ദൈവവചനം മാതൃകയാക്കുന്നില്ലെങ്കില്‍, ഓരോരുത്തരും അല്ലെങ്കില്‍ ഓരോ കൂട്ടങ്ങളും തനിക്ക് ബോധിച്ചതുപോലെ നടക്കും. (ന്യായാധിപന്മാര്‍ 21 : 25). പഴയനിയമത്തില്‍ സമാഗമനകൂടാരവും ദൈവാലയവുമൊക്കെ നാം കാണുമ്പോള്‍, അവയുടെ രൂപകല്‍പനയും മാതൃകയുമൊക്കെ സ്വര്‍ഗ്ഗത്തിലെ ദൈവം വിഭാവന ചെയ്തപ്രകാരമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മാനുഷികമായ താല്പര്യങ്ങളോ, വൈദഗ്ധ്യപാടവമോ സാമര്‍ത്ഥ്യമൊ ഒന്നും കാണുന്നില്ല. ദൈവം ഏറ്റവും മനോഹരമായി, ശ്രേഷ്ഠമായത് വരച്ചുകാണിച്ചുകൊടുത്തു. ‘ദൈവം കല്‍പ്പിച്ച പ്രകാരം‘ എന്നത് പഴയനിയമത്തില്‍ വളരെ പ്രാധാന്യത്തോടെ നാം കാണുന്നുണ്ട്. ഇത് കൃപയുടെ യുഗമായതുകൊണ്ട് കരുണാസമ്പന്നനും, ദീര്‍ഘക്ഷമയുള്ളവനും, മഹാദയാലും കൃപാനിധിയുമായ ദൈവത്തിന്റെ കല്‍പ്പനകള്‍ക്ക് അപ്പുറമായി, പുതിയനിയമ സത്യങ്ങള്‍ക്ക് വില കല്പ്പിക്കാതെ ജീവിക്കാം എന്ന് ആരെങ്കിലും നിനക്കുന്നത് വലിയ മണ്ടത്തരമായിരിക്കും.
പര്‍വ്വതത്തില്‍ വച്ച് ദൈവം മോശെക്ക് ആറു പ്രാവശ്യം സമാഗമന കൂടാരത്തെ പറ്റിയുള്ള ദൈവീക പദ്ധതി അല്ലെങ്കില്‍ മാതൃക കാണിച്ചുകൊടുത്തു. പുറപ്പാട്. 25 : 9, എബ്രാ. 8 : 5 തുടങ്ങിയ വേദ ഭാഗങ്ങള്‍ നാം വായിക്കുമ്പോള്‍ (”…പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാന്‍ നോക്കുക…..”) മനസ്സിലാക്കാന്‍ കഴിയുന്നത് സ്വര്‍ഗ്ഗീയമായ കാര്യങ്ങളുടെ നിഴലും ദൃഷ്ടാന്തവുമായിട്ടു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലോചനയും ഹിതവും വെളിപ്പെടുത്തുന്ന രീതിയിലാണ് തിരുനിവാസവും ദൈവാലയവുമൊക്കെ നിര്‍മ്മിച്ചത് എന്ന് കാണാം. ദൈവം കാണിച്ചുകൊടുത്ത മാതൃക പ്രകാരം മോശെയും മറ്റ് പണിക്കാരും പ്രവര്‍ത്തിക്കണമായിരുന്നു. ദൈവത്തെ അനുസരിക്കുകയെന്നത് അവരുടെ ഭാഗത്തെ വലിയ ഉത്തരവാദിത്വമായിരുന്നു. തിരുനിവാസവും അതിലെ യാഗവും എന്നത് വരുവാനുള്ള ക്രിസ്തുവിന്റെയും യാഗമരണത്തിന്റെയും നിഴലായിരുന്നു. ഈ മാതൃക സ്വര്‍ഗ്ഗീയമായതാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മോശെക്ക് പര്‍വ്വതത്തില്‍ വച്ച് ദൈവം നല്‍കി. പുറ. 25 : 40 ഉം സംഖ്യ. 8:4 ഉം പരാമര്‍ശിക്കുന്നത് തിരുനിവാസത്തിലെ അകത്തെ ഉപകരണങ്ങളെക്കുറിച്ചുള്ള ദൈവീക മാതൃകയാണ്. (”പര്‍വ്വതത്തില്‍ വച്ച് കാണിച്ചുതന്ന മാതൃക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ …..”) . അതായത് പെട്ടകം (the ark ) അത് ദൈവത്തിന്‍റെ സിംഹാസനത്തെ (the Throne of God ) കാണിക്കുന്നു. കാഴ്ചയപ്പത്തിന്റെ മേശ (the table) പുരോഹിതന്മാര്‍ക്കും അവരുടെ ഉതവിക്കുമായി (food for the priests) ക്രമീകരിച്ചു. നിലവിളക്ക് (the lampstand) ക്രിസ്തുവിന്റെ ആത്മാവിന്റെ സാന്നിദ്ധ്യത്തിന്‍റെ അഥവാ ആത്മപ്രകാശത്തിന്റെ (the light of the Spirit of Christ) നിഴലായിരുന്നു. പുറ. 26 : 30 ലും സമാനമായ പ്രയോഗം നമുക്ക് കാണാം. തിരുനിവാസത്തെ മറയ്ക്കുന്ന പലകകളും അവയെ പൊതിയുന്നതിനെയുംക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. പണിയുന്നത് എപ്രകാരമായിരിക്കണം എന്നതാണ് ഇവിടേയും പ്രതിപാദ്യമായിരിക്കുന്നത്.
സഭയെക്കുറിച്ച് പറയുമ്പോഴും എന്തടിസ്ഥാനത്തിന്മേല്‍, എങ്ങനെ പണിയപ്പെട്ടു, എപ്രകാരം നിലനില്‍ക്കുന്നു എന്ന രീതിയിലാണ് അപ്പോസ്തലനായ പൗലോസ് വ്യക്തമാക്കുന്നത്. 1 കൊരി. 3: 10 -ല്‍ ഇങ്ങനെ വായിക്കുന്നു, ”…എനിക്ക് ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ള ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.” സഭ എങ്ങനെ പണിയപ്പെടണം എന്ന് അപ്പോസ്തലന്‍ ചൂണ്ടിക്കാണിക്കുന്നു. അവസാനമായി, പുറ. 27 : 8 – ല്‍ നാം കാണുന്നത്, യാഗപീഠത്തിന്‍റെ മാതൃകയെക്കുറിച്ചാണ്. (”……പര്‍വ്വതത്തില്‍ വച്ച് കാണിച്ചുതന്ന പ്രകാരം തന്നെ അത് ഉണ്ടാക്കണം.”). യാഗപീഠം ആരാധനയെ വ്യക്തമാക്കുന്നു. പുതിയനിയമത്തില്‍, കര്‍തൃമേശ അല്ലെങ്കില്‍ അപ്പം നുറുക്കല്‍ സ്ഥാപിക്കപ്പെട്ടത്, എന്നേക്കുമായി യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്തിന്റെ അനുസ്മരണത്തിനായിട്ടാണ്. നമ്മുടെ കര്‍ത്താവ് അപ്പോസ്തലന്മാര്‍ക്ക് ആദ്യമേ തിരുവത്താഴവും അതിന്‍റെ മാതൃകയും കാണിച്ചുകൊടുത്തു. കര്‍ത്താവില്‍നിന്ന് പ്രാപിച്ച് അപ്പോസ്തലനായ പൗലോസ് അത് സഭകള്‍ക്ക് എല്പ്പിച്ചുകൊടുത്തു. ( 1 കൊരി. 11 : 23 ).
ശലോമോന്റെ ദൈവാലയത്തിനും ദൈവദത്തമായ ഒരു മാതൃക
അവകാശപ്പെടാനുണ്ട്. ദാവിദ് ശലോമോനോടു പറയുന്നത്, ” ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്‍റെ കൈകൊണ്ട് എഴുതിയ രേഖ മൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നാണ്. (1ദിന. 28 : 19 ). ദൈവത്തിന്റെ പദ്ധതിപ്രകാരം തന്നെയാണ് ശലോമോന്‍ ദൈവത്തിനു ആലയം പണിതത്. സഭായുഗമായ ഈ കാലഘട്ടത്തില്‍ ദൈവത്തിന്‍റെ ആലയമായിരിക്കുന്നത് പ്രാദേശിക സഭകളാണ് (Local Assemblies ). സഭയെന്നതു ജീവിക്കുന്ന ദൈവത്തിന്റെ മന്ദിരമാണ്. പുതിയനിയമ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് സഭയ്ക്ക് ഒരു മാതൃകയേയുള്ളു. അത് പുതിയനിയമ പ്രകാരമുള്ള മാതൃകയാണ്. അപ്പോസ്തലന്‍മാരാല്‍ സ്ഥാപിക്കപ്പെട്ട മാതൃകയാണ്. പുതിയനിയമ സത്യങ്ങളില്‍നിന്നും മാതൃകകളില്‍നിന്നും തെറ്റിപ്പോയപ്പോള്‍ അപ്പോസ്തലനായ പൗലോസ് സഭകളെ ശാസിക്കുന്നതും തിരുത്തുന്നതും തന്‍റെ ലേഖനങ്ങളിലുടനീളം നമുക്ക് കാണുവാന്‍ കഴിയും. കര്‍ത്താവ് വെളിപ്പാട് പുസ്തക ത്തിലെ സഭകളോടുള്ള ബന്ധത്തിലും അങ്ങനെ തന്നെയാണല്ലോ ചെയ്തത് (വെളിപ്പാട്. 2, 3 ). ആയതിനാല്‍, ഏതു മാതൃകയാണ് നാം പിന്തുടരുന്നത് എന്ന് ശോധന ചെയ്യേണ്ട കാര്യമാണ്. സത്യോപദേശവും പുതിയനിയമമാതൃകയും ഏതാണെന്നും എന്താണെന്നും ദൈവജനം മനസ്സിലാക്കുകയും അത് അംഗീകരിച്ചും അനുസരിച്ചും ക്രിസ്തീയജീവിതം നയിക്കാന്‍ ഓരോരുത്തര്‍ക്കും ഇടയാകണം.
പുതിയനിയമസഭയ്ക്ക്, സഭാരീതികള്‍ക്ക് ദൈവവചനം അനുശാസിക്കും വിധമുള്ള ഒരു മാതൃകയുണ്ട് എന്ന് തിരുവചനം വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുമ്പോഴും, അത് മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ മനസില്ലാത്ത വിശ്വാസികള്‍ ഉണ്ട് എന്നത് ദു:ഖകരമായ വസ്തുതയാണ്. ശലോമോന്റെ ദൈവാലയത്തിലെ ചില ‘നല്ലതു‘കളെ ഇന്ന് സഭകളിലും ആകാം എന്ന് ഇക്കൂട്ടര്‍ ശഠിക്കുന്നു. എന്ത് വചനാടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത് എന്നറിയില്ല. ശലോമോനെക്കാള്‍ വലിയവനായ, മോശേയെക്കാള്‍ വലിയവനായ, ദൈവാലയത്തെക്കാള്‍ വലിയവനായ കര്‍ത്താവായ യേശുക്രിസ്തുതന്നെ കാണിച്ചുതന്ന മാതൃകക്കും രീതികള്‍ക്കുമപ്പുറമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എങ്ങനെ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് കഴിയുന്നു? കര്‍ത്താവില്‍നിന്ന് പ്രാപിച്ച് അപ്പോസ്തലന്മാര്‍ എല്പ്പിച്ചുതന്ന മാതൃക അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നതല്ലേ ഏറ്റവും യോഗ്യമായിട്ടുള്ളത്?
മുന്‍പ് സൂചിപ്പിച്ചത്പോലെ, ശലോമോന്‍ പണിത ദൈവാലയവും അതിലെ ക്രമീകരണങ്ങളുമെല്ലാം വലിയവനായ ദൈവത്തിന്റെ ആലോചനയും പദ്ധതിയും അനുസരിച്ചായിരിക്കുമ്പോള്‍, എങ്ങനെയാണ് അവിടത്തെ ക്രമീകരണങ്ങള്‍ ചിലത് നല്ലതും ചിലത് തെറ്റാണെന്നും പറയുവാന്‍ കഴിയുന്നത്? വലിയവനായ ദൈവത്തിന്റെ പദ്ധതിയില്‍ തെറ്റുപറ്റി എന്ന് ചിന്തിക്കണമോ? സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമുണ്ടെന്നു വിശ്വസിക്കുന്ന ഒരാള്‍ക്കും അങ്ങനെ ചിന്തിക്കുവാനെക്കൂടി കഴിയില്ല. ബൈബിള്‍ തെറ്റാണ്, ബൈബിളിലെ ദൈവം സത്യമല്ല, കര്‍ത്താവായ യേശുക്രിസ്തു സാക്ഷാല്‍ ദൈവമല്ല എന്നൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാത്താന്യശക്തികളോ അല്ലെങ്കില്‍ ദൈവമേയില്ല എന്ന് പറയുന്ന യുക്തിവാദികളോ ഒക്കെ സംസാരിക്കുന്നതുപോലെയാണ് ഇക്കൂട്ടര്‍ സംസാരിക്കുന്നത്. സമാഗമനകൂടാരത്തിലും ദൈവാലയത്തിലും ഉണ്ടായിരുന്ന സകല കാര്യങ്ങളും ഇന്ന് സഭകളിലും വേണം എന്ന് ആഗ്രഹിക്കുന്നവര്‍ കര്‍ത്താവിന്നെയും കര്‍ത്താവ് കാട്ടിത്തന്ന മാതൃകയേയും തള്ളിപ്പറയുന്നവരാണ്. ‘ചിലതൊക്കെ ആവാം’ എന്ന് പറയുന്നവരുടെ താല്പര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
രംഗം കൊഴുപ്പിക്കാന്‍ പാട്ടും നൃത്തവും അലങ്കാരങ്ങളുമൊക്കെ ഉപകരിക്കും. ‘ജീവനില്ലാത്ത ആരാധന’ എന്ന ‘പേരുദോഷവും’ മാറ്റിയെടുക്കാം. ഇതൊക്കെയല്ലേ വാസ്തവത്തില്‍ ചിന്താഗതികള്‍? കര്‍ത്താവില്‍ നിന്ന് പ്രാപിച്ച് അപ്പോസ്തലന്മാര്‍ പ്രാവര്‍ത്തികമാക്കുകയും ദൈവമക്കള്‍ക്ക് ഏല്പ്പിച്ചുതന്നതുമായ സഭാസത്യങ്ങളില്‍ അപ്പോസ്തലന്മാര്‍ക്ക് തെറ്റിയോ എന്നാണോ ഇവര്‍ പറയുന്നത്? അപ്പോസ്തലന്മാര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ ദൈവവചനത്തിനു തെറ്റുണ്ട് എന്ന് പറയേണ്ടി വരും. പ്രിയപ്പെട്ടവരേ, എത്രയോ ദു:ഖകരമായ രീതിയിലുള്ള, വചനയോഗ്യമല്ലാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന ധാരാളം വിശ്വാസികളും വിശ്വാസ സമൂഹങ്ങളും നമുക്ക് ചുറ്റുമുണ്ട്.
വേര്‍പെട്ട ദൈവജനമേ, കര്‍ത്താവിനോടും കര്‍ത്താവ് കാണിച്ചുതന്ന, അപ്പോസ്തലന്മാര്‍ എല്പ്പിച്ചുതന്ന, പിതാക്കന്മാരാല്‍ അനുവര്‍ത്തിക്കപ്പെട്ട, പുതിയനിയമസത്യങ്ങളോടും മാതൃകയോടും ഉപദേശങ്ങളോടും നൂറു ശതമാനവും വിശ്വസ്തത പുലര്‍ത്തുന്നവരാണ് വേര്‍പാടുകാര്‍ / ബ്രദരന്‍കാര്‍ എന്നതില്‍ നമുക്കഭിമാനിക്കാം. നമ്മുടെ സ്ഥലം സഭകള്‍ ആ ധാരയില്‍ തന്നെ നില്‍ക്കുന്നു എന്നതോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ മാതൃകയല്ലാത്ത ചിലതൊക്കെ നമുക്കും ആകാം എന്ന ധാരണ, പുത്തന്‍ ചിന്താഗതികള്‍, ആഗ്രഹങ്ങള്‍, പഠിപ്പിക്കലുകള്‍ തുടങ്ങിയവയൊക്കെ സ്ഥലംസഭകളിലേക്കു കടന്നുവരുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ മുളയിലേ അതിന്‍റെ നാമ്പ് നുള്ളിക്കളയുവാന്‍ നമുക്ക്, സ്ഥലംസഭകള്‍ക്ക് സാധിക്കണം. ദൈവവചനത്തെ മുറുകെപ്പിടിച്ച്, നിര്‍മ്മലമായ സത്യഉപദേശങ്ങളെ പരിപാലിച്ച് വിജയകരമായ സഭാജീവിതം നയിക്കാന്‍ നമുക്കൊരോരുത്തര്‍ക്കും ഇടയാകട്ടെ.
