സ്ഥലം സഭയുടെ എല്ലാ കൂടിവരവുകള്‍​ക്കും പങ്കെടുക്ക​ണമെന്ന് ദൈവ വചനത്തില്‍ ഞാന്‍ കാണുന്നില്​ല, എന്തിനു ഞാന്‍ എല്ലാത്തിനും പോകണം?

സ്ഥലം സഭയുടെ എല്ലാ കൂടിവരവുകള്‍ക്കും പങ്കെടുക്കണമെന്ന് ദൈവ വചനത്തില്‍ ഞാന്‍ കാണുന്നില്ല, എന്തിനു ഞാന്‍ എല്ലാത്തിനും പോകണം?
ഇതു ഒരു പുതിയ ചോദ്യം അല്ല. അപ്പോസ്തലന്‍ മാരുടെ കാലത്തുപോലും തുടര്‍മാനമായ സഭാ കൂടിവരവുകളെയും അതിന്റെ പ്രാധാന്യത്തെയും, ചില വിശ്വാസികള്‍ അവഗണിച്ചിരുന്നു. എബ്രായര്‍ 10:24,25 ല്‍ എബ്രായ ലേഖനകാരന്‍ വ്യക്തമാക്കുന്നത് “ചിലര്‍ ചെയ്യുന്നത് പോലെ നമ്മുടെ സഭാ യോഗങ്ങളെ ഉപേഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചു കൊണ്ട് സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സുക്ഷിച്ചു കൊല്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമായി ചെയ്യേണ്ടതാകുന്നു.”

ആദ്യ നൂറ്റാണ്ടില്‍ തന്നെ സഭാ യോഗങ്ങളെ ഉപേക്ഷയായി അഥവാ അവഗണിച്ചിരുന്നെകില്‍, ഇത് അധികമായി ഇന്ന് നാം കണ്ടുവരുന്നു. സത്യ വിശ്വാസികള്‍ എന്നഭിമാനിക്കുന്നര്‍ തന്നെ ‍ചില കൂടിവരവകള്‍ക്ക് തോന്നുമ്പോള്‍ പോകുക, അല്ലെങ്കില്‍ ഞായറാഴ്ചകളില്‍ കര്‍തൃമേശയില്‍ പങ്കു കൊള്ളാന്‍ മാത്രം സഭായോഗത്തില്‍ പ്രത്യക്ഷപ്പെടുകയും, പിന്നെ ഒരാഴ്ചത്തേക്ക് മുങ്ങുകയും ചെയ്യും. ഇങ്ങനെയുള്ള വിശ്വാസികള്‍ ദൈവത്തോടും ദൈവമക്കളോടും ഉള്ള തണുത്ത സമീപനം അഥവാ ഉത്തരവാദിത്വമില്ലായ്മ വെളിവാക്കുന്നു. സഭയുടെ കൂട്ടായ്മ എന്താണെന്നു മനസിലാകാത്തതും, അതിനെ തുച്ഛമായി കാണുന്നതും സഭാകൂടിവരവുകളില്‍ ‘വിശ്വാസി‍’ പങ്കെടുക്കതിരിക്കുന്നതിനു കാരണമാണ്. ആദ്യ സഭ തന്നെ തുടര്‍മാനമായി (steadfastness) കൂടിവന്നു (അപ്പോ. പ്രവര്‍ത്തി 2:42) എന്നത് പ്രത്യേകം ചിന്തനീയമാണ്. അവിടെ വിശ്വാസികള്‍ ‘വല്ലപ്പോഴും’ ‘സൌകര്യമുള്ളപ്പോള്‍’ മാത്രം അല്ല കൂടിവന്നത്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ , ഉദാഹരണമായി ജോലി കാര്യങ്ങള്‍, രോഗങ്ങള്‍, കുടുബപരമായ ഉത്തരവാദിത്വങ്ങള്‍ തുടങ്ങി ദൈവ സന്നിധിയില്‍ നീതീകരിക്കാന്‍ സാധിക്കുന്നതും, സഹവിശ്വാസികളോട് തുറന്നു പറയുവാന്‍ പറ്റുന്നതുമായ കാര്യങ്ങളില്‍ മാത്രമേ സഭായോഗങ്ങളില്‍ പോകാതിരിക്കാന്‍ പാടുള്ളൂ.
തുടര്‍മാനമായി സഭയോഗങ്ങള്‍ക്ക് പോകാതിരിക്കുന്നത് ഒരു ആത്മീയ ഒളിച്ചോട്ടമായി കാണുകയും, സഭയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ഇക്കുട്ടരെ അവരുടെ വ്യക്തിപരമായ ആത്മീയ ഉന്നമനത്തിനും, സഭയുടെ പൊതുവായ സാക്ഷ്യത്തിനും വേണ്ടി ഉപദേശിക്കുകയും ചെയ്യേണ്ടത് അത്യന്താപേഷിതമാണ്‌.
എബ്രായര്‍ 10:24 ല്‍ വിശ്വാസികള്‍ ‘സഭായോഗങ്ങളില്‍ കൂടിവരിക’ എന്നതിനേക്കാള്‍ ഉപരി ‘അവന്റെ നാമത്തില്‍ കൂടിവരിക’ എന്ന വസ്തുത സഭാകൂടിവരവുകള്‍ എത്ര മാത്രം പ്രാധാന്യം മര്‍ഹിക്കുന്നതാണെന്ന് നാം മനസിലാക്കണം.

കര്‍ത്താവായ യേശു ക്രിസ്തു മാത്രമാണ് ഒരു സ്ഥലം സഭാ കൂടിവരവിന്റെ വിഷയം, അവന്റെ നാമത്തിലാണ് പ്രാദേശിക സഭ കൂടിവരേണ്ടത്. മത്തായി 18.20 ല്‍ “രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടി വരുന്നേടുത്തോക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട്”. ഒന്നിലധികം ആളുകള്‍ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ സഭയായി കൂടിവരുമ്പോള്‍ (അഥവാ കൂട്ടിവരുത്തപ്പെടുമ്പോള്‍) അവരുടെ നടുവില്‍ കര്‍ത്താവിന്റെ വ്യക്തി സാനിദ്ധ്യം ഉണ്ട്. അങ്ങനെ കര്‍ത്താവിന്റെ സാനിദ്ധ്യം ഉള്ള മഹാത്വമാര്‍ന്ന ഒരു സഭാകൂടിവരവ് നമ്മുക്ക് അവഗണിക്കാന്‍ സാധിക്കുമോ? കര്‍ത്താവു ലോകത്തില്‍ ആയിരുന്നപ്പോള്‍ തന്നെയും അവന്‍ ‍പോയിരുന്നെടുത്തോക്കെയും അവന്റെ സാനിദ്ധ്യം വ്യതിസ്തത പുലര്‍ത്തിയിരുന്നു. നമ്മുടെ കര്‍ത്താവിന്റെ വ്യക്തിപരമായ സാനിധ്യത്തില്‍ അടുത്തുവരുവാന്‍ സാധിക്കുന്നത്‌ ഒരു മഹല്‍ ഭാഗ്യം തന്നെയാണ്.

രണ്ടാമതായി സഭയില്‍, സഭാ കൂട്ടായ്മയില്‍ ഉള്ളവര്‍ തുടര്‍മാനമായി ഒന്നിച്ചു കൂടിവരുന്നത് പ്രാദേശിക സഭയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവിശ്യമാണ്. ‍
ഒന്ന് കൊരിന്ത്യര്‍ അദ്ധ്യായം 12 ല്‍ ഒരു സഭയുടെ കൂട്ടായ്മയെ ഒരു മനുഷ്യ ശരീരത്തിലെ പലതായ അവയവങ്ങളായും, അതിന്റെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ആയും ചിത്രീകരിച്ചിരിക്കുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളും തമ്മിലും വിത്യാസം ഉണ്ട്, ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും, ചൈതന്യത്തിനും, ഓരോ അവയവങ്ങളും അത്യന്താപേഷിതവും ആണ്. അതുപോലെ തന്നെ കൂടയ്മയിലുള്ള ഓരോ വിശ്യാസിയും സഭയുടെ ആരോഗ്യത്തിനും, ചൈതന്യത്തിനും സാക്ഷ്യം നിലനിര്‍ത്താനും അത്യാവശ്യവും ആണ്. ചില വിശ്യസികളെ കൂടുതല്‍ മുഖ്യ ധാര പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും, എങ്കിലും ഓരോ വിശ്വാസിയും സഭയുടെ പൊതുവായ ഉത്തേജനത്തിനും, സാക്ഷ്യത്തിനും അനിവാര്യമാണ്.

1 കൊരിന്ത്യര്‍ 12:18 ല്‍ ” ദൈവമോ തന്റെ ഇഷ്ട പ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറെയായി വച്ചിരിക്കുന്നു.”
ദൈവത്തിന്റെ പ്രത്യേകമായ പദ്ധതി പ്രകാരമാണ് വിശ്വാസികളായ നാം ഓരോരുത്തരെയും സ്ഥലം സഭകളില്‍ ആക്കിയിരിക്കുന്നത്.
നാം അന്യോന്യം ക്രിസ്തുവിന്റെ രക്തത്താല്‍ ബന്ധപ്പെട്ടവരും, കടപ്പെട്ടവരും ആണ്. എന്നാല്‍ ചില വിശ്വാസികള്‍ യോഗ്യതയില്ലാത്തവരും, അപ്രധന്യരും ആണെന്ന് തന്നെത്താന്‍ നിരുപിക്കുകയും അതിന്റെ ഫലമായി സഭാ യോഗങ്ങളെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.
അവസാനമായി, എന്റെ ആത്മീയ ഭദ്രതതക്കും, പരിപാലനത്തിനും, നിലനില്പിനും, ആത്മീയ വളര്‍ച്ചക്കും മറ്റു വിശ്വസികള്‍ക്കൊപ്പം സഭയോഗങ്ങളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്. ഓരോ സഭയോഗള്‍ക്കും വിത്യസ്തമായ ഉദ്ദേശവും ലക്ഷ്യവും ഉണ്ട്.

തിരുവത്താഴ യോഗങ്ങള്‍ – ഒരു വിശ്വാസിക്ക് കര്‍ത്താവിനോടുള്ള മമതയുടെയും, സ്നേഹത്തിന്റെയും, ബന്ധത്തിന്റെയും തീക്ഷ്ണത വെളിപ്പെടുത്തുന്നു.
വേദ പാരായണ പഠന യോഗങ്ങള്‍ – കര്‍ത്താവിനെ പറ്റിയുള്ള അറിവില്‍ വളരുവാന്‍ സഹായിക്കുന്നു.
പ്രാര്‍ത്ഥനാ യോഗങ്ങള്‍ – സ്വര്‍ഗീയ പിതാവിനോട് നന്ദി പറയുവാനും, അപേക്ഷിക്കുവാനും ഉള്ള സന്ദര്‍ഭമാണ്.
സുവിശേഷ യോഗങ്ങള്‍ – നഷ്ടപ്പെട്ട അഥവാ പാപിയായ മനുഷ്യനോടു ദൈവസ്നേഹത്തിന്റെ സന്ദേശം പറയുവാന്‍ സാധിക്കുന്നു.
ആത്മീയ ചൈതന്യത്തെ നിരുല്‍സാഹപെടുത്തുന്ന, എതിര്‍ക്കുന്ന, നിരാശയില്‍ എത്തിക്കുന്ന ലോകത്തില്‍, ദൈവ വചനപ്രകാരമുള്ള ഒരു സഭാ കൂട്ടായ്മ അത്യാവിശ്യമാണ്.

കൂട്ടു വിശ്വാസികള്‍ തമ്മിലുള്ള പ്രോത്സാഹനത്തിനും, ആത്മീയ പ്രബോധത്തിനും സഭായോഗങ്ങളില്‍ സംബന്ധിക്കണം. ഉത്കൃഷ്ടമായ, സമാനതകളില്ലാത്ത, അതുല്യമായ യേശു ക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തുവാനും, വിശ്വാസികളെ ബലപ്പെടുത്തുവാനും, നിലനിര്‍ത്തുവാനും, ദൈവത്തിന്റെ രൂപകല്പനയാണ് പ്രാദേശിക സഭകള്‍. യേശുവിന്റെ ശിഷ്യനായ തോമസ്‌ ഒരു സഭായോഗം നഷ്ടപ്പെടുത്തിയത് തന്നെ അവിശ്വാസത്തിനു കാരണമായി.

വിശ്വാസികളായ നാം ഒരു സ്വയ ശോധനക്ക് തയ്യാറായി, സഭയോഗങ്ങളെ ഉപേക്ഷയായി വിചാരിക്കാതെ, തുച്ഛമായി കാണാതെ കര്‍ത്താവിന്റെ മഹത്വത്തിനായി തുടരാം.

ദൈവം നമ്മെ അതിനായി സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ

ലേഖകന്‍, സഭാസത്യം.കോം

Leave a Reply

Your email address will not be published. Required fields are marked *