വേദപഠന യോഗങ്ങളും (Bible Class) പ്രാദേശീക സഭയും..

BS1പ്രാദേശീക സഭകളില്‍ നടന്നുവരുന്ന വേദപഠനം എന്ന സഭായോഗം, (സഭ ഒന്നിച്ചു കൂടിയുള്ള ഈ പഠനം) വേദപുസ്തകത്തിലെ സത്യങ്ങളെ ആഴത്തില്‍ മനസിലാക്കുവാനും, സഭയുടെ പൊതുവായ സാക്ഷ്യവും ഉയര്‍ത്തുവാനും, വിശ്വാസികളുടെ ജീവിതത്തിലെ ‘വേര്‍പാട്‌’ നില നിര്‍ത്തുവാനും വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി കണ്ടുവരുന്നത്‌ സഭയിലെ ഉത്തരവാദിത്വപ്പെട്ടരും, ഉപദേഷ്ടാക്കന്മാരും പ്രസംഗ രൂപേണ ക്ലാസുകള്‍ എടുക്കുകയും, വിശ്വാസികള്‍ കേട്ടുകൊണ്ട്‌ ഇരിക്കുകയും ആണ്. എന്നാല്‍ ചില പ്രാദേശീക സഭകളില്‍ ദൈവവചനം ചര്‍ച്ചകളിലൂടെ പഠിക്കുന്നത് കാണുവാന്‍ സാധിക്കും. പക്വതയുള്ള പല സഹോദരന്മാരുടെയും ചിന്തകള്‍ പങ്കുവെക്കുകയും അത് ഒന്നിച്ചുവരുമ്പോള്‍ കൂടുതല്‍ പ്രയോജനകരമാകുയും ചെയ്യുന്നു. ഇത്തരം വേദപഠന (Bible Class) യോഗം എന്നതിനെക്കാള്‍ അനുയോജ്യമായ വേദപാരായണ യോഗം  (Bible Reading) എന്ന യോഗമായി  എന്നറിയപ്പെടുന്നു.

 

ബൈബിള്‍ ക്ലാസും സുവിശേഷ യോഗവും കേട്ടിടുണ്ട് ഇതെന്തു യോഗം!! സഭാംഗങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന യോഗങ്ങളാണിവ എന്ന് മാത്രമല്ല ഏറ്റവും അനുഗ്രഹം സഭാംഗങ്ങള്‍ക്കു നല്‍കുന്ന ഒരു യോഗമാണിത്. നമ്മുടെ സഭയില്‍ ഇങ്ങനെ ഒരു യോഗമുണ്ടോ ? ഉണ്ടായിരുന്നുവോ? മുടക്കം വന്നുവോ?

ചര്‍ച്ചകളിലൂടെ ദൈവവചനം പഠിക്കുന്ന ഈ യോഗങ്ങള്‍ ആയിരുന്നു ആദിമസഭകളുടെ അടയാളമായിരുന്നത്. പുതിയ നിയമ സത്യങ്ങള്‍ വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ഉറപ്പിക്കുന്നത്  വേദപാരായണയോഗങ്ങളിലാണ്.  വേദപാരായണ യോഗങ്ങള്‍ രണ്ടു തരത്തില്‍ ക്രമീകരിക്കാവുന്നതാണ്. തുടര്മാനമായി ഉള്ള പുസ്തക പഠന രീതിയും (വാക്യ പ്രതി വാക്യമായി തുടര്‍മാനമായി ഒരു പുസ്തകം പഠിക്കുന്ന ശൈലിയും,) ഒരു വിഷയം തിരഞ്ഞെടുത്തു അതുമായി ബന്ധപ്പെട്ട വേദഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശൈലിയും. എന്ത് വിഷയമാണ് പഠിക്കേണ്ടത് എന്നത് സഭയിലെ മൂപ്പന്മാര്‍ സഭയുടെ ആവശ്യമറിഞ്ഞു ക്രമീകരിക്കേണ്ടതാണ്.

ഒരാഴ്ച മുമ്പ് തന്നെ ഏതു വേദഭാഗമാണ് അടുത്ത ആഴ്ച പഠിക്കുന്നത് എന്ന് സഭയില്‍ പ്രസ്താവിക്കുന്നത് എല്ലാവര്‍ക്കും ഒരുങ്ങി വരുന്നതിനു സഹായകമാണ്. എല്ലാ വിശ്വാസികളും പ്രാര്‍ഥനയോടെ ഒരുങ്ങി വരിക എന്നുള്ളതാണ് ഈ യോഗങ്ങളുടെ പ്രത്യേകത. എല്ലാവരും പഠിപ്പിക്കുന്നവരും പഠിതാക്കളും ആയി മാറുകയും വലിയവരും ചെറിയവരും എന്നില്ലാതെ എല്ലാവരും ഒന്നിച്ച് ദൈവ വചനം പഠിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു യോഗം.

 

ദൈവികമായ നടത്തിപ്പിനായുള്ള പ്രാര്‍ഥനയോടെ വേണം വേദപാരായണ യോഗം ആരംഭിക്കാന്‍, എന്ന് മാത്രമല്ല സഭ ചുമതലപ്പെടുതിയിരിക്കുന്ന ഒരു യുവസഹോദരന്‍ എഴുന്നേറ്റു BS41നിന്ന്Bm2 എല്ലാവരും കേള്‍ക്കത്തക്കവണ്ണം പഠിക്കുന്ന വേദഭാഗം വായിക്കുകയും, ചെറിയ ഒരു ആമുഖം പറഞ്ഞു ഇരിക്കുകയും വേണം. മൂപ്പന്മാര്‍ ആരെങ്കിലും പഠിക്കുന്ന വേദഭാഗത്തെക്കുറിച്ച് ചെറിയ ഒരു വിഷയ വിവരണം തുടക്കത്തില്‍ പറയുന്നതും അനുഗ്രഹമാണ്. പ്രധാന ചോദ്യങ്ങളും, സുപ്രധാന ചിന്തകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കുന്നത്‌ പ്രയോജനകരമാണ്. ചര്‍ച്ച ചെയ്തു പഠിക്കുന്ന രീതി ആയതുകൊണ്ട് സമയ നിഷ്ഠ പാലിക്കുന്നതിനു ശ്രദ്ധിക്കുകയും വേണം.  ഇത്തരം യോഗങ്ങളില്‍ ആണ്,  സഭയിലെ പഠിപ്പിക്കാന്‍ വരമുള്ളവര്‍ തെളിഞ്ഞു വരുന്നത്. വ്യക്തിപരമായി പഠിപ്പിക്കാന്‍, ചര്‍ച്ചകളിലൂടെ പഠിപ്പിക്കാന്‍, സഭായോഗങ്ങളില്‍ പഠിപ്പിക്കാന്‍ ആകെക്കൂടെ പറഞ്ഞാല്‍ ദൈവജനത്തിന്റെ പൊതുപ്രയോജനതിനായി ചിലരെ വാര്‍ത്തെടുക്കുന്ന ശുശ്രൂഷയും ഇതിനൊപ്പം തന്നെ നടക്കുന്നതാണ്.

സഭയുടെ ഏഴു യോഗങ്ങളില്‍ ഒന്ന് എന്ന നിലയില്‍ പരമപ്രധാനമായ ഒരു സഭായോഗമാണിത്, മുന്‍കൂട്ടി എന്ത് പറയണം എന്ന് തീരുമാനിക്കാതെ തന്നെ പരിശുദ്ധാത്മാവ് വായിച്ച വേദഭാഗങ്ങളിലെ ആത്മീയ സത്യങ്ങളിലേക്ക്‌ വഴി നടത്തുന്നത് ഈ യോഗങ്ങളില്‍ പ്രതിഫലിക്കുന്നത് നമ്മുക്ക് കാണാനാകും.

അവിടെ അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും സഭയില്‍ ഉപദേഷ്ടാവിന്റെ വരമുള്ളവര്‍ വളരെ വ്യക്തമായി ഉത്തരം നല്‍കുന്നതും നമ്മുക്ക് ദര്‍ശിക്കാനാകും.

പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. (1 കോരി 14:29-33)

മേല്പറഞ്ഞ വേദഭാഗത്ത്‌ അടങ്ങിയിരിക്കുന്ന ആത്മീക സത്യങ്ങള്‍ സഭയില്‍ പ്രായോഗികമാകുന്ന സമയമാണ് വേദപാരായണ യോഗങ്ങള്‍. സഹോദരിമാര്‍ തല മൂടി നിശബ്ദരായിരുന്നു വചനം പഠിക്കുകയും ചെയ്യേണ്ടതാണ്.

വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല  അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.     (1 കോരി 14: 34-35) കുടുംബ പ്രാര്‍ഥനയില് സ്വകാര്യ സംസാരത്തിലും സഹോദരിമാര്‍ക്ക് പങ്കെടുക്കാമെങ്കിലും സഭായോഗങ്ങളില്‍ സഹോദരിമാര്‍ ദൈവകല്പന അനുസരിക്കേണ്ടതാണ്.

BM3ദൈവ ഭയത്തില്‍ വിശ്വാസികള്‍ പരസപരം കീഴടങ്ങിയിരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിനു വിശ്വാസികള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. .(എഫേസ്യര്‍ 5:21) ഒരു ബുദ്ധിമുട്ടുള്ള ചോദ്യം ഉയര്‍ന്നു വരുമ്പോള്‍ പക്വതയോടെ പ്രതികരിക്കാന്‍ പരിശീലിക്കുന്നതിനും ഈ യോഗങ്ങള്‍ വിശ്വാസികളെ സഹായിക്കും“. എനിക്ക് വ്യക്തമായി അറിയില്ല, അടുത്ത ആഴ്ച പ്രാര്‍ഥനയോടെ പഠിച്ചു ഞാന്‍ ഉത്തരം നല്‍കാം “ എന്ന മറുപടി അവിടെ ഉണ്ടാകും. എല്ലാവര്‍ക്കും കേള്‍ക്കത്തക്കവണ്ണം അഭിപ്രായങ്ങള്‍ പങ്കുവക്കുവാന്‍ ഓരോ വിശ്വാസികളും പ്രത്യേകം ശ്രദ്ധിക്കുക. ചര്‍ച്ച എന്നതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാനും പങ്കു വക്കുവാനും അവസരം ഓരോരുത്തരും ഉറപ്പു വരുതെണ്ടാതാണ്. നീളന്‍ പ്രസംഗങ്ങള്‍ക്ക്‌ അവിടെ ഇടമുണ്ടാകരുത്. വിയോജിപ്പുകളെ മാന്യതയോടെ കൈകാര്യം ചെയ്യുവാനും,ദുരുപദേശങ്ങള്‍ വിതക്കപ്പെടാതിരിക്കാനും മൂപ്പന്മാര്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്‌. “സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (1 കോരി 14:26 ) എന്ന താല്പര്യം ആയിരിക്കണം എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടത്.

സര്‍വ്വോപരി, ദൈവ വചനവായന മൂലം പ്രസ്തുത വേദഭാഗത്തിന്റെ സന്ദര്‍ഭം മനസ്സിലാക്കുന്നതിനും, പ്രായോഗിക ജീവിതത്തിനു നല്‍കുന്ന പാഠവും, ഹൃദയത്തില്‍ നിന്ന് അനുസരിക്കാനുള്ള വാന്ജയും, വചനത്തെ മാനിക്കുന്ന ദൈവജനത്തെ ദൈവം മാനിക്കും എന്ന ചിന്തയും ആണ് വചന പാരായണ യോഗം ഉളവാക്കേണ്ടത്.

അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചുകുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു(അപ്പൊ 15:30-33) ഒരു വചന പാരായണ യോഗത്തിന്റെ ചിത്രം നമ്മുക്ക് മേല്പറഞ്ഞ വേദഭാഗത്ത്‌ നിന്ന് ലഭിക്കുന്നു. സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു ഉറപ്പിക്കാന്‍ ഈ യോഗം സഭകള്‍ക്ക് അത്യന്താപേക്ഷിതമാണ്. വചനം പഠിക്കാന്‍ വാഞ്ചയുള്ളവരെക്കൊണ്ട് നമ്മുടെ സഭകള്‍ നിറയട്ടെ. “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; “ (മലാഖി 3:16) നമ്മുടെ സഭകളുടെ അകത്തളങ്ങള്‍ ഇങ്ങനെയുള്ള ഇടങ്ങളായി മാറട്ടെ!!!!!!!

WWW.SABHASATHYAM.COM

 

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.