പുതിയ നിയമ സഭകള്‍ ഏതു പേരിലാണ് അറിയപ്പെടേണ്ടത്?

പുതിയ നിയമ സഭകള്‍ ഏതു പേരിലാണ് അറിയപ്പെടേണ്ടത് എന്ന വിഷയത്തില്‍ നമുക്കാലോചന തരുന്ന വളരെ വ്യക്തമായ ദൈവീകപ്രമാണം തിരുവചനത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. ഏതെങ്കിലും ഒരു പേരോ അല്ലെങ്കില്‍ ചില പേരുകളോ ഒന്നും നമുക്ക് വചനത്തില്‍നിന്നു കണ്ടെടുക്കുവാന്‍ കഴിയില്ല. ഏതെങ്കിലും ഒരു പ്രത്യേക പേരില്‍ അറിയപ്പെടുന്നത് പക്ഷപാതപരമായ ഒരു രീതിയാണ് എന്നാണ് തിരുവചനത്തില്‍നിന്നും നാം മനസ്സിലാക്കുന്നത്. ഒരു പ്രത്യേക പേര് ഒരു വിഭാഗത്തെ മാത്രമാണ് ചൂണ്ടിക്കാണിക്കുന്നത്. ദൈവം വിവക്ഷിക്കുന്ന തന്‍റെ സഭയെ ആകമാനമായിട്ട് ഏതെങ്കിലും ഒരു പ്രത്യേക പേരുകൊണ്ട് നിര്‍വചിക്കപ്പെടുന്നില്ല. അപ്പോസ്തലനായ പൗലോസ്‌ കൊരിന്ത്യ വിശ്വാസികളെ വിഭാഗീയതയോടുള്ള ബന്ധത്തില്‍ വളരെ നിശിതമായി വിമര്‍ശിക്കുന്നു. കൊരിന്തിലെ വിശ്വാസികളില്‍ ഓരോരുത്തന്‍ , ”ഞാന്‍ പൌലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ അപ്പല്ലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍ എന്നിങ്ങനെ” പറയുകയാണ്‌ (1 കൊരി. 1:12). ഇവിടെ നാം കാണുന്ന ഓരോ പേരുകളും പ്രതിനിധാനം ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗത്തെയാണ്. അതായത്, മറ്റുള്ളവര്‍ ഒഴിവാക്കപ്പെടുന്നു.

തിരുവചനം അനുശാസിക്കുന്നതിന്നപ്പുറമായി വിവിധ പേരുകളാല്‍ സഭകള്‍ അറിയപ്പെടുന്നത് വളരെ ഗുരുതരമായ പാപമായിട്ടാണ് ദൈവാത്മാവ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമായും മൂന്നു നിലകളില്‍ ആ പാപം പ്രകടമാകുന്നത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

ഒന്നാമതായി, കര്‍ത്താവിന്റെ സഭയെ വ്യത്യസ്ത പേരുകളാല്‍ വിഭജിച്ചു കാണുന്നത് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തിനു ചെയ്യുന്ന ഒരു പാപമാണ്. അപ്പോസ്തലന്‍ ചോദിക്കുന്നു, ”ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ?”. മറ്റൊന്ന്,  ഈ പ്രവണത ക്രിസ്തുവിന്‍റെ പ്രവൃത്തിക്കെതിരായിട്ടുള്ള പാപമായിട്ട് കണക്കിടുന്നു. പൗലോസ്‌ കൊരിന്ത്യരോട് വാദിക്കുന്നത്, ” പൗലോസ്‌ നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ?” എന്നാണ്. ക്രൂശിക്കപ്പെട്ടവനായ കര്‍ത്താവിനെ, ക്രൂശില്‍ കര്‍ത്താവ് തികച്ച വേലയെ ഒരു രണ്ടാംതരമായി കണ്ടുകൊണ്ട് മറ്റ് ‘നാമങ്ങള്‍’ സഭകളുടെമേല്‍ ഉയര്‍ന്നുവരുന്നത് ദൈവത്തിന്നെതിരായ പാപം തന്നെയാണെന്നാണ് ദൈവാത്മാവ് നമ്മെ പഠിപ്പിക്കുന്നത്.

അടുത്തതായി, യേശുക്രിസ്തു എന്ന ഏകനാമത്തിന്നെതിരായിട്ടുള്ള ഒരു പാപമായി, വ്യത്യസ്തങ്ങളായ അപരനാമങ്ങളാല്‍ സ്ഥലംസഭകള്‍ വിളിക്കപ്പെടുന്നതിനെ നാം മനസ്സിലാക്കുന്നു. കാരണം, അപ്പോസ്തലന്‍ കൊരിന്ത്യരോട് ചോദിക്കുന്നു, ”അല്ല, പൌലോസിന്റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?” എന്ന്. നമ്മുടെ വാഴ്ത്തപ്പെട്ടവനായ കര്‍ത്താവിന്റെ നാമം എല്ലാ നാമത്തിനും മേലായ നാമമാണ്. ഈ ശ്രേഷ്ഠനാമത്തിനു മാത്രമേ, സകലവിശുദ്ധന്മാരെയും പ്രായോഗികതലത്തില്‍ ഒരുമിച്ചു നിറുത്തുവാന്‍ കഴിയുകയുള്ളൂ. ക്രിസ്തു എന്ന വ്യക്തിവിശേഷത്തെ അംഗീകരിച്ചുകൊണ്ട്, അവന്‍റെ ശ്രേഷ്ഠതയെ അനുസരിച്ചുകൊണ്ട്, അവന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യാതെ, കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നതിന്നായി വിശുദ്ധന്മാര്‍ ഒരുമിച്ചുകൂടിവരുന്നതാണ് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ മാത്രം കൂടിവരുന്നു എന്ന് പറയുന്നതിന്‍റെ പിമ്പിലുള്ള സത്യം.

സഭ എന്നത് വ്യക്തികളുടെയും വിഭാഗങ്ങളുടെയും, നിയമങ്ങളുടെയും മറ്റു പലത്തിന്‍റെയും പേരില്‍ അറിയപ്പെടുന്നു എന്ന പാപം. ഇന്ന് വിശ്വാസികള്‍ പലരും തങ്ങള്‍ ചില പേരുകളില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ സ്ഥലംസഭകള്‍ ഒരു പ്രത്യേക വിഭാഗത്തെ പ്രിതിനിധാനം ചെയ്യുന്നു എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നവരാണ് ഒട്ടുമിക്ക വിശ്വാസികളും. ചില സഭകള്‍ അറിയപ്പെടുന്നത് ചില വ്യക്തികളുടെ പേരിലാണ്. നാം സാധാരണ കേള്‍ക്കുന്നത്, ഇന്ന ആളുടെ സഭ, ആ സാറിന്‍റെ സഭ എന്നൊക്കെയാണ്. മറ്റു ചില സ്ഥലംസഭകള്‍ ചില കുടുംബക്കാരുടെ വകയാണ്. മറ്റുചിലര്‍, സ്ഥലംസഭകളെയെല്ലാം ഒരു പൊതുനാമത്തിന്‍കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. പ്രിയപ്പെട്ടവരേ, ഈ രീതികളൊന്നും തിരുവചനത്തിനു യോഗ്യമായതല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഓരോ സ്ഥലംസഭകളും വിശുദ്ധന്മാരുടെ ഓരോ കൂട്ടങ്ങളാണ്. വിശുദ്ധന്മാരെല്ലാവരും കര്‍ത്താവിന്റെത് മാത്രമാണ്. കര്‍ത്താവിന്റെ സഭയിലെ ഓരോ അംഗങ്ങളാണ് ഓരോ വിശ്വാസികളും. ദൈവവചനം പ്രമാണിക്കുന്നതിന്നനുസരിച്ചു ഓരോ പ്രദേശത്തുമുള്ള വിശുദ്ധന്മാര്‍ ഒരുമിച്ചുകൂടിവന്ന് കര്‍ത്താവിനെ ഓര്‍ക്കുകയും കര്‍ത്താവിന്റെ സ്നേഹത്തിന്‍റെ സാക്ഷ്യം ആ പ്രദേശത്ത് വഹിക്കുകയും ചെയ്യുന്നു. വിളിച്ചു വേര്‍തിരിക്കപ്പെട്ടവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ മാത്രം അറിയപ്പെടട്ടെ. മറ്റൊരു നാമത്തിലോ നിയമസംഹിതകളിലോ പാരമ്പര്യവാദങ്ങളിലോ ഊറ്റംകൊള്ളുവാന്‍ ഇടയാകാതിരിക്കട്ടെ…….

Leave a Reply

Your email address will not be published. Required fields are marked *