ഒരു വ്യക്തിയുടെ ജോലിയും, സ്ഥാനവും, വ്യക്തിത്വവും ഒക്കെ അവരുടെ വസ്ത്ര ധാരണത്തില്‍ നിന്നും ഒരു പരിധിവരെ മനസിലാക്കാവുന്നതാണ്. പോലീസിനും, പൈലറ്റിനും പട്ടാളക്കാര്‍ക്കും എല്ലാം പ്രത്യേക വസ്ത്രങ്ങളുണ്ട്. വിശ്വാസിയുടെ വസ്ത്രധാരണവും പേരിനു അനുയോജ്യമായിരിക്കണം. പ്രത്യേക വസ്ത്ര മാതൃക വചനത്തില്‍ പറയാത്തതുകൊണ്ട് ബട്ടന്‍സ് വേണോ സിബ്ബ് വേണോ, കോട്ടന്‍ വേണോ, ലിനന്‍ വേണോ എന്നല്ല നമ്മുടെ വിഷയം. ആദ്യനൂറ്റാണ്ടിലെ വിശ്വാസികളുടെ വസ്ത്ര മാതൃക ദൈവവചനത്തിലുണ്ട്. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രായോഗികമാണ്, ബാധകവുമാണ്. സംസ്കാരമോ (culture), കാലാവസ്ഥയോ, സാഹചര്യമോ ഏതുമായിക്കൊള്ളട്ടെ, ഒരു ദൈവപൈതലിനു യോഗ്യമായ വസ്ത്രധാരണ മാതൃക എന്തെന്ന് ദൈവവചനം വളരെ വ്യക്തമായി രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.
ആദ്യ മനുഷ്യരുടെ അനുസരണക്കേടിന്റെ ഫലമായി പാപം മനുഷ്യരുടെ ഇടയില്‍ കടന്നു. തങ്ങള്‍ നഗ്നരായിരിക്കുന്നു എന്നത് ദൈവമുമ്പാകേ ഒരു പാപമാണെന്നുള്ള തോന്നല്‍ ആദമിനും ഹവ്വക്കും ഉണ്ടായി. “ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി” (ഉല്പത്തി 3:7). മനുഷ്യന്റെ ബുദ്ധി പ്രകാരം വെയിലത്ത് വാടുന്ന അത്തിയില കൊണ്ടു അരയാട ഉണ്ടാക്കി നഗ്നത മറക്കാന്‍ അവര്‍ ശ്രമിച്ചു. “യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.” (ഉല്പത്തി 3:21). എന്നാല്‍ ദൈവം അരയാടക്ക് പകരം ഉടുപ്പ് ഉണ്ടാക്കി കൊടുത്തു,വസ്ത്രത്തിന്റെ മാന്യത ദൈവം മനുഷ്യനെ പഠിപ്പിച്ചു.
വിശ്വാസികളുടെ വേഷം അഥവാ വസ്ത്രം എങ്ങനെയുള്ളതായിരിക്കണം? നാം ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ നമ്മുടെ കൂട്ടുകാര്‍ നമ്മെ അഭിനന്ദിച്ചേക്കാം, ചിലപ്പോള്‍ വിമര്‍ശിച്ചേക്കാം, ഒരുപക്ഷേ കളിയാക്കിയേക്കാം. അല്ലേ?!!! മാറി വരുന്ന സാഹചര്യങ്ങള്‍ക്കും ഫാഷനുമനുസരിച്ച് നാം നമ്മുടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കന്നതില് ശ്രദ്ധിക്കാറില്ലേ? എല്ലാ മാദ്ധ്യമങ്ങളില്‍ കൂടിയും പ്രദര്‍ശിപ്പിക്കപ്പെടുന്ന നൂതന ഫാഷനുകള്‍ നമ്മെ പലപ്പോഴും സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ലേ? വിശ്വാസിയും ഈ സമൂഹത്തിന്റെ ഭാഗമായിരിക്കുന്നതിനാല്‍ തീര്‍ച്ചയായും അതിനൊക്കെ സാദ്ധ്യതയുണ്ട്. വികലമായതും സഭ്യമല്ലാത്തതുമായ രീതിയിലുള്ള വസ്ത്രധാരണവും മറ്റും ”ആധുനികതയുടേയും ഫാഷന്റെയും പേരില്‍ കാണിച്ചു കൂട്ടുന്ന വെറും കോപ്രായങ്ങള്‍ ” മാത്രമാണ് എന്നാണ് നമ്മുടെ പ്രായമുള്ളവര്‍ അഭിപ്രായപ്പെടാറുള്ളത്. നാം തിരഞ്ഞെടുക്കുന്ന വസ്ത്രം പഴയ സ്റ്റൈല്‍ ആണോ, പുതിയ സ്റ്റൈല്‍ ആണോ എന്നുള്ളതല്ല, രണ്ടിലേതായാലും വചനം നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് എതിരാകരുത് എന്നുള്ളതാണ് പ്രധാനം. ദൈവവചനാനുസാരമുള്ള തെറ്റും ശരിയും തീരുമാനിക്കുന്നത് വസ്ത്രത്തിനുള്ള പ്രചാരമോ, ജനസമ്മതിയോ, സിനിമാ താരങ്ങള്‍ ധരിക്കുന്നതോ, സിനിമയിലുള്ളതോ എന്നുള്ളത് നോക്കിയല്ല, മറിച്ച് വിശ്വാസിയായ ഞാന്‍ ദൈവവചനത്തിനു യോഗ്യമായത് ആണോ ധരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.
വസ്ത്രധാരണത്തെക്കുറിച്ചു അനേകം നിര്‍ദേശങ്ങള്‍ ബൈബിളിലുണ്ട്. വിശ്വാസിയുടെ വേഷവും രൂപവും ദൈവത്തിനു പ്രധാനം തന്നെ. അതിനു ആധാരമായി 1 തിമോത്തി 2:9 -10 നമുക്ക് പരിശോധിക്കാം. “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണംസൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വസ്ത്രത്തിനും ഒരു ‘യോഗ്യത’ഉണ്ടായിരിക്കണം. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും, മറ്റുള്ളവരുടെ ലൈംഗീക ആകര്‍ഷണത്തിന് വകയുണ്ടാക്കുന്ന രീതിയില്‍ ശരീരത്തിന്റെ ആകാരഭംഗി കാണിക്കുവാനും, ഒരു സുബോധവും ഇല്ലാതെ അല്പ വസ്ത്ര ധാരികള്‍ ആകുന്നതും വചന വിരുദ്ധമാണ്. മാന്യവും, യോഗ്യവും ആയ വസ്ത്രം ആവശ്യമാണെന്നും അത് ലജ്ജാശീലത്തോടും,സുബോധത്തോടും കൂടെ ധരിക്കണം എന്നും പൗലോസ് പറഞ്ഞിരിക്കുന്നു. ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നോടും, കര്‍ത്താവിനോടും നീതി പുലര്‍ത്താന്‍ സാധിക്കാത്ത വസ്ത്രങ്ങളാണ് വിപണിയില്‍ അധികവും. അതുകൊണ്ട് സഹോദരിമാര്‍ തങ്ങളുടെ വസ്ത്രം വാങ്ങുമ്പോള്‍ തന്നെ പ്രത്യേകം ശ്രദ്ധിക്കണം.
ആരാണ് ദൈവവചന പ്രകാരമുള്ള വസ്ത്രം ധരിക്കേണ്ടവര്‍ ?
വിശ്വാസികളായ സഹോദരിമാര്‍ !!! സഹോദരന്മാരെക്കാള് കൂടുതലായി, മക്കളുടെ വസ്ത്രം കൂടി തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വമുള്ള സഹോദരിമാര്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ വെല്ലുവിളി. മേല്പറഞ്ഞ വാക്യത്തില്‍ “സ്ത്രീകള്‍ ” എന്ന് എടുത്തു പറഞ്ഞു തന്നെയാണ് ദൈവവചനം മാര്‍ഗനിര്‍ദേശം നല്‍കുന്നത്. നമ്മുടെ സഹോദരിമാര്‍ ദൈവ ഭയമുള്ളവരാണ് , ക്രിസ്തുവിനു അനുരൂപരാണ് എന്ന് തങ്ങളുടെ വസ്ത്രധാരണത്തിലൂടെ ലോകത്തോട് വിളിച്ചു പറയാനാകും. എല്ലാ ദിവസവും വസ്ത്രം ധരിക്കുമ്പോള്‍ ഓരോ സഹോദരിമാരും ഇക്കാര്യം ആലോചിക്കേണ്ടതാണ്. ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന നമ്മള് കര്‍ത്താവിന്റെ വിശുദ്ധിക്കും ശ്രേഷ്ടതക്കും വിരുദ്ധമായ വസ്ത്രം തെരഞ്ഞെടുക്കരുത്.
നമ്മുടെ വസ്ത്രധാരണ രീതി കൊണ്ടും , നമ്മുടെ വേഷങ്ങള്‍ കൊണ്ടും “കപട വിശ്വാസികളാണ് നിങ്ങള്‍”” എന്ന് അവിശ്വാസികളെക്കൊണ്ട് നമ്മെ പറ്റി പറയിപ്പിക്കാനിടയാകരുത്. നമ്മുടെ ബാഹ്യ രൂപമാണ് ആദ്യമായും, അധികമായും ശ്രദ്ധിക്കപ്പെടുന്നത് എന്ന് നാം മറന്നു പോകരുത് . ‘ഞാന്‍ ഒരു ആത്മീയയുവതിയാണ് അതിനാല്‍ ഞാന്‍ എന്തും ധരിക്കും’ എന്നുള്ളത് വിശ്വാസഗോളത്തില്‍ ഇന്നുള്ള ഏറ്റവും അപകടകരമായ പ്രവണതയാണ്. ലോകം അന്വേഷിക്കുന്നത് നമ്മിലുള്ള യാഥാര്‍ത്ഥ്യത്തെയും, ദൈവം ആഗ്രഹിക്കുന്നത് ശരിയായ വിശ്വാസി ആണെന്ന് ലോകത്തിനു മുമ്പില്‍ നമ്മെത്തന്നെ വെളിപ്പെടുത്തുക എന്നതുമാണ്. (നമ്മിലുള്ള സാക്ഷ്യം)
സഹോദരിമാര്‍ വസ്ത്രം തെരഞ്ഞെടുക്കുന്നതിലെ മാതൃക എന്താണ് ?
സ്ത്രീയെയും പുരുഷനെയും തിരിച്ചറിയാന്‍ സാധിക്കണം. ഉല്പത്തി. 1 ല്‍ സൃഷ്ടിയില്‍ തന്നെ ദൈവം ആണിനേയും പെണ്ണിനേയും വ്യത്യസ്ഥരായി സൃഷ്ടിച്ചു. ശരീരഘടന, വികാരങ്ങള്‍, കഴിവുകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയിലെല്ലാം ഇവ പ്രകടമാണ്. ദൈവത്തിനു അത് പ്രാധാന്യമുള്ളതുകൊണ്ടാണ് അവയെല്ലാം വേര്‍തിരിവുള്ളതായി കാണുന്നത്. ഏദനില്‍ (ഉല്പത്തി) തുടങ്ങി ഇപ്പോഴും, ദൈവം വച്ചിരിക്കുന മാനദണ്ഡത്തെയും, അതിര് വരമ്പുകളെയും ഇല്ലാതാക്കാനാണ് സാത്താന് ശ്രമിക്കുന്നത്.സ്ത്രീ പുരുഷ സമത്വം എന്ന സമൂഹീക നിയമത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ ഉള്ള ശ്രമം സ്ത്രീകളുടെ വേഷങ്ങളിലും പ്രതിഫലിക്കുന്നു. ആണ് പെ ണ് വ്യത്യാസം തിരിച്ചറിയുന്നതിനുള്ള ആശയകുഴപ്പത്തിറെ മുഖ്യകാരണം സ്ത്രീകള്‍ പുരുഷ വേഷം ധരിക്കുന്നതോടൊപ്പം, മുടിയും കത്രിച്ചു കളയുന്നത് കൊണ്ടാണ്. (മാരക രോഗ ചികിത്സയില്‍ മുടി നഷ്ടപ്പെട്ടവരെ ഒഴിവാക്കുക). ആത്മീയ, സാമൂഹീക, നന്മകളെ തകിടം മറിച്ചു, പുത്തന്‍ ഫാഷനുകളും, ശരീര പ്രദര്‍ശന സാധ്യതകളെയും മുന്‍ നിറുത്തിയുള്ള വസ്ത്രങ്ങള്‍ക്കായി ‘വിശ്വാസികള്‍’ എന്നഭിമാനിക്കുന്നവരും മത്സരിക്കുകയാണ്.
കൊരിന്ത്യ സഭയില്‍ സഹോദരീസഹോദരന്മാരുടെ കര്‍ത്തവ്യങ്ങളെ’അവഗണിച്ചത്’ കൊണ്ടാണ് പൌലോസിനു 1 കൊരിന്ത്യര്‍ 11 മുതല്‍ 14 വരെയുള്ള അദ്ധ്യായങ്ങള്‍ തന്നെ എഴുതേണ്ടതായി വന്നത്. സഹോദരീസഹോദരന്മാര് ആണ് പെണ് വ്യത്യാസം തിരിച്ചറിയുന്ന വസ്ത്രങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍ എന്ന ദൈവീക പദ്ധതി നമുക്ക് അനുവര്‍ത്തിക്കാം.
പ്രിയ സഹോദരീ..സ്ത്രീ വേഷം തന്നെയല്ലേ താങ്കള്‍ ധരിക്കുന്നത്?
സ്ത്രീകള്‍ക്കുള്ള കല്പന – “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും ” ഫാഷന്‍ ഡിസൈനര്‍ മാര്‍ക്ക് ഏറ്റവും അറിയാവുന്ന കാര്യം എങ്ങനെ പുരുഷനില്‍ ലൈംഗിക വികാരങ്ങള്‍ ഉണര്‍ത്തുന്ന വസ്ത്രം ഉണ്ടാക്കാം എന്നുള്ളതാണ്. വസ്ത്രം ധരിക്കാനെടുക്കുമ്പോള് ഇത് എന്റെ എതിര് ലിംഗത്തില്‍ പെട്ടയാളില്‍ എന്ത് പ്രതികരണമുണ്ടാക്കും എന്ന് നാം ചിന്തിക്കാറുണ്ടോ? എതിര് ലിംഗത്തില്‍ പെട്ടയാളെ വശീകരിക്കുക, മോഹിക്കുക, പ്രലോഭിപ്പിക്കുക എന്നിവയെല്ലാം ബൈബിള്‍ അപരാധമായും ഗൌരവമുള്ള പാപമായും ആണ് കാണുന്നത്. ലോകം ശരീരം പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ ദൈവം തന്റെ മക്കളുടെ കുലീനതയും ആത്മനിയന്ത്രണവും ആഗ്രഹിക്കുന്നു, നിര്‍ബന്ധമായി ആവശ്യപ്പെടുന്നു.
പ്രിയ സഹോദരീ ചിന്തിക്കൂ….എന്റെ വസ്ത്രം മറ്റുള്ളവരുടെ മോഹം, വികാരം എന്നിവയെ ജ്വലിപ്പിക്കുന്നതാണോ?
വസ്ത്രധാരണം, കേവലം മോടി കാട്ടല് അഥവാ പൊങ്ങച്ച പ്രകടനമാകരുത്. “വിലയേറിയ വസ്ത്രം എന്നിവകൊണ്ട്” അലങ്കരിച്ചു മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കണം എന്നുള്ള ഉദ്ദേശ്യം വസ്ത്രധാരണത്തിനുണ്ടാകരുത്. നമ്മുടെ ധനമഹിമ, സ്റ്റൈല്‍, മേനിയഴക് എന്നിവ പ്രദര്ശിപ്പിക്കലല്ല വസ്ത്രധാരണത്തിന്റെ പിന്നിലുള്ള ആഗ്രഹം. കാലഹരണപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചും ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നവരുണ്ട്, അതും അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രദര്‍ശനമാകാം. കാശു കൊടുത്തു കീറിയ വസ്ത്രം വാങ്ങി ധരിച്ചു ശരീരം പ്രദര്‍ശനം ചെയ്യുന്ന അധപതിച്ച ഒരു സംസ്കാരമാണ് ഈ കാലഘട്ടത്തിന്റേതു…..
പ്രിയ സഹോദരീ..മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണോ വസ്ത്രം ധരിക്കുന്നത് ?
അവസരോചിതമായി വസ്ത്രം ധരിക്കണം- “അവ്വണ്ണം സ്ത്രീകളും” – നാം എവിടെ പോകുന്നു, അവിടെ ആരൊക്കെ സന്നിഹിതരാണ് എന്നുള്ളതെല്ലാം വസ്ത്രം ധരിക്കാനെടുക്കുമ്പോള്, നാം ചിന്തിക്കണം. വസ്ത്രം നമ്മുടെ യോഗ്യതയും, മാന്യതയും, സാക്ഷ്യവും വെളിപ്പെടുത്തുന്നതായിരിക്കണം.
“യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.”യോഹന്നാന് 21:7. പത്രോസിന്റെ’മേല്‍വസ്ത്രം’ (Outer Garment or Over Coat) ധരിച്ചു എന്നതാണ് അര്‍ത്ഥമാക്കുന്നത്… യേശുകര്ത്താവാകുന്നു എന്ന് മനസിലായപ്പോള്‍, ഒരു മീന്‍ പിടിക്കുന്ന ആളിന്റെ വേഷത്തില്‍ അല്ലെങ്കില്‍ യോഗ്യമല്ലാത്ത വസ്ത്രധാരണത്തോടെയല്ല കര്‍ത്താവിന്റെ മുന്നില്‍ നില്‍ക്കേണ്ടത് എന്ന ബോധ്യം പത്രോസിനു ഉണ്ടായി.
സഭായോഗത്തില്‍ കര്‍ത്താവുണ്ട്. രാജാധിരാജാവിനെ കാണുവാന്‍, അവനുമായി സംവാദിക്കാനാണ് നാം സഭാകൂടിവരവുകളില്‍ പോകുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. വീട്ടിലിടുന്ന വസ്ത്രവുമായ് നാം ഇന്റര്‍വ്യൂവിനു പോകാറില്ലല്ലോ. മരണവീട്ടില്‍ പോകുന്നതും, കല്യാണ വീട്ടില്‍ പോകുന്നതും ഒരുപോലെ ആകരുത്. ജീന്‍സും ടീഷേര്ട്ടുകാരും ആരാധനയില്‍ പെരുകിവരുന്നുണ്ടല്ലോ..ആത്മീയം അകത്തു മാത്രം മതി എന്നുള്ള ദുരുപദേശക്കാരാണ് ഇതിന്റെ പ്രചാരകര്‍ എന്ന് തിരിച്ചറിയണം. കാതിലും കഴുത്തിലും ഒന്നുമില്ല, എന്നാലെന്താ മറച്ചുവക്കേണ്ടതെല്ലാം പുറത്തു കാണിക്കുന്നതില്‍ ഒരു ലജ്ജയുമില്ല എന്ന ‘ബ്രോയിലര്‍ കോഴി’ സംസ്കാരം നമുക്ക് വേണ്ടേ വേണ്ട….
