മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വലിയവനായ ദൈവം തന്റെ ജനമായ യിസ്രായേലിനെ മോശെ മുഖാന്തരം വിടുവിച്ചു. വാഗ്ദത്ത നാടായ കനാനിനെ ലക്ഷ്യമാക്കി യിസ്രായേല്‍ ജനം യാത്ര ചെയ്തു. അതിശയകരമായ നിലകളില്‍ അത്ഭുതകരമായ പ്രവര്‍ത്തികളിലൂടെ ദൈവം അവരെ മരുഭൂമിയില്‍ കൂടി വഴി നടത്തി. ചെങ്കടല്‍ അവര്‍ക്കു തടസമായില്ല. മരുഭൂമിയില്‍ അനുഗ്രഹീതമായി സ്വര്‍ഗ്ഗീയ മന്നയാല്‍ ദൈവം അവരെ പരിപോഷിപ്പിച്ചു. പാറയെ പിളര്‍ന്നു അവരുടെ ദാഹം ശമിപ്പിച്ചു. മരുഭൂമിയിലെ കനത്ത ചൂട് അവര്‍ക്കു ഏശിയില്ല. രാവും പകലും അവര്‍ക്കു മുന്പടയും പിന്പടയുമായി ദൈവം അവരെ പരിപാലിച്ചു. ഇതൊക്കെയാണെങ്കിലും തങ്ങളുടെ കൂടാരങ്ങളില്‍ ഇരുന്നുകൊണ്ട് ദൈവത്തിനും മോശെക്കും വിരോധമായി പിറുപിറുക്കാനും കുറ്റം പറയാനുമാണ് അവര്‍ പലപ്പോഴും ശ്രമിച്ചിരുന്നത്. ആവര്‍ത്തനപുസ്തകം. 1 : 27 ല്‍ നാം വായിക്കുന്നത്, “യഹോവ നമ്മെ പകയ്ക്കയാല്‍ നമ്മെ നശിപ്പിക്കാന്‍ തക്കവണ്ണം അമോര്യരുടെ കയ്യില്‍ ഏല്പ്പിക്കേണ്ടതിനു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു …” എന്നാണ്.
നന്ദികേടിന്റെ വ്യക്തമായ ഉദാഹരണം. ഈ പാപം ഇന്നും തുടരുന്നുണ്ട്. പാപത്തിന്റെ അടിമത്വത്തില്‍നിന്നും വീണ്ടെടുക്കപ്പെട്ട ദൈവജനം എപ്പോഴും നന്ദിയുള്ളവരായി ദൈവത്തോടുള്ള കൂട്ടായ്മയില്‍ വസിക്കേണ്ടവരാണ്. രണ്ടോ മൂന്നോ പേര് കര്‍ത്താവിന്റെ നാമത്തില്‍ കൂടിവരുന്നിടത്ത്, സഭയുടെ നടുവിലാണ് ദൈവീക സാന്നിദ്ധ്യം ഉള്ളത്. പലപ്പോഴും സഭാകൂടിവരവുകളില്‍ പങ്കെടുക്കാതെ, തങ്ങളുടെ ഭവനങ്ങളില്‍ ഇരുന്നു സഭയേയും സഹവിശ്വാസികളെയും കുറ്റം പറയുകയും പിറുപിറുക്കുകയും ചെയ്യുന്ന വിശ്വാസികള്‍ ഇന്ന് സ്ഥലം സഭകളില്‍ ധാരാളം ഉണ്ട്. നന്ദികേട് കാണിക്കുന്ന യിസ്രായേല്‍ മക്കള്‍ക്ക് സമാനരാണ് ഇത്തരം വിശ്വാസികള്‍.
സഭയോടും ദൈവജനത്തോടും ഒരു ബന്ധവുമില്ലാതെ ക്രിസ്തീയജീവിതം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തോട് കൂട്ടായ്മ ബന്ധത്തിലല്ല എന്നാണു മനസിലാക്കേണ്ടത്. സഭയോടും ദൈവജനത്തോടും കൂട്ടായ്മ പ്രകടിപ്പിക്കാത്തവര്‍ ദൈവത്തോട് തങ്ങളുടെ ജീവിതത്തില്‍ നന്ദിയുള്ളവരല്ല എന്നാണ് വ്യക്തമാക്കുന്നത്. കര്‍ത്താവിന്റെ സന്നിധിയിലാണ് പ്രമോദവും സന്തോഷവും ഉള്ളത്. കര്‍ത്താവിന്റെ സാന്നിദ്ധ്യം അവന്റെ ജനത്തിന്റെ നടുവിലാണ്. ഇത് കര്‍ത്താവിന്റെ വാഗ്ദത്തമാണ് (മത്തായി 18:20). സഭയെ, സഭാകൂടിവരവുകളെ, ദൈവജനവുമായിട്ടുള്ള കൂട്ടായ്മാബന്ധത്തെ അവഗണിക്കുന്ന ഓരോ വിശ്വാസിയും ദൈവവുമായിട്ടുള്ള സംസര്‍ഗ്ഗത്തിലല്ല ജീവിക്കുന്നത് എന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.
പ്രിയപ്പെട്ടവരേ, നമുക്ക് നമ്മെത്തന്നെ ദൈവമുമ്പാകെ വിനയപ്പെടുത്താം. ഞാന്‍ എന്റെ സ്ഥലം സഭയോട്, എന്റെ സഹവിശ്വാസികളോട്, നല്ല കൂട്ടായ്മ ബന്ധത്തിലാണോ എന്ന് നമുക്കൊരോരുത്തരും ചിന്തിക്കാം. സഭായോഗങ്ങളെ വിവിധമായ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഉപേക്ഷയോടെയാണോ നാം കാണുന്നത്? സഹവിശ്വാസികളെ, സഭാമൂപ്പന്മാരേ കുറ്റം വിധിക്കുന്നതില്‍ വ്യഗ്രത കാണിക്കാറുണ്ടോ? കുറവുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
സര്‍വ്വശക്തനായ ദൈവവുമായിട്ടുള്ള ഒരു വിശ്വാസിയുടെ ദൃഡമായ ബന്ധത്തിന്റെ മനോഹരമായ പ്രതിഫലനമാണ് ഹൃദ്യമായ കൂട്ടായ്മയോടുള്ള സജീവമായ സഭാജീവിതം എന്ന ബോധ്യം നമ്മെ എപ്പോഴും ഭരിക്കട്ടെ.


