“നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ?”

batonനിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ?

”സഭാസത്യത്തിന്റെ ശുശ്രൂഷ” ബ്രദര്‍കാരുടെ ഇടയിലെ മോറല്‍ പോലീസിന്‍റെ പണിയോ?

ഇതൊക്കെ പഴഞ്ചന്‍(കാലഹരണപ്പെട്ട) വാദങ്ങളല്ലേ?

ദൈവ വചനത്തില്‍ നിന്ന് നിങ്ങള്‍ക്ക് മറുപടി വല്ലതുമുണ്ടോ?

അനുഗ്രഹീത സുവിശേഷ പ്രഭാഷകനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സാര്‍ പറഞ്ഞ ഒരു കമന്റ് ഓര്‍മ്മ വരുന്നു. “വേര്‍പാടുകാര്‍ വേര്‍പെട്ടു, വേര്‍പെട്ടു ദൈവത്തില്‍ നിന്ന് തന്നെ വേര്‍പെട്ടു പോയി”. കഷ്ടം!!! ദൈവവചനം പഠിക്കാത്തതിന്റെ പ്രശ്നം എന്നല്ലാതെ എന്ത് പറയാന്‍. ….. അല്‍പം കട്ടിയുള്ള രണ്ടു വാക്കുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്, സ്ഥാനീയ നീതീകരണവും (രക്ഷ), പ്രായോഗിക നീതീകരണവും (വിശുദ്ധീകരണം).

നാം ചെയ്യുന്ന ആത്മീയ കാര്യങ്ങള്‍ നമ്മുടെ രക്ഷക്കായിട്ടാണോ…. എങ്കില്‍ തെറ്റിപ്പോയി. അത് നിയമവാദമാണ്. കാരണം കര്‍ത്താവ്‌ അതിനായി എല്ലാം ചെയ്തു കഴിഞ്ഞു. അത് രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാല്‍വറിയില്‍ പൂര്‍ത്തിയായ ഒരു പ്രവൃത്തിയാണ്. മറിച്ച് നാം ചെയ്യുന്ന കാര്യങ്ങള്‍ കര്‍ത്താവിനു വേണ്ടി കൂടുതല്‍ വിശുദ്ധിയോടെ ജീവിക്കുന്നതിനായിട്ടാണോ… അതെ എന്നാണ് ഉത്തരമെങ്കില്‍, അത് നൂറു ശതമാനം ശരിയാണ്. കാരണം കര്‍ത്താവ്‌ നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് നൂറു ശതമാനം വിശ്വസ്തതയും വിശുദ്ധിയുമാണ്‌..

മാനുഷിക കഴിവുകള്‍ കൊണ്ട് ദൈവത്തിന്‍റെ നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമം ആണ് നിയമവാദം (Legalism). ഈ നിയമവാദത്തിനു ചില ഉദാഹരണങ്ങള്‍ ദൈവവചനത്തില്‍ തന്നെ ഉണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം. ”യെഹൂദ്യയിൽനിന്നു ചിലർ വന്നു:നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു. (അപ്പോ.പ്രവ്ര്യത്തികള്‍ 15:1).” ഇവിടെ നീതീകരണം പ്രാപിക്കുന്നതിനായി മോശൈക ന്യായപ്രമാണം പാലിക്കുവാനുള്ള ശ്രമമാണ് നാം കാണുന്നത്.

”നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? (ഗലാത്യര്‍ 3:3)”. മോശൈക ന്യായ പ്രമാണത്തില്‍ നിലനില്‍ക്കുന്നതിനുള്ള ശ്രമത്തെയാണ് പൗലോസ്‌ ഇവിടെ വിമര്‍ശിക്കുന്നത്. ന്യായപ്രമാണത്തിന്റെ പ്രവൃത്തിയെ ഈ രണ്ടു വാക്യങ്ങളും തള്ളിക്കളയുന്നു. റോമര്‍ 3:20 പറയുന്നത് “അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു”. മാത്രമല്ല, ഗലാത്യര്‍ 5:1 ല്‍ നാം വായിക്കുന്നത് “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” വിശ്വാസികളായ നാം ആരും രക്ഷിക്കപ്പെട്ടത്‌ നമ്മുടെ പ്രവൃത്തിയാലല്ല എന്നത് പോലെ തന്നെ നാം ആരും സൂക്ഷിക്കപ്പെടുന്നതും നമ്മുടെ പ്രവൃത്തിയാലല്ല.

നമ്മുടെ സ്ഥാനീയ നീതീകരണത്തിനു ഇനി ഒരു അഭിവൃദ്ധിപ്പെടുത്തലിന്റെ ആവശ്യമില്ല. ക്രിസ്തുവിലൂടെ നമ്മുടെ നീതീകരണം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു (2കോരി.5:21), നമ്മുടെ ഒരു കഴിവുകള്‍ക്കും അവിടെ പ്രസക്തിയുമില്ല.

പ്രായോഗിക നീതീകരണം അഥവാ വിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ടു ചില വാക്യങ്ങള്‍ കൂടി പരിശോധിക്കാം. ദൈവം വിശ്വാസികളെ കുറിച്ച് ആഗ്രഹിക്കുന്നത് അവര്‍ ചില കാര്യങ്ങളെ പിന്തുടരുന്നവര്‍ ആയിരിക്കണം.

“നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക. (1 തിമോത്തി 6:11 )”. ചില കാര്യങ്ങളെ വിട്ടോടുവാനും മറ്റു ചിലതിനെ പിന്തുടരുവാനും ദൈവവചനം പറയുന്നു. അത് നമ്മെ ആരെങ്കിലും ഓര്‍മ്മിപ്പിക്കുന്നത് എങ്ങനെയാണ് നിയമവാദമാകുന്നത്?. സോദോം-ഗോമോരയിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന ചില ഉപ്പുതൂണുകള്‍ക്ക് പറയാനാകും ഇതെല്ലാം നിയമവാദങ്ങളാണെന്ന്. “യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക” (2 തിമോത്തി 2:22 ). രക്ഷിക്കപ്പെട്ടാല്‍ മാത്രം മതി നീ പൂര്‍ണനായി എന്ന് പറഞ്ഞാല്‍ നാം നില്‍ക്കുന്ന ഈ ‘ശ്രേഷ്ടോപദേശത്തിലേക്ക്’വിളിച്ചിറക്കിയവര്‍ എല്ലാവരും ഇളിഭ്യരായി നില്‍ക്കണമെന്നാണോ?

“നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു.നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. ” ഇതിന്നര്‍ത്ഥം കൊടും പാപമായ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍കൊണ്ട് അവയവത്തെ അണിയിച്ചൊരുക്കി ഒരു വിഗ്രഹപൂജ കൂടി നടത്തണമെന്നാണോ ?

പ്രായോഗിക നീതീകരണം നമ്മുടെ ജീവിതത്തില്‍ സാദ്ധ്യമാകുന്നത് പരിശുദ്ധാത്മ സഹായത്താല്‍ മാത്രമാണ്. ബാബിലോണ്‍ മുഴുവന്‍ എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ വിരലില്‍ എണ്ണുവാന്‍ മാത്രം ദൈവപക്ഷത്ത്, ലോകം മുഴുവന്‍ എതിര്‍വശത്ത് നില്‍ക്കുമ്പോള്‍ അല്‍പ ജനം പെട്ടകത്തിനകത്ത്. ദൈവത്തിലാശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളെ പരിഹസിച്ചിട്ടു അല്ലെങ്കില്‍ വിമര്‍ശിച്ചിട്ടു എന്ത് കാര്യം ?

“നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും” (റോമര്‍ 8:13). ദൈവവചനം അനുസരിക്കുന്നതിലൂടെ, പരിശുദ്ധാത്മ സഹായത്താല്‍ ജഡത്തെ മരിപ്പിക്കുക എന്നുള്ളത് വിശ്വാസികളായ ഓരോരുത്തരെക്കുറിച്ചുമുള്ള ദൈവഹിതമാണ്. അത് ചെയ്യാത്ത ഞങ്ങള്‍ ആണ് പുരോഗമനവാദികള്‍ എന്ന് സ്വയം മുദ്ര കുത്തുന്നവര്‍, ഒന്ന് നന്നായി ചിന്തിച്ചു ദൈവത്തിന്റെ സഹായം ചോദിക്കുന്നത് നല്ലതാണ്. ക്രിസ്തീയ ജീവിതത്തിന്‍റെ തികവ് ഒരു ദിവസം കൊണ്ട് സാധിക്കുന്നതുമല്ല. വചനത്തില്‍ ആശ്രയിക്കുമ്പോള്‍ ക്രമാനുഗതമായി ദൈവം നമ്മെ പഠിപ്പിക്കുന്നതാണ്. മറുതലിക്കാത്ത ഒരു ഹൃദയം നിന്നിലുണ്ടോ? പരിശുദ്ധാത്മ സഹായത്താല്‍ വചനപഠനം ജീവിതത്തിലുണ്ടോ? ദൈവം നമ്മെ ഒരു so called നിയമവാദികള്‍ ആക്കി തീര്‍ക്കും നിശ്ചയം. നാം അനുവര്‍ത്തിച്ചു വരുന്ന കാര്യങ്ങള്‍ ദൈവവചനം അനുശാസിക്കുന്ന അതിരുകള്‍ക്ക് അപ്പുറമായി പോയോ എന്ന് ഒരു നിമിഷം ചിന്തിക്കുക. ദൈവവചന വിരുദ്ധമായി ജീവിതം തുടരുന്ന താങ്കള്‍, ദൈവത്തിന്റെ നിലവാരത്തിലേക്കുയരാന്‍ ശ്രമിക്കുന്നത് അപഹാസ്യവും അര്‍ത്ഥശൂന്യവുമാണ്. കര്‍ത്താവിലുള്ള നമ്മുടെ ആഗ്രഹങ്ങള്‍ ദൈവവചനപ്രകാരം, ആത്മാര്‍ത്ഥതയുള്ളതായിരിക്കണം. അത് പ്രവര്‍ത്തീകമാക്കി സാക്ഷ്യം ഉള്ളവരായിത്തീരണം.

ദൈവഹിതത്തെ തള്ളിക്കളഞ്ഞ് ജീവിച്ചിട്ട്, മാനുഷികദൃഷ്ടിയില്‍ ആത്മീയതയുടെ ഉത്തുംഗത്തില്‍ വിരാജിക്കുന്നവര്‍ എന്നഹങ്കരിക്കുന്നവര്‍ കര്‍ത്താവിന്റെ കാലത്തും ഉണ്ടായിരുന്നു. “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം” (മത്തായി 23:23 ). ”പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം”.(ലുക്കോസ് 11:42).

“അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?” (മത്തായി 15:3 ) ദൈവവചന സത്യങ്ങളെ ലംഘിക്കുന്ന സമ്പ്രദായങ്ങളാണോ നാം നമ്മുടെ ജീവിതത്തില്‍ പിന്‍പറ്റു്വാന്‍ ശ്രമിക്കുന്നത്? തന്നെത്താന്‍ ഒന്ന് ശോധന ചെയ്യുക. ഭാവവും, പറച്ചിലും ഒക്കെ ചിലപ്പോള്‍ ദൈവ ദൂതന്മാര്‍ക്കു തുല്യം എന്നാല്‍ ”അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” (മത്തായി 23:4)

ആദിമ ക്രിസ്തീയ സ്ഥലം സഭകളില്‍ ഉണ്ടായിരുന്ന മാതൃകകളും, അപ്പൊസ്തലന്മാരുടെ ഉപദേശ സത്യങ്ങളും അടിസ്ഥാനമാക്കി, നമ്മുടെ വിശ്വാസ സമൂഹം കര്‍ത്താവിനോടുള്ള സ്നേഹത്താല്‍ പൂര്‍ണ മനസ്സോടെ അംഗീകരിക്കുകയും തലമുറകളായി അനുസരിച്ച് അനുഷ്ഠിച്ചു പോരുന്ന ആത്മീയ സത്യങ്ങളില്‍ തന്നെ ഉറച്ചു നില്‍ക്കാനും, അത് പ്രചരിപ്പിക്കാനും ഉള്ള ദൌത്യം ആണ് സഭാസത്യത്തിനുള്ളത്. നമ്മുടെ ഇടയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ കുറവായതുകൊണ്ട് അല്ല ഈ ഉദ്യമം.

സ്ഥലം സഭയുടെ പ്രാധാന്യതയും, കര്‍ത്താവിന്‍റെ മഹത്വവും തുച്ചീകരിക്കുന്ന, സ്വയം പുകഴ്ച ആഗ്രഹിക്കുന്ന എല്ലാറ്റിനോടും (വ്യക്തികളോടും, സംഘടനകളോടും, സംസ്കാരത്തോടും, ഉപദേശങ്ങളോടും,പുത്തന്‍ ആശയങ്ങളോടും) ഞങ്ങള്‍ക്ക് പൂര്‍ണമായ വിയോജിപ്പുണ്ട്. അതിനെതിരെ ഓരോന്നായി സഭാസത്യത്തില്‍ എഴുതുവാന്‍ ശ്രമിക്കുകയും ചെയ്യും.

ക്രിസ്തുവില്‍ ജീവിക്കുമ്പോള്‍ ജീവിതത്തില്‍ വരുന്ന മാറ്റം സദാചാര വാദമല്ല. “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.”(ഗലാത്യര്‍ 5:13 ).

ദൈവവചന പഠനമോ യഥാര്‍ത്ഥമായ സമര്‍പ്പണമോ ഇല്ലാത്തതിനാല്‍ സ്ഥലം സഭകളോടും, ആത്മീയ സത്യങ്ങളോടും അനുഷ്ഠാനങ്ങളോടും പുതു തലമുറ അയിത്തം കല്പിക്കുന്നതിന് എന്താണ് ന്യായീകരണം?

ക്രിസ്തുവില്‍ ഉള്ള സ്വാതന്ത്ര്യം ദുഷ്ഠതക്ക് മറയാക്കി ജീവിതം അര്‍ത്ഥമില്ലാതാക്കി തീര്‍ക്കരുത്‌ സഹോദരരേ…

Leave a Reply

Your email address will not be published. Required fields are marked *