സഭാകൂടിവരവുകളില്‍ സഹോദരിമാര്‍ മൌനമായിരിക്കണമെന്നു ദൈവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു ( 1 കൊരി. 14 : 34 ). സ്ത്രീ സഭയില്‍ സംസാരിക്കുന്നത് അനുചിതമായ ഒരു പ്രവര്‍ത്തിയാണ് (വാക്യം. 35 ). ഇംഗ്ലീഷില്‍ ”ഷെയിം (shame) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായതു, ‘ലജ്ജാകരമായ ഒരു കാര്യം’ എന്ന് മനസിലാക്കാം. അപ്പോസ്തലനായ പൗലോസ് സ്ത്രീകള്‍ സഭയില്‍ ഉപദേശിക്കുന്നതിനെ വിലക്കുന്നു. തിമോഥയോസിനുള്ള ലേഖനത്തില്‍ സ്ത്രീകള്‍ മൌനമായിരുന്നു പൂര്‍ണ്ണാ നുസരണത്തോടുകൂടെ പഠിക്കട്ടെ എന്നാണ് അപ്പോസ്തലന് പ്രബോധിപ്പിക്കുന്നത് (1 തിമോ. 2: 11, 12). ഈ പരാമര്‍ശങ്ങള്‍ സഭാകൂടിവരവുകളോടുള്ള ബന്ധത്തിലാണ് കാണുന്നത്. ”എല്ലായിടത്തും” പുരുഷന്മാരാണ് പ്രാര്‍ത്ഥിക്കേണ്ടത് ( 1 തിമോ. 2: 8 ). പൊതുവായിട്ടുള്ള ഇത്തരം പ്രാര്‍ത്ഥനാ കൂടിവരവുകള്‍, പുതിയനിയമ സഭാചട്ടങ്ങളുടേയും ക്രമീകരണങ്ങളുടേയും ഒരു ഭാഗമാണ് (അപ്പൊ. 2 : 42 ). സഭയുടെ വിവിധ കൂടിവരവുകളില്‍ സ്ത്രീകള്‍ മൌനമായിരുന്നു പൂര്ണ്ണാനുസരണത്തോടെ പഠിക്കട്ടെ. ”കീഴടങ്ങിയിരുന്നു പൂര്ണ്ണാനുസരണത്തോടെ” എന്ന വിഷയം 1 കൊരി. 14-അദ്ധ്യായവും തീത്തോസ്. 2 – അദ്ധ്യായവും വളരെ വ്യക്തമായി പഠിപ്പിക്കുന്നു.
ആദിയില്‍ ദൈവം ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചതിനുശേക്ഷം ഏദന്തോട്ടത്തില് അവന് എങ്ങനെ ജീവിക്കണം എന്നുള്ളതിന് ആവശ്യമായ വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുത്തു (ഉല്.പ്പത്തി. 2: 16). ദൈവം ആദാമിന് ഈ കല്പനകള് ഒക്കെ കൊടുത്ത സമയത്ത് ഹവ്വയെ സൃഷ്ടിച്ചിരുന്നില്ല. ഹവ്വയെ അതിനു ശേഷമാണ് ഉണ്ടാക്കിയത്. ഹവ്വ എല്ലാം പഠിക്കേണ്ടതും മനസിലാക്കേണ്ടിയിരുന്നതും ആദമില്‍ നിന്നായിരുന്നു. ഹവ്വ ആദാമിന് കീഴടങ്ങിയിരിക്കേണ്ടിയിരുന്നു. സഹോദരിമാര്‍ മൌനമായും കീഴടങ്ങിയിരുന്നും പഠിക്കണം എന്ന പ്രമാണത്തെ അപ്പോസ്തലന് ആദാം-ഹവ്വമാരുടെ സൃഷ്ടിയുടെ പുറകിലുള്ള ദൈവീക താല്പര്യത്തെ വിവരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നു ( 1 തിമോ. 2:13). സഹോദരിമാര്‍ ബൈബിളിലെ സത്യങ്ങളെ സ്വയമായി വിലയിരുത്തി മനസിലാക്കേണ്ട ആവശ്യമില്ല എന്നതല്ല ഈ പ്രമാണംകൊണ്ട് അഭിപ്രായപ്പെടുന്നത്. ആത്മീയ നിലവാരത്തിലും കാഴ്ചപ്പാടിലും സഹോദരിമാര്‍ സഹോദരന്മാരേക്കാള് കുറഞ്ഞവരാണ് എന്നും ദൈവവചനം പറയുന്നില്ല. മറിച്ച്, നാം മനസിലാക്കേണ്ട വസ്തുത, ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചപ്പോള്‍ തന്നെ ഓരോരുത്തര്‍ക്കുമുള്ള കടപ്പാടുകള്‍ അല്ലെങ്കില്‍ തങ്ങള്‍ നിവര്‍ത്തിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ എന്താണെന്ന് വളരെ വ്യക്തമായി നല്‍കിയിട്ടുണ്ട് എന്നാണ്. ആണിനും പെണ്ണിനുമുള്ളവ്യത്യസ്തമായ ചുമതലകളെയും അവര്‍ സൃഷ്ടാവായ ദൈവത്തെ ഏതു നിലയില്‍ പ്രതിനിധാനം ചെയ്യുന്നു എന്നതിനെക്കുറിച്ചും ബോദ്ധ്യമാകുമ്പോള്‍ എന്തുകൊണ്ടാണ് സഹോദരിമാരെ സഭാകൂടിവരവുകളില്‍ ഉപദേശിക്കുന്നതില്നിന്നും വിലക്കിയിരിക്കുന്നു എന്ന് നമുക്ക് മനസിലാക്കുവാന്‍ കഴിയും.
ദൈവവചനത്തില്‍ വിരോധാഭാസമായി വരുന്നതൊന്നുമില്ല. അപ്പോസ്തലന് തിമോതെയോസിനു എഴുതിയ ലേഖനവും അതിനുശേഷം തീത്തോസിനു എഴുതിയ ലേഖനവും തമ്മില്‍ താരതമ്യം ചെയ്താലും യാതൊരു വിരോധാഭാസവും ”സ്ത്രീകള്‍ മൌനമായിരിക്കട്ടെ” എന്ന വിഷയത്തോടുള്ള ബന്ധത്തില്‍ ഇല്ല. പൗലോസ് തീത്തോസിനോട് പറയുന്നത് പഥ്യോപദേശം പ്രസ്താവിക്കുക എന്നാണ് (തീത്തോസ്. 2: 1). പ്രായമായ സഹോദരിമാര്‍ നന്മ ഉപദേശിക്കുന്നവരായിരിക്കണം എന്ന് അപ്പോസ്തലന് പ്രബോധിപ്പിക്കുന്നു. ഈ പ്രബോധനം സഹോദരിമാര്‍ക്ക് സഭയില്‍ പ്രസംഗിക്കുവാനുള്ള ലൈസന്‍സ് അല്ല. പ്രായമായ സഹോദരിമാര്‍ സല്പ്രവര്ത്തികളാല് തങ്ങളെ അലങ്കരിക്കുന്നവരും ‘നല്ല ഗുണങ്ങളും ശീലങ്ങളും’ ഉള്ളവര്‍ ആയിരിക്കണം. ഇത്തരം പ്രിയപ്പെട്ടവര്‍ക്ക്, തങ്ങളുടെ ഇളയ സഹോദരിമാരെ ക്രിസ്തീയ സ്വഭാവത്തിലും സ്നേഹത്തിലും മാതൃകയിലും പരിശീലിപ്പിച്ചു വളര്‍ത്തിക്കൊണ്ടുവരുവാന്‍ സാധിക്കും.എന്നാല്‍ സഹോദരിമാരുടെ ഈ ശുശ്രുഷകള്‍ (നന്മ ഉപദേശിക്കുക) സഭയുടെ പൊതുവായ കൂടിവരവുകളില്‍ അല്ല ചെയ്യേണ്ടത്, പ്രത്യുത വ്യക്തിപരമായ നിലകളില്‍ സ്വകാര്യ സ്വഭാവത്തോടെ നിവര്‍ത്തിക്കേണ്ടതാണ്.
ആത്യന്തികമായി ദൈവജനം മനസിലാക്കേണ്ടതും അംഗീകരിക്കേണ്ടതുമായ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്, സഭാകൂടിവരവുകളില്‍ പ്രസംഗിക്കുക അല്ലെങ്കില്‍ ഉപദേശിക്കുക തുടങ്ങിയ ശുശ്രുഷകള്‍ സഹോദരിമാര്‍ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പരിധിക്കു പുറത്താണ് എന്നത്. ദൈവ സഭക്ക് ദൈവം വച്ചിരിക്കുന്ന ക്രമങ്ങള്‍ കൃത്യമായി പഠിച്ച്, പാലിച്ചു കൊണ്ട്, കര്‍ത്താവിനെ മഹത്വപെടുത്തുവാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.
