രാഷ്ട്രീയ പ്രവര്‍ത്തനം വിശ്വാസിക്ക് യോഗ്യമോ? രാഷ്ട്രീയവും ആത്മീയവും തമ്മില്‍ ഒരു മുഖാമുഖം !

അടുത്ത കാലത്ത് നടന്ന ഒരു ‘ടീന്‍സ് ക്യാമ്പില്‍’ ചോദ്യോത്തരസമയത്ത് ഒരു കൌമാരക്കാരന്‍റെ ചോദ്യം ഇതായിരുന്നു, “വിശ്വാസികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ശരിയോ?”  ലീഡറിന്‍റെ ഉത്തരം ഉടനെ തന്നെ വന്നു,  “അത് രാഷ്ട്രനിര്‍മാണമാണ്, അതുകൊണ്ട് രാഷ്ട്രീയത്തിലെര്‍പ്പെടാം”. കര്‍ത്താവിന് വേണ്ടി വേര്‍തിരിക്കപ്പെട്ട ഭക്തന്മാരെ വേണം ലീഡര്‍മാരാക്കാന്‍, വെറും കരിയര്‍ ഗൈഡന്‍സ്കാരെ അല്ല എന്ന് ‘ഭാരവാഹികള്‍’ പുനര്‍വിചിന്തനം ചെയ്‌താല്‍ നന്നായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയും, ചാനലുകളും മറ്റും സജീവമായപ്പോള്‍ രാഷ്ട്രീയം അല്പം കൂടി വലിയ ക്യാന്‍വാസിലായി. വിശ്വാസികളുടെവരെ  ചിന്താധാരയിലേക്ക് ഇടിച്ചു കയറുന്ന തരത്തിലുള്ള സംവാദങ്ങളും  ഗ്വാ, ഗ്വാ വിളികളും മറ്റും ഒരു പരിധി വരെ അവരെ അതിലേക്കു ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.

 

വിശ്വാസികളായ നാം ഈ ലോകത്തില്‍ ആരാണ്?, ഈ ലോകം നമ്മുക്ക് എന്താണ്?,  ദൈവവചനം നമ്മെ ഓര്പ്പിക്കുന്നത് ഈ ലോകവ്യവസ്ഥിതിയും, ലോകത്തിന്റെ തത്വങ്ങളും നമ്മുടെ  P1ദൈവത്തിനെതിരാണ് എന്നുള്ളതാണ്. ജീവിക്കാനുള്ള കുതിച്ചോട്ടത്തില്‍ നാം നമ്മുടെ സ്ഥാനവും പദവിയും  മറന്നു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരക്കംപാച്ചിലിന്‍റെ കിതപ്പിനിടയില്‍ ദൈവവചനം എന്തു പറയുന്നു എന്നത് നമുക്ക് ശ്രവിക്കാം. “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ 14:17) ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.(യോഹ 15:18-21) ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.(1 യോഹ 2:15-16)

 

വിശ്വാസികളായ നാം ഈ ലോകത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടവരാണ്  “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു”. (യോഹ 17:6) “ഞാൻ അവർക്കു നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.” (യോഹ 17:14) “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.“ (യോഹ 17:16) “ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചത്” (അപ്പൊ 15:14)

 

കാല്‍വരിയിലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശ് നമ്മെയും ലോകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” (ഗലാ 6:14). നാം ഈ ലോകത്തില്‍ ‘വേര്‍പെട്ടു’ ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; (2 കോരി 6:17). ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ (റോമര്‍ 12:2). വിശ്വാസികള്‍ സ്വര്‍ഗീയപൌരന്മാരാണ്. ”നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.(ഫിലി 3:20). നമ്മുടെ താല്പര്യങ്ങള്‍ സ്വര്‍ഗീയമായ കാര്യങ്ങളെപ്പോലെതന്നെ ആത്മീയഔന്നത്യമുള്ളതായിരിക്കണം എന്ന് നാം ഉറപ്പു വരുത്തണം. “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” (കോലോ 3:2)   യോഹന്നാന്‍ 15:19 സ്പഷ്ടമായി പറയുന്നു, നാം “ലോകക്കാര്‍ അല്ല “, നാം ഫലം കായ്ക്കെണ്ടതിനു ഈ ലോകത്തില്‍ നമ്മെ ആക്കി വച്ചിരിക്കുന്നു. നമ്മുക്ക് ഈ ലോകത്തില്‍ വലിയ ഉത്തരവാദിത്ത്വങ്ങള്‍ ഉണ്ട്, രാഷ്ട്രീയകാലാവസ്ഥ മാറിയും മറിഞ്ഞും വരുമ്പോള്‍ നാം എങ്ങനെയാണ് ഈ ലോകത്തെ സ്വാധീനിക്കാന്‍ പോകുന്നത്….

 

നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തില്‍ ഏതുതലം വരെ നമ്മുക്ക് ഇടപെടാം എന്നതിന് “ദൈവത്താലല്ലാതെ ഒരു അധികാരവുമില്ല; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.(റോമര്‍ 13:1) എന്നുള്ള ബോദ്ധ്യവും തിരിച്ചറിവുമായിരിക്കണം നമ്മെ ഭരിക്കേണ്ടത്.

 

P4രാഷ്ട്രീയത്തില്‍ വളരെ ആക്ടിവ് ആയി ഇടപെടുന്നവര്‍ പല ന്യായങ്ങള്‍ മുന്നോട്ടു വെക്കാറുണ്ട്. വിശ്വാസികളായ ചില പുരുഷന്മാരും സ്ത്രീകളും സമൂഹത്തിന്‍റെ പുരോഗതിക്കായി ക്രിസ്തീയമൂല്യങ്ങളെ ഉപയോഗിച്ചിട്ടുണ്ട്, ക്രിസ്ത്യാനികള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വമുണ്ട്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട്കൊണ്ട് വിശ്വാസികള്‍ക്ക് ക്രിസ്ത്യാനികള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകും, രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നമ്മുക്ക് സമൂഹത്തെ സ്വാധീനിച്ചു സുവിശേഷവല്‍ക്കരിക്കാം തുടങ്ങിയ അനേകം ‘ന്യായവാദങ്ങള്‍’ കേള്‍ക്കുവാന്‍ കഴിയും. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ മനസ്സിലുള്ളത് നല്ല ഉദ്ദേശ്യമായിരിക്കാം. എന്നാല്‍ വിശ്വാസികള്‍ക്കുള്ള മാര്‍ഗദര്‍ശനം മാറ്റമില്ലാത്ത ദൈവ വചനമാണ്. അത് എന്തുമായിട്ടും ഏതുമായിട്ടും, എങ്ങനെയുമൊക്കെ അനുനയിച്ചു പോകുന്നതോ, മാനുഷികയുക്തിക്ക് കീഴടങ്ങുന്നതോ അല്ല. ദൈവവചനത്തിന്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ് എന്ന  തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം.

 

ഒരു ജനാധിപത്യസംവിധാനത്തില്‍ വിശ്വാസികളുടെ ഉത്തരവാദിത്വമെന്താണ്??

വിശ്വാസികള്‍ക്ക് പ്രധാനമായും ദൈവവചനം അനുവദിക്കുന്ന മൂന്നു ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനുള്ള കടപ്പാട് ഉണ്ട്.

 

കീഴടങ്ങിയിരിക്കുക: റോമര്‍ 13:1 പറയുന്ന പോലെ കിസ്ത്യാനികള്‍ “ശ്രേഷ്ടാധികാരങ്ങള്‍ക്ക് കീഴടങ്ങട്ടെ”. ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്ന അധികാരങ്ങള്‍ക്ക് നാം കീഴ്പെട്ടിരിക്കണം. അത് നമ്മുടെ പാര്‍ട്ടി ആണെങ്കിലും എതിര്‍ പാര്‍ട്ടി  ആണെങ്കിലും, ഇടതന്‍ ആണെങ്കിലും വലതന്‍ ആണെങ്കിലും, വര്‍ഗീയ പാര്‍ട്ടി ആണെങ്കിലും നാം കീഴടങ്ങണം. ഏകദേശം സമാനമായ ഒരു വാക്യമാണ് തീത്തോസ് 3:1. “വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകല സല്പ്രവൃതിക്കും ഒരുങ്ങിയിരിപ്പാനു” മാണ് വിശ്വാസികളോട്  പൌലോസ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിശ്വാസികള്‍ക്ക് രാജ്യത്തോടും ഭരണാധികാരികളോടും ഉള്ള കടപ്പാട് കീഴടങ്ങിയിരിക്കുക എന്നുള്ളതാണ്. അതായത് ഏത് പാര്‍ട്ടി ഭരിച്ചാലും കീഴടങ്ങിയിരിക്കുക. ഒരുപക്ഷെ അവരുടെ ജീവിതത്തെയോ, നയത്തെയോ നാം വെറുക്കുന്നുണ്ടാകാം. അവര്‍ പാസ്സാക്കുന്ന നിയമങ്ങളോട് നമ്മുക്ക് യോജിപ്പുണ്ടായില്ലെങ്കിലും, ദൈവവചനം അനുസരിക്കുന്നതിനു നമ്മുക്ക് തടസ്സം ഉയരാത്തിടത്തോളം നാം അവരുടെ അധികാരത്തോട് കീഴടങ്ങിയിരിക്കേണ്ടതാണ്. പത്രോസ് അപ്പസ്തോലന്‍ തന്റെ ഒന്നാം ലേഖനത്തില്‍ പറയുന്നതും കുറിക്കുകൊള്ള്ന്നത് തന്നെ. “ സകല മാനുഷനിയമത്തിനും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍” 1 പത്രോസ് 2:13 മുതല്‍ 17 വരെ വായിക്കുക.

 

പ്രാര്‍ഥിക്കുക: “സകല അധികാരസ്ഥന്മാര്‍ക്ക്” വേണ്ടിയും നാം പ്രാര്‍ഥിക്കണം. (1 തിമോത്തി 2:1-2). പ്രകീര്‍ത്തിക്കലും, പക്ഷം പിടിക്കലും, പിറുപിറുക്കലും മറ്റും  ചെയ്യുകയെന്നതാണ് നമ്മുടെ P7ജഡത്തിന്റെ വാസന. എന്നാല്‍ നാം ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ടോ? അധികാരം കൈയ്യാളുന്നവരുടെ പ്രവൃത്തികള്‍, നമ്മെ നമ്മുടെ കര്‍ത്താവിനു വേണ്ടി ജീവിക്കുന്നതിനും അവനെ സേവിക്കുന്നതിനും തടസ്സം വരുത്താതിരിക്കാന്‍ നമ്മുക്ക് പ്രാര്‍ഥിക്കാം. ഇന്ന് ചില രാഷ്ട്രീയ പാര്‍ടികളുടെ ആശയങ്ങളെയും, മറ്റും പരസ്യമായി അനുഭാവം പ്രകടിപ്പിക്കുകയും, മറ്റു രാഷ്ട്രീയക്കാരെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്ന പ്രിയ വിശ്വാസികളെ ഇവര്‍ക്കൊക്കെയും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നുണ്ടോ?

 

നികുതി കൊടുക്കുക: നിയമപ്രകാരമുള്ള നികുതികള്‍ അടക്കുന്നതിനു ദൈവവചനം നമ്മെ നിഷ്കര്‍ഷിക്കുന്നു. “നികുതി കൊടുക്കേണ്ടവന് P8നികുതി” (റോമര്‍ 13:6-7) എന്ന് കല്പിക്കുന്നതിലൂടെ നികുതിവെട്ടിപ്പ് വിശ്വാസിക്ക് ചേര്‍ന്നതല്ല എന്നും ദൈവവചനം വ്യക്തമാക്കുന്നു. “കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിന്‍” (മത്തായി 22:21) എന്നും പറഞ്ഞ നമ്മുടെ കര്‍ത്താവിനെ നമ്മുക്ക് അനുസരിക്കാം. വിശ്വാസികള്‍ നികുതി വെട്ടിച്ചു ലഭിക്കുന്ന ലാഭ വീതം, സുവിശേഷകന്മാര്‍ക്കും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും കൊടുത്തു ദൈവത്തെ പ്രസാദിപ്പിക്കുവന്‍ ശ്രമിക്കുന്ന ചിലരെ ‘വേര്‍പെട്ട’ വിശാസികള്‍ തിരിച്ചറിയുകയും ഉപദേശിക്കുകയും ചെയ്യേണം.

ദൈവവചനത്തില്‍ വ്യക്തമായി കല്പിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് ആവില്ല. ”ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമല്ല”. (അപ്പൊ 4:19).” മനുഷ്യരേക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു ”(അപ്പൊ 5:29) എന്നാണു അപ്പസ്തോലികഉപദേശം.

 

ഒരു വിശ്വാസി ഒരിക്കലും ഒരു രാജ്യദ്രോഹിയോ കലാപകാരിയോ ആകുന്നില്ല എന്ന പോലെ തന്നെ അവന്‍ ഒരു രാഷ്ട്രീയക്കാരന്‍ ആയിരിക്കുന്നതും  യോഗ്യമല്ല. “മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്” (സാദൃശ 24:21).

 

രാഷ്ട്രീയം വെറും മാനുഷിക ചിന്തയാണ്, അത് ഒരിക്കലും ക്രിസ്തീയതത്വങ്ങളോട് യോജിച്ചുപോകയില്ല. രാഷ്ട്രീയപ്രവര്‍ത്തനതിലൂടെയോ, പ്രക്രിയയിലൂടെയോ വിശ്വാസികള്‍ ഭരണതലത്തില്‍ ഒരു സ്വാധീനമാകുന്നത് പുതിയനിയമത്തില്‍ നമ്മുക്ക് കാണാനാകുകയില്ല. വിശ്വാസികളായവര്‍ അധികാര, സ്ഥാനമോഹികളായി പ്രവര്‍ത്തിച്ചാല്‍ ലോകത്തിന്റെ P2അഴിമതിയില്‍ കുരുങ്ങി സാക്ഷ്യം നഷ്ടപ്പെടുത്തി, ക്രിസ്തുവിനു അപമാനമായി തീരുവാന്‍ സാദ്ധ്യതയുണ്ട്. പട ചേര്‍ത്തവനെ പ്രസാദിപ്പിക്കുക (2 തിമോത്തി 2:4) എന്ന പ്രാഥമികദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. ആദിമനൂറ്റാണ്ടിലെ സാമൂഹ്യ പശ്ചാത്തലം അതിഭീതിതമായിരുന്നുവെങ്കിലും സഭാംഗങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സാമൂഹ്യപരിഷ്കരണമോ, സാമൂഹ്യനവോദ്ധാനമോ നടത്തിയതായി നാം ദൈവവചനത്തില്‍ കാണുന്നില്ല. ആദിമസഭ അവലംബിച്ച ഏകമാര്‍ഗ്ഗം സുവിശേഷത്തിലൂടെ വ്യക്തികള്‍ക്കുണ്ടാകുന്ന ആന്തരികമാറ്റവും, അത് മുഖാന്തിരം അവരുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട  ബാഹ്യമായ ക്രമീകരണവുമാണ്. അതുതന്നെയാണ് നാമും ലക്‌ഷ്യം വക്കേണ്ടത്. ഉദാഹരണത്തിന് അന്നുണ്ടായിരുന്ന അടിമവ്യവസ്ഥക്ക് എതിരെ വിശ്വാസികളോ, സഭയോ ക്യാമ്പയിന്‍ നടത്തിയില്ല. അവര്‍ സത്യസുവിശേഷം പ്രസംഗിക്കുകയായിരുന്നു. സുവിശേഷം വ്യക്തികളില്‍ ഉണ്ടാക്കിയ മാറ്റമാണ്, അടിമകളെ തുല്യരായി കാണുന്നതിനും ഒരപ്പത്തിന്റെ കൂട്ടവകാശികള്‍ ആയി പ്രഖ്യാപിച്ചതും. “നമ്മുടെ പൌരത്വമോ സ്വര്‍ഗത്തില്‍ ആകുന്നു. അവിടെ നിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന്  നാം കാത്തിരിക്കുന്നു” (ഫിലി 3:20). ആകയാല്‍  നാം ഈ ലോകത്തിനു അന്യരാണ്. അതോടൊപ്പം ഈ ലോകത്തില്‍, ലോകം ക്രൂശിച്ച ക്രിസ്തുവിന്റെ പ്രതിനിധികളാണ് നാം. സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ (ഫിലി 3:27) എന്നത് നമ്മെ ഏകമനസ്സോടെ സുവിശേഷത്തിന്‍റെ അടര്‍ക്കളത്തിലേക്കാണ് നയിക്കേണ്ടത്, നേരെമറിച്ച് രാഷ്ട്രീയത്തിന്റെയും  തിരഞ്ഞെടുപ്പിന്റെയും ഗോദകളിലേക്കല്ല.

 

നമ്മെ വചനം വിശേഷിപ്പിക്കുന്നത് “ക്രിസ്തുവിന്റെ സ്ഥാനാപതികള്‍” (2 കോരി 5:20, എഫെ 6:20) എന്നാണ്. അന്തസ്സോടെ പെരുമാറുന്ന അംബാസഡര്‍മാരാരും തങ്ങള്‍ താല്‍കാലികമായി ആക്കിയിരിക്കുന്ന രാജ്യത്ത് രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. ഈ ലോകത്തിന്‍റെ രാഷ്ട്രീയചെളിക്കുണ്ടില്‍ ചിലവിടാനുള്ളതല്ല നമ്മുടെ കര്‍ത്താവിനെ സേവിക്കാനുള്ള സമയവും, നമ്മുടെ പരിശ്രമങ്ങളും. ജനാധിപത്യസംവിധാനമാണ്  പൂര്‍ണ്ണശരി  എന്ന് ആരും തെറ്റിദ്ധരിക്കരുത്, എത്ര വലിയ സത്യത്തെയോ, ശരിയായ അധികാരത്തെയോ, ധാര്‍മ്മികമൂല്യത്തെയോ ജനാധിപധ്യത്തില്‍ ഭൂരിപക്ഷം കൊണ്ട് അട്ടിമറിക്കുന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. വചനവിരുദ്ധമായ സ്വവര്‍ഗവിവാഹത്തെയും മറ്റും  വികസിത രാജ്യങ്ങള്‍ സാധൂകരിക്കുന്നത്‌ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ്.

 

റോമപൌരന്‍ എന്ന നിലയില്‍ പൌലോസ് നിയമപരമായ സംരക്ഷണം അവകാശപ്പെട്ടു, എന്നാല്‍ അദ്ദേഹം ഒരിക്കലും രാഷ്ട്രീയ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയോ, അതിനു വിശ്വാസികളെ ഉപദേശിക്കുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. (അപ്പൊ 22:25-29). ഒരു രാജ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യമോ പദ്ധതിയോ നമ്മുക്കറിയാത്തതിനാല്‍ അതിന്‍റെ ദിശ തിരിക്കുവാന്‍ നാം ശ്രമിക്കുന്നത് ഉചിതമാണോ? “എന്റെ രാജ്യം ഐഹികമല്ല” (യോഹ 18:36) എന്ന് പറഞ്ഞ നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകളെ അവഹേളിക്കുന്നതല്ലേ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനം എന്ന ഐഹിക പോരാട്ടം. നമ്മുടെ കര്‍ത്താവ് രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. തന്‍റെ ജനം അനുഭവിച്ചിരുന്ന, സഹിച്ചിരുന്ന അനീതി അവനറിയാമായിരുന്നു (ലൂക്കോസ് 13:1-3). അടിമത്തം അവസാനിപ്പിക്കലും സാമൂഹ്യപരിവര്‍ത്തനവും കര്‍ത്താവ് നടത്തിയില്ല. അവന്‍ തന്നെ അനുഗമിക്കുന്നവര്‍ക്ക്‌ മുന്നില്‍ വച്ചിരിക്കുന്ന മാതൃക വിനയത്തിന്റെയും, താഴ്മയുടെയും അനുസരണത്തിന്റെയുമാണ്. കപട രാഷ്ട്രീയത്തിന്റെയും, ആശ്രിതസ്തുതിപാഠകരുടെയും, സാന്നിദ്ധ്യ ബോധത്തിലെ അധികാരലഹരി താല്‍കാലികസുഖം മാത്രം.

 

ഈ ലോകത്തെ പുരോഗമിപ്പിക്കുന്നതിനുള്ള  ഒരു സന്ദേശമല്ല സുവിശേഷം, അത് രക്ഷ വാഗ്ദാനം ചെയ്യുന്നതാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കി, രാഷ്ട്രീയപ്രചരണങ്ങളില്‍ Politics5പങ്കെടുത്തു, രാഷ്ട്രീയപാര്‍ട്ടികളുടെ പദവികള്‍ അലങ്കരിച്ചു, ഒരു വോട്ട് ബാങ്ക് ആയി വില പേശാം എന്നൊക്കെ പറഞ്ഞു ഇണയില്ലാപ്പിണ  ചേരാന്‍ ആരെങ്കിലും നമ്മെ ഉപദേശിക്കുന്നുവെങ്കില്‍ അത് കര്‍ത്താവിന്റെ ശിഷ്യന്മാരുടെ വഴിയല്ല എന്ന് മറുപടി നല്‍കാനുള്ള ആര്‍ജ്ജവം നമുക്കുണ്ടായിരിക്കണം. നമ്മുടെ ആത്മീയ പദവിയും നമ്മുടെ മുന്ഗണനയും നമ്മുക്ക് മറക്കാതെ രാഷ്ട്രീയപങ്കാളിത്തത്തില്‍ നിന്ന് അകന്നുനിന്ന് ഈ ലോകത്തില്‍ ക്രിസ്തുവിന്റെ സാക്ഷികള്‍ ആകാം. ഈ ലോകവഴികളില്‍ നിന്ന് ഒഴിഞ്ഞു നിന്ന് നമ്മുക്ക് നമ്മുടെ വിശ്വാസം വചനാനുസാരം മാത്രം എന്ന് ജീവിച്ചുകാണിക്കാം. ബാലറ്റ് വിപ്ലവമല്ല, പ്രാര്‍ത്ഥനനയിലൂടെയുള്ള ഒരു സ്വാധീനമാണ് നാം ആകേണ്ടത്. ആത്മീയഗോളത്തില്‍ പേരിനും പ്രശസ്തിക്കും പണത്തിനും സ്ഥാനത്തിനും വേണ്ടി ചാണക്യതന്ത്രങ്ങള്‍ പയറ്റുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ നുഴ്ഞ്ഞുകയറ്റക്കാരനും, പതിരും, കളയുമാണെന്നു തിരിച്ചറിയുക. ആത്മീയത്തില്‍ കുതന്ത്രങ്ങളും കുറുക്കുവഴികളുമില്ല, വചനപഠനവും പ്രാര്‍ഥനയും അനുസരണവും മാത്രം. ഈ ലോകത്തില്‍ ഇടിമുഴക്കത്തിന്റെ വസന്തങ്ങള്‍ നമ്മുക്ക് മോഹിക്കാതിരിക്കാം. വരുവാനിരിക്കുന്ന ലോകത്തിലെ ന്യായാധിപതിക്ക് വേണ്ടി മാത്രമാകട്ടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ….

www.sabhasathyam.com

 

 

 

Filed in: Featured, ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍, സുവിശേഷം, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.