പിന്നെയും ഒരു ‘ഉണര്‍വ്വ്’ – നമ്മുടെ ഇടയില്‍ ഉണ്ടാകുമോ ?

“നമ്മുടെ ഇടയില്‍ ഒരു ആത്മീയഉണര്‍വ്വ് ഉണ്ടാകണം” M.M സക്കറിയ.

ഭക്തനായ ഒരു ദൈവദാസന്‍ തന്‍റെ ജനത്തെ കുറിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി. വിശ്വാസികളായ നാം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ത്യാഗത്തിനു തയ്യാറായാല്‍ അത് സംഭവിക്കും. ആരെങ്കിലും കര്‍ത്താവിനെ കണ്ടെത്തിയാല്‍, മാനസാന്തരപ്പെടുന്ന പാപിയെ പ്രതി സര്‍വ്വ മഹത്ത്വവും നാം ദൈവത്തിനു കൊടുക്കണം. നമ്മുടെ ഇടയില്‍ വലിയ പ്രവര്‍ത്തനങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങളും ഒക്കെ നടക്കുന്നുണ്ട് എന്നിട്ടും, ഫലം ഇല്ല. എന്തുകൊണ്ട്? നാം എളിമപ്പെട്ടുകൊണ്ട് കാരണം അന്വേഷിച്ചു  ജീവിതത്തില്‍ ദൈവ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുത്തലുകള്‍ വരുത്തിയാല്‍ ഒരു ആത്മീയ ഉണര്‍വ്വ് നമ്മില്‍ ആരംഭിക്കും.

Re

എല്ലായിടത്തും മാറ്റങ്ങള്‍, അതിനോടൊപ്പം സുവിശേഷക രംഗവും മാറുകയാണ്, ഉപരിപ്ലവമായ ഒരു ഉണര്‍വിനു വേണ്ടി പുതിയ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, കളികള്‍, ത്രസിപ്പിക്കുന്ന മാര്‍ഗങ്ങള്‍, സോഷ്യല്‍ മീഡിയയും, മള്‍ടിമീഡിയയും  എല്ലാം ഉപയോഗിക്കപ്പെട്ടിട്ടും സ്വര്‍ഗം അയച്ച ‘ആത്മ നിറവുള്ള സന്ദര്‍ശനങ്ങള്‍’ നാം കാണുന്നില്ല.  കളിയരങ്ങുകള്‍ ആത്മീയ വല്കരിക്കുവാന്‍ ശ്രമിക്കുന്നു, ഫലമോ ആത്മീയ മണ്ഡലങ്ങള്‍ പലതും കളിയരങ്ങുകളായി മാറുന്നു. ഒരു പൂര്‍വ്വസ്ഥിതി നമ്മുടെ ഇടയില്‍ ഉണ്ടാകുമോ? നാമിന്ന് ആത്മീയമായി തരിശായ് കിടക്കുന്ന ഒരു സ്ഥിതിയിലാണ്, ലൗകികസുഖത്തില്‍ മതിമറന്നു നില്‍കുന്ന നാം, യഥാര്‍ത്തമായ ഒരു ആത്മീയ ഉണര്‍വ്വ് ആഗ്രഹിക്കുന്നുവോ?

 

”നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ 85:6) ”ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും” (സങ്കീ 138:7) ഹബക്കൂക് 3:2, എസ്രാ 9:9,10, യെശയ്യാവ് 57:15 എല്ലാം ഉണര്‍വ്വിനെ ഓര്‍പ്പിക്കുമ്പോള്‍, പുതിയ നിയമത്തില്‍ എഫെസ്യര്‍ 5:14 ല്‍ Revaival3നാം ഇങ്ങനെ വായിക്കുന്നു “ഉറങ്ങുന്നവനെ, മരിച്ചവരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.” ഉറക്കത്തില്‍ നിന്ന് എഴുന്നേ ല്കാനുള്ള ആഹ്വാനം, ചെവിക്കൊണ്ടാല്‍ മാത്രമേ നാം യാഥാസ്ഥാനപ്പെടുകയുള്ളൂ … നമ്മുടെ ആലസ്യത്തില്‍ നിന്നും, ഔപചാരികതകളില്‍ നിന്നും, ഉറക്കത്തില്‍ നിന്നും നാം ഉണരണം എന്നാണ് “ഉണര്‍വ്വ്” അര്‍ത്ഥമാക്കുന്നത്. സുവിശേഷത്തിന്‍റെ ചക്രം നാം യാന്ത്രികമായി തിരിക്കുന്നുണ്ട്, അവിടവിടെ ചിലര്‍ രക്ഷയിലേക്കു വരുന്നുണ്ട്, എന്നിരുന്നാലും നമ്മുക്ക് ആത്മാര്‍ഥമായി ദൈവസന്നിധിയില്‍ ഏറ്റുപറയാം ഞങ്ങളുടെ ഹൃദയങ്ങളെ ഉണര്‍ത്തണം ദൈവമേ …. ദൈവസന്നിധിയില്‍ നമ്മുക്ക് കാത്തിരിക്കാം അദ്ധ്വാനിക്കാം. സ്വര്‍ഗീയ ‘സന്ദര്‍ശനങ്ങള്‍ക്ക്‌’ കുറുക്കുവഴിയില്ല, കുതന്ത്രങ്ങളില്ല, മാനുഷിക കഴിവുകള്‍ വേണ്ട, പ്രാര്‍ത്ഥനപോരാട്ടം നടത്താന്‍ ആരുണ്ട്‌, ഞങ്ങളെ അനുഗ്രഹിക്കാതെ ഞങ്ങള്‍ പിന്തിരിയുകയില്ല എന്ന് പറയാന്‍ ആരുണ്ട്‌?

 

സമര്‍പ്പിക്കപ്പെട്ട ഹൃദയങ്ങളിലാണ് ഉണര്‍വ്വ് ആരംഭിക്കുന്നത്, ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഈ വേര്‍പെട്ട വിശ്വാസികള്‍ പിന്‍വലിയാനും, പിന്‍വാങ്ങാനും മനസ്സില്ലാത്ത സമര്‍പ്പിതരാണ്. Revival1ലോകസുഖങ്ങളോട് വിട പറയാന്‍ മടിയുള്ളവന് പറഞ്ഞിട്ടുള്ളതല്ല വിജയകരമായ ക്രിസ്തീയ ജീവിതം, അത് പതുപതുത്ത ഒരു മെത്തയുമല്ല. നമ്മിലെ “സ്വയം” മരിക്കാതെ, സ്വാര്‍ത്ഥത വെടിയാതെ വേറൊരു മാര്‍ഗവുമില്ല. ‘ആഡംബരരത്തിന്‍റെ പര്യായമായി’ മാറുന്ന വലിയ വീട്, വിലയേറിയ  കാര്‍ ഉന്നതമായ ജോലി മാത്രം ആഗ്രഹിക്കുന്ന “വിശ്വാസികള്‍” എന്ന നാമധാരികളുടെ ചുറ്റുമാണ് നാം ഇന്ന് ജീവിക്കുന്നത്.

പരദേശികള്‍ ആയി മാത്രം ജീവിക്കേണ്ട നാം, ആര്‍ത്തി പൂണ്ട ഒരു അധിനിവേശക്കാരനെപ്പോലെയാണ് പെരുമാറുന്നത്. എന്നിട്ട് നാം ചോദിക്കുന്നത് എന്തുകൊണ്ട് ഉണര്‍വ്വ് ഉണ്ടാകുന്നില്ല? ‘തിരസ്കരിക്കപ്പെട്ട’ ക്രിസ്തുവിനെ അനുഗമിക്കുന്നവരായ നാം, സ്വര്‍ഗീയ യാത്രക്കാരാണ് എന്ന് മറന്നോ? “എല്ലാം അങ്ങേ മഹത്വത്തിന്നായി, എല്ലാം അങ്ങേ പുകഴ്ച്ചക്കുമായി” എന്ന് പാടുന്ന നാം ഈ ലോകത്തില്‍ മുഴുകി ജീവിക്കരുത്. കഴിഞ്ഞ നാളുകളില്‍ ഭക്തര്‍ ഉണര്‍വ്വിന് സാക്ഷ്യം വഹിച്ചു അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്, അതുണ്ടായത്‌ അവര്‍ വില കൊടുത്തിട്ടാണ്. അവരും നമ്മെപ്പോലെയുള്ള സാധാരണക്കാരായിരുന്നു, എന്നാല്‍ അവരുടെ ഹൃദയംമിടിച്ചത് ക്രിസ്തുവിനു വേണ്ടിയായിരുന്നു, അസാദ്ധ്യകാര്യങ്ങളെ ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കിയത് നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ദര്‍ശനമായിരുന്നു. അവരുടെ ഹൃദയത്തില്‍  എരിഞ്ഞത് ‘ജീവിച്ചാല്‍ ക്രിസ്തുവിനു വേണ്ടി മരിച്ചാല്‍ ക്രിസ്തുവിനു വേണ്ടി” എന്ന ചിന്തയായിരുന്നു.

മുന്‍കാലങ്ങളില്‍ ഉണര്‍വ്വില്‍ നടന്ന അത്ഭുതം ഇളക്കിപ്പെരുപ്പമല്ല, അത് വ്യക്തി ജീവിതങ്ങളിലുള്ള ഉണര്‍വ് സഭയിലേക്ക് വ്യാപിക്കും. അത്   ഗ്രാമത്തെയും നഗരത്തെയും ഉണര്‍ത്തും, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തും, കുടുംബങ്ങളെ രൂപാന്തരപ്പെടുത്തും, മദ്യശാലകള്‍ അടയപ്പെടും, ചൂതാട്ട കേന്ദ്രങ്ങള്‍ താഴിടപ്പെടും. നാം വില കൊടുക്കാന്‍ തയ്യാറുണ്ടോ? പാപികള്‍ നശിക്കുമ്പോള്‍ വിശ്വാസികള്‍ അഥവാ വേര്‍പെട്ടവര്‍ എന്ന പേരുള്ള നാം ഭൌതീക നന്മകള്‍ക്ക് മാത്രം താല്‍പര്യം ഉള്ളവരായി തുടരുന്നു.

 

നാം നമ്മുടെ ഉണര്‍വ്വിന് മുമ്പായി സത്യസന്ധതയും, വിശുദ്ധിയും, നിര്‍മ്മലതയും നമ്മുടെ ജീവിതത്തില്‍ യഥാസ്ഥാനപ്പെടണം, പ്രാര്‍ത്ഥന എന്ന അഭിവാജ്യ ഘടകത്തെ ഉണര്‍വ്വ് ആഗ്രഹിക്കുന്ന ഒരു വിശ്വാസിയും ഒഴിഞ്ഞിരിക്കരുത്. ചില ഹൃദയങ്ങള്‍ അവിടവിടെ ദൈവസന്നിധിയില്‍ Revival4പകരപ്പെട്ടാല്‍, ഒരു സ്വര്‍ഗീയ ചലനം നിശ്ചയമായി നമ്മുടെ ഇടയില്‍ ഉണ്ടാകും. നമ്മുടെയും നമ്മുടെ സമൂഹത്തിന്റെ പാപങ്ങളും ദൈവസന്നിധിയില്‍ നാം അനുതാപത്തോടെ ഏറ്റുപറയണം.(യെശ 6:5) വ്യക്തിപരമായി ദൈവസന്നിധിയില്‍ കരയുന്നവരും, മല്ലുപിടിക്കുന്നവരും സഭാ കൂടിവരവുകളിലെ പ്രാര്‍ത്ഥനപോരാളികളുമായി നമ്മുടെ പ്രാര്‍ത്ഥനയോഗങ്ങളില്‍ അണി ചേരുമ്പോള്‍ ദൈവസന്നിധിയില്‍ നിന്ന് മറുപടി വരും, അല്പം താമസിച്ചാലും. ഉണര്‍വ്വ് ജീവിതങ്ങളിലെ പച്ചയായ ആത്മീയ ചലനമാണ്. നമ്മുടെ പ്രാര്‍ത്ഥന കൂടിവരവുകളെ “ആളില്ലാക്കൂടിവരവുകള്‍” എന്ന ചീത്തപ്പേരില്‍ നിന്ന്, സഭാംഗങ്ങള്‍ എല്ലാവരും കടന്ന് വരുന്ന കൂടിവരവുകള്‍ ആയി മാറ്റാതെ ഉണര്വ്വുണ്ടാകുമെന്നു ആരും സ്വപ്നം കാണരുത്.

ആത്മീയപ്രവര്‍ത്തങ്ങളില്‍ ഊന്നല്‍ കൊടുക്കേണ്ട നാം കായികവിനോദങ്ങളിലോ, നേരമ്പോക്കുകളിലോ മുഴുകിപ്പോകാതെ, കര്‍ത്താവുമായുള്ള  കൂട്ടായ്മയില്‍, കര്‍തൃത്വത്തിനു കീഴടങ്ങാം. ജഡത്തില്‍ സുമുഖം കാണിക്കാതിരിക്കുവാനും, ക്രിസ്തുയേശുവില്‍ ഉപദ്രവം സഹിപ്പാനും നമ്മുക്ക് മനസ്സുണ്ടെങ്കില്‍  മാത്രമേ ലോകവും ജഡവും പരാജയപ്പെടുകയുള്ളൂ (ഗലാ 6:12). നിത്യതയുമായി തട്ടിച്ചു നോക്കുമ്പോള്‍ നാം കൊടുക്കേണ്ട വില തുച്ഛമാണ്. നാം പരദേശവാസികളാണ്, സീയോന്‍ യാത്രക്കാരാണ് എന്ന് തിരിച്ചറിഞ്ഞു പെരുമാറാന്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

www.sabhasathyam.com

 

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.