സംഭരണശാല

‘വിവാഹമോതിരത്തിന്’ വിവാഹ മോചനത്തെ തടുക്കാനാകുമോ? വിവാഹേതര ബന്ധത്തെ തടയാനാകുമോ?

കേരളത്തിimagesല്‍ ഈ അടുത്ത കാലത്ത് നടന്ന കുപ്രസിദ്ധിയാര്‍ജിച്ച പല വിവാഹ മോചന കേസുകളിലും സെലിബ്രിറ്റികള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് വിവാഹ മോതിരമണിഞ്ഞാണ്. വിവാഹേതര ബന്ധങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഒന്നിലധികം ലൈംഗികപങ്കാളികളുള്ള പലരും വ്യഭിചാര കര്‍മത്തില്‍ പിടിക്കപ്പെടുന്നത് മോതിരമണിഞ്ഞു കൊണ്ട് തന്നെയാണ്. പാശ്ചാത്യ ലോകത്തെ ലഭ്യമായിരിക്കുന്ന കണക്കുകള്‍ പകല്‍ പോലെ ഇത് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം “ഒരിക്കലുമാവില്ല എന്നാണ്.

വിശുദ്ധന്മാരുടെ സമക്ഷം പലപ്പോഴും കടുത്ത ഭാഷ ഉപയോഗിക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ ഇടിമുഴക്കം പോലത്തെ പ്രവാചകശബ്ദം കാതുകളില്‍ മുഴങ്ങുമ്പോള്‍, അത് സിരകളില്‍ പടര്‍ന്നു തൂലികയിലൂടെ മഷിയായി പടരുന്നതാണെന്നു മാത്രം കരുതുക. വിശ്വാസ സമൂഹത്തിലെ പുഴുക്കുത്തുകളെ അനാവൃതമാക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകുന്നത് സ്വാഭാവികം മാത്രം. മൂടി വയ്ക്കുവാനും, ഒളിച്ചു വയ്ക്കുവാനും, പറയാതിരിക്കുവാനും കഴിയാത്ത വിധം, മനസ്സാക്ഷി മരവിച്ചവര്‍, സ്വന്ത മനസ്സാക്ഷിയെ  വചനം അഭ്യസിപ്പിച്ചവരെ ‘കോക്കിരി’ കുത്തുമ്പോള്‍ മിണ്ടാതിരിക്കുവാന്‍ വയ്യ. “പറയുന്നോനാ ഇപ്പം കുഴപ്പം, ചെയ്യൂന്നോനല്ല” എന്ന മലയാളിപ്പറച്ചില്‍ പോലെ തന്നെ.

ഒരു വ്യക്തി തെറ്റിപ്പോയാല്‍ ആ വ്യകതിക്ക് എപ്പോള്‍ വേണമെങ്കിലും ദൈവ സന്നിധിയിലേക്ക് മടങ്ങി വരാം, പക്ഷേ ഒരു സഭ മുഴുവന്‍ തെറ്റിനെ ശരിയായി അംഗീകരിച്ചാല്‍ ഒരിക്കലും മടങ്ങി വരാനാവില്ല. അന്ധകാര കാലയളവില്‍ നാമധേയ ക്രിസ്തീയ കൂട്ടങ്ങളില്‍ പ്രവേശിച്ച അനാചാരങ്ങളെ അവര്‍ക്ക് നീക്കിക്കളയുവാന്‍ കഴിയാത്തത് അതുകൊണ്ടുമാത്രമാണ്‌.

വിവാഹബന്ധത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ മനസ്സിലാക്കേണ്ടത് ദൈവം സ്ഥാപിച്ച, രൂപകല്‍പന ചെയ്ത, സംരക്ഷിക്കുന്ന ഒരു വിശുദ്ധഉടമ്പടിയിലേക്കാണ് നാം പ്രവേശിക്കുന്നത് എന്നാണ്. (ഉല്പത്തി 1:27). അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24)  ആ ബന്ധം വിഘടിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ അധികാരമില്ല (മാര്‍ക്കോസ് 10:9) എന്ന് മാത്രമല്ല വിശുദ്ധ വിവാഹത്തില്‍ വധൂവരന്മാര്‍ പുലര്‍ത്തേണ്ട നിലവാരം വചനം വ്യക്തമായി വിവരിക്കുകയും ചെയ്യുന്നുണ്ട്. വിശുദ്ധ വിവാഹ ബന്ധത്തില്‍ പ്രവേശിച്ചിരിക്കുന്നവര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും ആത്മാര്‍ത്ഥ സ്നേഹവും മരണം വരെ നിലനില്‍ക്കെണ്ടതാണ്. അത് കേവലം താലിയുടെ ബലത്തിലോ, ഒരു വിവാഹ മോതിരത്തിലോ അടിസ്ഥാനപ്പെട്ട ബന്ധങ്ങളല്ല. താലിച്ചരടിലോ, വിവാഹമോതിരത്തിലോ തളച്ചിടാന്‍ ലോകവും സിനിമകളും ആവുന്നിടത്തോളം ശ്രമിക്കുന്നതിനു നാം പങ്കാളികളാകേണ്ട. വിവാഹ ഉടമ്പടിയുടെ പരസ്യ പ്രഖ്യാപനം നടന്നു, സാക്ഷികള്‍ക്ക് മുമ്പാകെ വിവാഹിതരായി പ്രഖ്യാപിക്കപെടുമ്പോള്‍ ഭര്‍ത്താവ് ഭാര്യയേയും, ഭാര്യ ഭര്‍ത്താവിനെയും പരസ്പരം അവരവരുടെ ഹൃദയത്തിലും, ഭുജത്തിലും മുദ്രമോതിരമാക്കുകയാണ് വേണ്ടത് (ഉത്തമഗീതം 8:6). വിവാഹത്താല്‍ ഒരു ദേഹമായിത്തീരുന്ന ഭര്‍ത്താവും ഭാര്യയും അന്യോന്യമുള്ള ആത്മാര്‍ത്ഥമായ സ്നേഹത്താല്‍ ഭാര്യ-ഭര്‍തൃ ബന്ധം വെളിപ്പെടുത്തേണ്ടിടത്ത് വിവാഹം കഴിച്ചവര്‍ എന്നതിന് അടയാളമായി ജീവനില്ലാത്ത ലോഹവളയമാണോ കര്‍ത്താവിന്റെ സാക്ഷികള്‍ വക്കേണ്ടത് ?

പങ്കാളികളിലൊരാള്‍ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം ചെയ്യുന്നതിനെ വ്യഭിചാരമായിട്ടാണ് നമ്മുടെ കര്‍ത്താവായ യേശു പറഞ്ഞിരിക്കുന്നത്. “ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു”.(ലുക്കോസ് 16:18) അങ്ങനെ ചെയ്യുന്നവര്‍ വ്യഭിചാരത്തില്‍ തുടരുന്നവരായിട്ടാണ് വചനം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകവും ലോകനിയമങ്ങളും എന്തൊക്കെ ന്യായം പറഞ്ഞാലും വിശുദ്ധനായ നമ്മുടെ ദൈവത്തിന്റെ നിലവാരം ഈ വാക്കുകളില്‍ തന്നെ പ്രകടമാണ്. ഇക്കാലയളവ് വരെ വേര്‍പെട്ട ദൈവജനം ഈ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. കുറഞ്ഞൊരു കാലം മുമ്പ് ഒരു മറുവാദമുണ്ടായപ്പോള്‍ ദൈവജനം ഉണര്‍ന്നെഴുന്നേറ്റു ആ ദുരുപദേശത്തെ കെട്ടുകെട്ടിക്കയും ചെയ്തു.

മുസ്ലീങ്ങള്‍ നിലവിളക്ക് കത്തിക്കാത്തത് എന്തെന്ന് മനസ്സിലാക്കാതെ മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ രോഷം തോന്നിയേക്കാം, നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുദൈവങ്ങളായ ശിവപാര്‍വതിമാരുടെ ലൈംഗികാവയവങ്ങളുടെയും, വേഴ്ചയെയുമാണെന്ന തിരിച്ചറിവാണ് അവര്‍ അത് ചെയ്യാത്തതിന് കാരണം. അടയാളങ്ങളുടെ തിരിച്ചറിവുകള്‍ ഒരു പരിധി വരെ ഈ ലോകത്തിന്റെ പല ദുശീലങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നതാണന്നു തീര്‍ച്ച. വിവാഹ മോതിരത്തെ സംബന്ധിച്ച് പ്രചുരപ്രചാരത്തിലുള്ള ഒരു അന്ധവിശ്വാസം അതണിയുന്ന മോതിരവിരലില്‍ നിന്ന് ഒരു ഞരമ്പ്‌ ഹൃദയത്തിലേക്ക് പോകുന്നു എന്നാണു. ശരിയാണോ ആവോ !!!! മറ്റൊന്ന്, സ്വര്‍ണ്ണവളയം അവസാനിക്കാത്ത, നിത്യമായ (endless, eternal) ബന്ധത്തിന്റെ പ്രതീകമാണ് എന്നുള്ളതാണ്, ദമ്പതികള്‍ എന്നെന്നേക്കുമായി വിവാഹബന്ധത്തിലായിരിക്കുന്നു. “സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ഭാര്യ ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ഭാര്യ ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു”. (റോമര്‍ 7:1-3) നമ്മള്‍ ശാരീരികമായി ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം മാത്രമേ വിവാഹബന്ധം നിലനില്‍ക്കുന്നുള്ളൂ, നിത്യതയില്‍ ഇവയല്ല വിഷയം. അപ്പോള്‍ പിന്നെ ഒരു വിരോധാഭാസത്തിന്റെ പ്രതീകം നാം വഹിക്കണമോ…

നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു. എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. (ലേവ്യ 18:3,4 ) നമ്മുടെ ദൈവത്തിനു ചില ‘മര്യാദകള്‍’ ഉണ്ട്. വചനത്തില്‍ അത് വ്യക്തവുമാണ്. അത് പലര്‍ക്കും മനസ്സിലാക്കാനാകുന്നില്ല, കേരളത്തിലാണെങ്കിലും വിദേശത്താണെങ്കിലും അത് മനസ്സിലാക്കുന്നവര്‍ക്ക് ഒരു ഉലച്ചിലുമില്ല. പലരും സഭയില്‍ കാണുന്ന വ്യക്തികളെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ, അവരെ സുഖിപ്പിക്കുക, പ്രീതിപ്പെടുത്തുക, അവരുടെ മുമ്പില്‍ തല കാണിക്കുക, കണ്ണില്‍ പൊടിയിടുക, ബാഹ്യമായി അനുകരിക്കുക എന്നതിലുപരിയായി വിളിച്ചുവേര്‍തിരിച്ചു, സഭയോടു ചേര്‍ത്തദൈവത്തെയും, അവന്റെപ്രമാണങ്ങളെയും സ്വന്തം നെഞ്ചോടു ചേര്‍ക്കുന്നില്ല. പിതാക്കന്മാര്‍ക്കു ദൈവവചന പഠനം ധാരാളമായുണ്ടായിരുന്നു, അവരുടെ വചനകേള്‍വിയും, ധ്യാനവും ഉത്തമ ദൈവികബോദ്ധ്യങ്ങളിലേക്ക് (convictions) അവരെ കൊണ്ടെത്തിച്ചു, എന്നാല്‍ ഈ രണ്ടു കാര്യങ്ങളിലും വന്ന കുറവ്(deficiency) പിന്‍‍തലമുറയെ മിസ്രയീമ്യ മര്യാദയായ, കനാന്യ മര്യാദയായ മോതിരധാരണത്തിന്റെയും, ആഭരണധാരണത്തിന്റെയും അടിമത്തത്തിലെത്തിച്ചിരിക്കുന്നു, ശരീരം കൊണ്ട് ദൈവിക പാളയത്തിലാണെങ്കിലും മനസ്സുകൊണ്ടു ആഭരണവാദികളെല്ലാം ശത്രുപാളയത്തിലാണ്, പിതാക്കന്മാര്‍ ചെയ്തത് ക്രിസ്തീയഅനുഭവമില്ലാത്ത ആഭരണവാദികള്‍ക്ക് പാരമ്പര്യവും, മാമൂലുമാണ്.‌

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു. ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.(യിരെ 10:2-3 ) ജാതികളുടെ വഴിയില്‍ നിന്നു നമുക്ക് കിട്ടിയ,  തട്ടാന്‍ ഉണ്ടാക്കി നല്‍കിയ മോതിരം അണിയാന്‍ തുടങ്ങിയവര്‍, അങ്ങനെ തന്നെയാണോ എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എഡിഷന്‍ 11,വാല്യം 23,പേജ് 351 ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

തൊഴിലിടങ്ങളില്‍ വച്ച് വശീകരിക്കപ്പെട്ടു പോയേക്കാം എന്ന് ഭയപ്പെടുന്നവര്‍ക്കു, വചനത്തിലാശ്രയിച്ചാല്‍ ഒരു ഭയത്തിന്റെയും ആവശ്യമില്ല.”യോഗ്യമായ വസ്ത്രം ധരിച്ചു, ലജ്ജാശീലവും, സുബോധവുമുള്ള” (2 തിമോത്തി 2:9) ഒരു ഭര്‍തൃമതിയെ ഒരു ‘രാവണനും കട്ടോണ്ട്’ പോകില്ല. അവള്‍ക്കു വേണ്ടത് ലോക അലങ്കാരങ്ങളും, ജാതീയ അടയാളങ്ങളും, സാംസ്കാരിക ചിഹ്നങ്ങളുമല്ല, ശരീരം മറക്കുന്ന മാന്യമായ വസ്ത്രധാരണം, നല്ല പെരുമാറ്റം, വിശുദ്ധിയോടെയുള്ള സംസാരം എന്നിവയാണ്. അത് ലോകത്തോടും, ലോകമനുഷ്യരോടും വിളിച്ചുപറയും, “ഇവള്‍ ഒരു ദൈവപൈതലാണ്, ഭര്‍തൃ മതിയാണ്” എന്ന്. മുഖത്തു മുഴുവന്‍ പെയിന്റു വാരി തേച്ചു, ചുണ്ടത്തു ചായം തേച്ചു, മുടിയിലും പുരികത്തും ചെയ്യാവുന്ന മിനുക്ക്‌ പണി മുഴുവനും ചെയ്തു, വശീകരണ ചിരിയുമായി എല്ലാവരെയും തന്നിലേക്കാകര്‍ക്ഷിക്കാന്‍ ശ്രമിക്കുന്ന ‘മാദക തിടമ്പുകള്‍’ വിശുദ്ധ സഹോദരിമാരാണോ?  അവര്‍ മോതിരമണിയുന്നത് ഒരു അധിക അലങ്കാരമായിട്ടാണ്, ആഭരണക്കൊതി മൂത്താണ്.

ഭാര്യമാരുടെ ജോലിയും, മടിശീലയുടെ കനവും കണ്ടു സ്വന്തം നട്ടെല്ല് വളഞ്ഞു പോയ “മാതൃകാ ഭര്‍ത്താക്കന്മാരാണ്‌” നമ്മുടെ പിതാക്കന്മാരെ തള്ളിപ്പറഞ്ഞ്‌ ഈ പേക്കൂത്തുകളെ വെള്ള പൂശാന്‍ നടക്കുന്നത്. “ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു” (1 കോരി 11:16) പറയാനുള്ള ചങ്കൂറ്റമാണ് ദൈവവചന പഠനത്തിലൂടെ  നാമുണ്ടാക്കിയെടു ക്കേണ്ടത്. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.(1 യോഹന്നാന്‍ 2:15-17)  ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.(റോമര്‍ 12:2) ദൈവേഷ്ടമെന്തെന്നു തിരിച്ചറിയാനാകാത്ത ലോകാനുരൂപികളാണോ സത്യം കണ്ടിറങ്ങിയ നാമോരുരുത്തരും!!!

നിയമപ്രകാരമുള്ള വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തി ക്രമം കേട്ട് ജീവിക്കുന്ന പലരും ഈ അത്യന്താപേക്ഷിതമായ വിവാഹമോതിരം ധരിച്ചിട്ടുണ്ട് എന്നുള്ളതാണ് രസാവഹം. നിര്‍ബന്ധിത വിവാഹ രജിസ്ട്രേഷന്‍ എല്ലാ രാജ്യങ്ങളിലും തന്നെ സിവില്‍ നിയമമായിരിക്കെ, ഒരിടത്ത് പോലും നിര്‍ബ്ബന്ധിത മോതിരധാരണനിയമം നിലവിലില്ല. സഭയുടെയും, രാജ്യത്തിന്റെയും വിവാഹസര്‍ട്ടിഫിക്കറ്റ്(marriage certificate) കൈയ്യിലിരിക്കെ മോതിരം കാണിച്ചു കൊടുത്തതുകൊണ്ട് മാത്രം ഏതെങ്കിലും അധികാരികള്‍ അംഗീകരിക്കുമോ? ചിലര്‍ പറയുന്നത് “മോതിരം ധരിക്കുന്നത് ആ സഹോദരനോട്‌‍ ചോദിച്ചു, കുഴപ്പമില്ല എന്ന് പറഞ്ഞു”, “ആ സഭയില്‍ ഇന്നാരൊക്കെ മോതിരം ധരിക്കുന്നുണ്ട്” എന്നൊക്കെയാണ്. എന്നാല്‍ നമ്മുടെ മനസ്സാക്ഷിക്ക് നേരെയുള്ള സുപ്രധാനമായ ഒരു ചോദ്യം “ദൈവം എന്ത് പറയുന്നു” ? സഹോദരനാകട്ടെ, പ്രാസംഗികനാകട്ടെ, സഭക്കാകട്ടെ ദൈവവചനത്തെ മാറ്റുവാനോ, പരിഷ്കരിക്കുവാനോ അധികാരമുണ്ടോ ?

വാല്‍ക്കഷണം വിവാഹമോചനക്കഥകള്‍ക്ക് പഞ്ഞമില്ലാത്ത ‘സമ്പന്ന കനാന്‍ നാടുകളില്‍’ ചെന്ന് മാനം രക്ഷിക്കാന്‍ മോതിരമിട്ടു തുടങ്ങിയ വേര്‍പാടുകാരായിരുന്ന പല അമ്മച്ചിമാരുടെയും പതക്കമാലയണിഞ്ഞ (കേരളത്തിലെത്തുമ്പോള്‍ ബാഗിലൊളിക്കുന്ന) ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ലഭ്യമാണ്.മുന്‍പേ ഗമിക്കും ഗോക്കള്‍ തന്‍ പിന്‍പേ ഗമിക്കും യുവസഹോദരിമാരുടെ ഗതിയും തഥൈവ.  ഇവരുടെയൊക്കെ യാഥാര്‍ത്ഥ് താല്പര്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ സ്വര്‍ഗീയ നാര്‍കോ അനാലിസിസ് തന്നെ വേണം.!!!

മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!! പത്തരമാറ്റിന്‍റെ ഭ്രാന്തോ? 22കാരറ്റിന്റെ ഭ്രാന്തോ?

gold shop“മലയാളിയുടെ ജനിതക ഘടനയില്‍ എഴുതിയിരിക്കുന്ന ഒരു വാക്കാണ്‌ സ്വര്‍ണം” കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണക്കടയുടെ മാനേജര്‍ ഒരു പ്രമുഖ വിദേശ പത്രത്തിന്‍റെ ലേഖകനോട്പറഞ്ഞ വാചകമാണിത്. കേരളത്തില്‍ ബീവറെജെസ് കോര്‍പറെഷന് മുമ്പില്‍ കാണുന്നത് പോലെയുള്ള തിരക്ക് ഉണ്ടാകുന്ന മറ്റൊരു ഇടമാണ് സ്വര്‍ണക്കടകള്‍, ചില്ലുകൂട്ടില്‍ശീതളിമയില്‍ ആയതുകൊണ്ട് പൊതുജനം കാണുന്നില്ല എന്നുമാത്രം. ഒരു ചെറു പട്ടണത്തില്‍ പോലും ഒരു ഡസനില്‍ അധികം കടകള്‍, റോഡിനിരുവശവും സ്വര്‍ണക്കടകളുടെ വലിയ പരസ്യ ബോര്‍ഡുകള്‍, കൊള്ളപ്പലിശ കൊടുത്തു സ്വര്‍ണം സ്വന്തമാക്കി ആത്മഹത്യയില്‍ അഭയം തേടുന്ന കുടുംബങ്ങള്‍. ലോകത്തില്‍ തന്നെ ഇത്പോലത്തെ ഒരേ ഒരു ഭൂപ്രദേശം കേരളം മാത്രമായിരിക്കും. ലോക മാധ്യമങ്ങളില്‍ സ്വര്‍ണത്തോടുള്ള ഈ ഒരു ജനതയുടെ “ആര്‍ത്തിയും വിശപ്പും” ചര്‍ച്ചയാകുന്നു. മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു സ്ഥാപനം സ്വര്‍ണക്കട. ജനത്തിനു സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിക്ക് പിന്നില്‍ ചരിത്രം, പാരമ്പര്യം, സംസ്കാരം എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട്. വിഡ്ഢിപ്പെട്ടിയില്‍ സിനിമാതാരങ്ങള്‍ എപ്പോഴും സ്വര്‍ണക്കടയുടെ പരസ്യവുമായി നിന്നു നാട്ടുകാരെ മുഴുവന്‍ സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. മലയാളിയുടെ സാമൂഹ്യജീവിതത്തില്‍ സ്വര്‍ണം ഒരു അവശ്യ ഘടകം എന്ന നിലയില്‍ അതിന്‍റെ സ്വാധീനത വര്‍ദ്ധിച്ചിരിക്കുന്നു.  ഒരു കുഞ്ഞുണ്ടാവുമ്പോള്‍ മുതല്‍ സ്വര്‍ണം കൊണ്ടുള്ള ആഭരണങ്ങള്‍ അണിയിപ്പിച്ചു തുടങ്ങും, ഒരു കുരുന്നിന്റെ ആദ്യാക്ഷരം നാവില്‍ കുറിക്കുന്നത് സ്വര്‍ണം കൊണ്ട്,  ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നതും സ്വര്‍ണത്തിനായിട്ട് തന്നെ. മാത്രമല്ല, ജനിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യയുടെ കാരണം വരേ ഈ “സ്വര്‍ണവില്ലന്‍ ” തന്നെ.

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിനമെന്ന് അന്ധമായി വിശ്വസിക്കുന്ന അക്ഷയ ത്രിതീയ എന്ന ദിവസത്തില്‍ ടണ്ണ്‍ കണക്കിനു സ്വര്‍ണാഭരണങ്ങളാണ് കേരളത്തില്‍ വില്‍ക്കപ്പെടുന്നത്. ഇന്ത്യയില്‍ 127 കോടി ജനങ്ങള്‍, കേരളത്തില്‍ 3 കോടി ജനങ്ങള്‍.. കേരളത്തിലെ ജനസംഖ്യ ഇന്ത്യന്‍ ജനതയുടെ 2.5% മാത്രം. എന്നാല്‍ കേരളീയരുടെ സ്വര്‍ണ ഉപഭോഗത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടിക്കുന്നതാണ്. നമ്മള്‍ ഇന്ത്യയുടെ മൊത്തം വാര്‍ഷികസ്വര്‍ണ ഉപഭോഗം ഏകദേശം 1000 ടണ്ണ്‍ സ്വര്‍ണമാണ്‌. എന്നാല്‍ അതില്‍ 100 ടണ്ണും ശരീരത്തില്‍ അണിയുന്നത് കേരളീയരാണ്. ലോക സ്വര്‍ണ വിപണിയില്‍തന്നെ ചലനമുണ്ടാക്കുന്നത് കേരളത്തിലെ ഉത്സവകാലങ്ങളാണ്. ഇത് ഔദ്യോഗിക കണക്ക് എങ്കില്‍ കണക്കില്‍ പെടാത്തത് എത്ര മാത്രം!!!

കണക്ക് കേള്‍പ്പിച്ചത് ആരെയും പഠിപ്പിക്കാനല്ല, ഒന്നോര്‍പ്പിക്കാന്‍ മാത്രം. ചുരുക്കത്തില്‍ മലയാളിയുടെ, കേരളീയന്റെ സാമൂഹ്യ അടയാളമാണ് (social symbol)  സ്വര്‍ണാഭരണങ്ങള്‍. ഇത് ലോകത്തില്‍ വേറാര്‍ക്കും അവകാശപ്പെടാനാവാത്ത യാഥാര്‍ത്യമാണ്. വെള്ളക്കാരനോ ആഫ്രിക്കക്കാരനോ കേരളീയനൊഴികെ ഒരു ശരാശരി ഇന്ത്യാക്കാരനു പോലും ഇത് അവകാശപ്പെടാനാവില്ല. അമേരിക്കക്കാരനോ, ഇംഗ്ലണ്ടുകാരനോ, അയരലണ്ടുകാരനോ, മറ്റു പാശ്ചാത്യര്‍ക്കോ  ഈ ഭ്രാന്തില്ല, പത്തരമാറ്റ് ഭ്രമം അല്ലെങ്കില്‍ 22 കാരറ്റ് ഭ്രമം.

ഈ പ്രത്യേക സാമൂഹ്യ അവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട്, ആഭരണധാരണത്തെ ചപ്പും ചവറും എന്ന് കരുതി അവ വര്‍ജ്ജിച്ചു ജീവിക്കുന്ന ദൈവമക്കള്‍ ആണ് കേരളത്തിലെ വേര്‍പാടുകാര്‍ അഥവാ ബ്രദറന്‍കാര്‍.. കാലമൊത്തിരി കഴിഞ്ഞിട്ടും സ്ഥാപനവല്‍ക്കപ്പെടാതെ, സംഘടനവല്‍കരിക്കപ്പെടാതെ,  മതവല്‍കരിക്കപെടാതെ വിശുദ്ധദൈവവചനം മാത്രം ആധാരമായി എടുക്കുന്ന സ്വതന്ത്ര പ്രാദേശിക സഭകളുടെ ഒരു സമൂഹം. വചനത്തിനു വിരുദ്ധമായൊന്നും ഞങ്ങളുടെ ഇടയില്‍ ഇല്ല എന്ന്ധൈര്യമായി പറയുവാന്‍ കഴിയുന്ന ഒരു കൂട്ടര് – സത്യാരാധനക്കാര്‍, അതാണ് ബ്രദറന്‍കാര്‍. അവര്‍ ആഭരണം വര്‍ജ്ജിച്ചത് ഒരു ദിവസം സൈമണ്‍ സാറിനു വെളിപാട് കിട്ടിയത് കൊണ്ടാണെന്ന് ഒരു കഥയും നമ്മുടെ ഇടയില്‍ പ്രചാരത്തിലില്ല. നാം അത് പാലിക്കുന്നത് മാറ്റമില്ലാത്ത വചനത്തെ ആധാരമാക്കി തന്നെയാണ്. ഇത് ഒരു കാലത്ത് അത് നമ്മുടെ ഇടയില്‍ നന്നായി പഠിപ്പിച്ചിരുന്നു. ഇന്ന് ചില ഉപദേഷ്ടാക്കന്മാര്‍ക്കു ഈ വിഷയം പഠിപ്പിക്കുന്നത്‌ ‘സ്റ്റാറ്റസ്‌ കുറവാണെന്നോ, മറ്റെന്തോ കുറച്ചിലാണേന്നോ ഒക്കെയുള്ള ചിന്ത തുടങ്ങിയിട്ടുണ്ട്, അതത്ര നല്ല ലക്ഷണമല്ല. പലപ്പോഴും ‘ഭോഗപ്രിയരായ’ ചില പ്രവാസി ബന്ധുക്കളുടെ തെറ്റിദ്ധരിപ്പിക്കലും, കേള്‍വിക്കാരെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയുമാണ് നമ്മെ ഇങ്ങനെയൊരവസ്ഥയിലെത്തിച്ചിരിക്കുന്നത്.

“ഇത് നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു. അവര്‍ മോഹിച്ചത് പോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കെണ്ടാതിനു തന്നെ” (1 കോരി 10:6 ) യിസ്രായേലിന് സംഭവിച്ച ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ നിയമ സഭക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ ഇടയില്‍ ചില ദുര്‍മ്മോഹികള്‍ തല പൊക്കിത്തുടങ്ങിയിരിക്കുന്നു. “ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു.”(പുറപ്പാട് 32:3,4) ഈയിടെ ചില “ഏലിപുത്രന്മാര്‍” കൊത്തുളിയുമായ് ദൈവജനത്തിന്നിടയില്‍ ഇറങ്ങിയിട്ടുണ്ട്, നാം ജാഗ്രതയായിരിക്കേണ്ട സമയമാണ്. ആഭരണധാരണം ബ്രദരുകാരുടെ ഇടയില്‍ നടപ്പിലാക്കിയെ അടങ്ങൂ എന്ന വാശിയിലാണിവര്‍. മണിമന്ദിരങ്ങളും, ആഡംബര കാറുകളും, ഫാഷന്‍ വസ്ത്രങ്ങളും നമ്മുടെ ഇടയിലുണ്ട്.  ഇനി ആഭരണം കൂടി നമുക്ക് വേണം. പത്തില്‍ ഒമ്പത് തെറ്റുകളും നാം ചെയ്തു കഴിഞ്ഞു, ഈ ഒരു തെറ്റ് കൂടി നാം ചെയ്താലെന്താ എന്നാണ് ഈ അഭിനവ ‘ഹോഫ്നി ഫീനെഹാസുമാരുടെ’ വാദം. ആഡംബരം കാണിക്കുന്നതില്‍ ആഭരണ വാദികള്‍ തന്നെയാണ് മുമ്പില്‍ എന്ന് സൂക്ഷ്മതയോടെ ശ്രദ്ധിച്ചാലറിയാം.

സഭയില്‍ സമ്പന്നത പ്രവേശിച്ചപ്പോളെപ്പോഴോ പ്രവാചക ശബ്ദം നിലച്ചു പോയതുകൊണ്ട് സംഭവിച്ച അപചയങ്ങളെപ്പോലും മറ്റൊരു പാപത്തിനു വേണ്ടി കൂട്ട് പിടിക്കുന്നു. ഒരു പരിധി വരെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന വിടവ് പിടിച്ചു നിര്‍ത്തുന്നതില്‍ ആഭരണ വര്‍ജ്ജനത്തിലെ ഐക്യത(uniformity) നമ്മുടെ പ്രാദേശിക സഭകളെ സഹായിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.

ഒരുപക്ഷേ വിദേശ സന്ദര്‍ശന വിസകളോ, സ്വര്‍ണ വിരലുള്ളവരുടെ കനമുള്ള കൂട്ടായ്മയോ കണ്ടിട്ട് ആയിരിക്കാം ‘മരുഭൂമിയില്‍ വിളിച്ചു പറയേണ്ടവര്‍’ മൌനമായിരിപ്പാന്‍ കാരണം. “ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല. നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.”(പുറപ്പാട് 33:4-5).  അവര്‍ സ്വയം വര്‍ജ്ജിച്ചു, മാത്രമല്ല തേജോമയനായ ദൈവം അരുളിച്ചെയ്കയും ചെയ്തു. പ്രവാചകന്മാരോട് സംസാരിച്ച ദൈവം മാറ്റമില്ലാത്തവന്‍, അനന്യന്‍ എന്ന് മനസ്സിലാക്കാത്തവരാണ് പലപ്പോഴും അവിടവിടെ ഒളിച്ചും പാത്തും തുടങ്ങുകയും,  പിന്നീട് പരസ്യമായും ആഭരണം ധരിക്കുവാനും ഉള്ള പ്രവണതയില്‍ പതിച്ചത്. നമ്മുടെ ദൈവം കലക്കത്തിന്റെ ദൈവമല്ല, പരസ്പര വൈരുദ്ധ്യതയും അവനിലില്ല. ആഭരണം നീക്കികളക എന്ന് കല്‍പിച്ച ദൈവം പിന്നീട് ഏതെങ്കിലും വേദഭാഗത്തു ആഭരണം അണിയുക എന്ന് കല്പിച്ചിട്ടുണ്ടോ? നമ്മുടെ ഇടയില്‍ തല പൊക്കുന്ന ആഭരണാനുരാഗികള്‍  പുറപ്പാട് പുസ്തകത്തില്‍ കണ്ട ദുശ്ശാഠ്യമുള്ള ജനത്തിന്റെ പ്രതിനിധികള്‍ ആണെന്ന കാര്യത്തില്‍ സംശയമുണ്ടോ ?

“അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.”(പുറപ്പാട് 33:6) സ്ഥലവും സമയവും വ്യക്തമാക്കിയിരിക്കുന്ന ഒരു വാക്യം ആര്‍ക്കു തള്ളിക്കളയാനാവും? അന്ന് തുടങ്ങി ഒരു കൂട്ടര് ധരിക്കാതിരിക്കാന്‍ തുടങ്ങിയതാണ്‌. ഈ നൂറ്റാണ്ടില്‍ ബ്രദരുകാരും, വേര്പാടുകാരും ഗവേഷണം നടത്തി കണ്ടെത്തിയ ഒരു അനാവശ്യ ആചരണം അല്ല ഇത്. ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ഏഴായിരം പേരെ ശേഷിപ്പിച്ച ദൈവം (1 രാജ 19:18)എല്ലാ കാലഘട്ടത്തിലും സുബോധമുള്ള, ഭക്തിയുള്ള ഒരു ശേഷിപ്പിനെ സൂക്ഷിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്., ദൈവത്തേക്കാള്‍ മിടുമിടുക്കന്മാരാകാന്‍ ശ്രമിച്ചു പട്ടു പോയവര്‍ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു എന്നും നാം വിസ്മരിക്കരുത്. ദൈവം തെരഞ്ഞെടുത്ത ജനത്തിന്റെ ശരീരത്തില്‍ നിന്ന് ഉരിഞ്ഞു കളഞ്ഞത് വീണ്ടും ഇടുവിക്കാന്‍, മനസ്സില്‍ ആലോചന നിറച്ചിരിക്കുന്നവരെ അധികാരപ്പെടുത്തിയത് ഈ ലോകത്തിന്റെ ദൈവം (സാത്താന്‍) (2 കോരി 4:4) അല്ലാതെ മറ്റാരാണ്‌? ഇസ്രായേലില്‍ ഒരുത്തന്‍ ആഭരണം വീണ്ടുമണിയിപ്പിക്കാന്‍ ശ്രമിച്ചു, അവന്റെ അന്ത്യത്തിങ്കല്‍ പരിഭ്രമം പിടിച്ചു എന്നെ കൊല്ലേണം എന്ന് ആവ്ശ്യപ്പെട്ട ഗതികേടിലായി. ആ അഭിഷിക്തന്റെ പേര് ശൌല്‍ എന്നായിരുന്നു (2 ശമുവേല്‍ 1:9,24). ദൈവം വിളിച്ചു വേര്‍തിരിച്ച (പ്രത്യേക ഉദ്ദേശ്യത്തിനായി) സഭാംഗങ്ങള്‍ ആഭരണ ധാരണത്തില്‍ നിന്ന് അകന്നിരിക്കുന്നത് തന്നെയാണ് ഉത്തമം.

യെശയ്യാവ് 3:16-26 വരെ വായിക്കുമ്പോള്‍ ആഭരണധാരണത്തിലൂടെ ദൈവത്തെ വെല്ലുവിളിച്ച ഇസ്രായേല്‍ ജനത്തെ, ദൈവ വഴികളെ വിട്ടുകളഞ്ഞതിന്റെ പേരില്‍ ജാതികള്‍ക്കു അടിമകളായി എല്പിക്കുന്നതായി നാം കാണാം. ഈ ഭാഗത്ത്‌ വിവരിച്ചിരിക്കുന്ന ആഭരണങ്ങളെ കൂടാതെ ഏതെങ്കിലും ആഭരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ ആവോ?  ദൈവം സകലവും അറിയുന്നു, സ്വര്‍ണവിരലുകാരുടെ വിചാരം അത് ദൈവത്തിന്നറിയാന്‍ വയ്യെന്നാണോ? അവനു കാണാന്‍ കഴിയില്ലെന്നോ? ആഭരണങ്ങള്‍ “യഹോവ നീക്കിക്കളയും” എന്ന് തന്നെയല്ലേ അവിടെ എഴുതിയിരിക്കുന്നത്? ഇന്നും ലോകത്തിനു വില്‍ക്കപ്പെട്ട ചില വേര്‍പാടുകാര്‍ ആഭരണോപദേശം വിളമ്പുകയാണ്, അല്പാല്പം അണിഞ്ഞു ദുര്‍മാതൃക കാണിക്കുകയാണ്.

പിന്നീട് യിരമ്യാവ് 4:30,31 ല്‍ വീണ്ടും ഈ ആഭരണഭ്രമം കാണുന്നു. പ്രാണഹാനിയിലേക്കും, പ്രാണന്റെ ക്ഷയത്തിലെക്കും അത് നയിക്കുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അകത്തെ മനുഷ്യന്‍ ക്ഷീണിച്ചതിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ് ആഭരണക്കമ്പം വെളിപ്പെടുത്തുന്നത്. കൈവിരലിലെ സ്വര്‍ണ വളയമോ, വിലയേറിയ വസ്ത്രങ്ങളോ വിശുദ്ധിയുടെ ലക്ഷണമായി ദൈവവചനത്തില്‍ കാണുന്നില്ല. ദൈവത്തിന്റെ സ്വന്ത ജനം എന്ന കീര്‍ത്തി ഇസ്രായേലിനെ ദൈവം അണിയിച്ചു, എന്നാല്‍ അവര്‍ വെര്‍പെട്ടിരിക്കാതെ ജാതികളുമായി ഇടകലര്‍ന്നു, ആഭരണമണിഞ്ഞു തന്നെത്താന്‍ അലങ്കരിച്ചു വ്യഭിചരിക്കുവാനിടയായി. നമുക്ക് തിരികെ വേണ്ടത് വേര്‍പെട്ടവര്‍ എന്ന സല്‍കീര്‍ത്തിയാണ്,  ആഭരണം ധരിക്കാത്തതിന്റെ നിന്ദ വലിയ ധനമായി നമുക്കേറ്റെടുക്കാം, വചനത്തില്‍ നിന്ന് നമുക്ക് കിട്ടിയ വെളിച്ചത്തെ പാശ്ചാത്യ അനുകരണത്തിന്റെ പേര് പറഞ്ഞു നാം കെടുത്തി കളയരുത്. പാശ്ചാത്യരുടെ ഡേറ്റിംഗ്(dating), അല്‍പ വസ്ത്രധാരണം എന്നിവയുമായും ഈ സമ്മിശ്ര ജാതിക്കാര്‍ സമരസപ്പെട്ടുവോ?  ’വിശ്വാസികളുടെ’ മക്കള്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയാല്‍  മാതാപിതാക്കള്‍ അതിനു ‘ചൂട്ടു’ പിടിച്ചു കൊടുക്കുമോ?

പുതിയനിയമ ഉപദേശവും മാതൃകകളും പുലര്‍ത്തുന്ന വിദേശത്തുള്ള ‘സ്വദേശീയ’ സ്ഥലംസഭകളെല്ലാം തന്നെ(സായ്പന്മാരുടെ സഭയിലും ) അവരുടെ നാട്ടിലെ നാട്ടു നടപ്പുകളായ ഡേറ്റിംഗ്(dating), അല്‍പ വസ്ത്രധാരണം, തുടങ്ങി സംസ്കാരത്തിന്റെ ഭാഗമായത് (പല രാജ്യങ്ങളിലും പലതായിരിക്കാം) എന്ന് നാം പറയുന്ന എല്ലാറ്റിനെയും തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. കര്‍ത്താവിനായി വേര്‍പെട്ടു ജീവിക്കുന്നവരുടെ, ത്യാഗത്തിന്റെയും. വിശുദ്ദിയുടെയും പ്രതിഫലനം പ്രാദേശീക സഭയില്‍ യേശു കര്‍ത്താവിന്‍റെ നാമം ഉയര്‍ത്തപ്പെടുന്നു. എന്നതിന് നമ്മളില്‍ പലരും സാക്ഷികളാണല്ലോ. എന്നാല്‍ ഇതിനു വിപരീതമായി ‘അതിരുകള്‍ വിശാലമാക്കിയ’ സഭകള്‍ നാശത്തിലേക്ക് പോയ  ചരിത്രം നമ്മുക്ക് ഒരു പാഠമാകേണ്ടതാണ്.

സെക്കുലര്‍ ലോകത്തെ എഴുത്തുകാരും കവികളും സാമൂഹ്യ പ്രവര്‍ത്തകരുമായ പലരും സ്വര്‍ണത്തെ ധരിക്കാതെ ഈ ഭ്രമം ഒരു സാമൂഹ്യവിപത്താണെന്ന് ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും നമ്മില്‍ ചിലര്‍ മാത്രമെന്തേ ഈ വിവരക്കേട് എഴുന്നള്ളിക്കുന്നത്??? മിസ്രയീമില്‍ വച്ച് വില കൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുളി എന്നിവയെ ഓര്‍ത്ത്‌ മരുഭൂമിയില്‍ നശിച്ചു പോയ ജനം പിറുപിറുത്ത പോലെ തന്നെ, ഒരിക്കല്‍ വിട്ടത് വീണ്ടും വേണമെന്ന്..  ആത്മീയമായ മന്നയും, കാടപ്പക്ഷിയുടെ ഇറച്ചിയും(കട്ടിയായ ആഹാരം) വായില്‍ ഇരിക്കെ തന്നെ നാം എന്തിനു പിറുപിറുക്കണം. അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.(യെഹെസ്കേല്‍ 23:49) പരിണിത ഫലം, ദൈവത്തെ അറിയാത്ത ഒരു തലമുറയിലൂടെ നാം കാണേണ്ടി വരും, ചരിത്രം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. ആഭരണം അണിയുന്നത് ജാരന്മാരെ, രഹസ്യ കാമുകന്മാരെ ആകര്‍ക്ഷിക്കുന്നതിനാണ് എന്ന് ദൈവവചനം പറയുന്നു. യഹോവയിങ്കല്‍ എകാഗ്രചിത്തന്മാരായിരിക്കുന്ന, ഏകപുരുഷന്റെ നിര്‍മ്മല കന്യകയായിരിക്കുന്ന നമ്മുക്കെന്തിനാണ് ആഭരണം?? ദൈവത്തിന്റെ മര്യാദകള്‍ നമ്മുടെതാക്കാം.

‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായി ത്തീർന്നിരിക്കുന്നുവല്ലോ’ (എബ്രായര്‍ 3:12-14 )

ഭ്രാന്ത് ചികിത്സിച്ചു ഭേദയവര്‍ക്ക് വീണ്ടും ഭ്രാന്ത്‌ വരാം. എന്നാല്‍ ചങ്ങലക്ക്‌ ഒരിക്കലും ഭ്രാന്ത് വരാറില്ല. അതും പത്തരമാറ്റിന്‍റെ ഭ്രാന്ത്‌, 22 കാരറ്റിന്റെ ഭ്രാന്ത്.

ഒരു വാക്ക് കൂടി, പുതിയതായി വിശ്വാസത്തില്‍ വന്നവരോ, ആഭരണ വര്ജനം എന്ന ബോദ്ധ്യം ലഭിക്കാത്ത പുതുവിശ്വാസികളോ ഞങ്ങളുടെ മേലെഴുത്തിന്റെ പരിധിയില്‍ വരുന്നില്ല.

“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു……
വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍ തന്നെ വളര്‍ത്തണം” എന്നാണ്. വിദേശ സംസ്കാരത്തോട് (ഫാഷനുകള്‍, അലങ്കാരം, ആഭരണം, ആര്‍ഭാടങ്ങള്‍ തുടങ്ങിയവ ) ഇന്ന് വിശ്വാസികള്‍ക്കുള്ള അമിത താല്പര്യം കൊണ്ട് അവരുടെ മക്കള്‍ വിശ്വാസത്തോടും സ്ഥലം സഭയോടും അകന്നു പോകുന്നു. കര്‍ത്താവിനായി ‘വേര്‍പെട്ടു’ ജീവിക്കുവാന്‍ അപ്പന്മാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തെറ്റായി പോയെന്നു പറഞ്ഞു നടക്കുന്നവര്‍ക്കു ഒരു മുന്നറിയിപ്പ്….

എന്റെ ജോലി സ്ഥലത്ത് ‘ഞാന്‍ വിവാഹം കഴിച്ചു’ എന്ന് കാണിക്കുവാനുള്ള അടയാളം മാത്രമാണ് ‘മോതിരം’. ഞാന്‍ അതിനെ ആഭരണം ആയി ചിന്തിച്ചിട്ടില്ല…!!

നന്നായി… നിന്റെ സ്വഭാവത്തില്‍ നിന്നും നീ ‘രക്ഷിക്കപ്പെട്ടവന്‍’ എന്നതു കൂടെ ജോലി ചെയ്യുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നീ കല്യാണം കഴിച്ചു എന്നത്  കാണിക്കുവാനുള്ള അടയാളമായ ‘മോതിരം’ ഉപയോഗിക്കുന്നത് നല്ലതാണ്. താങ്കളുടെ ദൈവം തന്ന ജീവിത പങ്കാളി ഇതുകൊണ്ട് അനാഥ മാകാതിരിക്കുമെങ്കില്‍ തീര്‍ച്ചയായും ഈ ‘മോതിരം’ നിനക്ക് ആവിശ്യമാണ്.

ഒന്നാം സങ്കീര്‍ത്തനം ഒന്നാം വക്യമേ എനിക്ക് താങ്കളോട് പറയാനുള്ളൂ..

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

നിന്റെ ആലോചനകളും, നടപ്പും,  നില്പും, ഇരുപ്പും ഒക്കെ ദുഷ്ടന്മാരോട് കൂടെ തന്നെയാണ് എന്നകാര്യം താങ്കളുടെ ‘മോതിര’  ന്യയീകരണത്തില്‍  നിന്നും മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് താങ്കളുടെ ‘ കിടപ്പ്’ മാറുന്നതിനു മുന്‍പേ തീരുമാനം എടുക്കണം. 

ഇത്രകാലമായും മോതിരം ധരിക്കാത്ത പ്രിയ സഹോദരന്‍ 

‘ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.’ ( ലൂക്കോസ് 15:29) എന്ന് പിറുപിറുക്കുന്ന ചേട്ടനേക്കാള്‍ ( മുടിയാന്‍ പുത്രന്റെ സഹോദരന്‍) ഒട്ടും നല്ലതല്ല. താങ്കള്‍ക്ക് പറ്റിയ ഒരു ‘ചേട്ടന്‍ സഹോദരന്‍’ തന്നെയാണ് ഇദ്ദേഹം.

മാത്രമല്ല ഇടണ്ടാത്തതും, പരിചയമില്ലാത്തതും ഇട്ടുകൊണ്ട്‌  എത്തുമ്പോള്‍ ഉള്ള ഒരു ചമ്മലും, ഇതുവരെ ഇല്ലാത്ത ഈ EXTRA FITTING (മോതിരം) മറ്റുള്ളവരെ ഒന്ന് കാണിക്കാന്‍ പാട്പെടുന്ന ആഗ്യഭാഷകളും ഒന്ന് കാണേണ്ടത് തന്നെയാണ്.  ‘അരിഞ്ഞാണം ആകാഞ്ഞത് നമ്മുടെ ഭാഗ്യം’.

താങ്കളെ വിലക്ക് വാങ്ങിയ, വീണ്ടെടുപ്പിന്റെ വലിപ്പം മനസിലാക്കി, ആ ഉത്തരവാദിത്വത്തില്‍ ജീവിക്കുവാനുള്ള സാഹചര്യം കണ്ടെത്തണം. ജോലിയും, ജീവിക്കുവാനുള്ള സ്ഥലവും ഒക്കെ തിരഞ്ഞെടുക്കുമ്പോള്‍ കര്‍ത്താവിനു മഹത്വം കൊടുക്കുവാനും, സഭയോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുവാനും, അര്‍ത്ഥവത്തായ കൂട്ടായ്മയും സാധിക്കണം. ഈ കാര്യങ്ങള്‍ താങ്കളുടെ മനസാക്ഷിയെ അലട്ടുന്നു എങ്കില്‍ സൂക്ഷിക്കണം.

ഇല്ലങ്കില്‍ താങ്കളുടെ മുടന്തന്‍ ന്യായങ്ങള്‍ക്കു വിലകൊടുക്കേണ്ടി വരും. 

അബ്രാഹമിനോട് കൂടെ യാത്ര തിരിച്ച  ‘ലോത്തിന്റെ’ ജീവിതാനുഭവങ്ങള്‍’ താങ്കള്‍ക്ക് ഒരു പാഠമായിരിക്കട്ടെ.

‘മോതിര’വാദികളുടെ ലഘുചരിതം….

ഉപേക്ഷിച്ചു കളഞ്ഞിരുന്ന ‘മോതിരം’ തിരികെയണിഞ്ഞു, ആത്മീയ സദസ്സുകളിലേക്കും യോഗങ്ങളിലേക്കും ഞെളിഞ്ഞു കയറിവരുന്ന മോതിരവാദികളുടെ ലഖുചരിതം .

പുതുപ്പണക്കാരന്റെ പുറംപൂച്ചുമായി സഹാവിശ്വാസിക ള്‍ക്ക് ഉണ്ടാകുന്ന ഇടര്ച്ചക്ക് യാതൊരു പരിഗണനയും നല്കാതെ ‘ആത്മീയം കളിക്കുന്ന’ ഇവരുടെ ‘മോതിരചരിത്രം’ ആരംഭിക്കുന്നത് വിഗ്രഹാരാധനക്കാരിലാണ് എന്നതാണ് വാസ്തവം. പഴയ നിയമത്തിലോ പുതിയ നിയമത്തിലോ വിവാഹമോതിരം എന്നൊന്നില്ല.

ആദിമ ക്രിസ്ത്യാനികള്‍ ആരും തന്നെ വിവാഹനിശ്ചയതിന്റെയോ, വിവാഹതിന്റെയോ അടയാളമായി മോതിരം ധരിച്ചിരുന്നില്ല. വിവാഹച്ചടങ്ങിന്റെ ഭാഗമായി മോതിരം അണിയുന്നതിനെ നിയമാനുസൃതമാക്കിയത് AD 860 ല്‍ കത്തോലിക്കാ സഭയുടെ പോപ്പ്‌ ഗ്രിഗറി ആയിരുന്നു.

പിന്നെയും വിവാഹമോതിരത്തിന്റെ ഉറവിടം തെരഞ്ഞു ചെന്നാല്‍ ചെന്നെത്തുക വിഗ്രഹങ്ങളിലും, ജാതീയ മതങ്ങളിലും തന്നെയാണ്. വിഗ്രഹം ഉണ്ടാക്കരുത് എന്ന് പറഞ്ഞ ദൈവം വിഗ്രഹത്തെ അണിയിച്ചിരുന്ന മോതിരം അനുവദിക്കും എന്ന് കരുതാന്‍ വയ്യ. താങ്കള്‍ വിഗ്രഹത്തെ പ്രസാദിപ്പിക്കുന്നവാനോ?

വിഗ്രഹത്തില്‍ നിന്നുണ്ടായതും വിഗ്രഹത്തിനു വേണ്ടി ഉണ്ടാക്കിയതും ആയ ‘മോതിരം’ ശരീരത്തിലണിയുന്നത്‌ വിഗ്രഹാരാധന തന്നെ. നമുക്ക് ചുറ്റും കാണുന്ന അമ്പലങ്ങളില്‍ പ്രതിഷ്ടിരിക്കുന്ന ജാതീയ ദേവന്മാര്‍, ദേവതമാര്‍ എല്ലാം തന്നെ കുണുക്ക്(കമ്മല്‍), മോതിരം, കൈവള, മൂക്കുത്തി മറ്റു പല തരത്തിലുള്ള ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നു എന്നുള്ളത് ആര്ക്കെ്ങ്കിലും നിഷേധിക്കാനാവുമോ?

ബൈബിളിലെ ജീവനുള്ള ദൈവവുമായി ബന്ധപ്പെട്ടു എവിടെയെങ്കിലും ഇത് ചൂണ്ടിക്കാണിക്കാമോ ?
നമ്മുടെ കര്ത്താവായ യേശുക്രിസ്തു ആഭരണം ധരിച്ചിരുന്നോ ?
ആദിമ ക്രിസ്ത്യാനികള്‍ ധരിച്ചിരുന്നോ ?
ഉത്തരം പറയാന്‍ മടിക്കുന്നതെന്തിനു? ഇല്ലേ…ഇല്ല.
പ്രിയ സഹോദരാ, സഹോദരീ നിങ്ങള്‍ ലാഘത്തോടെ ചെയ്യുന്ന ഈ കാര്യം ദൈവ സഭയുടെ മൂല്യത്തിനു എത്ര ഇടിവുണ്ടാക്കും എന്ന് ചിന്തിക്കുക…
നമ്മുടെ പിതാക്കന്മാര്‍ പടുത്തുയര്ത്തി്യ തിരുവചനത്തോടുള്ള അനുസരണത്തിന്റെ കടക്കല്‍ നിങ്ങളായി കത്തി വക്കരുത്….പ്ലീസ്

എന്റെ ഭാര്യക്ക്‌ മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര്‍ ?

ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’  പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്‌. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍, താങ്കള്‍ക്ക് നല്ല ഒരു  കൌണ്സിലിംഗ് ആവിശ്യമാണ്.

വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?

കേരളത്തിലെ സഭകളിലും (brethren), കേരളത്തിന്‌ പുറത്തു ജോലിക്ക് പോയിരിക്കുന്നവരിലും ചിന്താക്കുഴപ്പമുണ്ടാക്കിക്കൊണ്ട്, സാത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യാതൊരു ഉളുപ്പും  ഇല്ലാതെ, വേര്‍പെട്ടു തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ പരിഹസിച്ച്, വില കൊടുത്തു വിശ്വാസത്തില്‍ വന്നവരോട് ധാര്‍മ്മിക പ്രതിബദ്ധതയില്ലാതെ “മോതിര ബ്രദരണ്കാര്‍“  കൈയ്യിലണിയുന്ന ‘വിവാഹ മോതിരം’ വിഗ്രഹാരാധനക്കാരില്‍ നിന്ന് (paganism) കത്തോലിക്കാസഭ സ്വീകരിച്ചതാണ്‌. ഉല്പത്തി 41:42 ല്‍ “ഫറവോന്‍ തന്റെ കൈയ്യില്‍ നിന്ന് ‘മുദ്രമോതിരം ഊരി യോസേഫിന്‍റെ കൈക്ക് ഇട്ടു” എന്ന് കാണുന്നു. ഇത് വിവാഹമായിരുന്നില്ല, മാത്രമല്ല, അധികാരത്തിന്റെയും ശക്തിയുടേയും പ്രതീകമായിരുന്നു ഈ മോതിരം, ചരിത്രത്തിലെ നിഷ്ടൂരനായ വിഗ്രഹ ഉപാസകനായ ഫറവോന്‍ എന്ന രാജാവിന്റെ കൈകളിലാണ് ഇത് അണിഞ്ഞിരുന്നത് എന്ന് വേര്‍പെട്ട ദൈവജനം മറക്കരുത്. പുരാതന വിഗ്രഹങ്ങളെ ആഭരണമണിയിച്ചിരുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍ ഹൈന്ദവ സംസ്കാരം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ജനിച്ചു വളര്ന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. പത്രങ്ങളില്‍ വായിച്ചിട്ടുള്ളതും പലരും കണ്ടിട്ടുള്ളതുമായ , പന്തളം മുതല്‍ ശബരിമല വരെയുള്ള അയ്യപ്പവിഗ്രഹതിനുള്ള തിരുവാഭരണ ഘോഷയാത്ര മാത്രം ഓര്‍ത്താല്‍ മതിയാകും. താങ്കളുടെ ഈ ‘മോതിരം’ ആരെയാണ് പ്രസാദിപ്പികുന്നത്? അത് ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?

Sabhasathyam.com

Sabhasathyam.com

“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു;

യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും”

സദൃശ്യവക്യങ്ങള്‍ 31:30

നമ്മുടെ സുവിശേഷകന്‍ മാര്‍ പോലും ‘ആഭരണം’ അനുകൂലിക്കുന്നുണ്ടല്ലോ??

ആഭരണം അനുകൂലിക്കുന്ന സുവിശേഷകന്‍ മാരും അവരുടെ ഭാര്യമാരും ആഭരണം പരസ്യമായി ഉപഗോഗിക്കുന്നില്ല. അവര്‍ മറ്റുള്ളവര്‍ ധരിക്കുവാന്‍ പ്രലോഭിപ്പിക്കുന്നു.

സൂക്ഷ്മമായി പരിശോധിച്ചാല്‍, ഒരു കാലത്ത് ആത്മീയ സത്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവരുടെ, വിലകൊടുത്തവരുടെ, എല്ലാം  ഉപേക്ഷിച്ചവരുടെ   (ന്യായമായി കിട്ടേണ്ടിയിരുന്ന കുടുംബ ഭാഗങ്ങള്‍ പോലും ഇക്കുട്ടെര്‍ക്ക് കിട്ടിയിട്ടില്ല) ‘മക്കളും, കൊച്ചു മക്കളും’ ആണ് ഒളിഞ്ഞും, തെളിഞ്ഞും ആഭരണത്തെ അനുകൂലിക്കുന്നത്.  

ഇവരുടെയൊക്കെ പിതാക്കന്മാര്‍ വേദപണ്ടിതന്‍ മാരും, കര്‍ത്താവിനു വേണ്ടി വേര്‍പാട്‌ പാലിച്ചവരും, ജീവിത സാക്ഷ്യം ഉള്ളവരും, അറിയപ്പെടുന്ന സുവിശേഷകന്മാരും, മൂപ്പന്മാരും, ഉപദേഷ്ട്ടക്കന്മാരും    ഒക്കെ ആയിരുന്നു എന്നത് നന്ദിയോടെ ഓര്‍ക്കുന്നു. 

പിതാക്കന്മാരുടെ  പേരും പറഞ്ഞു, അതിന്റെ പേരില്‍ വേര്‍പാട്‌ സഭകളില്‍ ‘വലിയവരായി’ സുവിശേഷകന്‍ എന്ന പദവി ആദായ സൂത്രമായി സ്വീകരിച്ച ചില വ്യക്തികള്‍ ഉണ്ട്.  മറ്റു ചിലര്‍ ‘ഞാന്‍ ആരുടെയും പണം കണ്ടുകൊണ്ടല്ല വേലയ്ക്കു ഇറങ്ങിയത്‌” എന്നൊക്കെ പറയുന്ന സ്വതന്ത്ര വേലക്കാര്‍.  അവരുടെ അപ്പന്മാരുടെ വേര്‍പെട്ടു ജീവിക്കുവാന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തെറ്റായി പോയെന്നു പറഞ്ഞു നടക്കുന്നത്. അത് ഏറ്റു പാടുവാനും, ആഘോഷിക്കുവാനും കുറെ ജഡികന്മാരും നമ്മുടെ സഭകളില്‍ ഉണ്ടല്ലോ. മൂന്നും നാലും തലമുറക്കാരായ പാരമ്പര്യവിശ്വാസികള്‍ക്ക് ആണ് ഈ ആഭരണ പ്രേമം എന്നത് ശ്രദ്ദേയമാണ്. 

മറ്റുചിലര്‍ ഇതര സമുദായങ്ങളില്‍  നിന്നും (അവിടെ പണി പറ്റില്ലല്ലോ, ചോദിക്കാനും നിലക്ക് നിര്‍ത്താനും, പുറത്താക്കാനും ഒക്കെ  അധികാരം ഉള്ള മേല്‍പട്ടക്കാര്‍ ഉണ്ടല്ലോ) ഈയ്യാംപാറ്റ വെളിച്ചത്തിലേക്കെന്നപോലെ ‘സ്വതന്ത്ര സഭയിലേക്ക് പറന്നു വന്ന ചില വിദ്യാന്മാരും നമ്മുക്കുണ്ടല്ലോ.  പലപ്പോഴും പണി പാളിയെങ്കിലും സ്വാതന്തൃം എങ്ങനെ മുതലാക്കാം എന്ന വ്യക്തതമായ ധാരണ ഇക്കുട്ടര്‍ക്ക് ഉണ്ട് എന്നതാണ് വാസ്തവം. അവരുടെ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ ഇത് പ്രതിഫലിക്കുന്നത് കാണാം. മക്കളുടെ തലമുറയോട് ചെയ്യുന്ന ചെയ്യുന്ന ദ്രോഹം ആണെന്ന് നാം മനസിലാക്കണം.     

സങ്കീര്‍ത്തനം 73:15  (ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.) 

പിന്നെ പല സുവിശേഷകന്‍ മാരുടെയും മക്കളുടെ കാര്യം പറയേണ്ടല്ലോ. അവരുടെ ‘നാണംകെട്ട’ വിശ്വാസ നിലവാരം കാണണമെങ്കില്‍ ‘വിലയേറിയ ദാസന്മാരുടെ’ മക്കളുടെ    FACEBOOK ഫോട്ടോകളും പോസ്റ്റുകളും കണ്ടാല്‍ മതി.  കൂടുതല്‍ പറയുന്നില്ല… “ലജ്ജയായതില്‍ അവര്‍ക്ക് മാനം തോന്നുന്നു”  ആ പഴമൊഴി ഇവടെ അന്വര്‍ത്ഥം ആണ്..  

‘പാഞ്ഞോന്‍റെ കുഞ്ഞ് ഉരുളും അതിന്‍റെ കുഞ്ഞ് പറക്കും’

  വിശ്വാസികള്‍ക്ക് ആഭരണം ഇടുന്നതില്‍ തെറ്റില്ല എന്ന ആഭരണ അനുകൂലികളായ ‘വേലക്കാരെ’ തിരിച്ചറിയാന്‍ നുള്ള കുറുക്കു വഴി ചിലത് പറയട്ടെ, ഇതില്‍ ഭുരിഭാഗം സ്വഭാവങ്ങളും ഒരാളില്‍ തന്നെ കാണുവാന്‍ കഴിയും.    

1.        അവര്‍ സഭയെക്കള്‍ അധികം, സഭക്ക് അകത്തും പുറത്തും ഉള്ള സംഘടനകളെ സ്നേഹിക്കുന്നവര്‍, അതിനായി പ്രവര്‍ത്തിക്കുന്നവര്‍.

2.        ആത്മീയം ആദായ സൂത്രം ആക്കിയിട്ടുള്ളവര്‍.

3.        അവരുടെ സംസാരങ്ങളില്‍ സ്ഥലം സഭയെ ധിക്കരിക്കുന്നവര്‍

4.        സഭാമൂപ്പെന്മാരെ വിമര്‍ശിക്കുന്നവര്‍

5.        നാടോടി സുവിശേഷകന്‍മാര്‍ ( itinerary Evangelists)

6.        സ്റ്റേജ് പ്രസംഗത്തില്‍ മാത്രം കൂടുതല്‍ താല്പര്യം ഉള്ളവര്‍ (Stage Evangelists).

7.        സ്വന്തമായി വലിയ ‘വേല’ ചെയ്യുന്നവര്‍ എന്ന് അഭിമാനിക്കുന്ന ‘പൊങ്ങച്ച സുവിശേഷകന്മാര്‍’

8.        മാതൃകയില്ലാത്ത മക്കള്‍ ഉള്ള ‘വിലയേറിയ ദാസന്മാര്‍’

9.        ഇതര സമുദായങ്ങളില്‍ നിന്നും മക്കള്‍ക്ക്‌ ഭാര്യയെ കണ്ടെത്തിയ ‘വിശാല വേലക്കാര്‍ ‘.

10.    മക്കളുടെ പ്രേമവിവഹവുമായി ബന്ധപ്പെട്ടു കുടുങ്ങിയ ‘വലഞ്ഞു പോയ വേലക്കാര്‍’.

11.    ആഡംബര ജീവിതത്തിനു ഉടമകള്‍

12.    മാന്യമായ വസ്ത്രധാരണം ചെയ്യാത്ത ഭാര്യമാരുള്ളവര്‍.

13.    ആത്മാവിന്‍റെ നടത്തിപ്പിനെക്കാള്‍ ഉപരിയായി  ബുദ്ധിയിലും, സങ്കേതികതത്വത്തിലും കൂടുതല്‍ ആശ്രയിക്കുന്നവര്‍   (Professional Evangelists).

14.    പ്രവര്‍ത്തനം മൂലം, രക്ഷിക്കപ്പെടുത്തി, സ്നാനപ്പെടുത്തി റിപ്പോര്‍ട്ട് ഉണ്ടാക്കി ( ഫോട്ടോകളും, ലേഖനങ്ങളും ഒക്കെയായി) പല തരത്തില്‍ പരസ്യപ്പെടുത്തി പലതരത്തിലുള്ള ഭൌതിക ലാഭം ഉണ്ടാക്കുന്നവര്‍.

15.    ആത്മാക്കളെ പറ്റിയുള്ള ഭാരം സംസാരത്തില്‍  മാത്രം ‘ഒതുക്കുന്നവര്‍’

16.    പേരിനും പ്രസക്തിക്കും വേണ്ടി എന്ത് ‘ വേലയും’ ചെയ്യുന്നവര്‍.

17.    രക്ഷിക്ക പ്പെട്ടാല്‍ മാത്രം മതിയെന്ന തത്വത്തില്‍, പ്രയോഗീക ക്രിസ്തീയ കാര്യങ്ങള്‍ക്കു ( സ്നാനം, തിരുവത്താഴം, സഹോദരിമാര്‍ സഭയില്‍ മൌനമായിരിക്കണം, സഹോദരിമാര്‍ സഭയില്‍ തല മുടിയിരിക്കുക)    അര്‍ഹിക്കുന്ന മുല്യം കൊടുക്കാത്തവര്‍.

18.    വിശുദ്ധിയും വേര്‍പാടും പറയുകയും എഴുതുകയും ചെയ്യും എന്നാല്‍ കുടുംബ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ പരാജയപ്പെട്ടവര്‍.

സാധാരണയായി കാണുന്ന കാര്യങ്ങളില്‍ ചിലതു മാത്രമാണ് കുറിച്ചിരിക്കുന്നത്. ബാക്കിയുള്ളവ വയിക്കുനവന്‍ ചിന്തിച്ചുകൊള്ളട്ടെ.