സംഭരണശാല

മൂടുപടം (Head Covering) – നീട്ടിയ മുടിയും, മൂടിയ തലയും….

‘സഭായോഗങ്ങളില്‍ സഹോദരിമാര്‍ തല മൂടണമോ?’ എന്ന വിഷയത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ ഈ നാളുകളില്‍ നടക്കുന്നുണ്ട്. സഭ ക്രിസ്തുവിനും സ്ത്രീ പുരുഷനും കീഴടങ്ങിയിരിക്കുന്നതിനെ കാണിക്കാന്‍ തന്നിരിക്കുന്ന രണ്ടു അടയാളങ്ങള്‍ ആണ് നീട്ടിയ മുടിയും, മൂടിയ തലയും. ഇത് അധീനതയുടെ പ്രത്യക്ഷ ലക്ഷണമാണ്.

“നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? (1 കൊരിന്ത്യര്‍ 11:13) “മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതു പോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ.  കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.” (1കൊരിന്ത്യര്‍ 11:5-6) ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.(1കൊരിന്ത്യര്‍ 11:10).

സഭ ക്രിസ്തുവില്‍ കീഴടങ്ങുന്നതിനെ ചിത്രീകരിക്കുന്നതിനുള്ള പദവിയാണ്‌ സഹോദരിമാര്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയാല്‍ മാന്യമായ മൂടുപടം (Head Covering) സന്തോഷത്തോടെ ധരിക്കാന്‍ അവര്‍ക്ക് സാധിക്കും.

വിശ്വാസ സത്യങ്ങളോടുള്ള ബന്ധത്തില്‍ ‘അറിവില്ലാത്തവര്‍’ എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള ‘വിശ്വാസികളെ’ കാണുവാന്‍ കഴിയും.

1. അനുസരണമുള്ളവര്‍ – സത്യം പഠിക്കുവാനും മനസിലാക്കുവാനും അതിനനുസരിച്ച് ജീവിതം ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തുവാനും മനസൊരുക്കമുള്ളവര്‍ (teachable)

2. അവഗണിക്കുന്നവര്‍ – ദൈവ വചനം എന്ത് പഠിപ്പിക്കുന്നു എന്നറിഞ്ഞിട്ടും അതിനെ ഗൌനിക്കാത്തവര്‍ (Neglect)

3. മറുതലിക്കുന്നവര്‍ – ദൈവവചന പഠിപ്പിക്കലുകള്‍ വിശ്വസിക്കാത്തവര്‍, അറിഞ്ഞാല്‍ തന്നെയും അനുസരിക്കാത്തവര്‍ (rebellious).

ആത്മീയസത്യങ്ങള്‍ പഠിച്ച് അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

1 കൊരിന്ത്യര്‍ 11:1-6 വരെയുള്ള ഭാഗങ്ങള്‍., “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.”

ഈ പറയുന്ന ഭാഗത്ത്‌ മൂടുപടം ഇടണമെന്നാണോ, അതോ മുടി തന്നെയും മൂടുപടം ആയിരിക്കുന്നു എന്നാണോ പറയുന്നത്?

സഹോദരിമാര്‍ സഭായോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ യോഗ്യമായ തരത്തിലുള്ള വസ്ത്രമാണ് സ്വീകരിക്കേണ്ടതെന്നു അപ്പോസ്തലനായ പൗലോസ്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗ, ജാതി, പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ വിശ്വാസികളും ക്രിസ്തുവില്‍ ഒന്നാണെന്ന് അപ്പോസ്തലന്‍ പഠിപ്പിച്ചിരുന്നു. “അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യര്‍ 3:28) യേശു ക്രിസ്തുവിലുള്ള സ്വാതന്ത്യം സ്ത്രീ പുരുഷ സമത്വത്തിന്റെ അടിസ്ഥാനമായി വ്യാഖ്യാനിച്ചുകൊണ്ട് പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും സഭായോഗങ്ങളില്‍ പങ്കെടുത്തിരുന്ന ഒരു സാഹചര്യത്തിലാണ് താന്‍ ഇത് പറയുവാന്‍ കാരണമായി തീര്‍ന്നത്. ഈ സാഹചര്യം പൗലോസ്‌ അപ്പോസ്തലന്റെ ഉപദേശത്തിനും, കൊരിന്ത് സഭയോടുള്ള ശാസനത്തിനും വഴിയൊരുക്കി. ഇന്ന് സ്ത്രീ പുരുഷ സമത്വം ഒരളവില്‍ (വസ്ത്രധാരണം, സഭയില്‍ സ്ത്രീ മൌനമല്ലാത്ത സന്ദര്‍ഭങ്ങള്‍ ) കാണുന്നതോടൊപ്പം ‘യഹൂദനും യവനനും ദാസനും സ്വതന്ത്രനും’ (ജോലി, പഠനം, പണം, കുടുംബം തുടങ്ങിയ മേഖലകളില്‍ ) എന്ന രീതിയിലുള്ള തരം തിരിവുകള്‍) ചുരുക്കം ചില വേര്‍പെട്ട സഭകളില്‍ പ്രകടമാണ്. മൂടുപടം എന്ന ഉപദേശ സത്യത്തിന്റെ ചില ചിന്തകള്‍  ഇവിടെ കുറിക്കട്ടെ.

യേശുക്രിസ്തുവിന്‍റെ സുവിശേഷം നിമിത്തം സമൂഹത്തില്‍ ആത്മീകവും, സാമൂഹീകവുമായ ഉന്നത പദവി സ്ത്രീയ്ക്ക് ലഭിച്ചു. തന്മൂലം കൊരിന്ത്യ സ്ത്രീകളില്‍ ചിലര്‍ എല്ലാറ്റിലും തങ്ങള്‍ പുരുഷന്മാരോട് തുല്യരാണ് എന്ന് ചിന്തിച്ചുപോയി. എന്നാല്‍ എവിടെയും സഭായോഗത്തില്‍ സ്ത്രീകള്‍ അനുവര്‍ത്തിക്കേണ്ട പ്രമാണം ഇവിടെ അപ്പോസ്തലന്‍ സ്ഥാപിക്കുന്നു.

മൂടുപടം എന്ന വാക്കിന്റെ അര്‍ത്ഥം എന്ത് ?

പൌലോസിന്റെ കാലത്തു സ്ത്രീകള്‍ മൂടുപടം അണിഞ്ഞിരുന്നു. ഈ ഭാഗത്ത്‌ പറയുന്ന മൂടുപടം തലമുടിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ പറയാറുണ്ട്. ഈ ഭാഗത്തെ നാലാം വാക്യം നോക്കാം. “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു”. മൂടുപടം എന്നത് മുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ തലയില്‍ മുടിയുമായി പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന എല്ലാ പുരുഷന്മാരും തന്‍റെ തലയായ ക്രിസ്തുവിനെ അപമാനിക്കുകയാണ്. അതുകൊണ്ട് കഷണ്ടിക്കാരനോ, മൊട്ടത്തലയനോ മാത്രമേ പ്രസംഗിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ കഴികയുള്ളൂ എന്നുവരും. ഈ ഭാഗത്ത്‌ പറയുന്ന മൂടുപടം സൗകര്യം പോലെ ഇടുകയോ എടുക്കകയോ ചെയ്യുന്ന ഒന്നായിട്ടാണ് പറഞ്ഞിരിക്കുന്നത്. മൂടുപടം എന്നത് തലമുടിയെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അവനു ഇടുവാനും എടുക്കുവാനും കഴിയുന്ന തരത്തിലുള്ള കൃത്രിമകേശം ആവശ്യമായിരുന്നു.

എന്നാല്‍ 1 കൊരിന്ത്യര്‍ 11:15 – ല്‍  ”സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?” എന്ന് വായിക്കുന്നുണ്ട്. മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ട് എന്ന പ്രയോഗം എന്തെന്ന് ചോദിച്ചേക്കാം. തുടര്‍ന്ന് പ്രകൃതി നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഇവിടെ പ്രകൃതി പഠിപ്പിക്കുന്ന പ്രധാന സംഗതി സ്ത്രീ മൂടുപടം ഇടണം അഥവാ തല മൂടണം എന്നതാണ്. സ്ത്രീയുടെ സമ്മതം കൂടാതെ തന്നെ പ്രകൃതി നീണ്ട മുടികൊണ്ട്‌ അവളെ മാതൃകയാക്കുമ്പോള്‍ അവള്‍ സ്വമനസാലെ പ്രാവര്‍ത്തീകമാക്കിക്കൊണ്ട് തലമൂടണം. അതാണ് ഒരു സ്ത്രീയെ സംബന്ധിച്ച ദൈവഹിതം.

മാന്യമായ മൂടുപടം (Head Covering) ധരിക്കുന്നതിനു പകരം, തല മൂടാതെ സഭായോഗത്തിന് വരുന്നവരും, വളരെ ലോലമായ നെറ്റുകള്‍ ഒക്കെ ഉപയോഗിച്ച് ‘കേശാലങ്കാര പ്രദര്‍ശനത്തിനു’ വരുന്നവരും നമ്മുടെ ഇടയില്‍ കൂടിവരുന്നു. സ്ഥലം സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവാഹ വേദികളില്‍ ‘മണവാട്ടി’ ഉപയോഗിക്കുന്ന മൂടുപടം (Head Covering) ദൈവ വചനത്തിന്റെയും മാന്യതയുടെയും എല്ലാ അതിര്‍ വരമ്പുകളും കടന്നു പോകുന്നു… സഭാകൂടിവരവുകളില്‍ സഭയുടെ കാന്തനായ കര്‍ത്താവ് മാത്രമായിരിക്കട്ടെ ഉയര്‍ന്നിരിക്കുന്നത്….വചനസത്യങ്ങളോട് ഏറ്റവും വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ കഴിയട്ടെ…

ഈ വിഷയത്തില്‍ കൂടുതല്‍ അറിവുകള്‍ മൂടുപടം (Head Covering) എന്ന തലക്കെട്ടില്‍ സഭാസത്യത്തില്‍ ഞങ്ങള്‍ എഴുതുന്നതാണ്.

ഒരു സഹോദരി, സഭയുടെ ആരാധനയില്‍ എങ്ങനെയാണ് സംഭാവന നല്കുന്നത്? ആരാധനയില്‍ പങ്കു വഹിക്കുന്നത്? സ്വര്‍ഗം മാത്രം അറിയുന്ന നിശബ്ദ ആരാധന അഥവാ മൌനാരാധന എങ്ങനെ?

അപ്പൊസ്തലനായ പത്രോസ്  വിശ്വാസികളോട് പറയുന്നു  ”കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1പത്രോസ് 1:23). അതനുസരിച്ച് എന്നും നിലനില്ക്കുന്ന വചനത്താലാണ് നാം വീണ്ടും ജനിച്ചിരിക്കുന്നത്. സകല തിന്മകളെയും പരമാവധി ഒഴിവാക്കി ആത്മാര്‍ത്ഥ തയോടെ വചനം എന്ന മായമില്ലാത്ത പാല്‍ കുടിക്കുമ്പോഴാണ് നാം ആത്മീയമായി വളരുന്നത്‌ എന്നും ദൈവവചനം വ്യക്തമാക്കുന്നു (1 പത്രോസ് 2:1-2). അങ്ങനെയുള്ളവരാണ് ആത്മീക കല്ലുകള്‍ ആയി മാറുന്നത് “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു” (1 പത്രോസ് 2:5). ഇവിടുത്തെ ക്രമം ശ്രദ്ധിക്കുക ആത്മീയ ജീവന്‍, ആത്മീയ വളര്‍ച്ച, ആത്മീയ ഭവനം, ആത്മീയയാഗം എന്ന ക്രമമാണ്‌ കാണുന്നത്.

അതിനാല്‍ ആത്മീയ ജീവന്‍ ലഭിച്ചാല്‍ (യോഹന്നാന്‍ 1:12-13) നാം ആത്മീയ പൌരോഹിത്യത്തിന്റെയും ആത്മീയ യാഗത്തിന്റെയും ഭാഗമായി മാറുന്നു. പുരുഷനായാലും സ്ത്രീയായാലും ഓരോ വിശ്വാസിയും പുരോഹിതന്മാരാണ്. ആടിനെയും കുറുപ്രാവിനെയും ബാഹ്യമായി യാഗമര്‍പ്പിക്കുന്നതിനു പകരമായി, ഇന്ന്, നാം ഒരുക്കി കൊണ്ട് പോകുന്ന നന്ദിയുടെയും സ്തുതിയുടെയും സ്തോത്രത്തിന്റെയും ആയ ആത്മീയ യാഗമാണ്‌ അര്‍പ്പിക്കുന്നത്. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവില്‍ നിന്നാണ് (യോഹന്നാന്‍ 4:23-24). ദൈവാത്മാവാണ്‌ നമ്മെ ആരാധിക്കാന്‍ സഹായിക്കുന്നത്. നാം സഭയായി ആരാധന അര്‍പ്പിക്കുമ്പോള്‍ ആരാധനയെ കേവലം കേള്‍ക്കുന്നത് (audible) മാത്രമായി പരിമിതപ്പെടുത്തരുത്. “അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം” (എബ്രായര്‍ 13:15) മാത്രമായി നാം ചിന്തിക്കരുത്. ഉച്ചരിക്കുന്ന വാക്കുകള്‍ വെളിപ്പെടുത്തുന്നത് അകത്തെ ചിന്തയെയാണ്. നമ്മുടെ മനസ്സ് ചിന്തിക്കുന്നതും, അറിയുന്നതും, മനസ്സിലാക്കുന്നതുമെല്ലാം നമ്മിലുള്ള മനുഷ്യാത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല” (1കോരി 2:11). നമ്മില്‍ വസിക്കുന്ന ദൈവാത്മാവ്, വീണ്ടെടുപ്പുകാരനായ കര്‍ത്താവിനെക്കുറിച്ചുള്ള ചിന്ത കൊണ്ട് നമ്മുടെ മനസ്സ് നിറക്കുമ്പോള്‍ അത് ആത്മീയ യാഗമായി മാറുന്നു.  സഭയായി ആരാധനക്കായി കൂടിവരുമ്പോള്‍ സ്തോത്രം ചെയ്യുന്നത് മാത്രമല്ല പുത്രനെക്കുറിച്ചുള്ള ദൈവിക ചിന്തകള്‍ കൊണ്ട് അന്തരംഗം നിറയുന്നതും ആരാധനയായി കരേറ്റപ്പെടുന്നു.

ഓരോ വിശ്വാസിയും ആരാധനക്കായി കടന്നുവരുന്നത്‌ തങ്ങളുടെ രക്ഷാനായകനും  വീണ്ടെടുപ്പുകാരനുമായ കര്‍ത്താവിനെ മാത്രം ഓര്‍ത്തും ധ്യാനിച്ചും കൊണ്ടുമായിരിക്കണം. താന്‍ ഒരുക്കിക്കൊണ്ട് വന്ന ആത്മീയയാഗം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അതിന്‍റെ സൌരഭ്യഗന്ധം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയാണ് ആരാധനയില്‍ സംഭവിക്കുന്നത്. ആത്മീയ യാഗാര്‍പ്പണത്തിന്റെ ഉള്ളടക്കവും അത് ഉല്പാദിപ്പിക്കപ്പെടുന്നതും ദൈവവചനത്തിന്റെ വായനയില്‍നിന്നും ധ്യാനത്തില്‍നിന്നുമാണ്.

ഒരു സഹോദരന്‍ ഉച്ചത്തില്‍ സ്തോത്രം ചെയ്യുമ്പോള്‍ മറ്റ് വിശ്വാസികള്‍ കേള്‍ക്കുകയും ആന്തരികമായി പ്രതികരിക്കുകയും ചെയ്യുന്നു. സഹോദരന്മാരായാലും സഹോദരിമാരായാലും ഒന്ന് തന്നെയാണ് ഹൃദയത്തിന്‍റെ അകത്തളത്തില്‍ സംഭവിക്കുന്നത്.  സ്തോത്ര ഗീതങ്ങളും, ആരാധന ഗീതങ്ങളും പാടുമ്പോള്‍ എല്ലാവരുടെയും അന്തരംഗം ആരാധ്യനെക്കുറിച്ചുള്ള സത്യങ്ങളോട് പ്രതികരിക്കണം. ഒരുമിച്ചുള്ള ഈ ആത്മീയ യാഗം സന്നിഹിതരായിരിക്കുന്ന, വീണ്ടെടുക്കപ്പെട്ട എല്ലാ ആത്മാക്കളില്‍ നിന്നും സ്വര്‍ഗത്തിലേക്കുയരും. ഒരു സംഗീത സംവിധായകന്‍ വിവിധ ഉപകരണങ്ങളുടെ മിശ്ര ശബ്ദങ്ങളെ സമന്വയിപ്പിച്ച്, എകോപിപ്പിച്ചു മനോഹരമായ ഗാനാവിഷ്കാരം ആക്കുന്നത് പോലെ തന്നെയാണ് ദൈവാത്മാവ് വിവിധ ആത്മാക്കളെ ഒരേ ചിന്തയിലേക്ക് നയിച്ച് മഹത്വമേറിയ ആരാധനയുടെ മാധുര്യ ശബ്ദമായി മാറ്റുന്നത്. ആരാധനക്ക് യോഗ്യനായ  നമ്മുടെ രക്ഷകനായ കര്‍ത്താവ് മാത്രമാണ്‌ നമ്മുടെ ആരാധനയില്‍ വിളങ്ങുന്നത്.

മറുവശം ചിന്തിക്കുമ്പോള്‍,  ഓരോ വിശ്വാസിയും ആരാധനക്ക് ഒരുക്കിക്കൊണ്ട് വരുവാന്‍ ബാധ്യതയുണ്ട്. യിസ്രായേല്‍ ആദ്യ ഫലം യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുന്ന മനോഹര ചിത്രം പോലെ (ആവര്‍ത്തനം 26:1-11) നാം നമ്മുടെ കര്‍ത്താവിനെക്കുറിച്ചുള്ള ഏറ്റവും നല്ല ചിന്തകളെ ഒരുക്കിക്കൊണ്ട് വേണം ഞായറാഴ്ച ആരാധനയ്ക്ക് പോകാന്‍ . സ്ത്രീ പുരുഷ വ്യത്യാസം ഒരുക്കിക്കൊണ്ട് പോകുന്നതിലില്ല.

സഹോദരന്മാരും സഹോദരിമാരും കര്‍ത്താവിനെക്കുറിച്ചുള്ള ഉത്തമ ചിന്തകളാലല്ല ആരാധനയ്ക്ക് പോകുന്നതെങ്കില്‍ ആരാധനയുടെ ഉത്കൃഷ്ടതയെ (quality) അത് ബാധിക്കും. സംഗീത സംവിധായകന്‍ ആവശ്യപ്പെട്ടിട്ട് വായിക്കാതിരിക്കുന്ന സംഗീതവായനക്കാരനെപ്പോലെയാണ് ചിന്തയില്‍ പ്രതികരണമില്ലാത്ത ആരാധകന്‍ അല്ലെങ്കില്‍ ആരാധക. കര്‍ത്തൃ ചിന്തയും സ്തോത്രവും ഒരുക്കിക്കൊണ്ട് പോകാത്ത സഹോദരനായാലും സഹോദരിയായാലും അവരോടു ദൈവത്തിന്റെ ചോദ്യം,” മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.” (മലാഖി 3:8)

സഹോദരിമാര്‍ക്ക് വളരെ പ്രത്യേകമായ പദവിയാണ് ആരാധന അര്‍പ്പിക്കുന്നതില്‍ ലഭിച്ചിരിക്കുന്നത്. ഒരു സഹോദരന്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കത്തക്ക നിലയില്‍ സ്തോത്രം ചെയ്യുമ്പോള്‍, സ്തോത്രാര്‍പ്പണം നയിക്കുമ്പോള്‍ നാം മനസിലാക്കേണ്ട വസ്തുതയെന്നത്, കൂടിവന്നിരിക്കുന്ന ഓരോരുത്തരുടെയും ചിന്തകളെ പരിശുദ്ധാത്മാവ് സമന്വയിപ്പിച്ച് ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുന്ന സ്തോത്രയാഗമാണ് അത് എന്നാണ്. ഒരുക്കത്തോടെ, ഒരുക്കപ്പെട്ട ഹൃദയത്തോടെ, ഒരുക്കിക്കൊണ്ടുവന്നിരിക്കുന്ന ആരാധനാചിന്തകളോടെ നാം ദൈവസന്നിധിയില്‍ ആയിരിക്കുന്നുവെങ്കില്‍ സുഗ്രാഹ്യവും പ്രസാദകരവുമായ യാഗമായി നമ്മുടെ ചിന്തകളെ സ്തുതികളും സ്തോത്രവുമായി പരിശുദ്ധാത്മാവ് മാറ്റുന്ന അനുഗ്രഹിക്കപ്പെട്ട രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മുക്കോരോരുത്തര്‍ക്കും ഇടയായിത്തീരും. സഹോദരിമാര്‍ക്ക് മാത്രമുള്ള അവകാശമാണ് ദൈവത്തിനു മാത്രം കേള്‍ക്കാനും, ആസ്വദിക്കാനും കഴിയുന്ന ആരാധന അര്‍പ്പിക്കുവാന്‍... കഴിയുന്നു എന്നത്. പ്രിയപ്പെട്ടവരേ, എത്ര ഉന്നത സ്ഥാനമാണ്‌., പദവിയാണത്!!

പാവപ്പെട്ടവന് ഭിക്ഷ കൊടുക്കുമ്പോള്‍ കാഹളമൂതിക്കുന്നവരോട്, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല, നിങ്ങളുടെ പ്രതിഫലം കിട്ടിപ്പോയി(മത്തായി 6:1-4) എന്ന് പറഞ്ഞ നമ്മുടെ കര്‍ത്താവ്  തനിക്കുള്ളതൊക്കെയും ഭണ്ടാരത്തില്‍ ഇട്ട വിധവയെ കണ്ടു എന്ന് മാത്രമല്ല അവളെ ഏറ്റവും അഭിനന്ദിക്കുകയും ചെയ്യുന്നു. മറ്റാരും അവളെ കണ്ടില്ല, ആരും അവളെ പ്രശംസിച്ചില്ല. തിരുവചനപ്രകാരം സഭയില്‍ മിണ്ടാതിരിക്കുന്ന, മൌനമായിരിക്കുന്ന സഹോദരിമാര്‍, ഹൃദയം നിറച്ച് ആരാധന ചിന്തകളുമായി കടന്നു വരുന്ന സഹോദരിമാര്‍ പ്രശംസിക്കപ്പെടുവാന്‍ പോകുന്ന പ്രതിഫലത്തിന്‍ ദിനം വരുന്നു പ്രിയരേ, ആ ദിനം അതിവിദൂരമല്ല.

ആരാധനയെക്കുറിച്ചുള്ള ഈ ലളിത സത്യം പോലുമറിയാത്ത പണ്ഡിതന്മാരാണ് പലപ്പോഴും സഹോദരിമാര്‍ സഭയില്‍ ഉച്ചത്തില്‍  സ്തോത്രം ചെയ്യട്ടേ, പ്രാര്‍ഥിക്കട്ടെ എന്നൊക്കെ പറഞ്ഞു ദുരുപദേശം പ്രചരിപ്പിക്കുന്നത് എന്ന് നാം തിരിച്ചറിഞ്ഞു നമ്മുടെ സ്ഥലം സഭകളെ ദുരുപദേശങ്ങളുടെ സാമീപ്യത്തില്‍നിന്നും നമുക്ക്  സൂക്ഷിക്കാം. പ്രിയ  സഹോദരിമാരേ, നിങ്ങള്‍ ചെയ്യുന്നത്, നിങ്ങള്‍ ഒരുക്കിക്കൊണ്ട് വരുന്ന നിങ്ങളുടെ സ്തോത്ര വഴിപാട് ഒക്കെ കര്‍ത്താവ്‌ കാണുന്നുണ്ട്.  ഉള്‍പൂവുകളെയും  നിനവുകളെയും നന്നായി അറിയുന്ന കര്‍ത്താവ് കാണുന്നുണ്ട്. പ്രിയ സഹോദരി, ഒരു പ്രാദേശിക സഭയുടെ അംഗമായിരുന്നിട്ടുകൂടി, ഈ സത്യം വ്യക്തമായി നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടില്ല എങ്കില്‍ ഈയാഴ്ച മുതല്‍ കര്‍ത്താവിന്റെ ജനന, മരണ, അടക്ക, പുനരുത്ഥാന ചിന്തകള്‍ അടങ്ങിയ വേദഭാഗങ്ങള്‍ വായിച്ചു, ധ്യാനിച്ച്‌ ഒരുക്കത്തോടെ, ആരാധന്ക്കായി ചിലത് ഒരുക്കിക്കൊണ്ടു പോകുവാന്‍ ദൈവം സഹായിക്കട്ടെ.

സഹോദരിമാരുടെ മുടി മുറിക്കാമോ ?ബോബ് ചെയ്യുന്നത് ശരിയാണോ ?പെണ്‍കുഞ്ഞുങ്ങളുടെ തലമുടി ബോയ്സ് കട്ട്‌ ചെയ്യാമോ ?സഭാവിശ്വാസികളുടെ ഫാഷന്‍ ഹെയര്‍ കട്ടിംഗ് ബൈബിള്‍ എന്ത് പറയുന്നു ?

പ്രാരംഭമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിനു, യിസ്രയേലുമായി ഉണ്ടായിരുന്ന ബന്ധം, അബ്രഹാം ആരായിരുന്നു, ശിഷ്യന്മാര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന ബന്ധം എന്നിവ നമ്മുക്ക് ഒന്ന് പരിശോധിക്കാം. ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു“. (1യോഹന്നാന്‍ 1:3 )

ആദി മുതല്‍ ദൈവത്തിനു മനുഷ്യനെക്കുറിച്ചുള്ള ആഗ്രഹം ഇതാണ്. മനുഷ്യനോടുള്ള കൂട്ടായ്മ ദൈവം ആഗ്രഹിക്കുന്നു അതിനാലാണ് അവന്‍ ഏദന്‍ തോട്ടത്തില്‍ നടന്നത് (ഉല്പത്തി 3:8,9). ലോകത്തിനു അനുഗ്രഹം വരുന്നതിനു മുഖാന്തിരമാകാനാണ് അബ്രഹാമിനെ ദൈവം തന്‍റെ സ്നേഹിതനാക്കിയത്. ഇസ്രായേലുമായുള്ള ആദ്യകാല സ്നേഹബന്ധം ഓര്‍ത്തു ദൈവം പറയുന്നു

നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്‍, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു.” (യിരെമ്യാവ് 2:2 )

ദൈവവുമായുള്ള സ്നേഹബന്ധത്തിന്റെ ഓര്‍മ്മ പോലും അവന്‍ വിലയേറിയതായി കരുതുന്നു. അതിശയം തന്നെ!!!

സ്വന്ത ജനവും ലോകവും തള്ളിക്കളഞ്ഞപ്പോള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും 12 പേരെ തന്റെ സ്നേഹിതന്മാരായി തെരഞ്ഞെടുത്തു. ആരാണ് കര്‍ത്താവിന്റെ സ്നേഹിതന്മാര്‍ഞാന്‍ നിങ്ങളോട് കല്പിക്കുന്നത് ചെയ്‌താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നെ”. “ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചത് കൊണ്ട് നിങ്ങളെ സ്നേഹിതന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നു “. പാപം നിറഞ്ഞ, മറുതലിപ്പുള്ള ഈ ലോകത്തില്‍ അപ്പോസ്തോലന്മാരുടെ ഉപദേശം പഠിച്ചനുസരിക്കുന്ന നാം അവന്റെ സ്നേഹിതന്മാര്‍ എന്നതില്‍ ആര്കെങ്കിലും സംശയമുണ്ടോ !!!

യോഹന്നാന്‍ നമ്മെ ഓര്‍പ്പിക്കുന്നത് പോലെ ദൈവ വചനത്തിന്റെ ഉദ്ദേശ്യവും, ദൈവത്തിന്റെ നമ്മെക്കുറിച്ചുള്ള ആഗ്രഹവും പിതാവും പുത്രനുമായുള്ള കൂട്ടായ്മബന്ധം ആണ്. ദൈവപൈതലിനു ബൈബിള്‍ ഒരു നിയമ പുസ്തകമല്ല മറിച്ച്ദൈവവുമായുള്ള ആനന്ദകരമായ ബന്ധം പുലര്തുര്‍ത്തുന്നതിനുള്ള ആധികാരികമായ മാര്‍ഗരേഖയാണ്.

വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യം “ഞാന്‍ സഭയുടെ എല്ലാ ‘നിയമങ്ങളും’ പാലിക്കുന്നുണ്ടോ” ? എന്നല്ല “ദൈവവുമായുള്ള എന്‍റെ കൂട്ടായ്മ , എത്ര മാത്രം ദൃഡം ആണെന്നുള്ളതാണ്”. അങ്ങനെ സ്ഥലം സഭയുമായുള്ള ബന്ധവും, അനുസരണവും, സാക്ഷ്യ ജീവിതവും ഒക്കെ ദൈവവുമായുള്ള കൂട്ടായ്മയുടെ, സ്നേഹ ബന്ധത്തിന്‍റെ പ്രത്യക്ഷ പ്രകടനമാണ്.

ദൈവം സഹോദരിമാരുടെ തലമുടിയുമായി ബന്ധപ്പെട്ടു തന്റെ മുന്‍ഗണന സ്ത്രീ മുടി നീട്ടിയാല്‍ അത് അവള്‍ക്കു മാനം തന്നെ എന്ന് 1 കോരി 11:15 ല്‍ വെളിപ്പെടുത്തിയിരിക്കുന്നു. സൃഷ്ടിയിലെ പോലെ തന്നെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു . (1കോരി 11:7,14,15) ആത്യന്തികമായി സഹോദരിമാരുടെ നീണ്ട തലമുടി, ക്രിസ്തുവിന്റെ നായകത്വം (Headship) എന്ന മാര്മിക സത്യം വെളിപ്പെടുത്തി കര്‍ത്താവിനെ മാനിക്കുന്നതിനായി ദൈവം നല്കിയിരിക്കുന്നതാണ് (1 കോരി 11:3-6) പുത്രന്‍ മഹത്വപ്പെടുന്ന ഒരു കല്പന പ്രമാണിക്കുന്നതിന് നാം എന്തിനു വൈമുഖ്യം കാണിക്കണം. പ്രിയ സഹോദരിമാരേ…….  കര്‍ത്താവിന്റെ വാക്കുകള്‍ തന്നെ നമ്മുക്ക് ഒന്ന് ശ്രദ്ധിക്കാം “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും ;എന്റെ പിതാവ് അവനെ സ്നേഹിക്കും ;ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടു കൂടെ വാസം ചെയ്യും .”(യോഹന്നാന്‍ 14:23 ).

മുടിയുടെ നീളം എത്ര വരെ ആകാം ? അല്ലെങ്കില്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മുടി നീളം എത്രയാണ്? ദൈവത്തെ സ്നേഹിക്കുകയും ദൈവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്ന ഒരു ദൈവമകള്‍ ഒരിക്കലും ഏറ്റവും കുറഞ്ഞ നീളം തെരഞ്ഞെടുക്കില്ല എന്നുറപ്പാണ്. നമ്മുടെ രക്ഷക്കായി സകലവും തന്ന ദൈവത്തിനായി എനിക്ക് പരമാവധി നല്കാനല്ലേ ആവൂ .

ഏറ്റവും കുറഞ്ഞ നീളത്തിലൂടെ എനിക്ക്ദൈവവുമായുള്ള ഏറ്റവും കുറഞ്ഞ ബന്ധത്തെ ഈ ലോകത്തോട്‌ വിളിച്ചു പറയാനാകും. സന്തോഷത്തോടെയുള്ള, പൂര്ണ്ണ്‍ഹൃദയതോടെയുള്ള അനുസരണം കര്‍ത്താവിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത ബന്ധത്തെ പ്രകടമാക്കുന്നു. സിനിമാ താരങ്ങളെയും, ഈ ലോകത്തിലെ ഫാഷനുകളെയും അന്ധമായി അനുകരിച്ച് ഏതറ്റം വരെയും മുടി മുറിക്കാനൊരുങ്ങി നില്‍കുന്ന സഹോദരിമാര്‍ ഈ ദൈവിക ആലോചന ഒന്ന് പരിഗണിച്ചിരുന്നെങ്കില്‍!!!!!!!!!

ഇനി നിങ്ങള്‍ തന്നെ പറയൂ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം ….

 

സഹോദരിമാര്‍ സഭയില്‍ പാട്ട് പാടുന്നത് സ്ത്രീകള്‍ മൌനമായിരിക്കുക (1തിമോത്തി 2:11) എന്ന പ്രമാണത്തിന്റെ ലംഘനമല്ലേ ?

സ്ത്രീകള്‍ സഭയോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ (1 കൊരി 14:34) എന്ന് പൗലോസ്‌ കല്‍പിക്കുമ്പോള്‍ അപ്പോസ്തലന്‍ ന്യായപ്രമാണത്തെ അനുസരിക്കുകയും അതിനെ പിന്താങ്ങുകയാണ്. ‘കീഴടങ്ങിയിരിക്കുക’ എന്നത് സൂചിപ്പിക്കുന്നത് ദൈവം കല്പിച്ചക്കിയ മാതൃകയായ സമര്‍പ്പണം അഥവാ വിധേയപ്പെടലിനെയാണ് .

പുതിയ നിയമത്തില്‍ ആദ്യമായി ഈ വിഷയം അവതരിപ്പിച്ചത് നമ്മുടെ കര്‍ത്താവായിരുന്നു.(ലൂകോസ് 2:41,42,51).  കര്‍ത്താവ്‌ തന്റെ മാതാപിതാക്കന്മാര്‍ക്ക് ആക്ഷരികമായി കീഴടങ്ങിയിരുന്നു.
ഉല്പത്തി 1,2 അദ്ധ്യായങ്ങളില്‍ കാണുന്ന പുരുഷനും സ്ത്രീയും സൃഷ്ടിയില്‍ വ്യത്യസ്തരായിരുന്നു .  ദൈവം അവര്‍ക്ക് നല്‍കിയ നിയോഗങ്ങളില്‍ വ്യത്യസ്തരായിരുന്നു . ഒപ്പം അവ ന്യായ പ്രമാണത്തിന്റെ മാത്രമല്ല പഴയ നിയമത്തിന്റെ ഭാഗവും ആയിരുന്നു .(ലൂകൊസ്16:16 ,24:44 എന്നീ വേദ ഭാഗങ്ങള്‍ ഒത്തുനോക്കുക ).

1 തിമോത്തി 2:11-15 വാക്യങ്ങളില്‍ സ്ത്രീകള്‍ ‘മൌനം ആയിരിപ്പാന്‍’ പൗലോസ്‌ കല്പിക്കുന്നത് ശുശ്രൂഷകളിലെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ടാണ്.സഹോദരന്മാര്‍ക്ക് ശുശ്രൂഷകളില്‍ മുഖ്യസ്ഥാനം നല്കിയിരിക്കുമ്പോള്‍ സഹോദരിമാര്‍ ഒരിക്കലും കൃപാവരങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി സ്ഥലം സഭയെ നയിക്കാനിടയാകരുത്‌ (lead) (1 കോരി14:4,5), പ്രാര്‍ഥനയിലും(v.15)സ്തോത്രം ചെയ്യുന്നതിലും (v.16), പഠിപ്പിക്കുന്നതിലും (v.3,1 തിമോത്തി 2:12) എല്ലാം ഒരു വ്യക്തി സ്ഥലം സഭയെ നയിക്കുന്നതായി കാണാം. സഭയെ പ്രധിനിധീകരിച്ച് അല്ലെങ്കില്‍ സഭക്ക് വേണ്ടി ഒരാള്‍ ആണ് ശുശൂഷ ചെയ്യുന്നത്.

പാട്ട് പാടുമ്പോള്‍(1 കോരി14:15) ഒരു വ്യക്തി പാട്ട് ആരംഭിക്കുകയും (സഹോദരന്‍ തുടങ്ങട്ടെ!!) സഭ ഒന്നാകെ അതില്‍ പങ്കു ചേരുകയും ചെയ്യുന്നു. സഹോദരിമാര്‍ ചേര്‍ന്ന് പാടുമ്പോള്‍ നേതൃത്വം കൊടുക്കുക,നയിക്കുക(lead ) എന്നീ പ്രശ്നങ്ങള്‍ അവിടെ ഉദിക്കുന്നില്ല .  അതെ പ്രമാണം തന്നെ ആണ് ഒരു സഹോദരന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞു സഹോദരി (മാര്‍) ആമേന്‍ പറയുമ്പോള്‍ പ്രായോഗികമാകുന്നത്.