ചില വിശ്വാസികള്‍ കൂടിച്ചേര്‍ന്നു അപ്പം മുറിച്ചത് കൊണ്ട് മാത്രം അത് ഒരു ‘പ്രാദേശീകസഭ’ യാണെന്ന് പറയുവാന്‍ കഴിയുമോ ?

പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം “ദൈവത്തിന്റെ സഭ” എന്നാണ്, അത് മനുഷ്യരുടെയോ കുടുംബങ്ങളുടെയോ സ്വകാര്യ അവകാശമോ, സ്വകാര്യ സ്വത്തോ ആയി മാറരുത്. സഭയുടെ ഉത്ഭവവും ഉടമസ്ഥാകാശവും ദൈവത്തിന്റേത് മാത്രമാണ്. ഒരു പ്രദേശത്തെ സഭയുടെ ആരംഭം ഒരു ദൈവികപ്രവൃത്തിയാണ്‌. ഒരു പ്രദേശത്തെ ആത്മാക്കളെ രക്ഷിക്കുന്നത് ദൈവമാണ്, കുറച്ചു വിശ്വാസികള്‍ ഒരു സ്ഥലത്ത് ഉണ്ടെന്നു കരുതി, അവിടെ ഒരു സഭ ഉണ്ടാകണം എന്ന് നിര്‍ബന്ധവുമില്ല.

A1

“ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.” (അപ്പൊ 17:34) അഥേനയിലെ പൗലോസിന്റെ പ്രസംഗത്തിന്റെ കേള്‍വിയാല്‍ ചിലര്‍ വിശ്വസിച്ചു എങ്കിലും അവിടെ ഒരു സഭ ഉണ്ടായതായി നാം വായിക്കുന്നില്ല. യെരുശലേം സഭയുടെ മാതൃക നാം പരിശോധിക്കുമ്പോള്‍ “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.”(അപ്പൊ 2:41) വചനം സന്തോഷത്തോടെ കൈക്കൊണ്ടവരാണ്, സ്നാനം എല്ക്കുകയും സഭാകൂട്ടായ്മയിലേക്ക് കടന്നു വരികയും ചെയ്തത്. അവിടെ ആരെയും നിര്‍ബന്ധിച്ചോ, അവരാരും  പാതിമനസ്സിലോ ഒന്നുമല്ല വചനത്തിനു കീഴടങ്ങുന്നത്. ദൈവ വചന സത്യങ്ങളെ സ്വീകരിക്കാനുള്ള മനസ്സുള്ളവരുടെ സാന്നിധ്യമാണ് ഒരു സഭാരൂപീകരണത്തിലെ നിര്‍ണ്ണായകആവശ്യം, കാരണം അപ്പസ്തോലന്മാരുടെ ഉപദേശങ്ങളില്‍ തുടരുന്ന പ്രക്രിയയാണ് ഒരു സഭയുടെ നിലനില്പ്. പുതുതായി വരുന്ന വിശ്വാസികള്‍ എങ്ങനെയാണ് ഒരു സഭ പ്രവര്‍ത്തിക്കേണ്ടത് എന്ന് മനസ്സിലാക്കും?

ഒരു പുതിയ പ്രാദേശീക സഭ ഉണ്ടാകുന്നതിന് പിന്നില്‍ ഒരു സഭയോ, ഒരു സുവിശേഷകന്റെ അദ്ധ്വാനമോ ഉണ്ടെങ്കില്‍ തന്നെയും,  ദൈവം ഒരു സഭ സ്ഥാപിക്കുമ്പോള്‍, തീര്‍ച്ചയായും അവിടെ രക്ഷിക്കപ്പെട്ടവരില്‍ നിന്ന് തന്നെ ഇടയഹൃടയമുള്ള, പരിപാലന വരമുള്ള ചിലരെ, എഴുന്നേല്പിക്കും.  അതായത്  ദൈവം അവരില്‍ നിന്ന് ഒന്നിലധികം മൂപ്പന്മാരെ എഴുന്നേല്പിക്കും.  നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (അപ്പൊ 20:28) “നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.” (1 തിമോ 3:6) എന്ന നിര്‍ദേശം ദൈവ വചനം നല്‍കുന്നുണ്ട്, എന്നിരുന്നാല്‍ തന്നെയും രക്ഷിക്കപ്പെട്ടപ്പോള്‍ തന്നെ ദൈവം നല്‍കിയ പരിപാലനവരത്തെ പ്രദര്‍ശിപ്പിക്കുന്ന ചിലര്‍ അവിടെയുണ്ടാകും, തങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ആ വരത്തെ വാക്കിലും പ്രവൃത്തിയിലും അവര്‍ അറിയാതെ തന്നെ പ്രദര്‍ശിപ്പിച്ചു തുടങ്ങും. പുതിയ വിശ്വാസികളായ ഒന്നിലധികം പേരില്‍ ദൈവം ആ വരം നിക്ഷേപിച്ചിരിക്കും. മൂപ്പന്മാര്‍ തലയില്‍ ജ്ഞാനം നിറച്ചവരായിരിക്കണം എന്നല്ല, ബൈബിള്‍ ഐച്ചികമായി  പഠിച്ചവരായിരിക്കണം എന്നുമല്ല, അവര്‍ കൃപാവരമുള്ളവര്‍ ആയിരിക്കണം, എന്നാണ് ദൈവചനപ്രകാരം നാം ആഗ്രഹിക്കേണ്ടത്. കൃപാവരമുള്ളവര്‍ അവയുടെ വ്യാപാരത്താല്‍, ഉപയോഗത്തിനാല്‍ തെളിഞ്ഞുവരികയാണ് ചെയ്യേണ്ടത്.

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:20). കര്‍ത്താവ് സഭയെക്കുറിച്ച് Assmebly2വിശദീകരിക്കുമ്പോള്‍ കര്‍ത്താവിന്റെ നാമത്തില്‍ വ്യക്തികളെ കൂട്ടിവരുത്തുന്ന ദൈവിക വ്യക്തിത്വം പരിശുദ്ധാത്മാവാണ്. അവര്‍ തന്നെത്താന്‍ കൂടിവന്നതല്ല പരിശുദ്ധാത്മാവ് അവരെ കൂട്ടിവരുത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട പഴയനിയമത്തിലെ ശ്രദ്ധേയമായ പദപ്രയോഗം  “യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു” (ആവര്‍ത്തനം 16:2), സഭ അവന്റെ നാമത്തില്‍ കൂടിവരുമ്പോള്‍, ദൈവം തിരഞ്ഞെടുത്ത സ്ഥലമാണത്, അവിടേക്ക് വിശ്വാസികള്‍ ആകര്ഷിക്കപ്പെട്ടിരിക്കുകയാണ്. യേശുക്രിസ്തുവിന്റെ നാമത്തില്‍ കൂടിവരുന്ന, പ്രാദേശികമായ സഭ ക്രിസ്തുവിന്റെ സാക്ഷ്യം വിളിച്ചു പറയുകയാണ്‌.

നമ്മുടെ സഭകളുടെയെല്ലാം ഉത്ഭവം ഒന്ന് പരിശോധിച്ചാല്‍ ദൈവത്തിന്റെ കൈയ്യൊപ്പ് നമ്മുക്ക് വ്യക്തമാകുന്നത്, മുകളില്‍ പറഞ്ഞ സ്വഭാവവിശേഷതകള്‍ ഉള്ളപ്പോഴാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടല്ല സഭകള്‍ ഉണ്ടാകേണ്ടത് ആത്മാക്കളുടെ രക്ഷ കൊണ്ടാണ്. മറിച്ചുള്ള പ്രവണതകള്‍ വചനവിരുദ്ധമാണ്. എവിടെയെങ്കിലും വന്നു ചേരുന്ന വിശ്വാസികള്‍ കൂടിച്ചേര്‍ന്നു, കേന്ദ്രഅംഗീകാരം നേടി സഭയാകുന്നതും നാമധേയകൂട്ടങ്ങളുടെ രീതിയാണെന്ന് പറയാതെ തരമില്ല.

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.