മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!! പത്തരമാറ്റിന്‍റെ ഭ്രാന്തോ? 22കാരറ്റിന്റെ ഭ്രാന്തോ?

gold shop“മലയാളിയുടെ ജനിതക ഘടനയില്‍ എഴുതിയിരിക്കുന്ന ഒരു വാക്കാണ്‌ സ്വര്‍ണം” കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണക്കടയുടെ മാനേജര്‍ ഒരു പ്രമുഖ വിദേശ പത്രത്തിന്‍റെ ലേഖകനോട്പറഞ്ഞ വാചകമാണിത്. കേരളത്തില്‍ ബീവറെജെസ് കോര്‍പറെഷന് മുമ്പില്‍ കാണുന്നത് പോലെയുള്ള തിരക്ക് ഉണ്ടാകുന്ന മറ്റൊരു ഇടമാണ് സ്വര്‍ണക്കടകള്‍, ചില്ലുകൂട്ടില്‍ശീതളിമയില്‍ ആയതുകൊണ്ട് പൊതുജനം കാണുന്നില്ല എന്നുമാത്രം. ഒരു ചെറു പട്ടണത്തില്‍ പോലും ഒരു ഡസനില്‍ അധികം കടകള്‍, റോഡിനിരുവശവും സ്വര്‍ണക്കടകളുടെ വലിയ പരസ്യ ബോര്‍ഡുകള്‍, കൊള്ളപ്പലിശ കൊടുത്തു സ്വര്‍ണം സ്വന്തമാക്കി ആത്മഹത്യയില്‍ അഭയം തേടുന്ന കുടുംബങ്ങള്‍. ലോകത്തില്‍ തന്നെ ഇത്പോലത്തെ ഒരേ ഒരു ഭൂപ്രദേശം കേരളം മാത്രമായിരിക്കും. ലോക മാധ്യമങ്ങളില്‍ സ്വര്‍ണത്തോടുള്ള ഈ ഒരു ജനതയുടെ “ആര്‍ത്തിയും വിശപ്പും” ചര്‍ച്ചയാകുന്നു. മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു സ്ഥാപനം സ്വര്‍ണക്കട. ജനത്തിനു സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തിക്ക് പിന്നില്‍ ചരിത്രം, പാരമ്പര്യം, സംസ്കാരം എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട്. വിഡ്ഢിപ്പെട്ടിയില്‍ സിനിമാതാരങ്ങള്‍ എപ്പോഴും സ്വര്‍ണക്കടയുടെ പരസ്യവുമായി നിന്നു നാട്ടുകാരെ മുഴുവന്‍ സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. മലയാളിയുടെ സാമൂഹ്യജീവിതത്തില്‍ സ്വര്‍ണം ഒരു അവശ്യ ഘടകം എന്ന നിലയില്‍ അതിന്‍റെ സ്വാധീനത വര്‍ദ്ധിച്ചിരിക്കുന്നു.  ഒരു കുഞ്ഞുണ്ടാവുമ്പോള്‍ മുതല്‍ സ്വര്‍ണം കൊണ്ടുള്ള ആഭരണങ്ങള്‍ അണിയിപ്പിച്ചു തുടങ്ങും, ഒരു കുരുന്നിന്റെ ആദ്യാക്ഷരം നാവില്‍ കുറിക്കുന്നത് സ്വര്‍ണം കൊണ്ട്,  ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നതും സ്വര്‍ണത്തിനായിട്ട് തന്നെ. മാത്രമല്ല, ജനിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യയുടെ കാരണം വരേ ഈ “സ്വര്‍ണവില്ലന്‍ ” തന്നെ.

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ല ദിനമെന്ന് അന്ധമായി വിശ്വസിക്കുന്ന അക്ഷയ ത്രിതീയ എന്ന ദിവസത്തില്‍ ടണ്ണ്‍ കണക്കിനു സ്വര്‍ണാഭരണങ്ങളാണ് കേരളത്തില്‍ വില്‍ക്കപ്പെടുന്നത്. ഇന്ത്യയില്‍ 127 കോടി ജനങ്ങള്‍, കേരളത്തില്‍ 3 കോടി ജനങ്ങള്‍.. കേരളത്തിലെ ജനസംഖ്യ ഇന്ത്യന്‍ ജനതയുടെ 2.5% മാത്രം. എന്നാല്‍ കേരളീയരുടെ സ്വര്‍ണ ഉപഭോഗത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടിക്കുന്നതാണ്. നമ്മള്‍ ഇന്ത്യയുടെ മൊത്തം വാര്‍ഷികസ്വര്‍ണ ഉപഭോഗം ഏകദേശം 1000 ടണ്ണ്‍ സ്വര്‍ണമാണ്‌. എന്നാല്‍ അതില്‍ 100 ടണ്ണും ശരീരത്തില്‍ അണിയുന്നത് കേരളീയരാണ്. ലോക സ്വര്‍ണ വിപണിയില്‍തന്നെ ചലനമുണ്ടാക്കുന്നത് കേരളത്തിലെ ഉത്സവകാലങ്ങളാണ്. ഇത് ഔദ്യോഗിക കണക്ക് എങ്കില്‍ കണക്കില്‍ പെടാത്തത് എത്ര മാത്രം!!!

കണക്ക് കേള്‍പ്പിച്ചത് ആരെയും പഠിപ്പിക്കാനല്ല, ഒന്നോര്‍പ്പിക്കാന്‍ മാത്രം. ചുരുക്കത്തില്‍ മലയാളിയുടെ, കേരളീയന്റെ സാമൂഹ്യ അടയാളമാണ് (social symbol)  സ്വര്‍ണാഭരണങ്ങള്‍. ഇത് ലോകത്തില്‍ വേറാര്‍ക്കും അവകാശപ്പെടാനാവാത്ത യാഥാര്‍ത്യമാണ്. വെള്ളക്കാരനോ ആഫ്രിക്കക്കാരനോ കേരളീയനൊഴികെ ഒരു ശരാശരി ഇന്ത്യാക്കാരനു പോലും ഇത് അവകാശപ്പെടാനാവില്ല. അമേരിക്കക്കാരനോ, ഇംഗ്ലണ്ടുകാരനോ, അയരലണ്ടുകാരനോ, മറ്റു പാശ്ചാത്യര്‍ക്കോ  ഈ ഭ്രാന്തില്ല, പത്തരമാറ്റ് ഭ്രമം അല്ലെങ്കില്‍ 22 കാരറ്റ് ഭ്രമം.

ഈ പ്രത്യേക സാമൂഹ്യ അവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട്, ആഭരണധാരണത്തെ ചപ്പും ചവറും എന്ന് കരുതി അവ വര്‍ജ്ജിച്ചു ജീവിക്കുന്ന ദൈവമക്കള്‍ ആണ് കേരളത്തിലെ വേര്‍പാടുകാര്‍ അഥവാ ബ്രദറന്‍കാര്‍.. കാലമൊത്തിരി കഴിഞ്ഞിട്ടും സ്ഥാപനവല്‍ക്കപ്പെടാതെ, സംഘടനവല്‍കരിക്കപ്പെടാതെ,  മതവല്‍കരിക്കപെടാതെ വിശുദ്ധദൈവവചനം മാത്രം ആധാരമായി എടുക്കുന്ന സ്വതന്ത്ര പ്രാദേശിക സഭകളുടെ ഒരു സമൂഹം. വചനത്തിനു വിരുദ്ധമായൊന്നും ഞങ്ങളുടെ ഇടയില്‍ ഇല്ല എന്ന്ധൈര്യമായി പറയുവാന്‍ കഴിയുന്ന ഒരു കൂട്ടര് – സത്യാരാധനക്കാര്‍, അതാണ് ബ്രദറന്‍കാര്‍. അവര്‍ ആഭരണം വര്‍ജ്ജിച്ചത് ഒരു ദിവസം സൈമണ്‍ സാറിനു വെളിപാട് കിട്ടിയത് കൊണ്ടാണെന്ന് ഒരു കഥയും നമ്മുടെ ഇടയില്‍ പ്രചാരത്തിലില്ല. നാം അത് പാലിക്കുന്നത് മാറ്റമില്ലാത്ത വചനത്തെ ആധാരമാക്കി തന്നെയാണ്. ഇത് ഒരു കാലത്ത് അത് നമ്മുടെ ഇടയില്‍ നന്നായി പഠിപ്പിച്ചിരുന്നു. ഇന്ന് ചില ഉപദേഷ്ടാക്കന്മാര്‍ക്കു ഈ വിഷയം പഠിപ്പിക്കുന്നത്‌ ‘സ്റ്റാറ്റസ്‌ കുറവാണെന്നോ, മറ്റെന്തോ കുറച്ചിലാണേന്നോ ഒക്കെയുള്ള ചിന്ത തുടങ്ങിയിട്ടുണ്ട്, അതത്ര നല്ല ലക്ഷണമല്ല. പലപ്പോഴും ‘ഭോഗപ്രിയരായ’ ചില പ്രവാസി ബന്ധുക്കളുടെ തെറ്റിദ്ധരിപ്പിക്കലും, കേള്‍വിക്കാരെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയുമാണ് നമ്മെ ഇങ്ങനെയൊരവസ്ഥയിലെത്തിച്ചിരിക്കുന്നത്.

“ഇത് നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു. അവര്‍ മോഹിച്ചത് പോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കെണ്ടാതിനു തന്നെ” (1 കോരി 10:6 ) യിസ്രായേലിന് സംഭവിച്ച ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ നിയമ സഭക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ ഇടയില്‍ ചില ദുര്‍മ്മോഹികള്‍ തല പൊക്കിത്തുടങ്ങിയിരിക്കുന്നു. “ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു.”(പുറപ്പാട് 32:3,4) ഈയിടെ ചില “ഏലിപുത്രന്മാര്‍” കൊത്തുളിയുമായ് ദൈവജനത്തിന്നിടയില്‍ ഇറങ്ങിയിട്ടുണ്ട്, നാം ജാഗ്രതയായിരിക്കേണ്ട സമയമാണ്. ആഭരണധാരണം ബ്രദരുകാരുടെ ഇടയില്‍ നടപ്പിലാക്കിയെ അടങ്ങൂ എന്ന വാശിയിലാണിവര്‍. മണിമന്ദിരങ്ങളും, ആഡംബര കാറുകളും, ഫാഷന്‍ വസ്ത്രങ്ങളും നമ്മുടെ ഇടയിലുണ്ട്.  ഇനി ആഭരണം കൂടി നമുക്ക് വേണം. പത്തില്‍ ഒമ്പത് തെറ്റുകളും നാം ചെയ്തു കഴിഞ്ഞു, ഈ ഒരു തെറ്റ് കൂടി നാം ചെയ്താലെന്താ എന്നാണ് ഈ അഭിനവ ‘ഹോഫ്നി ഫീനെഹാസുമാരുടെ’ വാദം. ആഡംബരം കാണിക്കുന്നതില്‍ ആഭരണ വാദികള്‍ തന്നെയാണ് മുമ്പില്‍ എന്ന് സൂക്ഷ്മതയോടെ ശ്രദ്ധിച്ചാലറിയാം.

സഭയില്‍ സമ്പന്നത പ്രവേശിച്ചപ്പോളെപ്പോഴോ പ്രവാചക ശബ്ദം നിലച്ചു പോയതുകൊണ്ട് സംഭവിച്ച അപചയങ്ങളെപ്പോലും മറ്റൊരു പാപത്തിനു വേണ്ടി കൂട്ട് പിടിക്കുന്നു. ഒരു പരിധി വരെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന വിടവ് പിടിച്ചു നിര്‍ത്തുന്നതില്‍ ആഭരണ വര്‍ജ്ജനത്തിലെ ഐക്യത(uniformity) നമ്മുടെ പ്രാദേശിക സഭകളെ സഹായിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല.

ഒരുപക്ഷേ വിദേശ സന്ദര്‍ശന വിസകളോ, സ്വര്‍ണ വിരലുള്ളവരുടെ കനമുള്ള കൂട്ടായ്മയോ കണ്ടിട്ട് ആയിരിക്കാം ‘മരുഭൂമിയില്‍ വിളിച്ചു പറയേണ്ടവര്‍’ മൌനമായിരിപ്പാന്‍ കാരണം. “ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല. നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.”(പുറപ്പാട് 33:4-5).  അവര്‍ സ്വയം വര്‍ജ്ജിച്ചു, മാത്രമല്ല തേജോമയനായ ദൈവം അരുളിച്ചെയ്കയും ചെയ്തു. പ്രവാചകന്മാരോട് സംസാരിച്ച ദൈവം മാറ്റമില്ലാത്തവന്‍, അനന്യന്‍ എന്ന് മനസ്സിലാക്കാത്തവരാണ് പലപ്പോഴും അവിടവിടെ ഒളിച്ചും പാത്തും തുടങ്ങുകയും,  പിന്നീട് പരസ്യമായും ആഭരണം ധരിക്കുവാനും ഉള്ള പ്രവണതയില്‍ പതിച്ചത്. നമ്മുടെ ദൈവം കലക്കത്തിന്റെ ദൈവമല്ല, പരസ്പര വൈരുദ്ധ്യതയും അവനിലില്ല. ആഭരണം നീക്കികളക എന്ന് കല്‍പിച്ച ദൈവം പിന്നീട് ഏതെങ്കിലും വേദഭാഗത്തു ആഭരണം അണിയുക എന്ന് കല്പിച്ചിട്ടുണ്ടോ? നമ്മുടെ ഇടയില്‍ തല പൊക്കുന്ന ആഭരണാനുരാഗികള്‍  പുറപ്പാട് പുസ്തകത്തില്‍ കണ്ട ദുശ്ശാഠ്യമുള്ള ജനത്തിന്റെ പ്രതിനിധികള്‍ ആണെന്ന കാര്യത്തില്‍ സംശയമുണ്ടോ ?

“അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.”(പുറപ്പാട് 33:6) സ്ഥലവും സമയവും വ്യക്തമാക്കിയിരിക്കുന്ന ഒരു വാക്യം ആര്‍ക്കു തള്ളിക്കളയാനാവും? അന്ന് തുടങ്ങി ഒരു കൂട്ടര് ധരിക്കാതിരിക്കാന്‍ തുടങ്ങിയതാണ്‌. ഈ നൂറ്റാണ്ടില്‍ ബ്രദരുകാരും, വേര്പാടുകാരും ഗവേഷണം നടത്തി കണ്ടെത്തിയ ഒരു അനാവശ്യ ആചരണം അല്ല ഇത്. ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ഏഴായിരം പേരെ ശേഷിപ്പിച്ച ദൈവം (1 രാജ 19:18)എല്ലാ കാലഘട്ടത്തിലും സുബോധമുള്ള, ഭക്തിയുള്ള ഒരു ശേഷിപ്പിനെ സൂക്ഷിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്., ദൈവത്തേക്കാള്‍ മിടുമിടുക്കന്മാരാകാന്‍ ശ്രമിച്ചു പട്ടു പോയവര്‍ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു എന്നും നാം വിസ്മരിക്കരുത്. ദൈവം തെരഞ്ഞെടുത്ത ജനത്തിന്റെ ശരീരത്തില്‍ നിന്ന് ഉരിഞ്ഞു കളഞ്ഞത് വീണ്ടും ഇടുവിക്കാന്‍, മനസ്സില്‍ ആലോചന നിറച്ചിരിക്കുന്നവരെ അധികാരപ്പെടുത്തിയത് ഈ ലോകത്തിന്റെ ദൈവം (സാത്താന്‍) (2 കോരി 4:4) അല്ലാതെ മറ്റാരാണ്‌? ഇസ്രായേലില്‍ ഒരുത്തന്‍ ആഭരണം വീണ്ടുമണിയിപ്പിക്കാന്‍ ശ്രമിച്ചു, അവന്റെ അന്ത്യത്തിങ്കല്‍ പരിഭ്രമം പിടിച്ചു എന്നെ കൊല്ലേണം എന്ന് ആവ്ശ്യപ്പെട്ട ഗതികേടിലായി. ആ അഭിഷിക്തന്റെ പേര് ശൌല്‍ എന്നായിരുന്നു (2 ശമുവേല്‍ 1:9,24). ദൈവം വിളിച്ചു വേര്‍തിരിച്ച (പ്രത്യേക ഉദ്ദേശ്യത്തിനായി) സഭാംഗങ്ങള്‍ ആഭരണ ധാരണത്തില്‍ നിന്ന് അകന്നിരിക്കുന്നത് തന്നെയാണ് ഉത്തമം.

യെശയ്യാവ് 3:16-26 വരെ വായിക്കുമ്പോള്‍ ആഭരണധാരണത്തിലൂടെ ദൈവത്തെ വെല്ലുവിളിച്ച ഇസ്രായേല്‍ ജനത്തെ, ദൈവ വഴികളെ വിട്ടുകളഞ്ഞതിന്റെ പേരില്‍ ജാതികള്‍ക്കു അടിമകളായി എല്പിക്കുന്നതായി നാം കാണാം. ഈ ഭാഗത്ത്‌ വിവരിച്ചിരിക്കുന്ന ആഭരണങ്ങളെ കൂടാതെ ഏതെങ്കിലും ആഭരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ ആവോ?  ദൈവം സകലവും അറിയുന്നു, സ്വര്‍ണവിരലുകാരുടെ വിചാരം അത് ദൈവത്തിന്നറിയാന്‍ വയ്യെന്നാണോ? അവനു കാണാന്‍ കഴിയില്ലെന്നോ? ആഭരണങ്ങള്‍ “യഹോവ നീക്കിക്കളയും” എന്ന് തന്നെയല്ലേ അവിടെ എഴുതിയിരിക്കുന്നത്? ഇന്നും ലോകത്തിനു വില്‍ക്കപ്പെട്ട ചില വേര്‍പാടുകാര്‍ ആഭരണോപദേശം വിളമ്പുകയാണ്, അല്പാല്പം അണിഞ്ഞു ദുര്‍മാതൃക കാണിക്കുകയാണ്.

പിന്നീട് യിരമ്യാവ് 4:30,31 ല്‍ വീണ്ടും ഈ ആഭരണഭ്രമം കാണുന്നു. പ്രാണഹാനിയിലേക്കും, പ്രാണന്റെ ക്ഷയത്തിലെക്കും അത് നയിക്കുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അകത്തെ മനുഷ്യന്‍ ക്ഷീണിച്ചതിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ് ആഭരണക്കമ്പം വെളിപ്പെടുത്തുന്നത്. കൈവിരലിലെ സ്വര്‍ണ വളയമോ, വിലയേറിയ വസ്ത്രങ്ങളോ വിശുദ്ധിയുടെ ലക്ഷണമായി ദൈവവചനത്തില്‍ കാണുന്നില്ല. ദൈവത്തിന്റെ സ്വന്ത ജനം എന്ന കീര്‍ത്തി ഇസ്രായേലിനെ ദൈവം അണിയിച്ചു, എന്നാല്‍ അവര്‍ വെര്‍പെട്ടിരിക്കാതെ ജാതികളുമായി ഇടകലര്‍ന്നു, ആഭരണമണിഞ്ഞു തന്നെത്താന്‍ അലങ്കരിച്ചു വ്യഭിചരിക്കുവാനിടയായി. നമുക്ക് തിരികെ വേണ്ടത് വേര്‍പെട്ടവര്‍ എന്ന സല്‍കീര്‍ത്തിയാണ്,  ആഭരണം ധരിക്കാത്തതിന്റെ നിന്ദ വലിയ ധനമായി നമുക്കേറ്റെടുക്കാം, വചനത്തില്‍ നിന്ന് നമുക്ക് കിട്ടിയ വെളിച്ചത്തെ പാശ്ചാത്യ അനുകരണത്തിന്റെ പേര് പറഞ്ഞു നാം കെടുത്തി കളയരുത്. പാശ്ചാത്യരുടെ ഡേറ്റിംഗ്(dating), അല്‍പ വസ്ത്രധാരണം എന്നിവയുമായും ഈ സമ്മിശ്ര ജാതിക്കാര്‍ സമരസപ്പെട്ടുവോ?  ’വിശ്വാസികളുടെ’ മക്കള്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയാല്‍  മാതാപിതാക്കള്‍ അതിനു ‘ചൂട്ടു’ പിടിച്ചു കൊടുക്കുമോ?

പുതിയനിയമ ഉപദേശവും മാതൃകകളും പുലര്‍ത്തുന്ന വിദേശത്തുള്ള ‘സ്വദേശീയ’ സ്ഥലംസഭകളെല്ലാം തന്നെ(സായ്പന്മാരുടെ സഭയിലും ) അവരുടെ നാട്ടിലെ നാട്ടു നടപ്പുകളായ ഡേറ്റിംഗ്(dating), അല്‍പ വസ്ത്രധാരണം, തുടങ്ങി സംസ്കാരത്തിന്റെ ഭാഗമായത് (പല രാജ്യങ്ങളിലും പലതായിരിക്കാം) എന്ന് നാം പറയുന്ന എല്ലാറ്റിനെയും തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. കര്‍ത്താവിനായി വേര്‍പെട്ടു ജീവിക്കുന്നവരുടെ, ത്യാഗത്തിന്റെയും. വിശുദ്ദിയുടെയും പ്രതിഫലനം പ്രാദേശീക സഭയില്‍ യേശു കര്‍ത്താവിന്‍റെ നാമം ഉയര്‍ത്തപ്പെടുന്നു. എന്നതിന് നമ്മളില്‍ പലരും സാക്ഷികളാണല്ലോ. എന്നാല്‍ ഇതിനു വിപരീതമായി ‘അതിരുകള്‍ വിശാലമാക്കിയ’ സഭകള്‍ നാശത്തിലേക്ക് പോയ  ചരിത്രം നമ്മുക്ക് ഒരു പാഠമാകേണ്ടതാണ്.

സെക്കുലര്‍ ലോകത്തെ എഴുത്തുകാരും കവികളും സാമൂഹ്യ പ്രവര്‍ത്തകരുമായ പലരും സ്വര്‍ണത്തെ ധരിക്കാതെ ഈ ഭ്രമം ഒരു സാമൂഹ്യവിപത്താണെന്ന് ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും നമ്മില്‍ ചിലര്‍ മാത്രമെന്തേ ഈ വിവരക്കേട് എഴുന്നള്ളിക്കുന്നത്??? മിസ്രയീമില്‍ വച്ച് വില കൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുളി എന്നിവയെ ഓര്‍ത്ത്‌ മരുഭൂമിയില്‍ നശിച്ചു പോയ ജനം പിറുപിറുത്ത പോലെ തന്നെ, ഒരിക്കല്‍ വിട്ടത് വീണ്ടും വേണമെന്ന്..  ആത്മീയമായ മന്നയും, കാടപ്പക്ഷിയുടെ ഇറച്ചിയും(കട്ടിയായ ആഹാരം) വായില്‍ ഇരിക്കെ തന്നെ നാം എന്തിനു പിറുപിറുക്കണം. അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.(യെഹെസ്കേല്‍ 23:49) പരിണിത ഫലം, ദൈവത്തെ അറിയാത്ത ഒരു തലമുറയിലൂടെ നാം കാണേണ്ടി വരും, ചരിത്രം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. ആഭരണം അണിയുന്നത് ജാരന്മാരെ, രഹസ്യ കാമുകന്മാരെ ആകര്‍ക്ഷിക്കുന്നതിനാണ് എന്ന് ദൈവവചനം പറയുന്നു. യഹോവയിങ്കല്‍ എകാഗ്രചിത്തന്മാരായിരിക്കുന്ന, ഏകപുരുഷന്റെ നിര്‍മ്മല കന്യകയായിരിക്കുന്ന നമ്മുക്കെന്തിനാണ് ആഭരണം?? ദൈവത്തിന്റെ മര്യാദകള്‍ നമ്മുടെതാക്കാം.

‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായി ത്തീർന്നിരിക്കുന്നുവല്ലോ’ (എബ്രായര്‍ 3:12-14 )

ഭ്രാന്ത് ചികിത്സിച്ചു ഭേദയവര്‍ക്ക് വീണ്ടും ഭ്രാന്ത്‌ വരാം. എന്നാല്‍ ചങ്ങലക്ക്‌ ഒരിക്കലും ഭ്രാന്ത് വരാറില്ല. അതും പത്തരമാറ്റിന്‍റെ ഭ്രാന്ത്‌, 22 കാരറ്റിന്റെ ഭ്രാന്ത്.

ഒരു വാക്ക് കൂടി, പുതിയതായി വിശ്വാസത്തില്‍ വന്നവരോ, ആഭരണ വര്ജനം എന്ന ബോദ്ധ്യം ലഭിക്കാത്ത പുതുവിശ്വാസികളോ ഞങ്ങളുടെ മേലെഴുത്തിന്റെ പരിധിയില്‍ വരുന്നില്ല.

Filed in: ആഭരണം, ദുരുപദേശ ഖണ്ഡനം, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.