വിശുദ്ധ ബൈബിളില്‍ പുതിയ നിയമത്തില്‍ ”പാടുന്നതിനെ” ക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ താഴെ പറയുന്നതാണ്.
1. മത്തായി. 26 : 30 – പിന്നെ അവര്‍ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി.
2. മര്‍ക്കോസ്. 14 : 26 – പിന്നെ അവര്‍ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്ക് പോയി.
3. അപ്പൊ. പ്രവര്‍ത്തി. 16 : 25 – അര്‍ദ്ധരാത്രിക്കു പൌലോസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു.
4. റോമര്‍ 15 : 10 – അതുകൊണ്ട് ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെവാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും.
5. 1 കൊരി. 14 : 15 – ………ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.
6. എഫെസ്യര്‍ 5 : 19 – സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീകഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ
ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും,
7. കൊലോസ്യര്‍ 3 : 16 – …………നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ………..
8. എബ്രായര്‍ 2 : 12 – …….സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും ” ( in the midst of the church will I sing praise unto thee)
9. എബ്രായര്‍ 13 : 15 – അതുകൊണ്ട് അവന് മുഖാന്തരം നാം ദൈവത്തിനു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക.
10. യാക്കോബ്. 5 : 13 – ………..സുഖം അനുഭവിക്കുന്നവന് പാട്ടുപാടട്ടെ.
പത്തു പ്രാവശ്യം പുതിയ നിയമത്തില്‍ പാടുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ഒരിടത്തും വാദ്യോപകരണങ്ങളെ (Musical Instruments) ക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.
എന്നാല്‍ പഴയനിയമത്തില്‍ ഗീതങ്ങളിലും, കീര്‍ത്തനങ്ങളിലും ഒക്കെ സംഗീതോപകരണങ്ങള്‍ (Musical Instruments) ഉപയോഗിച്ചിരുന്നതായി വചനത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. ദൈവം ഇസ്രയേല്‍ മക്കളോട് കല്പിച്ച പ്രകാരമുള്ള ആചാരങ്ങള്‍ക്കും (Ritualistic), ബാഹ്യമായവക്കും (outward) അവരുടെ ഇടയില്‍ പ്രത്യക സ്ഥാനമുണ്ടായിരുന്നു. ഇന്ദ്രിയങ്ങള്‍ ഉദ്ദീപിക്കപ്പെടുന്ന ആരാധനയും, ഉപകരണങ്ങളോട് കൂടിയുള്ള സംഗീതവും ഒക്കെ പഴയ നിയമത്തിന്റെ ഭാഗമായിരുന്നു.
എന്നാല്‍ പുതിയ നിയമ സഭകള്‍ക്ക് സംഗീത ഉപകരണങ്ങളോട് കൂടിയ പാട്ടുകളും കീര്‍ത്തനങ്ങളും നാം കാണുന്നില്ല. ആചാരങ്ങള്‍ക്കും, ബാഹ്യമായവക്കും സ്ഥാനമില്ല. ചുരുക്കത്തില്‍, യാന്ത്രികമായ യാതൊന്നിനും കര്‍ത്താവിന്റെ സഭയില്‍ സ്ഥാനമില്ല. ആത്മാവിനാലുള്ള ആരാധനക്കും, ആത്മീയ ഗീതങ്ങള്‍ക്കും, സ്തുതികള്‍ക്കും, കീര്‍ത്തനങ്ങള്‍ക്കും നാം പ്രാധാന്യം നല്‍കണം.
പുതിയനിയമ സത്യങ്ങളില്‍ നിന്നും അകന്നു പോകുന്നവരാണ് സംഗീത ഉപകരണങ്ങള്‍ സ്ഥലം സഭകളില്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നത്. ഉപകരണ സംഗീതത്തോട് താല്പര്യം ഇല്ലാത്ത വിശ്വാസികളെ പഴമക്കാര്‍, സംഗീത വിരോധികള്‍ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കാനും, ഈ ‘ഉപകരണ പ്രേമികള്‍’ മടിക്കുന്നില്ല. .
”പാടുന്നതിന്റെ” ഉദ്ദേശ്യങ്ങള്‍ / കാരണങ്ങള്‍ എന്താണ്? പാടുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
1. ദൈവീക കല്പന പ്രമാണിക്കുന്നതിനെ കാണിക്കുന്നു. ( യാക്കോബ്. 5 : 13 )
2. കര്‍ത്താവ് കാണിച്ച മാതൃകയെ അനുഗമിക്കുന്നതാണ്. ( മത്തായി. 26 : 30, മര്‍ക്കോസ്. 14 : 26 , 1 പത്രോസ്. 2 : 21 )
3. അപ്പോസ്തലന്മാര് വ്യക്തമാക്കിതന്ന മാതൃകകള്‍ അനുസരിക്കുന്നു. ( അപ്പൊ. പ്രവര്‍ത്തി. 16 : 25, 1 കൊരി. 11 : 1 )
4. പഴയ നിയമ പ്രവചന സൂക്തങ്ങളുടെ നിവര്ത്തീകരണമാണിത്. ( റോമര്‍ 15 : 10, സങ്കീ. 18 : 49, എബ്രായര്‍ 2 : 12, സങ്കീ. 22 : 22 )
5. അന്യോന്യം പ്രബോധിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനും മുഖാന്തരമായി തീരുന്നു. ( എഫെസ്യര്‍ 5 : 19 )
6. തമ്മില്‍ പഠിപ്പിക്കുന്നതിന് പ്രേരകമാണ്. ( കൊലോസ്യര്‍ 3 : 16 , 1 കൊരി. 14 : 15 )
7. ഒരു ആത്മീയ യാഗമാണ് ( എബ്രായര്‍ 13 : 15 )
സംഗീതോപകരണങ്ങളോടു കൂടിയുള്ള പാട്ടുകള്‍ എത്രമാത്രം ഈ കാരണങ്ങളെ, വസ്തുതകളെ സാധൂകരിക്കുന്നു?
വാദ്യോപകരണങ്ങള്‍ സഭാകൂടിവരവുകളില്‍ ഒഴിവാക്കാനാവാത്ത വിധം ആയിത്തീര്ന്നിരിക്കുന്നതിനു എന്താണ് അടിസ്ഥാനമുള്ളത്?
ദൈവവചനം അനുശാസിക്കുന്നതിനു വിരുദ്ധമായി, അപ്പോസ്തലന്മാര് കാണിച്ചു തന്ന മാതൃകയ്ക്ക് വിപരീതമായി, ആദിമസഭകള്‍ പിന്തുടര്‍ന്ന്പോന്ന ശരിയായതിനെ ഒക്കെയും അവഗണിച്ചുകൊണ്ടുള്ള നമ്മുടെ സ്ഥലംസഭകളുടെ പോക്ക് എങ്ങോട്ടാണ്?
നമ്മുടെ സഭാകൂടിവരവുകളില്‍ ഉയര്‍ത്തപ്പെടേണ്ട വ്യക്തിത്വം നമ്മുടെ കര്‍ത്താവ് മാത്രമായിരിക്കണം. പരിശുദ്ധാത്മാവിന്റെ വ്യാപാരമായിരിക്കണം അവിടെ ഉണ്ടാകേണ്ടത്. സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രഭാവം പലപ്പോഴും നമ്മുടെ കൂടിവരവുകളില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ തമസ്കരിച്ചു കളയുന്നില്ലേ?
അനുസരിക്കുന്നത് യാഗത്തെക്കാളും നല്ലതാണ്. ദൈവത്തിനു പ്രസാദമായതു ചെയ്യുന്നതില്‍ നാം എത്രമാത്രം അനുസരണമുള്ളവരാണ്?
ഈ ചോദ്യങ്ങക്ക് ഒക്കെയും ഉത്തരം കണ്ടെത്തേണ്ടത് വിശ്വാസികളായ നാം ഓരോരുത്തരും തന്നെയാണ്. നമുക്ക് ലഭിച്ച സത്യങ്ങളെ, അറിഞ്ഞ ശരികളെ, ചെയ്തുപോന്ന നല്ലതുകളെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഉപേക്ഷിക്കാതിരിക്കാം. തെറ്റുകളെ കണ്ടറിഞ്ഞു, അതിനോട് ഇണയില്ലാപ്പിണ കൂടാതിരിക്കാം. സ്ഥലംസഭകളുടെ വിശുദ്ധിയെ കാത്തുസൂക്ഷിക്കാം. കര്‍ത്താവിന്റെ വരവിന്നായി നോക്കിപ്പാര്ക്കാം. ദൈവനാമത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കര്‍ത്താവിന്നായി ജീവിക്കാം.
