പഴയ നിയമത്തില്‍ സഭ ഉണ്ടോ? ഇല്ലയോ ? വിവാദങ്ങള്‍ വിളിച്ചു വരുത്തുവാനോ, വ്യവഹരിക്കുവാനോ, വിദൂഷക വേഷം കേട്ടുവാനോ അല്ല, പഴയ നിയമം നല്കുന്ന ഒരു മനോഹര ചിത്രത്തിലൂടെ ദൈവസഭക്ക് പുതിയ നിയമം നല്കുന്ന പ്രാധാന്യതയിലേക്ക് ബൈബിള്‍ വാക്യങ്ങളിലൂടെയുള്ള ചെറുപ്രയാണമാണ് ഈ ലേഖനം. പ്രാദേശീക സഭയെ ഒരു വെറും കൂട്ടമായോ, അപ്രധാന സ്ഥാനമായോ കരുതുന്ന ആരെങ്കിലും ഇത് വായിക്കുന്നു എങ്കില്‍ നിങ്ങളുടെ അകക്കണ്ണ് തുറക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അന്യോന്യം പരിചയമുള്ള ചിലര്‍ നിരന്തരമായി കൂടിവരുന്നത് കൊണ്ട് തലമുറകള്‍ പലതും സഭയെ നിസ്സാരമായി കാണുന്നുണ്ട് എന്നത് ഒരു പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്.
ദൂതന്മാര് ആത്മരൂപികളായ ദൈവിക സൃഷ്ടികളാണ്. ഗബ്രിയേലും മിഖയെലും പേര് പറഞ്ഞിരിക്കുന്നവരാകുമ്പോള് കെരൂബുകളും സാരാഫുകളും ദൂതഗണമാണ്. സിംഹാസനങ്ങള്‍, കര്തൃത്തങ്ങള്, വാഴ്ചകള്‍, അധികാരങ്ങള്‍, ശക്തികള്‍ എന്നിവയെല്ലാം ദൂതന്മാരുടെ സ്ഥാനപ്പേരുകള്‍ തന്നെ. ബുദ്ധിയും വികാരവും ഇച്ഛാശക്തിയും ഉള്ള ദൂതന്മാര് പ്രാദേശികസഭയിലെ ആരാധനയും ക്രമവും കുനിഞ്ഞു നോക്കുന്നു. ലോകത്തിലോ, ഏദെന് തോട്ടത്തിലോ, പാപം ചെയ്ത ദൂതന്മാരിലോ കാണാതിരുന്ന അനുസരണവും കീഴ്പെടലും ദൈവിക ക്രമവും സഭയില്‍ പ്രതിഫലിക്കുന്നു. ഉന്നതനും വന്ദിതനും ആരാധ്യനുമായ നമ്മുടെ കര്‍ത്താവിന്റെ നാമത്തില്‍ നാം കൂടിവരുമ്പോള്‍, വാക്കുകളിലും പ്രവൃത്തിയിലും ദൈവത്തോടും, ദൈവവചനത്തോടും ബഹുമാനവും ആദരവും കാണിച്ചുകൊണ്ട് നാം സഭാകൂടിവരവുകളില്‍ സംബന്ധിക്കുമ്പോള്‍ അവിടെ ദൂതന്മാര് കുനിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു.
പഴയ നിയമത്തില്‍, യാക്കോബിന്റെ ചരിത്രത്തില്‍ ദൈവത്തിന്റെ ആലയത്തിന്റെ മനോഹരമായ ഒരു ചിത്രം നാം കാണുന്നു, എന്നാൽ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. (ഉല്പത്തി 28:10-12) അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു. അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു. യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; (ഉല്പത്തി 28:16-19)
യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, (ഉല്പത്തി 28:18). ദേശത്തിനും തലമുറക്കും സാക്ഷ്യത്തിനായി ഒരു ‘തൂണ്’ നിര്‍ത്തിയിരിക്കുന്നു. ഭൌതീക ചുറ്റുപാടുകളില്‍ ഉടമ്പടി മറന്നുപോയ യാക്കോബിനെ ദൈവം പിന്നെയും സന്ദര്‍ശിക്കുന്നു. യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. (ഉല്പത്തി 28:6-7) യാക്കോബിന്റെ മടക്കയാത്രയില്‍ യാഗപീഠം പണിയുന്നു. ഒരു ദൈവീക ദര്‍ശനത്തിന്റെ വലിയ ഓര്‍മ്മയുടെ സ്ഥലം, തീരുമാനത്തിന്റെ സാക്ഷാല്‍കാരം, ആരാധനക്കായുള്ള ഒരുക്കം.
യാക്കോബ് ഒരു പ്രത്യേക സ്ഥലത്ത് തന്റെ യാത്രാമാദ്ധ്യത്തില് എത്തിച്ചേര്‍ന്നപ്പോള്‍, അവന് ഒരു സ്വപ്നം കണ്ടു, അവന്റെ വാക്കുകള്‍ യഹോവ ഈ സ്ഥലത്തുണ്ടു സത്യം, ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം. യാക്കോബ് ആ സ്ഥലത്തെ ദൈവത്തിന്റെ ആലയം എന്ന് വിളിച്ചു. യാക്കോബ് അബ്രഹാമിന്റെ കൊച്ചുമകനും, വിളിച്ചിറക്കപ്പെട്ടവന്റെ മൂന്നാം തലമുറക്കാരനുമാണ് ഇത് എന്റെ വല്യപ്പന് തുടങ്ങിയ ഒരു ‘മൂവ്മെന്റ്’ ആണെന്ന് യാക്കോബ് ഒരിക്കലും അവകാശപ്പെട്ടില്ല, പറഞ്ഞില്ല. സ്വര്‍ഗവുമായി ബന്ധമുള്ള ഒരു സ്ഥലം. ഈ സ്ഥലം എത്ര ഭയങ്കരം! നാമധേയകൂട്ടങ്ങള് ഉയര്‍ത്തുന്ന പാരമ്പര്യത്തിന്റെ ‘പഴംചാക്ക്’ ഇന്നും തലയില്‍ ചുമക്കുന്നത് നമ്മുടെ ചില വേദികളില്‍ കേള്‍ക്കുന്നത് എത്ര പരിഹാസ്യമാണ്. നമ്മുടെ അവകാശവാദങ്ങള്‍ കേട്ട് സ്വര്‍ഗം നാണിച്ചു നില്കുകയാണ്. സ്വന്ത ജീവിതത്തിലെ എന്റെ ആത്മീയസ്ഥിതി, സഭയോടുള്ള എന്റെ മനോഭാവം എല്ലാം നാം പുന പരിശോധിക്കണം. ദൈവവചനം നമ്മുടെകൈയ്യില്‍ നല്കിയിരിക്കുന്നു അത് പരിശോധിച്ച് അതിലെ കല്പനകളെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ വെമ്പുന്ന ഒരു വ്യക്തിയായിരിക്കണം ഞാന്‍ എന്റെ ഉത്തരവാദത്തില്‍ നിന്ന് ഒളിച്ചോടിയിട്ടാണോ നമ്മുടെ വെറും വാദങ്ങള്‍. പാരമ്പര്യം നല്കുന്ന ചില ആനുകൂല്യങ്ങളും ഔദാര്യങ്ങളും ബന്ധങ്ങളും മാത്രമാണോ നമ്മുടെ മുതല്‍കൂട്ട്? അതോ മുന്തിരിവള്ളിയില്‍ വസിക്കുന്ന അനുഭവമോ ?
നമ്മില്‍ പലരും ‘ബ്രദറണ്‍ മൂവ്മെന്റ്’ ന്റെ ഭാഗം ആണെന്ന് അവകാശപ്പെടുന്നവരും, അഭിമാനിക്കുന്നവരാണ്. ദൈവസഭയുടെ ഭാഗം എന്നു നാം പറയുന്നതിലും അധികമായി നാം അങ്ങനെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ദൈവത്തിന്റെ സഭയെ അഥവാ ദൈവത്തിന്റെ ആലയത്തെയാണ് നാം പലപ്പോഴും ‘ബ്രദരണ്‍ മൂവ്മെന്റ്’ എന്ന് അറിഞ്ഞോ അറിയാതെയോ വിശേഷിപ്പിക്കുന്നത്. സത്യത്തില്‍ നിന്ന് അകലുവാനോ, ദൈവവചനത്തില്‍ നിന്ന് വഴി മാറുവാനോ നമ്മുക്ക് അവകാശമില്ല. നാം ആയിരിക്കുന്ന പ്രാദേശിക സഭ കര്‍ത്താവിന്റെ ആലയമാണ്. ദൈവ വചനത്തില്‍ കാണുന്ന മാതൃകകളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ ദൈവ സഭയുടെ പേരും പ്രവര്‍ത്തനങ്ങളും നില നിര്‍ത്തണം.
ഉല്പത്തി പുസ്തകത്തിലെ മുകളില്‍ പറഞ്ഞ വേദഭാഗത്ത് കാണുന്ന ചില പദങ്ങള്‍ തൂണ്, ദൈവത്തിന്റെ ആലയം, ദൂതന്മാര് എന്നിവയെല്ലാം പുതിയ നിയമത്തില്‍ സഭയെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം.
തൂണ് – പ്രാദേശീക സഭ ദേശത്തിനും തലമുറക്കും സാക്ഷ്യം ആയിരിക്കണം. മറ്റുള്ളവരെ ദൈവ വചന സത്യത്തിലേക്ക് ആകര്‍ഷിക്കുന്ന ഉന്നത സ്ഥാനം ആയിരിക്കണം. ദൈവം ചെയ്ത നന്മയെ ഓര്‍ക്കുന്ന സ്ഥലം. സ്തോത്ര യാഗം അര്‍പ്പിക്കുന്ന സ്ഥലം. കര്‍ത്താവിന്റെ നാമം തുടര്‍മാനമായി നിലനിര്‍ത്തുന്ന സ്ഥാനം. ദൈവത്തിന്റെ ആലയം, ദൂതന്മാര്ക്ക് പോലും താല്പര്യം ഉള്ള സ്ഥാനം.
ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.(1 തിമോത്തി 3:14-16)
പുതിയ നിയമത്തില്‍ തിമോത്തിയോസിന്റെ ലേഖനം മൂന്നാം അദ്ധ്യായത്തില്‍, അവിടെയും നാം ദൈവത്തിന്റെ ആലയത്തെ (house of God) കാണുന്നു. “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയം” ചില വാക്യങ്ങള്‍ കൂടി നമ്മുക്ക് പരിശോധിക്കാം.
നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം(1 തിമോത്തി 6:13)
ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും. (1 തിമോത്തി 4:6)
ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.( 1 തിമോത്തി 4:11)
അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക (1 തിമോത്തി 5:7)
ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക. (1 തിമോത്തി 6:2) നമ്മുക്ക് ദൈവ കല്പനകളെ പ്രമാണിക്കുവാനും, ഗ്രഹിപ്പിക്കുവാനും, ആഞാപിക്കുവാനും, ഉപദേശിക്കുവാനും ഉള്ള ഈ ലോകത്തിലെ സര്‍വ്വപ്രധാനമായ സ്ഥലമാണ് നമ്മുടെ പ്രാദേശികസഭകള്‍. ഈ സത്യം ഗ്രഹിക്കാത്ത പലരുമാണ് ചട്ടപ്രകാരമല്ലാത്ത മനക്കോട്ടകള്‍ കെട്ടി, സ്വന്തതാല്പര്യങ്ങള്ക്കായി സഭയുടെ പ്രമാണങ്ങളെ കോട്ടിക്കളയുന്നത്, പുതുരീതികളെ കെട്ടിയെഴുന്നെള്ളിക്കുന്നത്. പിതാക്കന്മാര്, നമ്മുടെ കയ്യില്‍ ഇരിക്കുന്ന അതേ ബൈബിള്‍ പരിശോധിച്ചപ്പോഴാണ്, അവരുടെ ഹൃദയം ആളിക്കത്തിയത്, പാരമ്പര്യത്തിന്റെ കൂച്ചുവിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു വേര്‍പെട്ട കൂട്ടായ്മയുടെ ഹൃദ്യതയില്‍ അവര്‍ കൂടിവന്ന ഇടങ്ങളില്‍ ആ ദൈവികഭയങ്കരത്വം അനുഭവിച്ചു അവിടത്തെ ശുശ്രൂഷകരായി. ഇക്കാലയളവില്‍ ആരെങ്കിലും നമ്മെ വെറും പാരമ്പര്യക്കാരായി അടിമനുകത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ആരാച്ചാര്മാരായോ, അഭിനേതാക്കന്മാരായോ നാം കാണുന്നെങ്കില്‍ ആത്മഭാരത്തോടെ നമ്മുക്ക് ഈ കറുത്ത ബയന്റിട്ട പുസ്തകത്തില്‍ അഭയം ചൊല്ലാം, ചരിത്രത്തിന്റെ ഏടുകളില്‍ പിതാക്കന്മാരു കണ്ടത്തിയതെല്ലാം വചനത്തിന്റെ ഏടുകളില്‍ നമ്മുക്ക് കണ്ടെത്താം.
യാക്കോബ് കണ്ടെത്തിയ ഭയങ്കരം എന്ന് പറഞ്ഞിരിക്കുന്ന സ്ഥലത്തെ കുറിച്ച് പൗലോസ് വിശദീകരിക്കുകയാണ്, ദൈവത്തിന്റെ ആലയം, ദൈവം ആണ് അവിടം ക്രമീകരിച്ചിരിക്കുന്നത്, ദൈവത്തിന്റെ സാന്നിദ്ധ്യം ഉള്ള സ്ഥലം. അതിന്റെ നിര്‍മാണവും രൂപകല്പനയുമെല്ലാം ദൈവം തന്നെയാണ്. യാക്കോബ് കണ്ട സ്ഥലത്ത് കോവണിയിലൂടെ ദൂതന്മാര് കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. സ്വര്‍ഗ്ഗവും ഭൂമിയും ബന്ധിക്കപ്പെട്ട സ്ഥലം. തലയിണയായി വച്ച കല്ല് എടുത്തു “തൂണ്” ആയി നിര്‍ത്തിയ സ്ഥലം. യാക്കോബും ദൂതന്മാരുടെ താല്പര്യം ഉള്ള സ്ഥലമായി കണ്ടെത്തിയ സ്ഥലം.
കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിലും ദൂതന്മാരെ നമ്മുക്ക് കാണാം. ദൈവത്തിന്റെ ആലയം, ദൈവത്തിന്റെ സഭ, ഇവിടെയെല്ലാം തല മൂടുന്നത് ദൂതന്മാര്ക്കു ദൃഷ്ടാന്തമായിട്ടാണ്. “ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം”.(1 കോരി 11:10) ദൂതന്മാരുടെ താല്പര്യം സഭയില്‍, ദൈവത്തിന്റെ സഭ, ദൈവത്തിന്റെ ദൂതന്മാര്ക്കു പോലും താല്പര്യമുള്ള സ്ഥലമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് സഭ. യാക്കോബിന്റെ ഭാഷയില്‍ ഭയങ്കരമായ സ്ഥലം. “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയം” നാം സഭയെ വെറും ഒരു ‘മൂവ്മെന്റ്’ മാത്രമായി ചുരുക്കിക്കളയരുത്. ദൈവസഭയില്‍ ദൂതന്മാര്ക്കു താല്പര്യമുണ്ട് , അതിന് പിന്നില്‍ ദൈവിക ഉദ്ദേശ്യവുമുണ്ട് “സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്വരുന്നു.”(എഫെ 3:9-11)
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:20) പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവര്ക്ക് മാത്രമേ സഭയിലെ ദൈവ സാനിദ്ധ്യം വ്യക്തമായി മനസിലാക്കാന്‍ സാധിക്കയുള്ളൂ. നമ്മുടെ സഭകള്‍ കര്‍ത്താവ് തന്റെ നാമം സ്ഥാപിച്ചിരിക്കുന്ന സ്ഥലമാണ്. ദൈവത്തിന്റെ സഭയില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം മാത്രം ഉയര്ത്തപ്പെടെണ്ടതാണ്.
ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം. എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. (1 കോരി 3:9-10)
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ. (1 കോരി 3:16-17) നാം ദൈവത്തിന്റെ മന്ദിരമാണ്, നാം കൂടി വരുമ്പോള്‍ ദൈവം നമ്മുടെ മദ്ധ്യത്തില്‍ എത്ര മനോഹരമായ വാഗ്ദത്തം. ദൈവത്തിന്റെ ആലയം, ദൈവത്തിന്റെ കൃഷി, വിശുദ്ധന്മാരുടെ സര്വ്വസഭകള് ദൈവത്തിന്റെ ഗൃഹനിര്‍മാണം ആണ് നമ്മുടെ സഭ. ദൈവത്തിനു യോഗ്യമായ നിലയിലും ദൈവവച്ചനത്തിലെ പ്രമാണങ്ങളെ പാലിച്ചും വേണം നാം സഭയില്‍ പെരുമാറുവാന്‍, ത്രിയേക ദൈവത്തിന്റെ മുമ്പാകെയാണ് നാം ആയിരിക്കുന്നത്. ദൂതന്മാര് കുനിഞ്ഞു നോക്കുന്നു നമ്മുടെ പെരുമാറ്റം കാണുവാന്‍. റോമര്‍ 16 ള്‍ നമ്മുക്ക് ആ സഭയെ കാണാം, 1 കൊരിന്ത്യര്‍ 14 ല്‍ വിശുദ്ധന്മാരുടെ സര്‍വ്വ സഭകള്‍ എന്ന പ്രയോഗവും നമ്മുക്ക് കാണാം. വിശുദ്ധീകരിക്കപ്പെട്ടവരാണ് വിശുദ്ധന്മാര്, അതിവിശുദ്ധ സ്ഥലത്ത് ശുശ്രൂഷ ചെയ്യുന്ന വിശുദ്ധന്മാരാണ് നമ്മള്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യമുള്ള സ്ഥലം, ദൂതന്മാര് കുനിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന സ്ഥലം അതാണ് സ്ഥലം സഭ. അതെ വിശുദ്ധന്മാരുടെ സഭ. പ്രാദേശിക സഭ എന്ന ഭൂമിയിലെ അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധന്മാരാണ് നാം ഓരോരുത്തരും. ദൈവ സാന്നിദ്ധ്യത്തില്‍ നില്കുന്നവര് എത്ര ഉന്നതമായ വിശേഷണം.
സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. (1കോരി 14:23-25). പുറത്തു നിന്ന് കടന്നു വരുന്ന ഒരാള്‍ നമ്മുടെ സഭയെ വാസ്തവമായി ദൈവം നമ്മുടെ ഇടയില്‍ ഉണ്ട് എന്ന് പറയുമോ? ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തിന്റെ വചനത്തിലെ വാക്യങ്ങളെ തന്നെ നമ്മുക്ക് ഉദ്ധരിക്കാനുണ്ടോ ? സഹോദരന്മാര് എന്ന നിലയില്‍ നാം എന്തും പ്രവര്‍ത്തിക്കുന്ന, എന്തെങ്കിലും പാരമ്പര്യം വിളിച്ചോതുന്ന ഒരു സ്ഥലമല്ല സഭ, ദൈവ വചനത്തില്‍ വ്യക്തമായ പ്രമാണങ്ങള്‍ പാലിക്കുന്ന ഒരു സ്ഥലമാണ്. മറഞ്ഞിരുന്ന മര്‍മം ആയിക്കൊള്ളട്ടെ, വെളിപ്പെട്ടിരിക്കുന്ന വ്യവസ്ഥ ആയിക്കൊള്ളട്ടെ ഇന്നും നമ്മുടെ സഭകളുടെ ഭയങ്കരത്വം നമ്മുടെ ചെറിയ കൂട്ടങ്ങളില്‍ നിലനില്കുന്നു ആരും അതിനെ തുചീകരിക്കരുത്, വിലമതിച്ച് നമ്മുടെ കര്‍ത്താവിന്റെ മഹത്വം വിളംബരം ചെയ്യാം.
www.sabhasathyam.com