പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ് (Praise and Worship) – ‘പുത്തന്‍ പാട്ടുകള്‍’ സഭകള്‍ പിടിച്ചടക്കാന്‍ സാത്താനയച്ച പൊള്ളയായ ട്രോജന്‍ കുതിരകളോ?

ട്രോയ് നഗരം പിടിച്ചടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ട്രോജന്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികളെപ്പോലെ സാത്താന്റെ കൈയ്യിലെ ട്രോജന്‍ കുതിരകളാണ്‌ കരിസ്മാറ്റിക്കുകാര്‍ പാടിയാനന്ദിക്കുന്ന പുത്തന്‍ പാട്ടുകള്‍.

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം മേമ്പൊടിയാകട്ടെ—- ഞങ്ങളുപയോഗിക്കുന്ന എഴുത്ത്ഭാഷ വ്യത്യസ്തമാണ്, ഉന്നത നിലവാരം പുലര്‍ത്തുന്നതല്ല  എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അതിവിടെ ഉപയോഗിക്കുന്നത്, അതൊരുതരം സെന്‍സേഷണല്‍ ലാംഗ്വേജ് ആയോ , സാദാ ഭാഷയായോ വായനക്കാരന്‍റെ ഔചിത്യമനുസരിച്ചു ചിന്തിക്കുന്നതിനു ഞങ്ങള്‍ക്ക് എതിര്‍പ്പുമില്ല. എന്നാല്‍ ഞങ്ങളുടെ ആഗ്രഹം, കഴിയുന്നിടത്തോളം സാധാരണക്കാരന്റെ ഭാഷ, പുതിയ നിയമത്താളുകളിലെ മുക്കുവ ഭാഷ, തച്ചന്റെ ഭാഷാ ശൈലി, ലോകത്തെ കീഴ്മേല്‍ മറിച്ചവര്‍ ഉപയോഗിച്ച ആഞ്ഞടിക്കുന്നഭാഷ ഉപയോഗിക്കണം എന്നു തന്നെയാണ്, അത് ചാട്ടുളി പോലെ ഹൃദയത്തില്‍ തന്നെ തറക്കുകയും വേണം. കാരണം സഭകളോട് എന്തെങ്കിലും ആത്മാര്‍ഥത കാണിക്കുന്നതില്‍ കൂടുതലും സാധാരണക്കാരായ വിശ്വാസികളാണ്, സഭയെ സംരക്ഷിക്കുന്നവരും, വചനം കാക്കുന്നവരും അവര്‍ തന്നെ. ഈ അന്ത്യ കാലത്ത് അല്പം പ്രതീക്ഷക്കു വകയുള്ളത്‌ അവര്‍ മാത്രവും. സമ്പത്തിന്റെ സുഖലോലുപതയില്‍ ജീവിക്കുന്ന പൊങ്ങച്ചക്കാര്‍ക്ക്, ഇരട്ടമുഖക്കാര്‍ക്ക്, കപട വാക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, ആത്മീയം ഒരു ആദായ സൂത്രമാക്കിയിരിക്കുന്നവര്‍ക്ക്  സഭാസത്യം എന്നും ഒരു അധികപ്പറ്റ് തന്നെയായിരിക്കും.

ക്രിസ്തീയ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ സമ്മാനിച്ച K.V. സൈമണ്‍ സാറിന്റെയും, M.E ചെറിയാന്‍ സാറിന്റെയും ,T.K ശമുവേല്‍ സാറിന്റെയുമടക്കം നമ്മുടെ ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും പാട്ടുകള്‍ പരമ്പരാഗത ശൈലിയില്‍, ഉപദേശാധിഷ്ടിതമായ നീളന്‍ പാട്ടുകളാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, യാതൊരു ആത്മീയ അര്‍ത്ഥവും ജനിപ്പിക്കാത്ത,വെറും പൊള്ളയായിട്ടുള്ള,  ആവര്‍ത്തിച്ചു പാടി ‘വിശ്വാസികളുടെ’ വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍  രസിപ്പിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ചെറിയ പാട്ടുകളാണ് ‘പ്രയിസ് ആന്‍ഡ്‌ വര്‍ഷിപ്പുകാര്‍’ ഉപയോഗിക്കുന്നത്.   ഗൌരവതരമായിട്ടുള്ളതും ദൈവവചന ഉപദേശ സത്യങ്ങള്‍ അടങ്ങിയതുമായിട്ടുള്ള ആത്മീയ ഗീതങ്ങള്‍ കരിസ്മാറ്റിക്കുകാര്‍ മിക്കവാറും ഒഴിവാക്കുകയാണ് പതിവ്. ദൈവം ഇന്ന് ലോകത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് അവര്‍ അവകാശപ്പെടുന്ന അത്ഭുതങ്ങളെയും അടയാളങ്ങളെയും, ആത്മീയ പോരാട്ടത്തെയും മാത്രം പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് അവരുടെ പാട്ടുകള്‍ ഭൂരിഭാഗവും. കരിസ്മാറ്റിക് പാട്ടുകാരും പാട്ടെഴുത്തുകാരും പൊതുവേ ആത്മീയ പരിജ്ഞാനം കുറഞ്ഞവര്‍ എന്ന് മാത്രമല്ല കേവലം അനുഭവങ്ങള്‍ മാത്രമാണ്‌ അവര്‍ക്ക് അവകാശപ്പെടുവാനുള്ളത്. അവര്‍ പരിഗണിക്കുന്നത് എളുപ്പം ഓര്‍ത്തിരിക്കാവുന്നവ, എളുപ്പത്തില്‍ പാടാവുന്നവ, വളരെ വേഗം ജനസമ്മിതി കിട്ടുന്നവ എന്നീ പാട്ടുകളെയാണ്. സെക്കുലര്‍ രംഗത്തെ സിനിമാ പാട്ടുകളെ പോലും ഒരു ദാക്ഷിണ്യവുമില്ലാതെ ഇവര്‍ സ്ഥിരമായി  കൊള്ളയടിക്കാറുണ്ട്. വിസ്താരഭയത്താല്‍ മലയാളം പാട്ടുകളെ ഞങ്ങള്‍ ഉദാഹരിക്കുന്നില്ല. അത് വായനക്കാരന്റെ വിവേചനാധികാരത്തിന്റെ പരിധിയിലേക്ക് പൂര്‍ണമായി വിട്ടു തരികയാണ്.

ചില  ആംഗലേയ വരികള്‍ കുറിക്കുന്നു. “I long to worship you…I give myself to you….I want to love you from deep within…Let me your’s alone “. ഈ വരികള്‍ വളരെ പെട്ടെന്നുണ്ടാകുന്ന സൗഹൃദത്തെ (ഒരു തരം ആഴമില്ലാത്ത ന്യൂ ജനറേഷന്‍ സ്നേഹം)  വര്‍ണിക്കുന്നതാണ്. മാത്രമല്ല, പ്രയിസ് ആന്‍ഡ്‌ വര്ഷിപ്പുകാര്‍ പുതുമ ഇഷ്ടപ്പെടുന്നവരും, വ്യത്യസ്ഥതക്കായി എന്ത് വേഷവും കെട്ടുന്നവരുമാണ്. ആരാധന എന്നും അവര്‍ക്ക് ഒരുപോലെ ആകാന്‍ പാടില്ല. വരികള്‍ പൊള്ളയായിരുന്നാലും അതില്‍ ഒരു ‘മുന്നറിയിപ്പ്’ പോലും ഉണ്ടാകരുത് എന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്,  ‘ജഡത്തിനു ഒട്ടും മുഷിച്ചിലുണ്ടാകരുത്’ എന്നതാണ് ആഗ്രഹം. ബൈബിള്‍ തുറന്നു ദൈവവചനത്തില്‍ നല്‍കിയിരിക്കുന്ന മനോഹരമായ ആത്മീയ ഗീതങ്ങളുമായി  ഇവയെ ഒന്ന് തട്ടിച്ചു നോക്കുക. പുറപ്പാട് 15:1-21 -”മോശയും ഇസ്രായേല്‍ മക്കളും സങ്കീര്‍ത്തനം പാടി ചൊല്ലിയത്”, ന്യായാധിപന്മാര്‍ 5:1-31 -‘ദബോരയും,  ബാരാക്കും പാടിയ പാട്ട്’, ‘സങ്കീര്‍ത്തനങ്ങള്‍ തുടങ്ങി വെളിപ്പാട് വരെ പടര്‍ന്നു കിടക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ പാട്ടുകള്‍.’ ദൈവത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തിന്റെയും പ്രവൃത്തിയുടെയും അര്‍ത്ഥഗര്‍ഭമായ വിവരണങ്ങളല്ലേ.., സുവിശേഷത്തിന്റെയും, ആത്മീയ സത്യങ്ങളുടെയും കലവറകളല്ലേ…ഇവയെല്ലാം.

പ്രയിസ് ആന്‍ഡ്‌ വര്ഷിപുകാരുടെ കഴമ്പില്ലാത്ത പാട്ടുകള്‍ പലതും ദുരുപദേശങ്ങളെ വഹിക്കുന്നതാണെന്ന് കൂടി നാം ഓര്‍ക്കണം. ഇവരുടെ പാട്ടുകള്‍ മിക്കതും തന്നെ യഥാസ്ഥാനപ്പെടല്‍, അപ്പോസ്തലന്മാരും പ്രവാചകന്മാരും ഇന്നുമുണ്ട്, കരഘോഷത്തിന്റെ അമിത പ്രാധാന്യത, നൃത്തം ചെയ്യണം, അന്യഭാഷ പറയുക, രോഗശാന്തിയും മറ്റു ചില ‘പ്രത്യേക വരങ്ങളും’ ഇന്നുമുണ്ട് തുടങ്ങിയ  ആശയങ്ങള്‍ കുത്തിനിറച്ചവയാണ്.  “Shine Jesus shine”, “Majesty”, “You are building a people of power” എന്നീ പാട്ടുകളില്‍ ഒളിപ്പിച്ചിരിക്കുന്ന അജണ്ട എന്താണ് ?… തിരുവചനസത്യങ്ങളോടുള്ള അവഹേളനമാണ് ഇത്തരം പ്രവണതകള്‍ .

ഉപദേശം കാത്തുകൊണ്ടിരുന്ന പല സഭകളും, പാട്ടുകളുടെ തെറ്റായ തിരഞ്ഞെടുപ്പിലൂടെ “അവിയല്‍” പരുവമായി പോയിട്ടുണ്ട്. യുവാക്കന്മാരെ സഭയിലേക്ക് ആകര്‍ഷിച്ച് പിടിച്ചുനിര്‍ത്തുവാനും, പഴഞ്ചനായി പോകാതിരിക്കുവാനും വേണ്ടി ചെയ്തത് വലിയ ഒരു പിഴവായി തീര്‍ന്നിരിക്കുന്നു. പ്രത്യേക നിലപാടുകളുള്ള ഈ പാട്ടുകള്‍ സഭയില്‍ കയറ്റിയാല്‍ അതുള്‍ക്കൊള്ളുന്ന ആശയങ്ങളെ നാം പിന്താങ്ങി ദൃഡീകരിക്കുകയാണ്  എന്ന് മറക്കരുത്. നമ്മുടെ സത്യാരാധനയെ കോട്ടിക്കളയുന്ന ഈ പാട്ടുകളെയെല്ലാം നാം അകറ്റി നിര്‍ത്തണം, യുവജനങ്ങളെ ഈ സത്യങ്ങളാല്‍ ബോധവല്കരിക്കണം. ഒരിക്കല്‍ ആത്മാവിലുള്ള ആരാധനയില്‍ നിന്ന് നാം മാറിക്കൊടുത്താല്‍ കരിസ്മാറ്റിക്കുകള്‍ പിന്നാലെ അജണ്ട നടപ്പാക്കികൊള്ളും. സൂഷ്മതയില്ലാതെ നാം സ്വീകരിക്കുന്ന ചില പാട്ടുകള്‍ പോലും ആരാധനയില്‍ ജഡത്തിന്റെ പ്രകടനപാതയിലേക്ക് നമ്മെ നയിച്ചു കൊണ്ട് പോകുന്ന തരത്തിലുള്ളതാണ്. ഒരിക്കല്‍ ഈ അധിനിവേശം സംഭവിച്ചാല്‍ പിന്നീട് തടയാനുള്ള ശ്രമങ്ങള്‍ തിരയടിക്കുന്ന മണലില്‍ വരയ്ക്കുന്ന വരകളായിരിക്കും. ട്രോജന്‍ കുതിരകള്‍ക്കുള്ളിലെ പടയാളികള്‍ കൊടുക്കുന്ന അടയാളം കണ്ടു കടലിലൂടെ തിരികെ വന്ന പടയാളികള്‍ സകലവും പിടിച്ചടക്കിയ കഥ പോലെ….      

Leave a Reply

Your email address will not be published. Required fields are marked *