കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്, തന്നെ കാണിച്ചു കൊടുത്ത രാത്രിയില്‍ കര്‍ത്തൃമേശ (തിരുവത്താഴം) സ്ഥാപിച്ചത്. മത്തായി 26:26-29, മാര്‍ക്കോസ് 14:22-25, ലൂക്കോസ് 22: 18-20 എന്നീ സുവിശേഷ ങ്ങളില്‍ ഇത് സംബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയനിയമസഭ അത് ആരംഭിച്ച നാള്‍ മുതല്‍ തന്നെ കര്‍ത്തൃമേശ ആചരിച്ചു പോരുന്നു. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (അപ്പോസ്തല പ്രവര്‍ത്തികള്‍ 2:42) “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.” (അപ്പോസ്തല പ്രവര്‍ത്തികള്‍ 20:7) സമൂഹ കൂട്ടായ്മയെ കുറിച്ചുള്ള ആദ്യത്തേതും അവസാനത്തേതുമായ പരാമര്‍ശങ്ങളാണ് ഈ രണ്ടു ഭാഗങ്ങളില്‍ കാണുന്നത്. “അപ്പം നുറുക്കുന്നതിനെ കുറിച്ച് ഇവിടെ പറഞ്ഞിട്ടുള്ള ചരിത്ര പരമായ കുറിപ്പുകള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൗലോസ് അപ്പോസ്തലന് കര്‍ത്താവിങ്കല്‍ നിന്ന് ഈ ശുശ്രുഷ സഭയെ ഭരമേല്‍പ്പിക്കുന്നതിനു പ്രത്യേക വെളിപ്പാട് ലഭിച്ചിരുന്നു. ഉപദേശപരമായി യുള്ള കൃത്യത ഇവിടെ നമ്മുക്ക് കാണുവാന്‍ സാധിക്കും. “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. (1കൊരിന്ത്യര്‍ 11: 23-26)
അപ്പം നുറുക്കുക അഥവാ കര്‍ത്താവിന്‍റെ അത്താഴം അപ്പോസ്തോല കാലങ്ങളിലും, അതിനുശേഷവും ദൈവമക്കളുടെ കൂടിവരവുകളില്‍ ഏറ്റവും പ്രധാനമായ ആചരണം ആയിരുന്നു. അതിനാല്‍ അവരുടെ പിന്‍ഗാമികളായ നാം വിനയപൂര്‍വ്വം, സൂക്ഷ്മതയോടെ തന്നെ കര്‍തൃമേശയെ സംബന്ധിക്കുന്ന തിരുവചന സത്യങ്ങള്‍ പരിശോധിക്കുകയും യാതൊരു വ്യത്യാസവും കൂടാതെ നമ്മുടെ കൂടിവരവുകളില്‍ ആചരിച്ചു പോരേണ്ടതുമാണ്.
