പ്രാദേശിക സഭാ കൂടിവരവുകളും കര്‍മങ്ങളും

വലിയവനായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ക്കായി വിഭാവന ചെയ്തിരിക്കുന്നതാണ് സ്ഥലം സഭകള്‍.      ഓരോ സ്ഥലം സഭകളും ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ളതാണ്.  കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍, ഒരു പ്രത്യേക സ്ഥലത്തുള്ള  രക്ഷിക്കപ്പെട്ടു സ്നാനമേറ്റ  ദൈവമക്കള്‍ പുതിയനിയമ രീതി പ്രകാരം ഒരുമിച്ചു കൂടിവരുകയും പുതിയനിയമ ലേഖനങ്ങളിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും, പ്രവര്‍ത്തീകമാക്കുകയും, വളരുകയും ചെയ്യുന്ന കൂട്ടമാണ് ഓരോ സ്ഥലം സഭകളും. അതായതു ഓരോ സ്ഥലം സഭകളും ദൈവഹിതപ്രകാരം നടത്തപ്പെടുന്നതായിരിക്കണം. ദൈവവചനത്തിലെ വ്യവസ്ഥകള്‍ക്ക്  അപ്പുറമായി സ്ഥലം സഭകള്‍ പ്രവര്‍ത്തിക്കുവാന്‍ ‍പാടില്ല. ആദിമസഭകള്‍, അതായതു അപ്പോസ്ത്തലീക കാലഘട്ടത്തില്‍  ഉണ്ടായിരുന്ന സ്ഥലം സഭകള്‍ ദൈവം  പരിശുദ്ധാത്മാവ്‌ മുഖാന്തരം അപ്പോസ്തലമാര്‍ക്ക് വെളിപ്പെടുത്തി കൊടുത്തതിനനുശ്രതമായി 
രൂപം പ്രാപിച്ചതാണ്. പുതിയനിയമ  പ്രകാരമുള്ള സ്ഥലം സഭകള്‍ അങ്ങനെ സ്ഥാപിതമായി. ദൈവവചന പ്രകാരമുള്ള മാതൃകയായിരിക്കണം ഇന്നും സ്ഥലംസഭകള്‍ക്ക് അടിസ്ഥാനമായിരിക്കേണ്ടത്. കാലം എത്ര മാറിയാലും ദൈവീക പ്രമാണങ്ങള്‍ക്കും ദൈവ വചനത്തിനും മാറ്റമില്ല.  ആധുനികതയുടെയും പരിഷ്കാരത്തിന്റെയും, പുത്തന്‍ ആശയങ്ങളുടെയും ഈ  കാലഘട്ടത്തില്‍ സഭാകാലയലവിന്റെ പ്രാരംഭ സമയങ്ങളില്‍ സ്ഥലം സഭകള്‍, സഭയിലെ വിശ്വാസികള്‍ എങ്ങനെയായിരുന്നു എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ന് നാം ആയിരിക്കുന്ന ഈ കാലത്തില്‍  നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന ഓരോ പ്രാദേശിക സഭകളും ദൈവവചനത്തില്‍ സ്ഥലം സഭകലോടുള്ള ബന്ധത്തില്‍ കാണുന്ന ഉപദേശത്തിനും പ്രമാണത്തിനും ക്രമങ്ങള്‍ക്കും  അനുസൃതമായിട്ടാണോ മുന്നോട്ടുപോകുന്നത് എന്ന് നമുക്കു പരിശോധിക്കാം.  
    
+ ആദിമസഭ ആരാധനക്കായി കൂടിവന്നിരുന്നോ?

ആരാധനക്കായി അവര്‍ പ്രത്യേകം കൂടിവന്നിരുന്നു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സഭയായി കൂടിവന്നു അവര്‍ ദൈവത്തെ ആരാധിച്ചിരുന്നു.  ആരാധന, അത് സ്തോത്രമാനെങ്കിലും, പാട്ടുകള്‍ ആയിരുന്നെങ്കിലും, എല്ലാം ദൈവത്തിങ്കലേക്കായിരുന്നു. (1 പത്രോ. 2 : 5 ).  മാത്രമല്ല, ഹൃദയം നിറഞ്ഞുകവിയുന്ന സ്തോത്ര യാഗങ്ങള്‍ യേശുക്രിസ്തുവില്‍  കൂടി പിതാവായ ദൈവത്തിനു അര്‍പ്പിക്കുന്നതിനായി അവര്‍ ഉല്‍സാഹിച്ചിരുന്നു (എബ്രാ. 13 : 15 ). വിശുദ്ധ പുരോഹിതവര്‍ഗം എന്ന പദവിയോടെ ദൈവത്തെ ആരാധിക്കുന്നതില്‍ അവര്   തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുന്നുണ്ടായിരുന്നു. (1 പത്രോ. 2 : 5 ).
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അവര്‍ കൂടിവരുമ്പോഴോക്കെയും ‘എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍ ‘ എന്നുള്ള കര്‍ത്താവിന്റെ ദിവ്യമായ കല്പന  (കര്‍തൃമേശ) ആചരിക്കുന്നതിലൂടെ അവര്‍ കര്‍ത്താവിനെ അനുസരിച്ചുപോന്നു. ( അപ്പൊ. 20 :7 ; 28 : 13 ,14 ; 2 :42 ; 1 കൊരി. 11 : 18 – 20 ). ആരാധനയുടെ കേന്ദ്രബിന്ദു യേശുക്രിസ്തു മാത്രമായിരുന്നു. മേശമേല്‍ ഒരുക്കപ്പെട്ട അപ്പത്തില്‍നിന്നും, പാനപാത്രത്തില്‍നിന്നും  ഭാഗഭാക്കുകള്‍ ആകുമ്പോള്‍ കര്‍ത്താവിന്റെ മരണത്തെയാണ്‌ അവര്‍ പ്രസ്താവിക്കുന്നത്.  (1 കൊരി.11 : 24 , 25 , 26 ).  ആരാധനയ്ക്ക് കൊഴുപ്പേകാന്‍ ഏതെങ്കിലും വാദ്യോപകരണങ്ങള്‍  (Musical instruments) ഉപയോഗിച്ചിരുന്നതായി  അപ്പൊ. പ്രവര്‍ത്തികളുടെ പുസ്തകത്തിലോ, സഭകള്‍ക്കുള്ള ലേഖനങ്ങളിലോ നമുക്ക് കാണുവാന്‍ കഴിയുന്നില്ല.  ‘ ആരാധന നയിക്കുന്നവര്‍’ (worship leders) എന്ന പദവിയും ദൈവവചനത്തിലില്ലത്തതാണ്.   ആദ്യവിശ്വാസികള്‍ ഭൂരിഭാഗവും  യഹൂദ പാരമ്പര്യത്തില്‍ നിന്നുള്ളവരായിരുന്നെങ്കില്‍ കൂടിയും, അവര്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന ആരാധന രീതികളൊന്നും പുതിയനിയമ ആരാധനയില്‍ കൊണ്ടുവന്നില്ല. അതായതു, മാനുഷികബുദ്ധിയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതുകൊണ്ട് കേവലം നിര്‍മ്മിക്കുവാന്‍ കഴിയുന്നതല്ല സത്യാരാധന.  ബൌധിക ചിന്തകളിലോ മുഖാന്തിരങ്ങളിലോ ആശ്രയിക്കാതെ തികച്ചും പരിശുദ്ധാത്മാവിന്റെ നിയന്ത്രനത്താല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ (1 പത്രോ. 2 : 4 ) വലിയവനായ ദൈവത്തെ അവര്‍ ആരാധിച്ചുപോന്നു. അവരുടെ നടുവില്‍ സ്തുതിക്കു യോഗ്യന്‍ കര്‍ത്താവ് മാത്രമായിരുന്നു. (എബ്രാ. 2 :12 )
 
+  പ്രാര്‍ത്ഥനക്കായി അവര്‍  ഒരുമിച്ചു കൂടിവന്നിരുന്നോ?

പ്രാര്‍ത്ഥനക്കായി പുതിയനിയമ വിശ്വാസികള്‍ സ്ഥിരമായി കൂടിവന്നിരുന്നു.(അപ്പൊ.2:42). വലിയ പ്രതികൂലങ്ങളുടെ മധ്യത്തിലും പ്രാര്‍ത്ഥനാ കൂടിവരവ് അവര്‍ മുടക്കിയിരുന്നില്ല.(അപ്പൊ.4:3). പ്രായോഗിക ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പുരുഷന്മാര്‍ മാത്രമേ സഭയില്‍  ശബ്ദത്തില്‍  പ്രാര്‍ത്ഥിക്കുകയുള്ളൂ . (1 തിമോ.2:8).  ഉറക്കെ ശബ്ദത്തില്‍ സഹോദരിമാര്‍   പ്രാര്‍ത്ഥിക്കുന്നതിനു വചനത്തില്‍ തെളിവൊന്നുമില്ല. വചനത്തില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ കഴിയുന്നതും ദൈവവചനം അതിനെതിരാണ് എന്നതാണ്. (1കൊരി.14:34, 1 തിമോ.2:11). പ്രാര്‍ത്ഥനാ യോഗത്തില്‍ കൂടിവരുന്ന എല്ലാവരും പ്രാര്‍ത്ഥിക്കുന്നുന്ടെകിലും  (1കൊരി.11:4-6) എല്ലാവരും ശബ്ദത്തില്‍ പ്രാര്‍ത്ഥിക്കുന്നില്ല. അവരുടെ പ്രാര്‍ത്ഥനാ എന്നത് ദൈവത്തോട് യാചിക്കുന്നതിനോടൊപ്പം (എഫെ.4:18) സകലത്തിലും ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചുകൊണ്ടുള്ളത് ആയിരുന്നു (1തെസ്സ.5:18). ആദിമസഭകളില്‍, ദൈവവചനം പ്രസംഗിക്കുന്നത് കേള്‍ക്കുവാന്‍ കൂടിവരുന്ന അതേ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി കൂടിവന്നിരുന്നത്. ഒരിക്കലും പ്രാര്‍ത്ഥനായോഗത്തിനു രണ്ടാം സ്ഥാനം കല്‍പ്പിച്ചിരുന്നില്ല. വചന ഘോഷണത്തിനുമുന്‍പ്  പ്രാര്‍ത്ഥനാ (അപ്പൊ,6:4) എന്നുള്ളത് അവര്‍ നിവര്‍ത്തിച്ചുപോന്നിരുന്നു. പ്രത്യേകമായ സാഹചര്യങ്ങളില്‍ ചില പ്രത്യേക ആവശ്യങ്ങളുമായിട്ടും ദൈവജനം ദൈവമുമ്പാകെ  പ്രാര്‍ത്ഥനക്കായി കൂടിവന്നിരുന്നു. ദൈവം വളരെ അത്ഭുതകരമായ നിലയില്‍ അവരുടെ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട് (അപ്പൊ.12:5). അവരുടെ ശക്തിയുടെ ഉറവിടം പ്രാര്‍ത്ഥനയായിരുന്നു .
 
+ ദൈവവചന പഠനത്തിനായി കൂടിവന്നിരുന്നോ?

ദൈവവചനം അത് അങ്ങനെതന്നെയോ എന്ന് ഗ്രഹിക്കുന്നതിനായി പഠനത്തില്‍ അവര്‍ ഉത്സാഹികള്‍ ആയിരുന്നു. ഒരവസരത്തില്‍ വചനപഠനം അര്‍ദ്ധരാത്രി സമയം വരെ നീണ്ടു പോയതായി നാം ദൈവ വചനത്തില്‍ കാണുന്നുണ്ട്(അപ്പൊ.20:7). അപ്പൊ. പൗലോസ്‌  തിമോത്തിയോസിനെ പ്രബോധിപ്പിക്കുന്നത്   വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചിരിക്ക എന്നാണു (1 തിമോ. 4:13). പിന്നീട്, വചനം പ്രസംഗിക്കുക’ എന്ന ഉത്തരവാദിത്വവും പൗലോസ്‌  തിമോത്തിയോസിനെ ഭരമേല്പിക്കുന്നു.  (2 തിമോ.4:2). അന്ത്യോക്ക്യയിലെ സഭയില്‍ കുറഞ്ഞത്‌ അഞ്ചു പേരെങ്കിലും വചനം പഠിപ്പിക്കുന്നതില്‍ വരം ലഭിച്ചവരായിട്ട് ഉണ്ടായിരുന്നു. (അപ്പൊ.13:1,2). സഭകളില്‍ ദൈവവചന പഠനം എങ്ങനെ നടക്കണം എന്നുള്ളതിനെക്കുറിച്ചുള്ള  വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അപ്പൊ . പൗലോസ്‌ വിവിധ ലേഖനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (റോമ.12:7, 1കൊരി.4:17,7:17,14:33). ദൈവവചനം പഠിക്കുന്നതിന്‍റെയും പഠിപ്പിക്കുന്നതിന്റെയും പ്രാധാന്യത എത്രമാത്രമുണ്ടെന്നുള്ളത് അപ്പൊ. പൌലോസിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മാതൃകയാക്കാവുന്നതാണ് (അപ്പൊ.20:25,28:30). 
 
+ ദൈവവചന സംബദ്ധമായ ചര്‍ച്ചകള്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നോ? 

ആദിമസഭകളില്‍ വിശുദ്ധന്മാര്‍ക്കു ഒരുമിച്ചു കൂടിയിരുന്നു ദൈവവചനസംബദ്ധമായി തങ്ങളുടെ ചിന്തകള്‍ അന്യോന്യം പറയ്യുന്നതിനും, സംശയങ്ങള്‍ ദുരീകരിക്കുന്നതിനും തീര്‍ച്ചയായും അവസരങ്ങള്‍ ഉണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് സഭാകൂടിവരവുകളില്‍ ഉപദേശിക്കുവാനും സംസാരിക്കുവാനും ദൈവവചനം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വീട്ടില്‍വച്ച് ഭര്‍ത്താക്കന്മാരോട് ചോദിച്ചു മനസിലാക്കുവാനാണ് ദൈവവചനം പറയുന്നത്. സഭകളില്‍ സ്ത്രീകള്‍ ഉപദേശിക്കുന്നത് അനുചിതമാണെന്ന് ദൈവവചനം വളരെ വ്യക്തമായി പറയുന്നു. (1 കൊരി.14:35). അപ്പൊ.20:7 ല്‍ ഉപയോഗിച്ചിരിക്കുന്ന ”സംഭാഷിച്ചു” (Discoursed) എന്ന പ്രയോഗത്തില്‍ നിന്നും നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നത് മാളികമുറിയില്‍ വചനം കേള്‍ക്കുന്നതിനായി അവര്‍ കൂടിവന്നപ്പോള്‍ അവിടെ ദൈവവചന സംബദ്ധമായ ചര്‍ച്ചകളും, ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എല്ലാമുണ്ടായിരുന്നു എന്നാണ്. എല്ലാ വിശ്വാസികളും അപ്പൊസ്തലന്മാരുടെ ഉപദേശം കേള്‍ക്കുന്നതിനായി കൂടിവന്നിരുന്നു. അത് ‘ചെയ്തു പോന്നു’ എന്നാണ് നാം വായിക്കുന്നത് (അപ്പൊ.2:42). ബെരോവയിലെ വിശ്വാസികള്‍ വചനം കൈക്കൊണ്ടത് കൂടാതെ അത് അങ്ങനെതന്നെയോ എന്ന് ദിനമ്പ്രതി പരിശോധിച്ചുപോന്നു അപ്പൊ.17:11). വളരെ ആഴമായിട്ടുള്ള ദൈവവചന പഠനം  വ്യക്തിപരമായനിലയിലും സഭയായിട്ടും അവര്‍ നടത്തിയിരുന്നു എന്ന് നമുക്ക് മനസിലാക്കാം.ദൈവജനത്തിന്റെ ദിനമ്പ്രതിയുള്ള ജീവിതം ദൈവവചനം എങ്ങനെ അനുശാസിക്കുന്നു എന്നുള്ളതിന് അനുസരണമായിരുന്നു. അതായത്, ദൈവവചനമായിരുന്നു  അവരുടെ ജീവിതത്തിന്റെ ഭാഷ.
 
+ അവര്‍ സുവിശേഷം പ്രസംഗിച്ചിരുന്നോ? 

 ചന്തസ്ഥലത്തു (അപ്പൊ.17:17), പാഠശാലയില്‍ (അപ്പൊ.19:9), തീയെറ്റരുകളില്‍ (അപ്പൊ.17:19), തടവറയില്‍ (അപ്പൊ.16:25-31), പുഴവക്കത്തു (അപ്പൊ.16:12), കപ്പലില്‍ (അപ്പൊ.27:21-25) തുടങ്ങി എവിടെയൊക്കെ അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചോ, അവിടെയൊക്കെ അവര്‍ കര്‍ത്താവിന്റെ സുവിശേഷം ഉദ്ഘോഷിച്ചു. സുവിശേഷപ്രസംഗത്തിനായിട്ടു  നിര്‍മ്മിച്ചിരിക്കുന്ന ഒരു പ്രത്യേക സ്ഥലത്ത് മാത്രമേ അവര്‍ പ്രസംഗിച്ചിരുന്നുള്ളൂ എന്ന് നാം കാണുന്നില്ല. മറിച്ച്‌, അങ്ങനെ ചെയ്യുന്നത് ഒരു തെറ്റ് ആണെന്നുള്ള അഭിപ്രായവുമില്ല. ആദിമസഭകള്‍ സുവിശേഷം പൊതുജനമദ്ധ്യെ അറിയിക്കുന്നതില്‍ ഉല്‍സാഹിച്ചിരുന്നു.
 
+ അവരുടെ മദ്ധ്യേ പ്രത്യേക വിഭാഗീയ കൂടിവരവുകള്‍ ഉണ്ടായിരുന്നോ? (ഉദാ: യുവാക്കളുടെ കൂടിവരവ്, സഹോദരിമാരുടെ കൂടിവരവ് തുടങ്ങിയവ )

ആദിമ സഭകളില്‍ പ്രത്യേക വിഭാഗത്തിനായിട്ടുള്ള പ്രത്യേക കൂടിവരവുകള്‍ ഇല്ലായിരുന്നു എന്നാണു നാം മനസിലാക്കുന്നത്‌. പ്രായവിത്യാസം അനുസരിച്ചും,  പുരുഷ, സ്ത്രീ വിത്യാസം അനിസരിച്ചും ഉള്ള കൂടിവരവുകള്‍ ഇല്ലായിരുന്നു.   മറിച്ച്‌, സഭാവിശ്വാസികള്‍ എല്ലാവരും സഭയുടെ എല്ലാ കൂടിവരവുകളിലും ഒരുമിച്ചു കൂടിവന്നിരുന്നു. ദൈവവചനം പരാമര്‍ശിക്കുന്നത് അങ്ങനെയാണ്.(അപ്പൊ.2:1,42; എബ്രാ.10:25; 1 കൊരി.11:17-22, 12:19-27). മറിച്ച്, മറ്റു ഏതു പേരിലാണെങ്കിലും അത് സഭ കൂടിവരവല്ല.  കര്‍ത്താവിന്‍റെ ശരീരമായിരിക്കുന്ന സഭ എപ്പോഴും അതിന്റെ പൂര്‍ണ്ണതയില്‍ ആയിരിക്കുവാന്‍ അവയവങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
 
+ ആദിമ സഭയില്‍ ശമ്പളം വാങ്ങിയിരുന്ന ശുശ്രുഷകര്‍ ഉണ്ടായിരുന്നോ?   

ഇല്ല. ദൈവവചനം അത് അനുവദിക്കുന്നില്ല. അതിനെ അനുകൂലിക്കുന്ന ഒരു തെളിവും വേദപുസ്തകത്തില്‍ കാണുന്നില്ല. 

+ കൂടിവരവുകളില്‍ പ്രസംഗിക്കുന്നതിനായി പ്രത്യേകമായി നിയോഗിക്കപ്പെട്ട ഒരു കൂട്ടം പ്രാസംഗികര്‍ അവര്‍ക്കുണ്ടായിരുന്നോ? 

ഈ രീതിയിലുള്ള ഒരു ക്രമീകരണം ദൈവവചന അടിസ്ഥാനത്തില്‍ ഉള്ളതല്ല. മറിച്ചാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്‌. പ്രാദേശിക സഭകള്‍ ഓരോന്നും ശരീരത്തോടാണ് ഉപമിച്ചിരിക്കുന്നത്. ശരീരമാകുന്ന സഭയില്‍ അവയവങ്ങളായ ഓരോരുത്തര്‍ക്കും ദൈവം പ്രത്യേകമായി കൃപാവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ശരീരത്തിന്റെ നന്മക്കായി ഓരോ അവയവങ്ങളും പ്രവര്‍ത്തിക്കേണ്ടതാണ്.(1 കൊരി.12:27).
 
+ ആദിമസഭകളില്‍ വാദ്യോപകരണങ്ങള്‍ , പാവകളി, നാടകങ്ങള്‍ തുടങ്ങിയ കലാപരിപാടികളുടെ സഹായത്തോടെയുള്ള ശുശ്രുഷകള്‍ ഉണ്ടായിരുന്നോ?

റോമാക്കാര്‍ ഇത്തരം കലാപരിപാടികള്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, സഭകളില്‍ ഇത്തരത്തിലുള്ള എന്തെങ്കിലും പരിപാടികള്‍ ഉണ്ടായിരുന്നില്ല എന്നാണ് ദൈവ വചനത്തില്‍ നിന്നും നമുക്ക് മനസിലാക്കുവാന്‍ കഴിയുന്നത്‌. ദൈവവചനം പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള ശുശ്രുഷകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
 
+ സഭാകൂടിവരവുകളില്‍ ശുശ്രുഷകലോടുള്ള ബന്ധത്തില്‍ സ്ത്രീകളുടെ പങ്കു പരിമിതമായിരുന്നോ?

തീര്‍ച്ചയായും അതെ. ദൈവവചനം ഈ വിഷയത്തില്‍  വളരെ വ്യക്തമായി സംസാരിക്കുന്നുണ്ട്.(1 തിമോ.2:11, 1കൊരി.14:34).
 
+ സഭാകൂടിവരവുകളില്‍ സ്ത്രീകള്‍ തങ്ങളുടെ തലയില്‍ മൂടുപടം അണിഞ്ഞിരുന്നോ?

ഉവ്വു. 1 കൊരി.11:12-16 വേദഭാഗത്ത്‌ വളരെ വ്യക്തമായി ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്. ആദിമ സഭകളില്‍ ഈ വിഷയം വ്യക്തമായി പഠിപ്പിച്ചിരുന്നു. പുരുഷന്മാര്‍ യാതൊരു കാരണവശാലും തലയില്‍ മൂടുപടം ഇടുവാന്‍ പാടുള്ളതല്ല. എന്നാല്‍ ദൈവസന്നിധിയില്‍ കൂടിവരുമ്പോള്‍ സ്ത്രീകള്‍ തലയില്‍ മൂടുപടം ഇട്ടുകൊണ്ടുമാത്രമേ ദൈവസന്നിധിയില്‍ ഇരിക്കുവാന്‍ പാടുള്ളൂ.
 
+ ആദിമസഭകളില്‍ വിശ്വാസികളുടെ വസ്ത്രധാരണവും മറ്റും യോഗ്യമായ നിലയില്‍ ആയിരുന്നോ?

അപ്പോസ്തലീക ഉപദേശങ്ങള്‍ കേട്ടും അനുസരിച്ചും സഭാജീവിതം നയിചിരുന്നവരാണ് ആദിമ സഭകളില്‍ ഉണ്ടായിരുന്നത്. സഭയില്‍ കടന്നു വരുമ്പോള്‍ മാത്രമല്ല തങ്ങളുടെ ജീവിതത്തില്‍ മുഴുവനും തങ്ങളെത്തന്നെ ദൈവമക്കള്‍ക്ക്  യോഗ്യമായ നിലയില്‍ അലങ്കരിക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. സ്ത്രീകള്‍ യോഗ്യമായ നിലയില്‍ വസ്ത്രം ധരിക്കണം എന്നാണ് ദൈവവചനം പ്രമാണിക്കുന്നത്(1 തിമൊ.2:9). പ്രായമായ സ്ത്രീകള്‍ യൌവനക്കാരത്തികളെ ഇത്തരം വിഷയങ്ങളില്‍ ഉപദേശിച്ചു നടത്തുന്നവരായിരിക്കണം(തീതോ.2:3-5). സഹോദരന്മാരും അങ്ങനെതന്നെ ലോകപ്രകാരമുള്ളതിനോട് അനുരൂപരാകരുത് എന്ന് ദൈവവചനം ഉദ്ബോധിപ്പിക്കുന്നു.(റോമ.12:2). ലോകക്കാരായ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന രീതിയില്‍ മുത്ത്‌, സ്വര്‍ണ്ണം, മറ്റു വിലപ്പിടിപ്പുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവ അണിയുന്നത് ദൈവജനത്തിനു വിലക്കപ്പെട്ട കാര്യമാണ് (1 തിമൊ.2:9, 1 പത്രോ.3:3). സഭയായി കൂടിവരുമ്പോള്‍ ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നതിനാണ് നാം കടന്നുവരുന്നത്‌. ദൈവത്തെ നാം കാണുമ്പോള്‍ത്തന്നെ നാം നമ്മെ ദൈവത്തിന്റെ മുമ്പാകെ എതുനിലയില്‍ വെളിപ്പെടുത്തിയിരിക്കുന്നു  എന്നത് നാം ഓര്‍ക്കേണ്ടതാണ്.
 
+ ആദിമസഭകളില്‍  വിധവമാരേയും, പാവപ്പെട്ടവരേയും, പ്രായമായവരേയും മാനിച്ച്‌ അവരെ കരുതിയിരുന്നോ? 

സഭയുടെ പ്രാരംഭ കാലങ്ങളില്‍ ഈ ഉത്തരവാദിത്വം അവരുടെ പ്രവര്‍ത്തനത്തിന്റെ ഒരു വലിയ പങ്കു തന്നെ ആയിരുന്നു.  അപ്പൊ.6:1-6 വാക്യങ്ങളില്‍ ഈ കാര്യം നാം കാണുന്നുണ്ട്.  കുടുംബങ്ങളില്‍നിന്നും മറ്റും കര്‍ത്താവിന്‍റെ നാമം നിമിത്തം തിരസ്ക്കരിക്കപ്പെട്ടവരായി ഉണ്ടായിരുന്ന പ്രായമേറിയവരെയും, വിധവകളേയും സഭകള്‍ മാനിക്കുകയും അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും നല്കി അവരെ കരുതുകയും ചെയ്തിരുന്നു. അപ്പോസ്തലനായ പൌലോസിന്റെ അവസാന കാലയളവിലും, ഈ പ്രവര്‍ത്തനത്തിനു വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. അപ്പോസ്തലന്‍ തിമോത്തെയോസിനു എഴുതിയ ഒന്നാം ലേഖനത്തിന്റെ ഒരദ്ധ്യായം മുഴുവന്‍ തന്നെ വിധവമാരെ സഭകള്‍ എങ്ങനെ പരിപാലിക്കണം എന്ന വിഷയത്തെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്.(1തിമൊ.5). വിധവമാരോടൊപ്പം അനാഥരേയുംകൂടി കരുതണമെന്ന് യാക്കോബ് ചൂണ്ടിക്കാണിക്കുന്നു. (യാക്കോ.1:27).
 
സഭയില്‍ നടക്കേണ്ടുന്ന വിധം നാം കണ്ടുകഴിഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ തുടങ്ങി സ്ഥലം സഭകള്‍ സ്ഥാപിതമായി. കൊടിയ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും ദൈവവചനസത്യങ്ങള്‍ക്കായി സ്ഥലം സഭകള്‍  നിലകൊണ്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദൈവീകപ്രമാണങ്ങള്‍ക്ക് മാറ്റമില്ല. എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് ദൈവവചനം. മാറ്റം സംഭവിച്ചത് നമുക്കും നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലം സഭകള്‍ക്കുമല്ലേ എന്നത് നാം വിചിന്തനം ചെയേണ്ടിയിരിക്കുന്നു. കാലം മാറുന്നതിനു അനുസരിച്ച് രൂപവും ഭാവവും മാറ്റുന്ന പ്രവണത യഥാര്‍ത്ഥമായ ദൈവജനത്തിനും ദൈവസഭകള്‍ക്കുമില്ല.  പണ്ടത്തെ അതിരൊന്നും മാറ്റുവാന്‍ നാമായിട്ട്‌ ശ്രമിക്കരുത്.  നമ്മുടെതായ സൌകര്യങ്ങള്‍ക്കനുസരിച്ചല്ല സഭാക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടത്.  മറിച്ച്‌, ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍, ദൈവജനത്തിന്റെ ആത്മീക വളര്‍ച്ചക്ക് സഹായകരമായ നിലയിലായിരിക്കണം സഭകള്‍ വര്‍ത്തിക്കേണ്ടത്.  നല്ല ഒരു സഭ എപ്പോഴും ഒരു ആത്മീകന്റെ ആഗ്രഹമായിരിക്കണം.  നമ്മുടെ ദൈനംദിന ജീവിത ക്രമീകരണങ്ങളില്‍ സഭാകൂടിവരവുകളിലെ പങ്കാളിത്തത്തിന് മുഖ്യമായ സ്ഥാനം ഉണ്ടായിരിക്കണം.  കേവലം ‘ഞായറാഴ്ച ക്രിസ്ത്യാനി’കളായി കഴിഞ്ഞുകൂടുവാന്‍ നമുക്ക് ഇടയാകരുത്.  നമ്മെ ആക്കിയിരിക്കുന്ന, നാം ആയിരിക്കുന്ന സ്ഥലം സഭകളില്‍ ദൈവഹിതപ്രകാരമുള്ള സഭാജീവിതം നയിച്ച്‌ ദേശത്ത് പാര്‍ത്ത്, വിശ്വസ്തത ആചരിച്ചു, കര്‍ത്താവിന്റെ വീണ്ടും വരവിനെ നോക്കിപ്പാര്‍ത്തുകൊണ്ട് അവന്റെ രാജ്യത്തിന്റെ കെട്ട് പണിക്കു പ്രയോജനപ്പെടുന്നവരായിത്തീരുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.  
 
ദൈവനാമ മഹത്വത്തിനായി  ഈ ചിന്തകള്‍ സമര്‍പ്പിക്കുന്നു.   
എഡിറ്റര്‍, സഭാസത്യം.കോം   

Leave a Reply

Your email address will not be published. Required fields are marked *