ്ണടച്ചു, കൈവീശി പകുതി ബോധാവസ്ഥയില്‍ അര്‍ത്ഥമില്ലാത്ത വരികള്‍ ആവര്‍ത്തിച്ചു പാടി മിഥ്യാബോധത്തില്‍ ‘ദൈവസാന്നിദ്ധ്യമനുഭവിക്കുന്ന’ അന്യാരാധനക്കര്‍ക്കൊപ്പം നമുക്ക് പങ്കും ഓഹരിയും വേണ്ട. പ്രയിസ് ആന്‍ഡ് വര്‍ഷിപ് എന്ന് ഓമനപ്പേരിട്ട് ജഡീക ഉത്തേജനം കൊടുക്കുന്ന ധ്യാന പ്രകടനങ്ങളോടും, സംഗീത നാടക ശില്‍പങ്ങളോടും അകന്നു നിന്ന് നമുക്ക് വിളിച്ചു പറയാം “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;…. വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ…”( 1 കൊരി. 1:23, 24 )

theerchyayum…. e kolam kettalil Daivavachanavum, Divavum thanne ellathayi… ennu sabhakalil sthanam etharam vesham kettukarkau anu… ennnal avare thirurhuano, avarku manasilakuano kazhiyunnilla….. anthya kalamaduthirikunnu….. allathenthu parayan…….