സ്ഥലം സഭകള്‍ അടച്ചിട്ട് സംയുക്ത സഭായോഗങ്ങള്‍ക്കും, സ്ഥലസന്ദര്‍ശനങ്ങള്‍ക്കും യാത്ര പോകുന്നതിന്‍റെ വചനവൈരുദ്ധ്യം ….ഒരു ചെറുചിന്ത

രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട വിശ്വാസികള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഒരുമിച്ചുകൂടിവരുന്ന കൂട്ടത്തെയാണ് ഒരു പ്രാദേശിക സഭ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്. ”രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ (കര്‍ത്താവ്) അവരുടെ നടുവില്‍ ഉണ്ട് …” (മത്തായി.18:20). ഇത്തരം കൂട്ടങ്ങള്‍ അതായത്, സ്ഥലംസഭകള്‍, നിരന്തരമായി, തുടര്‍മാനമായി കൂടിവരുന്നവയാണ്. ”…….അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു”. (And they continued steadfastly in ……..) (അപ്പൊ.2:42). ” ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ……” (എബ്രാ.10:24). സഭ കൂടിവരുന്നത് പ്രാദേശികമായ നിലയിലാണ്. അതായത്, ഒരു പ്രസ്തുത സ്ഥലത്ത്, തുടര്‍മാനമായി, ദൈവമക്കള്‍ സഭയായി കൂടിവരുന്നു. ഉദാ. ”കൊരിന്തിലുള്ള ദൈവസഭയ്ക്ക്….(1 കൊരി.1:2). പുതിയനിയമ മാതൃക അനുസരിച്ചാണ് സ്ഥലംസഭകള്‍ നിലനില്‍ക്കുന്നതും തുടര്‍ന്നുപോരേണ്ടതും എന്ന സത്യം വിസ്മരിക്കാവുന്നതല്ല.

 

അപ്പം നുറുക്കല്‍ അഥവാ തിരുവത്താഴംഎന്നത് പ്രാദേശിക സഭയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ വിഷയം വളരെ വ്യക്തമായി പ്രതിപാദിക്കുന്ന താക്കോല്‍ഭാഗമാണ് 1 കൊരി.11: 17-34. ഈ ഭാഗത്ത് നാം വായിക്കുന്ന ഒരു പ്രയോഗമാണ്, ”ഒന്നാമത് നിങ്ങള്‍ സഭ കൂടുമ്പോള്‍….”(”….,when ye come together in the church,…”) (vs.18) എന്നത്. ”നിങ്ങള്‍ കൂടിവരുമ്പോള്‍……”(when ye come together therefore into one place,….) (vs.20) എന്നും നാം കാണുന്നു. സഭ കൂടിവരുന്ന സ്ഥലം എന്ന് പറയുന്നുവെങ്കിലും വളരെ പ്രസക്തമായി നാം ഗ്രഹിക്കേണ്ടിയിരിക്കുന്ന വസ്തുതയെന്നത്, സഭ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന സ്ഥലമെന്നത് സ്വര്‍ഗ്ഗീയമായ, ആത്മീയമായ അന്തരീക്ഷത്തില്‍ ആയിരിക്കുന്നുവെന്നുള്ളതാണ്. കൂടിവരുന്ന ‘സഭാഹാളല്ല’ നമ്മുടെ ആരാധനാസ്ഥലം, എന്നാല്‍ പ്രാദേശികമായ പ്രാധാന്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ മാത്രമാണ് പുതിയ നിയമം ഉള്‍ക്കൊള്ളുന്നത്. സഭ ഒരുമിച്ച് ദൈവത്തെ ആരാധിക്കുന്നത്, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ ചുറ്റിലുമാണ്. കര്‍തൃമേശയ്ക്ക് ചുറ്റും ദൈവജനം കൂടിയിരുന്ന് കര്‍ത്താവിനെ ഓര്‍ത്തുകൊണ്ട്‌ ദൈവത്തിനു സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു. ദൈവസാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന പാളയത്തിലാണ് ദൈവത്തിനു യാഗം കഴിക്കുന്നത്‌. കൂടിവരുന്ന കെട്ടിടത്തിന്‍റെ വലിപ്പമോ, ചുമരുകളുടെ മനോഹാരിതയോ, ദീപാലംകൃതമായ ചുറ്റുവട്ടമോ ഒന്നും ദൈവത്തെ ആരാധിക്കുന്നതില്‍ വിഷയീഭവിക്കുന്നില്ല.

 

ഉന്നയിക്കപ്പെട്ട ചിന്തയിലേക്ക്  മടങ്ങിവരുമ്പോള്‍, തീര്‍ച്ചയായും ചില വസ്തുതകള്‍ നമുക്ക് പരിഗണനയിലേടുക്കേണ്ടതായിട്ടുണ്ട്. ഒരു സ്ഥലംസഭയിലെ ഭൂരിഭാഗം വിശ്വാസികളും ഒരുമിച്ച്,Closed കര്‍തൃദിവസംകൂടി ഉള്‍പ്പെടുന്നനിലയില്‍, ചില ദിവസങ്ങള്‍, മറ്റൊരു ദൂരസ്ഥലത്തേക്ക്  യാത്ര പോകുകയാണ് എന്ന് വിചാരിക്കുക. ഒന്നാമതായി, ഒരു സ്ഥലംസഭയില്‍ കടന്നുപോകാന്‍ സൗകര്യപ്പെടാത്ത സ്ഥലം തെരഞ്ഞെടുത്ത് യാത്ര പോകുന്നത് വിഹിതമോ എന്നത് ചിന്തിക്കുക. രണ്ടാമത്, ഒരു സ്ഥലംസഭയിലെ ഭുരിഭാഗം വിശാസികളും കൂടി ഒരുമിച്ച്, കര്‍തൃദിവസമുല്പ്പെടെയുള്ള ചില നാളുകളിലേക്കായി, സഭാഹാള്‍ പൂട്ടിയിട്ടിട്ട്, മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നത് ശരിയായിട്ടുള്ള കാര്യമാണോ?

 

നമ്മുടെ ഇടയില്‍ വേദ വിപരീതമായ ചില ‘കൂടിവരവുകള്‍’ പല പേരുകളിലായി അറിയപ്പെടുന്നു. സംയുക്ത സഭായോഗം, സെന്‍റര്‍ സഭായോഗം, സംഘടനകളുടെ ഉത്തരവാദിത്വത്തില്‍ നടത്തപ്പെടുന്ന സഭായോഗങ്ങള്‍, ക്യാമ്പുകളുമായി അനുബന്ധിച്ചുള്ള കര്‍തൃമേശ ആചരണം, യാത്രകളില്‍, അവിടെയുള്ള പ്രാദേശീക സഭകളുമായി ബന്ധപ്പെടാതെ ‘ചിലര്‍ കൂടി’ ഹോട്ടലുകളിളും മറ്റുമുള്ള കര്‍തൃമേശ ആചരണം, ട്രെയിന്‍ യാത്രയില്‍ ട്രെയിനിലുള്ള കര്‍തൃമേശ ആചരണം തുടങ്ങിയവ ഇത്തരം കൂട്ടങ്ങള്‍ക്ക് ഉദാഹരണം ആണ്.

 

ഒരു സ്ഥലംസഭയിലെ ഭുരിഭാഗം വിശാസികളും കൂടി അവരുടെ പ്രാദേശീകമായ സഭയോഗങ്ങള്‍ നടത്താതെ, സഭാഹാള്‍ പൂട്ടിയിട്ടിട്ട്,  മുകളില്‍ പറഞ്ഞ ചില ‘യോഗ’ങ്ങള്‍ക്കും, കൂട്ടങ്ങള്‍ക്കും പോകുന്നത് പലപ്പോഴും പ്രയോഗീക കാര്യങ്ങള്‍ കണക്കിലെടുക്കാതെയാണ്.          പ്രായാധിക്യം, അനാരോഗ്യം, യാത്ര ചെയ്യാനുള്ള പരിമിതികള്‍, തുടങ്ങിയ പ്രത്യേക കാരണങ്ങളാലും പോകുവാന്‍ സാധിക്കാത്തവര്‍ ഉണ്ട്. അതോടൊപ്പം പ്രാദേശീക സഭയിലെ സഭായോഗം എന്ന സത്യം വ്യക്തമായി ബോധ്യം ഉള്ളതിനാലും ‘സംയുക്ത’ യോഗ പരിപാടികള്‍ക്ക് പോകാത്തവര്‍ ഉണ്ട്. സഭയിലെ ഇങ്ങനെയുള്ള വിശ്വാസികളെ അവഗണിച്ചു കൊണ്ട് ‘ഭുരിപക്ഷം’ കടന്നു പോകുന്നത് നീതീകരിക്കവുന്നതല്ല.

 

നമ്മുടെ ഇടയിലെ ചില ‘മഹാ’യോഗങ്ങളിലും, ‘സംയുക്ത’ യോഗങ്ങളിലും ചില വിശാസികള്‍ കടന്നു പോകുന്നത് വേണ്ടപ്പെട്ടവരുടെ ‘വിവാഹ’ ആലോചനകള്‍ക്കും, പൊങ്ങച്ചം കാണിക്കുന്നതിനും ആണ് എന്ന് പലരും പറയാറുണ്ട്. പലപ്പോഴും യാഥാര്‍ത്ഥ്യവും ആണ്. വചനം പ്രസംഗിക്കുന്ന ‘തെരെഞ്ഞെടുക്ക പ്പെട്ട’ ദൈവ ദാസന്മാരുടെ ശുശ്രൂഷ ഒരു പക്ഷെ ആവേശം കൊള്ളിക്കും. ആത്മീയമായി വിചിന്തനം ചെയ്യാതെ തന്നെ, വിശാസികള്‍ ഇങ്ങനെയുള്ള ശുശ്രൂഷകള്‍ക്ക് ‘മാര്‍ക്കിട്ടു’, ഹല്ലേലുയ്യാ ഗീതവും പാടി മടങ്ങി പോകും.

 

ഒരു പ്രദേശത്തുള്ള സഭ തങ്ങളുടെ സാക്ഷ്യം ആ സ്ഥലത്ത് നിരന്തരമായി, തുടര്‍മാനമായി യാതൊരു ഭംഗവും വരാതെ നിലനിര്‍ത്തി പോരേണ്ടത് അത്യാവശ്യമാണ് എന്ന വസ്തുത വ്യക്തമായി പറയാന്‍ ആഗ്രഹിക്കുകയാണ്. ഒരു കര്‍തൃദിവസം, സ്ഥലംസഭയിലെ വിശ്വാസികളാരും സഭയില്‍ വരാതിരിക്കുകയാണെങ്കില്‍, അന്നേദിവസം ആ സഭയിലേക്ക് കടന്നുവരുന്ന സന്ദര്‍ശകനായ ഒരു വ്യക്തിക്ക്, അടഞ്ഞുകിടക്കുന്ന സഭാഹാള്‍ കാണുവാന്‍ മാത്രമേ കഴിയുകയുള്ളൂ. വളരെ സങ്കടകരമായ ഒരു സ്ഥിതിവിശേഷമാണത്.

Meetingതികച്ചും സാങ്കല്‍പ്പികമായി മാത്രം തോന്നാവുന്ന ഒരു സന്ദര്‍ഭമാണ് ഉന്നയിക്കപ്പെട്ട ചോദ്യത്തിലുള്ളതെങ്കിലും, ചിന്തനീയമായ വസ്തുതകള്‍ നമുക്ക് അവിടെനിന്നും ലഭിക്കുന്നുണ്ട്. ചില കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ മറ്റു സഭകളില്‍ കടന്നുപോകേണ്ടതായി വന്നേക്കാം, അവര്‍ പോകുന്ന വിവരം മൂപ്പന്മാരുമായി പങ്കു വക്കുകയും ചുമതലകള്‍ നിര്‍വ്വഹിക്കത്തക്കവണ്ണമുള്ള ക്രമീകരണം ഒരുക്കേണ്ടതുമായ തലത്തിലേക്ക് ഓരോ സഭാംഗവും വളരേണ്ടതാണ്. പുരോഹിതന്മാരായ ഓരോ വിശ്വാസികളില്‍ ആരെങ്കിലും സന്നിഹിതരാകാതിരിക്കുമ്പോള്‍, നാം കൂട്ടായ്മയില്‍ ആയിരിക്കുന്ന സഭയില്‍ നമ്മുടെ  അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന വിടവ്, നമ്മെ അവിടെ ആക്കി വച്ചിരിക്കുന്ന ദൈവം അറിയുന്നു. നാം അത് അറിയുന്നില്ലേ? ഒരുപക്ഷെ നാം പരസ്യശുശ്രൂഷ ചെയ്യുന്നവരല്ല എന്ന ഒഴികഴിവ് നാം ഉന്നയിച്ചാല്‍ പോലും ഓരോരുത്തരുടെയും സാന്നിദ്ധ്യത്തിനും, ഹൃദയം നിറഞ്ഞു കവിയുന്നതിനും വരെ പ്രാധാന്യമുണ്ട് എന്ന് നമ്മുക്ക് മറക്കാതിരിക്കാം. അതോ സഭാസത്യങ്ങളായ ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ തക്കവണ്ണം നാം പ്രബുദ്ധരായോ?

 

സ്ഥലംസഭയോട് കൂറുള്ളവരായി ജീവിക്കാന്‍ നമുക്ക് ഇടയാകട്ടെ. ഓരോ സ്ഥലംസഭകളും ദേശത്ത് കൊളുത്തിവച്ചിരിക്കുന്ന വിളക്കുകളാണ്. എപ്പോഴും പ്രഭ ചൊരിയേണ്ടതാണ് ഓരോ സ്ഥലംസഭകളും. ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ച, അല്ലെങ്കില്‍ ചില ആഴ്ചകള്‍ അങ്ങനെ ചില സന്ദര്‍ഭങ്ങളിലേക്കായി വിളക്ക് കെടുത്തി വയ്ക്കുവാന്‍ സഭയുടെ കാന്തന്‍ ആഗ്രഹിക്കുന്നില്ല. ദേശമെങ്ങും സുവിശേഷത്തിന്‍റെ പ്രകാശം പരത്തിക്കൊണ്ട്‌, ജാതികളുടെ നടുവില്‍ തനിച്ചു പാര്‍ക്കുന്ന ജനം എന്ന് മറ്റുള്ളവര്‍ മനസിലാക്കത്തക്കനിലയില്‍, സത്യവചനത്തിന്‍റെ കാവല്‍ഭടന്മാരായി നിലനിന്ന് ക്രിസ്തുവിന്‍റെ സാക്ഷ്യം വഹിക്കുവാന്‍ സ്ഥലംസഭകളായി നമുക്ക് സാധിക്കുമാറാകട്ടെ……

 

സഭാസത്യം.കോം

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.