‘വിവാഹമോതിരത്തിന്’ വിവാഹ മോചനത്തെ തടുക്കാനാകുമോ? വിവാഹേതര ബന്ധത്തെ തടയാനാകുമോ?

കേരളത്തിimagesല്‍ ഈ അടുത്ത കാലത്ത് നടന്ന കുപ്രസിദ്ധിയാര്‍ജിച്ച പല വിവാഹ മോചന കേസുകളിലും സെലിബ്രിറ്റികള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് വിവാഹ മോതിരമണിഞ്ഞാണ്. വിവാഹേതര ബന്ധങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഒന്നിലധികം ലൈംഗികപങ്കാളികളുള്ള പലരും വ്യഭിചാര കര്‍മത്തില്‍ പിടിക്കപ്പെടുന്നത് മോതിരമണിഞ്ഞു കൊണ്ട് തന്നെയാണ്. പാശ്ചാത്യ ലോകത്തെ ലഭ്യമായിരിക്കുന്ന കണക്കുകള്‍ പകല്‍ പോലെ ഇത് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം “ഒരിക്കലുമാവില്ല എന്നാണ്.

വിശുദ്ധന്മാരുടെ സമക്ഷം പലപ്പോഴും കടുത്ത ഭാഷ ഉപയോഗിക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ ഇടിമുഴക്കം പോലത്തെ പ്രവാചകശബ്ദം കാതുകളില്‍ മുഴങ്ങുമ്പോള്‍, അത് സിരകളില്‍ പടര്‍ന്നു തൂലികയിലൂടെ മഷിയായി പടരുന്നതാണെന്നു മാത്രം കരുതുക. വിശ്വാസ സമൂഹത്തിലെ പുഴുക്കുത്തുകളെ അനാവൃതമാക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകുന്നത് സ്വാഭാവികം മാത്രം. മൂടി വയ്ക്കുവാനും, ഒളിച്ചു വയ്ക്കുവാനും, പറയാതിരിക്കുവാനും കഴിയാത്ത വിധം, മനസ്സാക്ഷി മരവിച്ചവര്‍, സ്വന്ത മനസ്സാക്ഷിയെ  വചനം അഭ്യസിപ്പിച്ചവരെ ‘കോക്കിരി’ കുത്തുമ്പോള്‍ മിണ്ടാതിരിക്കുവാന്‍ വയ്യ. “പറയുന്നോനാ ഇപ്പം കുഴപ്പം, ചെയ്യൂന്നോനല്ല” എന്ന മലയാളിപ്പറച്ചില്‍ പോലെ തന്നെ.

ഒരു വ്യക്തി തെറ്റിപ്പോയാല്‍ ആ വ്യകതിക്ക് എപ്പോള്‍ വേണമെങ്കിലും ദൈവ സന്നിധിയിലേക്ക് മടങ്ങി വരാം, പക്ഷേ ഒരു സഭ മുഴുവന്‍ തെറ്റിനെ ശരിയായി അംഗീകരിച്ചാല്‍ ഒരിക്കലും മടങ്ങി വരാനാവില്ല. അന്ധകാര കാലയളവില്‍ നാമധേയ ക്രിസ്തീയ കൂട്ടങ്ങളില്‍ പ്രവേശിച്ച അനാചാരങ്ങളെ അവര്‍ക്ക് നീക്കിക്കളയുവാന്‍ കഴിയാത്തത് അതുകൊണ്ടുമാത്രമാണ്‌.

വിവാഹബന്ധത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ മനസ്സിലാക്കേണ്ടത് ദൈവം സ്ഥാപിച്ച, രൂപകല്‍പന ചെയ്ത, സംരക്ഷിക്കുന്ന ഒരു വിശുദ്ധഉടമ്പടിയിലേക്കാണ് നാം പ്രവേശിക്കുന്നത് എന്നാണ്. (ഉല്പത്തി 1:27). അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24)  ആ ബന്ധം വിഘടിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ അധികാരമില്ല (മാര്‍ക്കോസ് 10:9) എന്ന് മാത്രമല്ല വിശുദ്ധ വിവാഹത്തില്‍ വധൂവരന്മാര്‍ പുലര്‍ത്തേണ്ട നിലവാരം വചനം വ്യക്തമായി വിവരിക്കുകയും ചെയ്യുന്നുണ്ട്. വിശുദ്ധ വിവാഹ ബന്ധത്തില്‍ പ്രവേശിച്ചിരിക്കുന്നവര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും ആത്മാര്‍ത്ഥ സ്നേഹവും മരണം വരെ നിലനില്‍ക്കെണ്ടതാണ്. അത് കേവലം താലിയുടെ ബലത്തിലോ, ഒരു വിവാഹ മോതിരത്തിലോ അടിസ്ഥാനപ്പെട്ട ബന്ധങ്ങളല്ല. താലിച്ചരടിലോ, വിവാഹമോതിരത്തിലോ തളച്ചിടാന്‍ ലോകവും സിനിമകളും ആവുന്നിടത്തോളം ശ്രമിക്കുന്നതിനു നാം പങ്കാളികളാകേണ്ട. വിവാഹ ഉടമ്പടിയുടെ പരസ്യ പ്രഖ്യാപനം നടന്നു, സാക്ഷികള്‍ക്ക് മുമ്പാകെ വിവാഹിതരായി പ്രഖ്യാപിക്കപെടുമ്പോള്‍ ഭര്‍ത്താവ് ഭാര്യയേയും, ഭാര്യ ഭര്‍ത്താവിനെയും പരസ്പരം അവരവരുടെ ഹൃദയത്തിലും, ഭുജത്തിലും മുദ്രമോതിരമാക്കുകയാണ് വേണ്ടത് (ഉത്തമഗീതം 8:6). വിവാഹത്താല്‍ ഒരു ദേഹമായിത്തീരുന്ന ഭര്‍ത്താവും ഭാര്യയും അന്യോന്യമുള്ള ആത്മാര്‍ത്ഥമായ സ്നേഹത്താല്‍ ഭാര്യ-ഭര്‍തൃ ബന്ധം വെളിപ്പെടുത്തേണ്ടിടത്ത് വിവാഹം കഴിച്ചവര്‍ എന്നതിന് അടയാളമായി ജീവനില്ലാത്ത ലോഹവളയമാണോ കര്‍ത്താവിന്റെ സാക്ഷികള്‍ വക്കേണ്ടത് ?

പങ്കാളികളിലൊരാള്‍ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം ചെയ്യുന്നതിനെ വ്യഭിചാരമായിട്ടാണ് നമ്മുടെ കര്‍ത്താവായ യേശു പറഞ്ഞിരിക്കുന്നത്. “ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു”.(ലുക്കോസ് 16:18) അങ്ങനെ ചെയ്യുന്നവര്‍ വ്യഭിചാരത്തില്‍ തുടരുന്നവരായിട്ടാണ് വചനം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകവും ലോകനിയമങ്ങളും എന്തൊക്കെ ന്യായം പറഞ്ഞാലും വിശുദ്ധനായ നമ്മുടെ ദൈവത്തിന്റെ നിലവാരം ഈ വാക്കുകളില്‍ തന്നെ പ്രകടമാണ്. ഇക്കാലയളവ് വരെ വേര്‍പെട്ട ദൈവജനം ഈ നിലവാരം പുലര്‍ത്തിയിട്ടുണ്ട്. കുറഞ്ഞൊരു കാലം മുമ്പ് ഒരു മറുവാദമുണ്ടായപ്പോള്‍ ദൈവജനം ഉണര്‍ന്നെഴുന്നേറ്റു ആ ദുരുപദേശത്തെ കെട്ടുകെട്ടിക്കയും ചെയ്തു.

മുസ്ലീങ്ങള്‍ നിലവിളക്ക് കത്തിക്കാത്തത് എന്തെന്ന് മനസ്സിലാക്കാതെ മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ രോഷം തോന്നിയേക്കാം, നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുദൈവങ്ങളായ ശിവപാര്‍വതിമാരുടെ ലൈംഗികാവയവങ്ങളുടെയും, വേഴ്ചയെയുമാണെന്ന തിരിച്ചറിവാണ് അവര്‍ അത് ചെയ്യാത്തതിന് കാരണം. അടയാളങ്ങളുടെ തിരിച്ചറിവുകള്‍ ഒരു പരിധി വരെ ഈ ലോകത്തിന്റെ പല ദുശീലങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നതാണന്നു തീര്‍ച്ച. വിവാഹ മോതിരത്തെ സംബന്ധിച്ച് പ്രചുരപ്രചാരത്തിലുള്ള ഒരു അന്ധവിശ്വാസം അതണിയുന്ന മോതിരവിരലില്‍ നിന്ന് ഒരു ഞരമ്പ്‌ ഹൃദയത്തിലേക്ക് പോകുന്നു എന്നാണു. ശരിയാണോ ആവോ !!!! മറ്റൊന്ന്, സ്വര്‍ണ്ണവളയം അവസാനിക്കാത്ത, നിത്യമായ (endless, eternal) ബന്ധത്തിന്റെ പ്രതീകമാണ് എന്നുള്ളതാണ്, ദമ്പതികള്‍ എന്നെന്നേക്കുമായി വിവാഹബന്ധത്തിലായിരിക്കുന്നു. “സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ഭാര്യ ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ഭാര്യ ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു”. (റോമര്‍ 7:1-3) നമ്മള്‍ ശാരീരികമായി ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം മാത്രമേ വിവാഹബന്ധം നിലനില്‍ക്കുന്നുള്ളൂ, നിത്യതയില്‍ ഇവയല്ല വിഷയം. അപ്പോള്‍ പിന്നെ ഒരു വിരോധാഭാസത്തിന്റെ പ്രതീകം നാം വഹിക്കണമോ…

നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു. എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. (ലേവ്യ 18:3,4 ) നമ്മുടെ ദൈവത്തിനു ചില ‘മര്യാദകള്‍’ ഉണ്ട്. വചനത്തില്‍ അത് വ്യക്തവുമാണ്. അത് പലര്‍ക്കും മനസ്സിലാക്കാനാകുന്നില്ല, കേരളത്തിലാണെങ്കിലും വിദേശത്താണെങ്കിലും അത് മനസ്സിലാക്കുന്നവര്‍ക്ക് ഒരു ഉലച്ചിലുമില്ല. പലരും സഭയില്‍ കാണുന്ന വ്യക്തികളെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ, അവരെ സുഖിപ്പിക്കുക, പ്രീതിപ്പെടുത്തുക, അവരുടെ മുമ്പില്‍ തല കാണിക്കുക, കണ്ണില്‍ പൊടിയിടുക, ബാഹ്യമായി അനുകരിക്കുക എന്നതിലുപരിയായി വിളിച്ചുവേര്‍തിരിച്ചു, സഭയോടു ചേര്‍ത്തദൈവത്തെയും, അവന്റെപ്രമാണങ്ങളെയും സ്വന്തം നെഞ്ചോടു ചേര്‍ക്കുന്നില്ല. പിതാക്കന്മാര്‍ക്കു ദൈവവചന പഠനം ധാരാളമായുണ്ടായിരുന്നു, അവരുടെ വചനകേള്‍വിയും, ധ്യാനവും ഉത്തമ ദൈവികബോദ്ധ്യങ്ങളിലേക്ക് (convictions) അവരെ കൊണ്ടെത്തിച്ചു, എന്നാല്‍ ഈ രണ്ടു കാര്യങ്ങളിലും വന്ന കുറവ്(deficiency) പിന്‍‍തലമുറയെ മിസ്രയീമ്യ മര്യാദയായ, കനാന്യ മര്യാദയായ മോതിരധാരണത്തിന്റെയും, ആഭരണധാരണത്തിന്റെയും അടിമത്തത്തിലെത്തിച്ചിരിക്കുന്നു, ശരീരം കൊണ്ട് ദൈവിക പാളയത്തിലാണെങ്കിലും മനസ്സുകൊണ്ടു ആഭരണവാദികളെല്ലാം ശത്രുപാളയത്തിലാണ്, പിതാക്കന്മാര്‍ ചെയ്തത് ക്രിസ്തീയഅനുഭവമില്ലാത്ത ആഭരണവാദികള്‍ക്ക് പാരമ്പര്യവും, മാമൂലുമാണ്.‌

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു. ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.(യിരെ 10:2-3 ) ജാതികളുടെ വഴിയില്‍ നിന്നു നമുക്ക് കിട്ടിയ,  തട്ടാന്‍ ഉണ്ടാക്കി നല്‍കിയ മോതിരം അണിയാന്‍ തുടങ്ങിയവര്‍, അങ്ങനെ തന്നെയാണോ എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എഡിഷന്‍ 11,വാല്യം 23,പേജ് 351 ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

തൊഴിലിടങ്ങളില്‍ വച്ച് വശീകരിക്കപ്പെട്ടു പോയേക്കാം എന്ന് ഭയപ്പെടുന്നവര്‍ക്കു, വചനത്തിലാശ്രയിച്ചാല്‍ ഒരു ഭയത്തിന്റെയും ആവശ്യമില്ല.”യോഗ്യമായ വസ്ത്രം ധരിച്ചു, ലജ്ജാശീലവും, സുബോധവുമുള്ള” (2 തിമോത്തി 2:9) ഒരു ഭര്‍തൃമതിയെ ഒരു ‘രാവണനും കട്ടോണ്ട്’ പോകില്ല. അവള്‍ക്കു വേണ്ടത് ലോക അലങ്കാരങ്ങളും, ജാതീയ അടയാളങ്ങളും, സാംസ്കാരിക ചിഹ്നങ്ങളുമല്ല, ശരീരം മറക്കുന്ന മാന്യമായ വസ്ത്രധാരണം, നല്ല പെരുമാറ്റം, വിശുദ്ധിയോടെയുള്ള സംസാരം എന്നിവയാണ്. അത് ലോകത്തോടും, ലോകമനുഷ്യരോടും വിളിച്ചുപറയും, “ഇവള്‍ ഒരു ദൈവപൈതലാണ്, ഭര്‍തൃ മതിയാണ്” എന്ന്. മുഖത്തു മുഴുവന്‍ പെയിന്റു വാരി തേച്ചു, ചുണ്ടത്തു ചായം തേച്ചു, മുടിയിലും പുരികത്തും ചെയ്യാവുന്ന മിനുക്ക്‌ പണി മുഴുവനും ചെയ്തു, വശീകരണ ചിരിയുമായി എല്ലാവരെയും തന്നിലേക്കാകര്‍ക്ഷിക്കാന്‍ ശ്രമിക്കുന്ന ‘മാദക തിടമ്പുകള്‍’ വിശുദ്ധ സഹോദരിമാരാണോ?  അവര്‍ മോതിരമണിയുന്നത് ഒരു അധിക അലങ്കാരമായിട്ടാണ്, ആഭരണക്കൊതി മൂത്താണ്.

ഭാര്യമാരുടെ ജോലിയും, മടിശീലയുടെ കനവും കണ്ടു സ്വന്തം നട്ടെല്ല് വളഞ്ഞു പോയ “മാതൃകാ ഭര്‍ത്താക്കന്മാരാണ്‌” നമ്മുടെ പിതാക്കന്മാരെ തള്ളിപ്പറഞ്ഞ്‌ ഈ പേക്കൂത്തുകളെ വെള്ള പൂശാന്‍ നടക്കുന്നത്. “ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു” (1 കോരി 11:16) പറയാനുള്ള ചങ്കൂറ്റമാണ് ദൈവവചന പഠനത്തിലൂടെ  നാമുണ്ടാക്കിയെടു ക്കേണ്ടത്. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.(1 യോഹന്നാന്‍ 2:15-17)  ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.(റോമര്‍ 12:2) ദൈവേഷ്ടമെന്തെന്നു തിരിച്ചറിയാനാകാത്ത ലോകാനുരൂപികളാണോ സത്യം കണ്ടിറങ്ങിയ നാമോരുരുത്തരും!!!

നിയമപ്രകാരമുള്ള വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തി ക്രമം കേട്ട് ജീവിക്കുന്ന പലരും ഈ അത്യന്താപേക്ഷിതമായ വിവാഹമോതിരം ധരിച്ചിട്ടുണ്ട് എന്നുള്ളതാണ് രസാവഹം. നിര്‍ബന്ധിത വിവാഹ രജിസ്ട്രേഷന്‍ എല്ലാ രാജ്യങ്ങളിലും തന്നെ സിവില്‍ നിയമമായിരിക്കെ, ഒരിടത്ത് പോലും നിര്‍ബ്ബന്ധിത മോതിരധാരണനിയമം നിലവിലില്ല. സഭയുടെയും, രാജ്യത്തിന്റെയും വിവാഹസര്‍ട്ടിഫിക്കറ്റ്(marriage certificate) കൈയ്യിലിരിക്കെ മോതിരം കാണിച്ചു കൊടുത്തതുകൊണ്ട് മാത്രം ഏതെങ്കിലും അധികാരികള്‍ അംഗീകരിക്കുമോ? ചിലര്‍ പറയുന്നത് “മോതിരം ധരിക്കുന്നത് ആ സഹോദരനോട്‌‍ ചോദിച്ചു, കുഴപ്പമില്ല എന്ന് പറഞ്ഞു”, “ആ സഭയില്‍ ഇന്നാരൊക്കെ മോതിരം ധരിക്കുന്നുണ്ട്” എന്നൊക്കെയാണ്. എന്നാല്‍ നമ്മുടെ മനസ്സാക്ഷിക്ക് നേരെയുള്ള സുപ്രധാനമായ ഒരു ചോദ്യം “ദൈവം എന്ത് പറയുന്നു” ? സഹോദരനാകട്ടെ, പ്രാസംഗികനാകട്ടെ, സഭക്കാകട്ടെ ദൈവവചനത്തെ മാറ്റുവാനോ, പരിഷ്കരിക്കുവാനോ അധികാരമുണ്ടോ ?

വാല്‍ക്കഷണം വിവാഹമോചനക്കഥകള്‍ക്ക് പഞ്ഞമില്ലാത്ത ‘സമ്പന്ന കനാന്‍ നാടുകളില്‍’ ചെന്ന് മാനം രക്ഷിക്കാന്‍ മോതിരമിട്ടു തുടങ്ങിയ വേര്‍പാടുകാരായിരുന്ന പല അമ്മച്ചിമാരുടെയും പതക്കമാലയണിഞ്ഞ (കേരളത്തിലെത്തുമ്പോള്‍ ബാഗിലൊളിക്കുന്ന) ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ലഭ്യമാണ്.മുന്‍പേ ഗമിക്കും ഗോക്കള്‍ തന്‍ പിന്‍പേ ഗമിക്കും യുവസഹോദരിമാരുടെ ഗതിയും തഥൈവ.  ഇവരുടെയൊക്കെ യാഥാര്‍ത്ഥ് താല്പര്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ സ്വര്‍ഗീയ നാര്‍കോ അനാലിസിസ് തന്നെ വേണം.!!!

Filed in: ആഭരണം, ദുരുപദേശ ഖണ്ഡനം, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.