ന്യായപ്രമാണം അനുശാസിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസം (The seventh day of the week) ശബ്ബത്ത് ആചരിക്കണമെന്നതായിരുന്നു. എന്നാല്‍ ഇന്ന് വിശ്വാസികള്‍, ന്യായപ്രമാണത്തിന്‍ കീഴിലല്ല. കൃപയുടെ പ്രമാണമാണ് ഇന്ന് ദൈവജനത്തിനു ആധാരം. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിന്നായി വേര്‍തിരിക്കണമെന്നത് അപ്പോസ്തലന്മാരാല്‍ സ്ഥാപിതമായ മാതൃകയാണ്. വിശുദ്ധ തിരുവെഴുത്തില്‍ അപ്പോസ്തലന്മാരാല്‍ വിരചിതമായ വിലപ്പെട്ട ഒരു സഭാസത്യമാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവജനം സഭയായി കൂടിവരണമെന്നുള്ളത്. ശബ്ബത്തിനെ വിശുദ്ധീകരിക്കണമെന്ന് ന്യായപ്രമാണത്തില്‍ കല്പ്പിച്ചിരിക്കുന്നതുപോലെ, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ പുതിയനിയമ വിശ്വാസികള്‍ വിശുദ്ധീകരിച്ചു ആചരിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തു കല്പ്പനയൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും, ആഴ്ചവട്ടത്തിന്റെ പ്രാരംഭ ദിവസം പുതിയനിയമ സഭയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. തിരുവചനം വളരെ വ്യക്തമായി അത് മനസ്സിലാക്കി തരുന്നുണ്ട്. പ്രധാനമായും മൂന്നു നിലകളില്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു.
ഒന്നാമതായി, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഈ ദിവസത്തെ
പ്രാധാന്യമേറിയതാക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു മരണത്തെ തോല്പ്പിച്ച്, കല്ലറയെ ഭേദിച്ച് ഉയിര്‍ത്തെഴുന്നേറ്റത് ആഴ്ചയുടെ ഒന്നാം ദിവസം തന്നെയാണെന്ന് തിരുവചനത്തിലെ നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി.28:1, മര്‍ക്കോസ്.16:2, ലൂക്കോസ് 24:1, യോഹ.20:1). സകല മാനവജാതിക്കും വേണ്ടി കര്‍ത്താവ് ചെയ്ത വീണ്ടെടുപ്പിന്‍ വേലയുടെ നിവര്‍ത്തീകരണത്തിന്റെ പൂര്‍ത്തീകരണമാണ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം നടന്ന ഉയിര്‍പ്പിന്‍ സംഭവം.
രണ്ടാമതായി, പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനത്തോടുള്ള ബന്ധത്തില്‍ ഒന്നാം ദിനത്തിന്‍റെ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ കഴിയും. യഹോവ മോശെ മുഖാന്തരം യിസ്രായേല്‍മക്കള്‍ക്ക് നല്‍കിയ ന്യായപ്രമാണത്തിലൂടെ യിസ്രായേല്‍ ആചരിക്കേണ്ടതായിട്ട് നല്‍കിയ ഉത്സവങ്ങളില്‍ ഒന്നാണ് ആദ്യഫല പെരുന്നാള്‍ (Feast of First fruits ). വിളവെടുക്കുമ്പോള്‍ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവന്ന് യഹോവയ്ക്കായി സമര്‍പ്പിക്കണമെന്ന് ന്യായപ്രമാണം
അനുശാസിക്കുന്നു (ലേവ്യ.23:10). കര്‍ത്താവായ യേശുക്രിസ്തു സര്‍വ്വസൃഷ്ടിക്കും ആദ്യജാതനാണ് (കൊലോ.1:15). മരിച്ചവരുടെ ഇടയില്‍നിന്ന് ആദ്യനായി എഴുന്നേറ്റവന്‍ (കൊലോ.1:17), മരിച്ചവരില്‍ ആദ്യജാതന്‍ (വെളി.1:5), ആദ്യഫലമാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു. ശബ്ബത്ത്ദിവസം യഹോവയുടെ സന്നിധിയില്‍ ആദ്യഫലമായി കൊണ്ടുവന്ന കറ്റ നീരാജന യാഗമായി അര്‍പ്പിച്ചതിനുശേഷം പിറ്റേന്നാള്‍ തുടങ്ങി ഏഴു ശബ്ബത്ത് കഴിഞ്ഞ്, അതായത്, അമ്പതു ദിവസം കഴിയുമ്പോള്‍ പുതിയധാന്യം കൊണ്ടുള്ള ഭോജനയാഗം യഹോവയ്ക്ക് അര്‍പ്പിക്കണമെന്നായിരുന്നു ന്യായപ്രമാണം അനുശാസിച്ചിരുന്നത് (ലേവ്യ.23:11,16). ശബ്ബത്ത് കഴിഞ്ഞ് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കല്‍ എത്തിയ പ്രിയപ്പെട്ടവര്‍ കണ്ടത് യേശുകര്‍ത്താവിന്‍റെ ശൂന്യമായ കല്ലറയായിരുന്നു. കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റതിന്നുശേഷം അമ്പതു ദിവസം പിന്നിട്ടനാള്‍, അതായത് പെന്തക്കോസ്ത് നാളില്‍ (day of Pentecost was fully come), ഒരുമിച്ചുകൂടിയിരുന്നവരില്‍ പരിശുദ്ധാത്മാവ് കടന്നുവന്നു. പരിശുദ്ധാത്മാവ് എന്ന ദാനം ആദ്യമായി വിശ്വാസികളില്‍ പകര്‍ന്നു ലഭിച്ചത് മറ്റൊരു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനമായ പെന്തെക്കോസ്ത് നാളിലാണ് . ഈ അനുഭവം സഭയുടെ രൂപീകരണത്തിനു മുഖാന്തരമായി തീര്‍ന്നു.
യേശുക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പ്പിനോടുള്ള ബന്ധത്തിലും വീണ്ടെടുക്കപ്പെട്ട ജനം പരിശുദ്ധാത്മാവ് നിറഞ്ഞവരായിത്തീര്‍ന്ന അനുഭവത്തോടുള്ള നിലയിലും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം നിസ്തുല്യമേറിയതാണെന്ന് നാം കണ്ടുകഴിഞ്ഞു. അതോടൊപ്പംതന്നെ, പ്രാദേശികമായ സഭകള്‍ തോറും
‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം‘ ‘അപ്പം നുറുക്കാന്‍‘ വിശ്വാസികള്‍ കൂടിവരുന്ന മാതൃക ഈ ദിവസത്തെ ഏറ്റവും ശ്രേഷ്ഠമേറിയതാക്കിത്തീര്‍ക്കുന്നു (അപ്പൊ.20:7). ആഴ്ചവട്ടത്തിന്റെ പ്രാരംഭ ദിനം സഭയായി കൂടിവന്ന് കര്‍ത്താവിന്റെ മേശയില്‍ നിന്ന് പങ്കാളികളായിത്തീര്‍ന്നുകൊണ്ട് കര്‍ത്താവ് വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുകയാണ് നാം ചെയ്യുന്നത് (1കൊരി.11:26). വിശ്വാസികള്‍ കൂടിവരുന്ന ഓരോ യോഗങ്ങളിലുമല്ല, മറിച്ച്, തിരുവചനപ്രകാരം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സഭ കൂടിവരുമ്പോഴാണ് സഭയില്‍ സ്തോത്രകാഴ്ച (Offering) എടുക്കുന്നത്. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ തോറും കര്‍ത്താവിന്റെ വേലയ്ക്കായിട്ടുള്ള ഒരു ധനശേഖരണം സഭയായി സ്വരൂപിക്കേണ്ടതാണ്.തനിക്ക് കഴിവുള്ളതുപോലെ ഓരോ വിശ്വാസിയും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം എടുക്കുന്ന ധനശേഖരണത്തിന്നായി കൊടുക്കേണ്ടതാണ് (1 കൊരി.16:2). യഹോവ യിസ്രായേലിന്നും സമാനമായ കല്പന കൊടുത്തിരുന്നു. പെന്തെക്കോസ്ത് നാളില്‍, അതായത്, വാരോല്സവത്തില്‍ (Feast of weeks) യഹോവ അനുഗ്രഹിച്ചതിന്നുതക്കവണ്ണം സ്വമേധാദാനങ്ങളെ യഹോവയ്ക്കായി അര്‍പ്പിക്കണമെന്ന ദിവ്യമായ കല്പന യിസ്രായേലിന്നുണ്ടായിരുന്നു (ആവ. 16:10).
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവജനത്തെ സംബന്ധിച്ചിടത്തോളം കര്‍തൃദിവസമാണ് (Lord’s day). കേവലം പേരിനാലല്ല കര്‍തൃദിവസമാകുന്നത്, പ്രത്യുത, ദൈവജനത്തിന്റെ പ്രമാണമാണത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിന്നായിതന്നെ വേര്‍തിരിക്കണം.
കര്‍തൃദിവസം മറ്റ്ദിവസങ്ങളില്‍നിന്നും എല്ലാ അര്‍ത്ഥത്തിലും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു എന്നത് നമ്മുടെ ജീവിതംകൊണ്ട് നാം തെളിയിക്കണം. കര്‍തൃദിവസത്തെ ഏറ്റവും സവിശേഷമായി കണ്ടുകൊണ്ട്, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ കര്‍ത്താവിന്നായി മാനിച്ചുകൊണ്ട്, അനുഗ്രഹിക്കപ്പെട്ട സഭാജീവിതം നയിച്ച്, ക്രിസ്തീയജീവിതം ധന്യമാക്കി തീര്‍ക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ…..
















