സഭയും ശിഷണനടപടികളും (Assembly Discipline) – ഭാഗം 1

സഭയിലെ ശിക്ഷണനടപടികള്‍ അല്ലെങ്കില്‍ അച്ചടക്കസമീപനങ്ങള്‍ എന്നത് അല്പം വൈകാരികമായ നിലയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍ വൈകാരികമായ മനോഭാവങ്ങളെ കണക്കിലെടുക്കാതെ തികച്ചും വചനാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെടെണ്ട പ്രധാനമായ ഒരു വസ്തുതയാണിത്. തികഞ്ഞ ദൈവഭയത്തോടെ, വളരെ പരിജ്ഞാനത്തോടെ, നല്‍കപ്പെട്ടിരിക്കുന്ന തിരുവചനസത്യങ്ങളുടെ വെളിച്ചത്തോടെയായിരിക്കണം ഈ വിഷയത്തെക്കുറിച്ച് പഠിക്കേണ്ടതും പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ടതും. സഭാമൂപ്പന്മാര്‍ വചനത്തിനു യോഗ്യമായ നിലയിലായിരിക്കണം തങ്ങളുടെ സഭയിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളിലും അച്ചടക്കത്തിന്റെതായ, ശിക്ഷണത്തിന്റെതായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടത്.

 

ഏതു രീതിയിലുള്ളതാണെങ്കിലും എല്ലാ ശിക്ഷണനടപടികളുടെയും പുറകില്‍ വളരെ വ്യക്തമായ, യോഗ്യമായ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കണം. അപരാധിയായ ഒരുവന്‍റെ യഥാസ്ഥാപനം, സഭയുടെനൈര്‍മ്മല്യതയും വിശുദ്ധിയും പരിപാലിക്കുക (ഗലാ.5:9), സഭയുടെ ക്രിസ്തീയസാക്ഷ്യം കാത്തുസൂക്ഷിച്ച്‌ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്റെ മഹത്വത്തെ ഉയര്‍ത്തുക, മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പിന്നായിട്ടും ദൈവത്തോടും ദൈവശക്തിയോടുമുള്ള തികഞ്ഞ ഭയം മറ്റുള്ളവരില്‍ ജനിക്കേണ്ടതിന്നായിട്ടും, തുടങ്ങിയുള്ള ലക്ഷ്യങ്ങളുടെ സാധൂകരണത്തിന്നായിട്ടായിരിക്കണം സ്ഥലംസഭകളില്‍ ശിക്ഷണനടപടികളും അച്ചടക്കസമീപനങ്ങളും മറ്റും നിമിത്തമായിത്തീരേണ്ടത്.

D3

രണ്ട് തലത്തില്‍ സഭയിലെ ശിക്ഷണ/അച്ചടക്ക നടപടികള്‍ പ്രായോഗികമാക്കപ്പെടുന്നത് നമുക്ക് ചിന്തിക്കുവാന്‍ കഴിയും. ഒരു പരിവര്‍ത്തനം, അല്ലെങ്കില്‍ മാറ്റം, അല്ലെങ്കില്‍ ഒരു  വ്യത്യാസം, ഇവ ഉണ്ടാകട്ടെ എന്നതാണ് ശിക്ഷണനടപടികള്‍കൊണ്ട് ഉദ്ദേശ്യമാക്കുന്നത്. ഒരു വിശ്വാസി സഭാകൂട്ടായ്മയില്‍ തുടരുന്നതിന്നോടൊപ്പം സഭ എടുക്കുന്ന ചില ശിക്ഷണനടപടികള്‍ക്ക് വിധേയമാകുന്നതാണ് ഒന്നാമത്തെ രീതി. അതായത്, സഭയ്ക്കകത്തുതന്നെ ഒതുങ്ങി നില്‍ക്കുന്ന തരത്തിലുള്ള ശിക്ഷണനടപടികള്‍. രണ്ടാമത്തെ രീതിയെന്നത്, മാനസാന്തരത്തിന്‍റെ ഫലമായി യഥാസ്ഥാനപ്പെട്ടു വരേണ്ടതിന്നായി തെറ്റ് ചെയ്ത വിശ്വാസിയെ സഭയില്‍നിന്നും പുറത്താക്കുകയെന്നതാണ്. അതായത്, സഭയുമായിട്ടുള്ള കൂട്ടായ്മാ ബന്ധത്തില്‍നിന്നും മാറ്റിനിറുത്തുക എന്നര്‍ത്ഥം.

 

A. സഭയ്ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ശിക്ഷണനടപടികള്‍ (Internal Forms of Discipline)

സഭയോടുള്ള കൂട്ടായ്മയില്‍ തുടര്‍ന്നുപോരുന്നതോടൊപ്പമാണ് ഇത്തരം നടപടികള്‍ക്ക് വിശ്വാസി വിധേയനാകേണ്ടത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ പ്രായോഗികമാണെന്നുള്ളത് അല്പമായി ചിന്തിക്കാം.

 

1. വല്ല തെറ്റിലും അകപ്പെട്ടുപോയവനെ യഥാസ്ഥാനപ്പെടുത്തുന്നതിന്. (Restoration of one overtaken in a fault) (ഗലാ.6:1).

വളരെ പെട്ടെന്ന്, അപ്രതീക്ഷിതമായി തെറ്റില്‍ വീണുപോയ ഒരു വിശ്വാസിയെയാണ് നാം ഇവിടെ കാണുന്നത്. സൌമ്യതയുടെ ആത്മാവില്‍, വളരെ സൂക്ഷ്മതയോടെ പ്രസ്തുത വിശ്വാസിയോട് ഇടപെട്ട് അവനെ/അവളെ വിശ്വാസത്തില്‍ യഥാസ്ഥാനപ്പെടുത്തുവാനായിട്ടാണ് സഭ ശ്രദ്ധിക്കേണ്ടത്.

 

2. കുറ്റം ചെയ്തയാളെ തന്‍റെ തെറ്റിനെക്കുറിച്ച് ബോധ്യം വരുത്തുക (Correction of a personal offender) (മത്തായി.18: 15 – 20).

 

ഒരുവന്‍ തന്‍റെ കൂട്ടുസഹോദരന്നെതിരായി തിന്മ (പാപം) ചെയ്തിരിക്കുന്നു. തിന്മ സഹിച്ച സഹോദരന്‍ അത് പ്രവര്‍ത്തിച്ചവന്‍റെ അടുക്കലെത്തി അവന്നോട് അവന്‍റെ തെറ്റിനെ ചൂണ്ടിക്കാണിച്ചു അവന്ന് ബോധം വരുത്തുവാന്‍ ശ്രമിക്കുന്നു. തെറ്റിനെക്കുറിച്ച് ഇരുവര്‍ക്കും ബോധം വന്നാല്‍, തമ്മിലുള്ള പ്രശ്നത്തിനു പരിഹാരം ഉണ്ടാകും. എന്നാല്‍, കുറ്റാരോപിതനായ സഹോദരന്‍, കൂട്ടുസഹോദരനെ കേള്‍ക്കാന്‍ തുനിയാതിരിക്കുകയാണെങ്കില്‍, തെറ്റ് സമ്മതിക്കുവാന്‍ തയ്യാറാകാതെ വരികയാണെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികളുമായി പോകണം. സാക്ഷികളുടെ സാന്നിദ്ധ്യത്തിലും തന്‍റെ തെറ്റിനെ സമ്മതിക്കാന്‍ തയ്യാറാകാതെയിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം സഭയില്‍ കൊണ്ടുവരികയും തുടര്‍ന്ന്  സഭയേയും ധിക്കരിക്കുകയാണെങ്കില്‍, ആ വ്യക്തിയെ സഭയില്‍ നിന്നും പുറത്താക്കണമെന്നതാണ് തിരുവചനം അനുശാസിക്കുന്നത്. ചതി, നുണ, ശാരീരിക പീഡനം തുടങ്ങിയുള്ള അതിക്രമങ്ങളും പാപങ്ങളും നിമിത്തം ഉളവാകുന്ന പ്രശ്നങ്ങളുടെ അവസാനം ഇത്തരം ശിക്ഷണനടപടികള്‍ അനിവാര്യമായി വരാറുണ്ട്.

 

3. ചിലരില്‍ നിന്നും വേര്‍പെട്ടിരിക്കുകഅല്ലെങ്കില്‍ വേര്‍പാട്പാലിക്കുക (Withdrawal from one who:)  ആരില്‍നിന്നൊക്കെ?

 

a). വേല (ജോലി) ചെയ്യാത്തവര്‍ (won’t work) – (2 തെസ്സ.3:6-14; 1 തെസ്സ.5:14; 1 തിമോ.5:8)

കര്‍ത്താവ് വരാറായി എന്ന് പറഞ്ഞ് മടിയന്മാരായി വേല ചെയ്യുവാന്‍ താല്‍പര്യമില്ലാതെ പരകാര്യം നോക്കി ക്രമംകെട്ടു നടന്നിരുന്നവര്‍ തെസ്സലോനിക്ക്യയില്‍ ഉണ്ടായിരുന്നു. തങ്ങളുടെ ആശയങ്ങളെ D5പ്രചരിപ്പിക്കുന്നത് നിമിത്തമായി പലവിധ പ്രശ്നങ്ങള്‍ അവരുടെ ഇടയില്‍ ഉണ്ടായി. ഈ വസ്തുത അപ്പോസ്തലനായ പൗലോസ്‌ മനസ്സിലാക്കുകയും ഇങ്ങനെയുള്ളവരോടുള്ള സംസര്‍ഗ്ഗം ഉപേക്ഷിച്ച് അവരെ ഒറ്റപ്പെടുത്തുകയും അവരില്‍നിന്നു വേര്‍പെട്ടിരിക്കുകയും ചെയ്യണമെന്ന് താന്‍ തെസ്സലോനിക്ക്യയിലെ വിശ്വാസികള്‍ക്ക് എഴുതുകയും ചെയ്യുന്നു. സഹവിശ്വാസികളുടെ ഒറ്റപ്പെടുത്തലും തന്നില്‍നിന്നുള്ള അവരുടെ വേര്‍പാടും ഒരുപക്ഷേ ഇത്തരം മടിയനായ വിശ്വാസിയില്‍ തന്നെക്കുറിച്ച് തനിക്കുതന്നെ ലജ്ജ തോന്നുവാന്‍ ഇടയായേക്കാം. എന്നാല്‍ തന്നെ ശത്രു എന്ന് വിചാരിക്കാതെ സഹോദരന്നായിത്തന്നെ കാണണം എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലും ഈ വസ്തുത വളരെ പ്രസക്തമാണ്. വേല ചെയ്യുവാന്‍ പ്രാപ്തിയുള്ളവന്‍, അദ്ധ്വാനിച്ചു തന്‍റെ ആവശ്യങ്ങള്‍ക്കായി കരുതണം. അല്ലാഞ്ഞാല്‍, തെസ്സലോനിക്ക്യസഭയ്ക്ക് അപ്പോസ്തലന്‍ നല്‍കിയ ശിക്ഷണനടപടി ഈ കാലഘട്ടത്തിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്.

 

b). വിഭാഗീയതയ്ക്ക് കാരണമായി തെറ്റായ പഠിപ്പിക്കലുകള്‍ നടത്തുന്നവര്‍ (causes division by false teaching) ( റോമര്‍.16: 17-18; 1 തിമോ.6: 3-5).

മുഖസ്തുതിയും ചക്കരവാക്കും പറഞ്ഞ് വിശ്വാസികളെ തെറ്റിക്കാന്‍ നടക്കുന്നവര്‍ റോമയില്‍ ഉണ്ടായിരുന്നു. അവരുടെ പടിപ്പിക്കലുകളും വാക്കുകളും മറ്റും അപ്പോസ്തലീക ഉപദേശത്തിനും പ്രമാണങ്ങള്‍ക്കും വിരുദ്ധമായിരുന്നു. ഇത്തരം ആളുകളെ സൂക്ഷിക്കണമെന്നും അവരോടു അകന്നു മാറണമെന്നുമാണ് ദൈവവചനം വ്യക്തമാക്കുന്നത്. സാധുക്കളായ വിശ്വാസികളുടെ ഹൃദയത്തെ ഇവര്‍ തങ്ങളുടെ മുഖസ്തുതികളാല്‍ സ്വാധീനിക്കുകയും തല്‍ഫലമായി വിശ്വാസികള്‍ ചതിക്കപ്പെടുകയും ചെയ്യുന്നു. സഭയില്‍ ദ്വന്ദപക്ഷത്തിനും ഇടര്‍ച്ചയ്ക്കും മറ്റും ഈ വിധമുള്ള ‘ഉപദേശിമാരുടെ’ പഠിപ്പിക്കലുകളും വ്യാഖ്യാനങ്ങളും കാരണമായിത്തീരുന്നു.

 

ജഡസ്വഭാവത്തിന്‍റെ (carnal behavior) പ്രകടനം മൂലമാണ് കൊരിന്ത് സഭയില്‍ ഭിന്നതയും പക്ഷം ചേരലും മറ്റും ഉണ്ടായത് (1 കൊരി.3:3). ഈ പ്രവണത ഈ നാളുകളിലും സജീവമാണ്. ജഡത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ച്, അതായത്, ബൌദ്ധീകമായ അറിവിന്‍റെയും തിരുവചനത്തെ തങ്ങളുടെ സ്വയേച്ചയ്ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ‘സര്‍വ്വകലാശാലകളില്‍’ നിന്നുള്ള ബിരുദങ്ങളുടെ മേനിയോടെ, ഞാനെന്ന ഭാവത്തിന്‍റെ അകമ്പടിയോടെ, വാഗ്വാദങ്ങളും കുതികാല്‍വെട്ടും നടത്തുന്ന ‘എളിയവരാണ്’ സഭകളില്‍ ഭിന്നതയ്ക്ക് വിത്ത് പാകുന്നത്. ഈ പ്രമുഖരുടെ ഗവേഷണഫലങ്ങളും വ്യാഖ്യാനങ്ങളും വിപരീതോപദേശങ്ങളും മറ്റും സഭയിലും വിശ്വാസികളുടെ ഇടയിലും മറ്റും പഠിപ്പിക്കുന്നതിലൂടെ തെറ്റിദ്ധരിച്ചുപോകുന്ന വിശ്വാസികള്‍ (ശിഷ്യന്മാര്‍) സഭയില്‍നിന്നും മാറി ഇവരുടെ പിന്നാലെ, വചനവിരുദ്ധമായ തത്വസംഹിതകള്‍ക്ക് പിറകെ,  ഇറങ്ങിതിരിക്കാന്‍ കാരണമായിത്തീരും. (അപ്പൊ.20:30). ഇത്തരക്കാരെ മനസ്സിലാക്കാനും സഭകളില്‍ വിഷം വിതയ്ക്കുന്നതിന്നുമുന്‍പേ തന്നെ അവരോട് വേര്‍പെട്ട് അവരെ ഒഴിവാക്കാന്‍ കഴിയുന്നതിന്നുള്ള കൃപ വലിയവനായ ദൈവം നമുക്ക് നല്‍കുമാറാകട്ടെ.

 

4. ശാസിച്ച് അമര്‍ത്തുക (silencing) – (തീത്തോസ്.1:3-14; 3:10-11)

സഭകളില്‍ ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നായിട്ടാണ് തീത്തോസിനെ ക്രേത്തയില്‍ നിറുത്തിയത്. അവിടെ തീത്തോസ് രണ്ട് തരത്തിലുള്ള ആളുകളുമായി ഇടപെട്ടു. ഒരു കൂട്ടര്‍, ന്യായപ്രമാണം പഠിപ്പിക്കുന്നവരാണ്. രണ്ടാമത്തെ കൂട്ടര്‍ എന്നത്, പത്യോപദേശത്തിന് വിരുദ്ധമായി s1വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ (heretics). ന്യായപ്രമാണത്തിന്‍റെ വക്താക്കളായ പലരും ദുരാദായം വിചാരിച്ച്, അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവന്‍ തെറ്റിച്ചുകളയാന്‍ നടക്കുന്നവരായിട്ടാണ് തീത്തോസ് കണ്ടത്. സ്വയത്തിന്റെ ഇഷ്ടത്തിന്നായി, ധനവും മാനവും വാഞ്ചിച്ച്, സഭകളിലും കുടുംബങ്ങളിലും നുഴഞ്ഞുകയറി, ദൈവവചനസത്യങ്ങളെ വികലമായ രീതിയില്‍ അവതരിപ്പിച്ച്, ജനങ്ങളുടെ പ്രത്യേകാല്‍ യുവതീയുവാക്കളുടെ കൈയടി നേടാന്‍ നടക്കുന്ന വിരുതന്മാര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഈ പ്രവണതയെ എതിര്‍ത്തു തോല്പ്പിക്കെണ്ടവര്‍ മിണ്ടടക്കപ്പെട്ടവരായി ഇരിക്കരുത്. കര്‍ശനമായി താക്കീത് നല്‍കുകയും അവയെ നിശബ്ദമാക്കുകയും വേണം. ആയതിന്, സഭയെ പരിപാലിക്കുവാന്‍ നിയുക്തരായിട്ടുള്ളവര്‍ ഇത്തരം വിരോധികളെ ബോധം വരുത്തുന്നതിനും പത്യോപദേശങ്ങള്‍ പ്രബോധിപ്പിക്കുന്നതിന്നും വേണ്ടി ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം ഇത്തരം സാഹചര്യങ്ങളില്‍ മുറുകെപ്പിടിക്കണം. (vs. 9). ഈ നാളുകളിലും നമ്മുടെ സഭകള്‍തോറും സമാനമായ സാഹചര്യങ്ങള്‍ നിലവിലുണ്ട്. അവിടെയെല്ലാം, ജീവനും ചൈതന്യമുള്ളതും ഇരുവായ്ത്തലയുള്ള വാളിനേക്കാളും മൂര്‍ച്ചയേറിയതും ശക്തിയുള്ളതുമായ തിരുവചനമാണ് ഉപയോഗിക്കേണ്ടതും അംഗീകരിക്കേണ്ടതും.

 

ഉപദേശത്തില്‍ നിര്‍മ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്യവചനവും ഇല്ലാത്ത, വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിരായി വിശ്വസിക്കുന്ന ചുരുക്കം വ്യക്തികള്‍ ക്രേത്തയിലെ വലിയ വിശ്വാസഗണത്തിന്നിടയില്‍ ഉണ്ടായിരുന്നു. തെറ്റായ ഉപദേശങ്ങളെ ദൃഡമായി മുറുകെപ്പറ്റുന്നവര്‍ ആയിരുന്നില്ലെങ്കില്‍കൂടി, വക്രബുദ്ധിയോടെ തങ്ങളുടെ ചിന്തകളേയും ആശയങ്ങളേയും പ്രചരിപ്പിക്കുന്നവര്‍ ആയിരുന്നു അവര്‍ (3:11). എതിര്‍പ്പുകളേയും സത്യത്തിന്‍റെ പ്രകാശത്തേയും മറ്റും കാറ്റില്‍പ്പറത്തി, തങ്ങളുടെ ചെയ്തികളില്‍ മുന്നോട്ടുപോകുന്നത് നിമിത്തം, പ്രത്യേക ഗ്രൂപ്പുകള്‍ ഉടലെടുക്കന്നതിനു ഇടയായിത്തീരുന്നു. സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ട് വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിവാക്കുക (തീത്തോ.3:10). സഭയെ പ്രബോധിപ്പിക്കുന്നതുല്പ്പെടെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒരു നിയന്ത്രണം സഭ ആ വ്യക്തിയിന്മേല്‍ എടുക്കണം. വിരുദ്ധമായ അഭിപ്രായവും വിശ്വാസവും വചനവ്യാഖ്യാനവും മറ്റും വച്ചു പുലര്‍ത്തുന്ന അനേകര്‍ ഇന്ന് നമ്മുടെ ഇടയില്‍ ഉണ്ട്. തിരുവത്താഴത്തിന് പുളിച്ച അപ്പമാണോ പുളിപ്പിക്കാത്ത അപ്പമാണോ വേണ്ടത്, യേശുക്രിസ്തുവിന്‍റെ കൈകളില്‍ ഓരോ ആണിയാണോ അതോ ഒന്നില്‍കൂടുതല്‍ ആണോ അടിച്ചത്, ഉത്തമഗീതം ദൈവജനത്തിന്റെ ആത്മീയനന്മയ്ക്കായിട്ടാണോ അല്ലയോ തുടങ്ങി പ്രവചനങ്ങളുടെ വ്യഖ്യാനങ്ങളിലും മറ്റു വസ്തുതകളിലുമൊക്കെ വ്യത്യസ്തമായ, നിശ്ചയദാര്‍ഢ്യത്തോടെയുള്ള അഭിപ്രായങ്ങള്‍ ദൈവമക്കളുടെ ഇടയില്‍ ഉണ്ട്. വിരുദ്ധമായ ചിന്താഗതികളില്‍ ഊറ്റം കൊണ്ട്, അതില്‍ അങ്ങേയറ്റം പോകുന്നവരെ പത്യോപദേശത്തിനു വിരുദ്ധമായി നില്‍ക്കുന്നവര്‍ എന്ന് മനസ്സിലാക്കി യോഗ്യമായ അച്ചടക്കനടപടികള്‍ അവര്‍ക്കെതിരെ സഭ എടുക്കണം.

 

5. പരസ്യമായി ശാസിക്കുക (public rebuke) – (1 തിമോ.5: 19-22)

മൂപ്പന്മാരെ സംബന്ധിച്ചുള്ള തിരുവചനസത്യങ്ങള്‍ മുഖ്യമായും പൗലോസ്‌ തീത്തോസിന്നായി നല്കിയതിലാണ് അടങ്ങിയിരിക്കുന്നത്. ഈ പ്രസ്തുത വേദഭാഗത്ത്, രണ്ടു മൂന്ന് സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരേ അന്യായം എടുക്കരുത് എന്നാണ് പൗലോസ്‌ വ്യക്തമാക്കുന്നത്.  നീതി നടപ്പാക്കുന്നതിന്നോടുള്ള ബന്ധത്തില്‍ തിരുവചനത്തിന്‍റെ നിലവാരം ‘രണ്ടോ മൂന്നോp1 സാക്ഷികളുടെ മുമ്പാകെ’ എന്നതാണ്. ചെയ്യപ്പെട്ട പാപം വ്യക്തമാക്കപ്പെടുകയും ശേഷമുള്ള എല്ലാവരും വസ്തുത അറിയുകയും ചെയ്യുന്നു. മുഖപക്ഷമോ മുന്‍വിധിയൊ കൂടാതെയാണ് ഈ കാര്യങ്ങളില്‍ ഇടപെടുന്നത് (vs.21). പരസ്യമായ ശാസന സഭയിലെ മറ്റുള്ളവരിലും ദൈവമുന്‍പാകെ ഭയഭക്തി ബഹുമാനം ഉണ്ടാകുന്നതിനു കാരണമായിത്തീരുന്നു. കുറ്റക്കാരനായ മൂപ്പന്‍ സഹോദരന്‍ തന്‍റെ പദവിയില്‍നിന്നും മാറി നില്‍ക്കേണ്ടത് ആവശ്യമാണ്‌. പ്രസ്തുത വ്യക്തി ചെയ്ത പാപത്തില്‍ മറ്റു ചിലരും ഓഹരിക്കാരായിട്ടുണ്ട് എന്ന മുന്‍ധാരണയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇടയാകരുത് (vs.22). ദൈവസഭയുടെ അദ്ധ്യക്ഷനായിരിക്കേണ്ടുന്ന വ്യക്തി, തന്‍റെ ജീവിതത്തില്‍ ചില ഗുണഗണങ്ങള്‍ പാലിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്നത് വചനം വ്യക്തമാക്കുന്നു (1 തിമോ.3:2-7; തീത്തോ.1:6-9).ഇത്തരം ഗുണങ്ങളെ കളങ്കപ്പെടുത്തുന്ന, ഇല്ലായ്മ ചെയ്യുന്ന ഏതെങ്കിലും പ്രവര്‍ത്തി മൂപ്പന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ മേല്‍പ്പറഞ്ഞ ശിക്ഷണനടപടികള്‍ പ്രായോഗികമാക്കുന്നത് അനിവാര്യമാണ്.

 

മൂപ്പന്മാര്‍ക്കെതിരെ തെറ്റായി പ്രവര്‍ത്തിക്കുകയും അപവാദം പറയുകയും ചെയ്യുന്ന വ്യക്തിയെ പരസ്യമായ ശാസനക്ക് സഭ വിധേയമാക്കണം. വ്യക്തമായ ബോധ്യത്തോടെ,ദൈവീകാലോചനക്ക് വിരുദ്ധമായി, രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിയെ വിവാഹം കഴിക്കുന്ന ഒരു വിശ്വാസിയെ സഭ പരസ്യമായി തര്‍ജ്ജനം ചെയ്യണം.

 

……..തുടരും……

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.