ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ – ആരാധനയോഗത്തിന്‍റെ (അപ്പം നുറുക്കുന്ന യോഗത്തിന്‍റെ) ക്രമം (Pattern) എങ്ങനെ ആയിരിക്കണം?

P1“സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” (1 കൊരിന്ത്യര്‍ 14:39) എന്ന വാക്യമനുസരിച്ചു, ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നടക്കുന്ന അപ്പം നുറുക്കുന്ന യോഗത്തിനു വ്യക്തമായ ക്രമം ഉണ്ട്. ദൈവവചനം മാത്രമാണ് നമ്മുടെ ഏകവഴികാട്ടി, അതുകൊണ്ട് തന്നെ ആരാധനയോഗം എന്നറിയപ്പെടുന്ന പ്രസ്തുത യോഗത്തിന്റെ മാതൃകയും നമ്മുക്ക് വചനത്തില്‍ നമ്മുക്ക് കണ്ടെത്താവുന്നതാണ്.

 

1കൊരിന്ത്യര്‍ 14 അന്യഭാഷയെ സംബന്ധിച്ച നിയന്ത്രണങ്ങള്‍ വിവരിക്കുന്നു എങ്കിലും, ആരാധനയോഗക്രമം കൂടി നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്, അതിന്റെ വാക്യം 16 ല്‍ “സ്തോത്രം ചൊല്ലിയാല്‍” വാക്യം 17 ല്‍ “ നന്നായി സ്തോത്രം ചൊല്ലിയാല്‍” എന്നും നാം കാണുന്നു. ഇവയെ അദ്ധ്യായം 10:16 മായി ബന്ധിപ്പിച്ചാല്‍ “ നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം” “നാം നുറുക്കുന്ന അപ്പം “ എന്ന് വായിക്കുമ്പോള്‍ നമ്മുക്ക് ഓര്‍മ്മ വസ്തുക്കള്‍ നമ്മുക്ക് വ്യക്തമാണ്. 1 കോരി 14:15-17 വരെ വായിച്ചാല്‍ പ്രാര്‍ത്ഥന, പാട്ട്, സ്തോത്രം ചൊല്ലല്‍ എന്നിവ ആ യോഗത്തിന്റെ ഭാഗമാണ് എന്ന് വ്യക്തമാണ്. വാക്യം 26 സൂചിപ്പിക്കുന്നത് എല്ലാവരും ആരാധനയില്‍ ഭാഗഭാക്കാകാന്‍ ഒരുക്കത്തോടെ കടന്നു വരുന്നു എന്നുള്ളതാണ്.

 

1 കൊരിന്ത്യര്‍ 10 ല്‍ സന്ദര്‍ഭം വളരെ വ്യക്തമാണ് ദൈവത്തോടുള്ള കൂട്ടായ്മ, സഭയിലെ വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ ഒരു പാനപാത്രവും ഒരപ്പവും അത് പ്രസിദ്ധമാക്കുന്നു. 1 കൊരിന്ത്യര്‍ 11:23-29 വരെ ശ്രദ്ധയോടെ വായിച്ചാല്‍ അവിടെ ശുശ്രൂഷയുടെ ക്രമം വ്യക്തമാണ്, ആദ്യം അപ്പം നുറുക്കുകയും, പിന്നീട് പാനപാത്രം കുടിക്കുകയും ചെയ്യുക.

 

അപ്പൊ 20:7 ആഴ്ച വട്ടത്തിന്റെ ഒന്നാം ദിവസം അപ്പം മുറിക്കാനായി കൂടി വന്ന, പ്രത്യേക യോഗത്തില്‍ അപ്പം നുറുക്കല്‍ യോഗം പ്രബോധനം അഥവാ പ്രസംഗത്തോടെയാണ് അവസാനിക്കുന്നത് എന്ന് മനസ്സിലാക്കാം, ദൈവചനത്തില്‍ നിന്ന് സംസാരിക്കുന്നത് ഒരു ‘രണ്ടാം യോഗത്തിന്‍റെ’ ഭാഗമാണ് ചില ജഡീകന്മാര്‍ കരുതുന്നത്, വചനശുശ്രൂഷ രണ്ടാമത്തെ യോഗമാനെന്നും, അതില്‍ സംബന്ധിക്കണം എന്ന് നിര്‍ബന്ധമില്ല എന്നുമാണ്. ഇങ്ങനെയുള്ളവരെ മൂപ്പന്മാര്‍ ബുദ്ധിയുപദേശിക്കുകയും, നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്.

 

ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം സഭ കൂടിവരുമ്പോഴാണ് സഭയില്‍ സ്തോത്രകാഴ്ച (Offering) എടുക്കുന്നത്. 1 കോരി 16:1-2 പ്രകാരം ഭൗതികനന്മകളില്‍ നിന്ന് ദൈവത്തിനു കൊടുക്കുന്ന സ്തോത്രകാഴ്ചയും ഈ യോഗത്തിന്റെ ഭാഗമായുണ്ട് എന്നും മനസ്സിലാക്കുമ്പോള്‍ നമ്മുടെ  പിതാക്കന്മാര്‍ക്ക് ലഭിച്ച ഏകദേശചിത്രം നമ്മുക്ക് ലഭ്യമായി എന്ന് കരുതാം.

 

P1

എന്ത് പാടും, എന്ത് സ്തോത്രം ചെയ്യും, എന്ത് പ്രബോധനം പറയും എന്നുള്ളതിന്  “ എന്റെ ഓര്‍മ്മക്കായി “ കൂടി വരുന്ന നമ്മുക്ക് പുത്രനെയും, പുത്രന്റെ വീണ്ടെടുപ്പിനെയും മാത്രമേ ചിന്തിക്കാനുള്ളൂ എന്ന് മറക്കാതിരിക്കാം. മനുഷ്യഭാവനയുടെ വര്‍ണ്ണനയല്ല വചനത്തിലെ വര്‍ണനകളാണ് നമ്മുക്ക് പ്രേരകവും വര്‍ദ്ധനയുമായിരിക്കുന്നത് എന്ന് കരുതിക്കൊണ്ട്  സ്ത്രീയും പുരുഷനും ദൈവ വചനം വായിച്ചു ഒരുങ്ങി വേണം ഞായറാഴ്ച കടന്നു സഭയോഗത്തിന് പോകുവാന്‍, അതിനു സമയം കണ്ടെത്താനില്ലെങ്കില്‍ നമ്മുടെ യോഗങ്ങള്‍ വെറും “ശൂന്യയോഗങ്ങള്‍” ആയിത്തീരും. ഒരുങ്ങി പോകുന്നവര്‍ ഉറക്കംതൂങ്ങികളായി പോകില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട്,  സ്വര്‍ഗീയ ആരാധനയുടെ കേന്ദ്രമായ ‘അറുക്കപ്പെട്ട കുഞ്ഞാടിനെ’ മാത്രം ഓര്‍ക്കാം.

 

വേദഭാഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ യോഗത്തിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സ്തോത്രം ചെയ്യുന്നവര്‍ സഭയെ പ്രധിനിധീകരിച്ചാണ് ദൈവസന്നിധിയില്‍ നില്കുന്നത് എന്ന ബോധ്യം വാക്കുകളില്‍ പ്രകടിപ്പിക്കണം. അനാവശ്യമായി വലിച്ചു നീട്ടിയുള്ള ‘സാക്ഷ്യങ്ങള്‍’ നിയന്ത്രിക്കുന്നതിനു മൂപ്പന്മാര്‍ ശ്രദ്ധിക്കുന്നത് ഉചിതമാണ്. കൊച്ചിന് പനി വന്നതും, പശു കയറഴിഞ്ഞു പോയതും , സഞ്ചരിച്ച രാജ്യങ്ങളുടെയും, വഹിച്ച പദവികളുടെയുമെല്ലാം വിവരിച്ചു പറയുന്നത് സ്ഥലം സഭയുടെ അത്യന്തഭക്തിമയമായ സമയമല്ലെന്നു ഓരോരുത്തരും തിരിച്ചറിയണം.

 

പ്രാദേശീക സഭയില്‍ സന്ദര്‍ശകറായി കടന്നു വരുന്ന വിശ്വാസികളുടെ   വിവരങ്ങള്‍ ശേഖരിച്ചു, സഭയിലെ മൂപ്പന്മാരോ ഉത്തരവാദിത്വ പെട്ടവരോ അവരെ സഭാ കൂട്ടായ്മയിലേക്ക് സ്വാഗതവും ചുരുങ്ങിയ വാക്കുകളില്‍ യോഗം തുടങ്ങുമ്പോള്‍ തന്നെ പറയുന്നതാണ് ഉചിതം. പരിചയമില്ലാത്ത ഒരു സഭയില്‍ കടന്നു പോകുന്നവര്‍  സ്വന്തസഭയുടെ ഒരു കത്ത് കരുതുന്നതും ദൈവ വചനത്തില്‍ കാണുന്ന മാതൃകയാണ്. (കര്‍തൃ മേശയിലേക്ക്‌ അല്ല ‘സഭാകൂട്ടായ്മയിലേക്കാണ്’ വിശ്വാസികളെ സ്വീകരിക്കുന്നത്)

 

രാജകീയപുരോഹിതവര്‍ഗത്തിന്റെ ആരാധന, പക്വതയും ആത്മീയകുലീനത്തവും വാക്കുകളിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്നതായിരിക്കണം. വിശ്വാസികളിലെ ലോകമയത്തം അതിന്‍റെ പരമകാഷ്ടയില്‍ എത്തിനില്കുന്ന ഈ കാലങ്ങളില്‍ ആരാധന അലക്ഷ്യമാക്കുന്ന സ്വയത്തെ ഉയര്‍ത്തുന്ന വസ്ത്രധാരണം, ശരീരപ്രദര്‍ശനസ്വഭാവം എന്നിവയെ ഉപദേഷ്ടാക്കന്മാര്‍ ശക്തമായ ഭാഷയില്‍ നിരുല്‍സാഹപ്പെടുത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്‌..

 

P3ദൈവ വചനത്തില്‍ രേഖപ്പെടുത്തി തന്നിരിക്കുന്ന വാക്യങ്ങള്‍ ഉദ്ധരിക്കുകയും, മാതൃകകള്‍ തുടരുകയും ചെയ്യണം. അപ്പംനുറുക്കുന്ന യോഗത്തിന്റെ (ആരാധനയുടെ)  ഉദ്ദേശം തന്നെ കര്‍ത്താവിനെ ഓര്‍ക്കുകയാണ്  ”…..എന്‍റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു”. (1കൊരിന്ത്യര്‍   11: 23-26). പ്രബോധനത്തിലൂടെയും, സാക്ഷ്യത്തിലൂടെയും മറ്റും സ്വയത്തെ ഉയര്‍ത്തുകയും, കഥകളും, യാത്രാ വിവരണങ്ങളും, സന്ദര്‍ഭത്തിനു യോജിക്കാത്ത പാട്ടുകളും മറ്റും, യോഗത്തിന്‍റെ പ്രാധാന്യത നഷ്ടപ്പെടുത്തും. പക്വതയുള്ള സഹോദരന്മാര്‍ എന്ന് കരുതുന്നവര്‍ പോലും ചിലപ്പോള്‍ അപക്വമായി ഈ കാര്യങ്ങള്‍ ചെയ്തു വരുന്നു. നാം ഒരു സ്വയ പരിശോധന ചെയ്യുന്നത് നല്ലതാണ്.

 

തിരുവത്താഴ ശുശ്രൂഷയോടുള്ള ബന്ധത്തില്‍ മാതാപിതാക്കളുടെ മനോഭാവം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന കാര്യം തീര്‍ച്ചയാണ്.  മാതാപിതാക്കളെ കാര്യമായി സ്വാധീനിക്കുന്നവ മാത്രമേ അവരുടെ മക്കളെയും സ്വധീനിക്കുകയുള്ളൂ. ദൈവഭക്തിയുള്ള യിസ്രയേല്യര്‍ പെസഹക്കായി കാത്തിരിക്കുകയും ഏറെ തീഷ്ണതയോടും, ഭക്തിയോടും കൂടി പെസഹ ഒരുക്കുകയും ചെയ്തുപോന്നു. അപ്പോള്‍ ‘എന്തുകൊണ്ട്’ എന്ന് ചോദിക്കുന്നതില്‍ അവരുടെ മക്കളും ആകാംഷ ഉള്ളവരായി തീരുന്നു എന്ന് വ്യക്തം. ഇന്നും അതുപോലെ തന്നെയാണ്. തിരുവത്താഴ ശുശ്രുഷ വളരെ വിലമതിക്കുകയും മാതാപിതാക്കള്‍ അതീവ ശ്രദ്ധയോടും ഭക്തിയോടും കൂടി ഒരുങ്ങുകയും ചെയ്യുന്നത് അവരുടെ മക്കള്‍ കാണാനിടവന്നാല്‍ നമ്മുടെ മക്കളും അതിന്റെ അര്‍ത്ഥവും, ആവിശ്യവും എന്തെന്ന് ചോദിക്കും. അപ്പോള്‍ എത്ര ഹൃദ്യമായി അതിനെ വിവരിച്ചു കൊടുക്കാന്‍ നമുക്കാകും. അത് ഒടുവില്‍ എല്ലാവര്ക്കും അനുഗ്രഹമായി തീരുകയും ചെയ്യും. എല്ലാറ്റിനും ഉപരിയായി സഭ ഒന്നടങ്കം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനും നിയന്ത്രണത്തിനും ഏല്പിച്ചു കൊടുക്കുകയും വേണം. അപ്പോള്‍ രക്ഷിക്കപ്പെടാത്തവര്‍ ഇതിങ്കല്‍ ആകൃഷ്ടരും താല്പര്യവുമായി ദൈവം ” വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്”  എന്ന് പറയുവാന്‍ സംഗതിയാകും. 1കോരി 14:24,25. നമ്മുടെ സഭായോഗം ഈവിധം ആയിരിക്കണം.

 

സഭയില്‍ തിരുവത്താഴ സമയത്ത് നന്ദിയുടെയും, ആരാധനയുടെയും അതേ ആത്മാവില്‍ തന്നെ നാം ഭവനങ്ങളിലേക്ക് മടങ്ങുകയും വേണം. അങ്ങനെ ചെയ്താല്‍ വീണ്ടെടുപ്പിന്റെ മഹത്വവും, മധുരവും മക്കളും അറിയുവാനും, മാതാപിതാക്കളുടെ ദൈവം തങ്ങളെയും വീണ്ടെടുപ്പാന്‍ പ്രാപ്തനാണെന്ന് അവര്‍ ഗ്രഹിപ്പാനും സംഗതിയാകും. എന്നാല്‍ ഇതിനു പകരം സാധാരണ ചെയ്യേണ്ടതായ എന്തോ ഒരു കടമ നിര്‍വഹിക്കുന്നു എന്നാ നിലയില്‍ മാത്രം ഇടപെട്ടാല്‍ മക്കളെ അത് പ്രതികൂലമായി ബാധിക്കും.

 

കര്‍ത്താവിന്‍റെ മരണത്തെ പ്രസ്താവിക്കുന്ന ശുശ്രൂഷയാണ് തിരുവത്താഴം. അതോടൊപ്പം, കര്‍ത്താവു മാത്രമാണ് രക്ഷിതാവും വീണ്ടെടുപ്പുകാരനും എന്ന് ‘കര്‍ത്താവു വരുവോളം’ P4അവിശ്വസികളോട് വിളിച്ചു പറയുന്ന ഒരു സാക്ഷ്യവും ആയിരിക്കുന്നു.

 

നമ്മുടെ ആരാധന ശരിയായ രീതിയില്‍ ആയിരിക്കണമെങ്കില്‍ കാലപ്പഴക്കത്താല്‍ നമ്മുടെ ഇടയില്‍ കടന്നുകൂടിയ ചില’സ്ഥിരം’ പരിചയങ്ങളെല്ലാം നാം നിയന്ത്രിക്കേണ്ടതുണ്ട്. ആരാധന ദൈവാത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായിരിക്കണം. എല്ലാം ചന്തമായും, ഉചിതമായും എന്നുള്ള പ്രമാണം ഉള്ളപ്പോള്‍ തന്നെ ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ ചെയ്യുന്നതുപോലെ ആരാധനക്കും ‘ഒരു സ്ഥിര പ്രമാണം’ (രീതി) ഇന്ന് പല സഭകളിലും കടന്നുകൂടിയിട്ടുണ്ട്. നമ്മെ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മവാണോ എന്ന് നാം ശോധന ചെയ്യേണ്ടതാണ്.

 

തിരുവത്താഴയോഗം നമ്മുടെ ആവശ്യങ്ങളെ നിവര്‍ത്തിച്ചു കിട്ടേണ്ടതിനായി കഴിക്കുന്ന പ്രാര്‍ത്ഥന‘ (Prayer) യോഗമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ സഭയെ അറിയിക്കുന്ന സാക്ഷ്യ (testimony)യോഗമോ, പരസ്യ പ്രസ്താവനക്കുള്ള (announcements) സമയമോ അല്ല. നാം ആത്മീയമായി ഉത്തേജിക്കപ്പെടേണ്ടതിനായിട്ടുള്ള വചന പഠന (Bible Study) യോഗവുമല്ല. ആരാധിക്കുവാനായി,അപ്പം നുറുക്കുവാനായി കൂടിവരുമ്പോള്‍ കര്‍ത്താവ്മാത്രമായിരിക്കണം നമ്മുടെ വിഷയം. വ്യക്തികള്‍ക്കോ വ്യക്തിതാല്പര്യങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല.   ദൈവ നാമം മഹാത്വപ്പെടെട്ടെ.

 

സഭാസത്യം.കോം

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.