യഹോവയുടെ ബലത്താല്‍ വളരെ നന്നായി ആരംഭിച്ച ഒരു വ്യക്തിയാണ് പഴയനിയമത്തില്‍ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്ന പരാക്രമശാലിയായ ഗിദെയോന്‍ . ദൈവത്തെയും ദൈവത്തിന്‍റെ അരുളപ്പാടുകളെയും അനുസരിക്കുന്നതില്‍ ഗിദെയോന്‍ വളരെ ശ്രദ്ധാലുവായിരുന്നു. ദൈവീകോദ്ദേശ്യം തന്‍റെ ജീവിതത്തില്‍ക്കൂടി നിറവേറ്റപ്പെടുവാന്‍ താന്‍ സന്നദ്ധനായിരുന്നു. ഒരിക്കല്‍ ഗിദെയോന്‍റെ നേതൃത്വത്തില്‍ യിസ്രായേല്യര്‍ മിദ്യാന്യരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. യുദ്ധത്തില്‍ നേടിയ വിജയത്തില്‍ ആഹ്ലാദിച്ചുകൊണ്ട്, ജാതികളായ മിദ്യാന്യരില്‍നിന്നും കൊള്ളമുതലായി കിട്ടിയ പൊന്‍കടുക്കനും (Golden Earrings ) മറ്റും ഉപയോഗിച്ച് ഗിദെയോന്‍ പൊന്നുകൊണ്ടുള്ള ഒരു ഏഫോദ് ഉണ്ടാക്കി. (ന്യായാധിപന്മാര്‍ 8. 24 – 27). എന്നിട്ട് താന്‍ ഉണ്ടാക്കിയ ഏഫോദ്, ഗിദെയോന്‍ പട്ടണത്തില്‍ പ്രതിഷ്ടിച്ചു.
ഏഫോദ് എന്നത് ദൈവാലയത്തില്‍ മഹാപുരോഹിതന് മാത്രം ധരിക്കുന്നതിനു വേണ്ടിയുള്ളതാണ്.
പക്ഷെ ഗിദെയോന്‍ അതു മറന്നു. ദൈവീക പ്രമാണങ്ങളുടെ ലംഘനമായി അത് മാറി. ദൈവം സ്ഥാപിച്ച മാതൃകയ്ക്ക് വിരുദ്ധമായിട്ടുള്ള ഒരു കാര്യമാണ് ഗിദെയോന്‍ ചെയ്തത്. ഗിദെയോന്‍റെ ജീവിതത്തിലെ ദോഷകരമായ ഒരു പ്രവൃത്തിയായി അത് തീര്‍ന്നു. ന്യായ. 8 : 27 – ല്‍ നാം വായിക്കുന്നത്, ”….അത് ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായി തീര്‍ന്നു.” എന്നാണ്. മാത്രമല്ല, ഗിദെയോന്‍ ചെയ്തതിന്റെ പരിണിതഫലമായി, യിസ്രായേലെല്ലാം പ്രതിഷ്ഠകളിലേക്ക് തിരിയുകയും ചെയ്തു.
പ്രിയ ദൈവജനമേ, ഗിദെയോന്‍റെ ജീവിതത്തിലെ ഈ കറുത്ത പാട് നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ദൈവം തന്‍റെ വചനത്തില്‍ എഴുതിയിരിക്കുന്ന കല്‍പ്പനകളും ഉപദേശങ്ങളും വചനത്തില്‍ കാണിച്ചു തന്നിരിക്കുന്ന മാതൃകകളൊന്നും പോരാ എന്ന് തോന്നീട്ട് നാമായിട്ട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും തിരുവചന ഉപദേശങ്ങളോ കല്‍പ്പനകളോ നമ്മുടെ പ്രായോഗികജീവിതത്തില്‍നിന്നും എടുത്തുമാറ്റുകയോ ചെയ്യുന്നത്, അനുഗ്രഹങ്ങള്‍ക്ക് പകരം, ആത്മീയ ജീവിതത്തില്‍ വലിയ നാശത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുവാനാണ് മുഖാന്തരമായി തീരുന്നത്.
ഒരു സ്ഥലം സഭയോടുള്ള ബന്ധത്തിലും ഈ സത്യം വളരെ പരമാര്‍ത്ഥമാണ് . ഉപദേശങ്ങളിലും പ്രമാണങ്ങളിലും വെള്ളം ചേര്‍ത്ത് മുന്നോട്ടുപോകുന്നത് ആത്മീയമായ ദുരന്തത്തിലേക്കാണ് എന്നത് സഭകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. വചനപ്രകാരമുള്ള വിശുദ്ധിയും വേര്‍പാടും പാലിക്കുവാന്‍ ഓരോ സഭകളും ബാദ്ധ്യസ്ഥരാണ്.
‘വേര്‍പാടുകാര്‍’ എന്ന പേരില്‍ നാം അഭിമാനിക്കുന്നതോടൊപ്പം, വേര്‍പാട് ഉപദേശങ്ങള്‍ പറയുന്നതിലും എഴുതുന്നതിലും നാം ശ്രമിക്കുകയും ചെയ്യുന്നു. പുതിയനിയമ മാതൃക പ്രകാരമുള്ള സഭാജീവിതം, ആഭരണധാരണം തുടങ്ങിയ ‘പഴഞ്ചന്‍’ പ്രയോഗങ്ങളെക്കുറിച്ച് ഇപ്പോഴും എപ്പോഴും എഴുതുന്നത്, അവ വേര്‍പാട് ഉപദേശത്തിന്റെ നെടുംതൂണുകളായതുകൊണ്ടാണ്. വേര്‍പാടുകാരായ നമുക്കുമാത്രമേ ഇത്തരം വിഷയങ്ങളില്‍ തിരുവചനത്തിന്‍റെ ആധികാരികതയോടെ സംസാരിക്കുവാന്‍ യോഗ്യതയുള്ളൂ. ഞങ്ങള്‍ ഈ പറയുന്ന ‘വേര്‍പാട് ഉപദേശങ്ങള്‍’, വേര്‍പാടുകാരല്ലാത്തവര്‍ക്കും ‘വേര്‍പാട്’ പാലിക്കാത്ത ‘ബ്രെദറണ്‍ മതക്കാര്‍ക്കും’ ഒക്കെ ഉപയോഗശൂന്യവും (useless) സമയം കൊല്ലിയും ഒക്കെയായി തോന്നുന്നത്, രക്ഷിക്കപ്പെട്ടു സഭയിലാണ് എന്നഭിമാനിക്കുകയും എന്നാല്‍ അവിശ്വാസികളില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലാത്ത (വേര്‍പാടിന്റെ അനുഭവം ഇല്ലാത്ത) സഭാജീവിതം തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. പൊന്‍കടുക്കനുകള്‍ (Golden Earrings) ഗിദെയോന് ലഭിച്ചത് യിശ്മായേല്യരില്‍ നിന്നാണ്. യിശ്മായേല്യരായിരുന്നു കാതു തുളച്ച് കടുക്കന്‍ ഇട്ടിരുന്നത്. ”….അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ട് അവര്‍ക്കു പൊന്‍ കടുക്കന്‍ ഉണ്ടായിരുന്നു.”( ”…. For they had golden earrings, because they were Ishmaelites) ന്യായ. 8: 24. യിശ്മായേല്യര്‍ എന്നത് ദൈവത്തിന്റെ ജനമല്ല. വാഗ്ദത്തസന്തതി യിസ്ഹാക്കായിരുന്നു. യിശ്മായേല്‍ ജാരസന്തതിയാണ്. വാഗ്ദത്ത ജനത്തിന്‍റെ അതായത്, യിസ്രായേലിന്റെ നടുവില്‍ കാതു കുത്തിത്തുളച്ചു കടുക്കനിടുന്ന പതിവില്ലായിരുന്നു. സത്യം ഇതായിരിക്കെ, ദൈവജനം എന്നഭിമാനിക്കുന്ന വിശ്വാസികളും വിശ്വാസസമൂഹങ്ങളും എന്തുകൊണ്ടാണ് യാതൊരു ഉളുപ്പുമില്ലാതെ കാതു കുത്തിത്തുളച്ചു ‘കമ്മല്‍‘ അണിഞ്ഞ് നടക്കുന്നത്? കാതില്‍ കടുക്കനിട്ടു നടക്കുന്നവരുടെ പാരമ്പര്യം എന്താണെന്ന് വിശുദ്ധ ബൈബിളില്‍ നാം വളരെ വ്യക്തമായി കണ്ടു. പ്രിയ വിശ്വാസിയെ, യഹോവ ദൈവമായിരിക്കുന്ന വിശുദ്ധജനമാണ് നാം എന്ന് പാടാറുണ്ട്. എന്നാല്‍ വിശുദ്ധനായ ദൈവത്തിന്‍റെ ഹിതത്തിനപ്പുറമായി, അന്യജാതികളുടെ രീതികളെ, വ്യക്തിപരമായും സഭയായുമുള്ള നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ നാം പിന്തുടരുന്നുണ്ടോയെന്ന് ചിന്തിക്കുക.
ഗിദെയോന്‍റെ പ്രവൃത്തി, യിസ്രായേലെല്ലാം പരസംഗത്തിലേക്ക് തിരിയുന്നതിന് കാരണമായി ഭവിച്ചു. സഭയിലെ ഇടയന്മാര്‍, ദൈവവചന ഉപദേഷ്ടാക്കന്മാര്‍, ആത്മീയ രംഗത്തെ വിവിധ ശുശ്രുഷക്കാര്‍, ഇവരൊക്കെ തങ്ങളുടെ പ്രവര്‍ത്തികളില്‍ തങ്ങളെത്തന്നെ സൂക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്. ദൈവജനത്തിന്റെ ആത്മീയ നന്മക്കായി അദ്ധ്വാനിക്കുന്ന ഈ പ്രിയപ്പെട്ടവരെല്ലാം ദൈവവചന പ്രമാണങ്ങളോട് പൂര്‍ണ്ണമായ വിശ്വസ്തത കാത്തുസൂക്ഷിക്കണം. വളരെ ലാഘവത്തോടെ കാണുന്ന ഒരു ചെറിയ തെറ്റു പോലും വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നത് എന്നത് ഗിദെയോന്‍റെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു.
സ്ഥലംസഭയിലേക്കും സഭയുടെ ക്രമീകരണങ്ങളിലേക്കും പുതിയതായി കൊണ്ടുവരുന്നതെല്ലാം (തിരുവചനത്തില്‍ എഴുതിയിരിക്കുന്നതിനപ്പുറമായിട്ടുള്ളത് ) സഭയുടെ ആത്മീയ അനുഗ്രഹങ്ങള്‍ക്ക് വിഘാതമായി തീരും. മാറുന്ന ചുറ്റുപാടില്‍ സഭയുടെ പേര്, വിശ്വാസികളുടെ വസ്ത്രധാരണം, കൂടിവരവുകളിലെ വിശ്വാസികളുടെ പങ്കാളിത്തം, വേര്‍പാട് ഉപദേശങ്ങളോടുള്ള മനോഭാവം, ആഭരണധാരണം, വിവാഹമോചനം തുടങ്ങിയ ഓരോ മേഖലകളിലും അപ്പോസ്തലീക മാതൃകയില്‍നിന്നും വ്യത്യസ്തമായി, പിതാക്കന്മാര്‍ പിന്തുടര്‍ന്നുപോന്ന വചനാധിഷ്ടിതമായ രീതികള്‍ക്കപ്പുറമായി, സ്ഥലം സഭകള്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ആത്മീയമായ അധ :പതനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.











