പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

1 BSകര്‍തൃശുശ്രൂഷകള്‍ക്ക് ബൈബിള്‍ കോളേജ് പഠനം അനിവാര്യമാണ് എന്ന് കരുതുന്ന അനേകര്‍ ഇന്നുണ്ട്. ആ ധാരണ, വേലയില്‍ ചിലരെ പിന്നോട്ട് വലിക്കുന്നതിന്നു മുഖാന്തരമായിത്തീരുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ചിലരേയും, അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട പലരേയും വിചിന്തനം ചെയ്യുമ്പോള്‍ അവരാരും ബൈബിള്‍ കോളേജില്‍ പഠിച്ചവരല്ല എന്ന് മനസ്സിലാക്കാനാകും. ബൈബിള്‍ കോളേജില്‍  പഠിച്ചവരെ ഉദ്ദേശിച്ചല്ല, ക്രമീകൃത വേദപഠനത്തിനു സാഹചര്യം ലഭിക്കാത്തവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

 

മുഖ്യമായും ബൈബിള്‍ കോളേജുകളുടെ (സെമിനാരികളുടെ) ധര്‍മ്മം, അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്ക് വേണ്ടി വ്യക്തികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുക എന്നതാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി സമയവും ജീവിതവും മാറ്റി വച്ചിരിക്കുന്ന വ്യക്തികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. മറ്റു പല വിഷയങ്ങള്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത് പോലെ തന്നെ ‘ബൈബിള്‍’ മുഖ്യ വിഷയമായി പഠനത്തിനായി തിരഞ്ഞെടുക്കുന്നത് നല്ലതാണ്.  വേദപഠിതാക്കള്‍ക്കുവേണ്ടി അവര്‍ സ്വായത്തമാക്കിയിരിക്കുന്ന ഉന്നത നിലവാരമുള്ള ബൈബിള്‍ സംബന്ധിയായ പാണ്ഡിത്യവും, അവര്‍ നടത്തുന്ന തുടര്‍വ്യാഖ്യാനങ്ങളും ഏറ്റവും ശ്ലാഘ്യവും, അനേക വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹവുമാണ് എന്നതിനു എതിരഭിപ്രായമില്ല. എന്നിരുന്നാല്‍ തന്നെയും ഇവയുടെയെല്ലാം പിന്നിലുള്ള വിഭാഗങ്ങളുടെ പശ്ചാത്തലവും,  അവിടത്തെ അദ്ധ്യാപകരുടെ കാഴ്ചപ്പാടുകളും ബൈബിള്‍ പഠിപ്പിക്കലുകളെ പരിമിതപ്പെടുത്തി സത്യങ്ങളെ തെറ്റായി അവതരിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടാക്കുന്നുണ്ട് എന്നത് വിസ്മരിക്കാവുന്നതല്ല. മാത്രമല്ല, അത്തരം പ്രവണത  ദൈവഹിതത്തിനു വിപരീതവുമാണ്.

 

ബൈബിള്‍ കോളേജിലെ പഠനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് സര്‍വ്വകലാശാല സംബന്ധിയായ ഒരു യോഗ്യത നേടിയെടുക്കുക എന്ന നിലയിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. അത്തരം യോഗ്യത, ഒരു പ്രത്യേക സ്ഥാനമോ പദവിയോ അത് പ്രതിനിധീകരിക്കുന്ന വിഭാഗത്തില്‍ നേടിയെടുക്കുന്നതിന് ആവശ്യവുമാണ്. സെമിനാരി പഠനത്തിലൂടെ നേടിയെടുത്ത ചില യോഗ്യത’കളെആധാരമാക്കി ഒരു പ്രത്യേക ഗണം ശുശ്രൂഷക്കാര്‍ ആത്മീയ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ദൈവീകശുശ്രൂഷക്കായി മാനുഷിക ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ചില യോഗ്യതകളെമാനദണ്ഡമാക്കിയുള്ള പ്രത്യേക വിഭാഗം ശുശ്രുഷക്കാര്‍ എന്നുള്ളത് ഈ കൃപായുഗത്തിലെ ദൈവിക കാര്യപരിപാടിക്ക് വിരുദ്ധവുമാണ്. കാരണം, ദൈവം തന്റെ സവിശേഷാധികാരത്തില്‍ നല്‍കുന്ന കൃപാവരങ്ങളുടെ ഉപയോഗത്തെ മാനുഷിക അധികാരം കൊണ്ടും ബുദ്ധിപരമായ പഠിപ്പിക്കല്‍ കൊണ്ടും മറ്റും തടസ്സപ്പെടുത്തുകയാണ് അല്ലെങ്കില്‍ നിയന്ത്രിക്കപ്പെടുകയാണ് എന്നതാണ് ഇത്തരം സംവിധാനത്തില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യം. കൃപയുടെ ഈ കാലഘട്ടത്തില്‍ കൃപാവരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നുള്ളതില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാകില്ല .

 

ചില വാക്യങ്ങള്‍ ശ്രദ്ധിക്കുക ……. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;  അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം, ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ,  പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ,  കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ”.(റോമര്‍ 12:3-8 )

 

“ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ മൂന്നാമതു ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ,  രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം,  പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു. എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ?  എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ? എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ?  എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ? എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.”(1 കോരി 12:28-31 )

 

മരണത്തെ തോല്പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു, ഉയരത്തിലേക്ക് കരേറിപ്പോയിരിക്കുന്ന, സഭയുടെ തലയായിരിക്കുന്ന, കര്‍ത്താവ്‌ നല്‍കുന്നതാണ് കൃപാവരങ്ങള്‍ .“എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി5 bs ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം  വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചു കൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.  ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു”.(എഫെസ്യര്‍ 4:7-16 )

 

ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്  തന്നെയാണു കൃപാവരങ്ങളുടെ മേല്‍ സര്‍വ്വാധികാരമുള്ള നിയന്ത്രിതാവായി  പ്രവര്‍ത്തിക്കുന്നത്. “എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;  വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം. എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.”(1 കോരി 12:4-11 )

 

ഇതിനൊന്നും മാനുഷിക അധികാരപ്പെടുത്തലും, അംഗീകാരവും ആവശ്യമില്ല എന്നാണു വചനം വ്യക്തമാക്കുന്നത്. അപ്പൊ. പൗലോസിന്റെ മാനസാന്തരവും, കര്‍ത്തൃവേലയ്ക്കായുള്ള നിയോഗവും അതുല്യമായ ചില കാര്യങ്ങളെ കണക്കിലെടുക്കേണ്ടതിനു നമ്മെ നിര്‍ബന്ധിക്കുന്നു. നമ്മുടെ കര്‍തൃസേവയെയും, ആത്മീയ പഠനത്തെയും സംബന്ധിച്ചുയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി നമുക്ക് അതില്‍നിന്നു ലഭിക്കും . ആ  മാതൃക നമുക്കൊന്ന് പരിശോധിക്കാം.

 

അപ്പൊ പൗലോസിന്റെമേല്‍ ഭരമേല്‍പ്പിക്കപ്പെട്ട കര്‍ത്തൃ നിയോഗത്തിന്റെയും തന്‍റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം എന്തായിരുന്നുവെന്ന്  ഗലാത്യര്‍ക്ക് എഴുതിയ ലേഖനം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം  വ്യക്തമാക്കുന്നു. അത്, “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ” എന്നാണ്.  മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിലാണ് സമ്പൂര്‍ണ്ണമായ, സവിശേഷമായ അധികാരം കേന്ദ്രീകൃതമായിരിക്കുന്നത്.

 

ഇന്ന്, കര്‍ത്താവിന്റെ ശുശ്രൂഷക്കായി മനുഷ്യര്‍ക്ക്‌ നിയമനം നല്‍കുന്നത്  സര്‍വ്വജ്ഞാനിയായദൈവം   തന്നെയാണ്. പട്ടം കൊടുക്കല്‍, അധികാരപ്പെടുത്തല്‍ തുടങ്ങിയ മാനുഷികമായ കാര്യപരിപാടികള്‍ ദൈവഹിതത്തിനും ദൈവീകവ്യവസ്ഥയ്ക്കും അനുയോജ്യമല്ല എന്നത് അപ്പോസ്തലന്റെ ഈ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളംസര്‍വ്വപ്രധാനവും തനിക്ക് നേരിട്ട് ബോധ്യമാകുന്നതുമായ  ഒന്ന് തന്നെയാണ്  കര്‍ത്താവിന്റെ വിളിയും നിയോഗവും. ഒരു ദൈവദാസനായി  അംഗീകരിക്കപ്പെടുന്നതിന്   2 BSമാനുഷികമായ അധികാരപ്പെടുത്തലോ, പ്രത്യേകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളൊന്നും, അതും  മനുഷ്യരായവരുടെ കൈയ്യില്‍ നിന്ന് ആവശ്യമില്ല. കര്‍ത്താവിന്റെ വേല ചെയ്യുന്നതിന്നുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം ഒരു മനുഷ്യനോ, പ്രത്യേകം ഒരു കമ്മിറ്റിക്കോ ഇല്ല . ദൈവം നല്‍കിയിരിക്കുന്ന കൃപാവരങ്ങളെ ദൈവത്തിനു ഉപയോഗപ്പെടുത്തുന്നതിലും, കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരമാധികാരത്തില്‍ ഇടപെടുന്നതിനും മനുഷ്യര്‍ക്കാകുമോ?. അതിനുള്ള അധികാരം സഭയുടെ തലയായ, പ്രാദേശീക സഭയുടെ ഉടമസ്ഥനായ ക്രിസ്തുവിനു മാത്രം അവകാശപ്പെട്ടതാണ്.

 

തന്‍റെ വിളിയും തെരഞ്ഞെടുപ്പും നിയമനവും താന്‍ പ്രാപിച്ചിരിക്കുന്ന കൃപാവരങ്ങളും മറ്റും സ്വര്‍ഗ്ഗീയമായതും ദൈവത്താലുമാണോ എന്നതിന്റെ ഉത്തരം ഒരു ദൈവഭൃത്യന്‍റെ യഥാര്‍ത്ഥമായ വേര്‍പാടിന്റെ സ്വാഭാവം തെളിയിക്കുന്ന ഒരു ഘടകമായിരിക്കുന്നു. ദൈവം ആക്കി വയ്ക്കുന്ന മണ്ഡലത്തില്‍, സഭയില്‍, ദൈവം നല്‍കിയിരിക്കുന്ന കൃപാവരം ഉപയോഗിക്കുന്നതിനുള്ള ഉത്തരവാദിത്വവും അവകാശവും, കൃപാവരം ലഭിച്ചിരിക്കുന്ന വ്യക്തിക്കുണ്ട്.  മാനുഷികമായ അധികാരപത്രമോ, അംഗീകാരമോ ഒക്കെ മഹത്വവാനായ, കൃപാവരങ്ങളുടെ ദാതാവായ കര്‍ത്താവിനെ അപമാനിക്കുന്നതാണ്.

“തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.  മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയ മാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകൂടെ പാർത്തു.”(ഗലാത്യര്‍ 1:16-18 ). പൌലോസിന്റെ  അറേബ്യയിലെ മൂന്നു വര്‍ഷങ്ങള്‍, യിസ്രായേലിനെ നയിക്കുവാന്‍ വിളിക്കപ്പെട്ട  മോശ തന്റെ ജീവിതത്തിന്റെ മൂന്നില്‍രണ്ടു ഭാഗം മരുഭൂമിയിലെ ഏകാന്തതയില്‍ ചിലവഴിച്ചതിനെ ഓര്‍പ്പിക്കുന്നു.  ദാവീദിനും തന്‍റെ ജീവിതത്തില്‍, സമാനമായ, ഏകാന്തമായ ,പര്‍വ്വത വാസം ശൌല്‍ തന്നെ വേട്ടയാടിയതു മുഖാന്തരം  ഉണ്ടായി. തല്‍ഫലമായി രചിക്കപ്പെട്ട  സങ്കീര്‍ത്തനങ്ങളുടെ അര്‍ത്ഥതലങ്ങള്‍, ധ്യാനതലങ്ങള്‍ എത്ര അത്യഗാധമാണ്!!. യോഹന്നാന് പത്മോസിന്റെ ഏകാന്തതയിലൂടെ ലഭ്യമായത് മനോഹരമായ സ്വര്‍ഗ്ഗീയദര്‍ശനമാണ്. കര്‍ത്താവിന്റെ എല്ലാ വേലക്കാരുടേയും ജീവിതത്തിലും സമാനമായ ഒരു സമയം ദൈവത്തോട് ഒപ്പം ചിലവഴിക്കുന്ന തിന്നായിട്ട് ഉണ്ടാകണം എന്നാണു വചനത്തിലൂടെ നാം കാണുന്നത്. എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നത്, ഇന്ന് അത്തരം സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു. ദൈവീകസംസര്‍ഗ്ഗം വെടിഞ്ഞ് പൂര്‍ണ്ണമായും 4 BSമനുഷ്യരോടൊപ്പമുള്ള സഹവര്‍ത്തിത്വത്തില്‍, പരിശുദ്ധാത്മാലോചനയേക്കാള്‍ ഉപരിയായി ബൌധീകവും ജഡീകവുമായ അര്‍ത്ഥത്തിലും  വ്യാഖ്യാനത്തിലും രസിച്ച്, സ്വയ പുകഴ്ചയ്ക്കും മാനത്തിനുമായി  ചിലവിടുന്ന വര്‍ഷങ്ങള്‍ ആയി ഇന്ന് മാറ്റപ്പെട്ടു കഴിഞ്ഞു. സെമിനാരി പഠനം ഒരുതരം ഫാഷനും, പ്രൌഡിയും ആയി ഇന്ന് തീര്‍ന്നിട്ടുണ്ടോ? എല്ലാവരും തിയോളജിയന്മാരെ തേടി പോകുന്നു…  ഈ തിയോളജിയന്‍മാര്‍ എല്ലാം അവരുടെ പ്രാദേശിക സഭയില്‍ എങ്ങനെയായിരിക്കുന്നുഎന്താണ് അവര്‍ സഭക്ക് പ്രയോജനപ്പെടുത്തുന്ന കൃപാവരം എന്നൊന്നും ആരും തിരക്കുന്നില്ല. അനന്യാസിന്റെ അടുക്കല്‍ നിന്നും പൌലോസ് പിന്നീട് പോയത് താന്‍ മാനസാന്തരപ്പെട്ട സ്ഥലമായ ദമാസ്കസിലേക്കാണ്. പിന്നീട് മൂന്നു വര്ഷം കഴിഞ്ഞു  യെരുശലെമില്‍ എത്തിയപ്പോള്‍ യവനഭാഷക്കാരായ യെഹൂദന്മാര്‍ ”…… അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി. സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടു പോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു….”(അപ്പൊ 9:29,30). പൌലോസ് ജനിച്ചു വളര്‍ന്ന പട്ടണമായിരുന്നു തര്‍സോസ്.  “പിന്നെ ഞാൻ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി” (ഗലാത്യര്‍ 1:21). ബര്‍ണബാസ് തന്നെ അന്ത്യോക്യയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനു മുമ്പ് ഏകദേശം ഏഴു വര്‍ഷം പൌലോസ് അവിടെ പ്രവര്‍ത്തിച്ചു.  അന്ത്യോക്യയില്‍ “അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു;” (അപ്പൊ 11:27) . ശൌലിനെയും (പൗലോസ്‌) തന്നെക്കാള്‍ വേലയില്‍ അനുഭവസമ്പത്തുള്ള ബര്‍ന്നബാസിനെയും കര്‍ത്താവ് തന്‍റെ വേലക്കായി വിളിച്ചു വേര്‍തിരിച്ചത് ഒരുമിച്ചായിരുന്നു. (അപ്പൊ 13:2,3 ). പൌലോസ് തന്റെ സ്വന്തം ദേശത്തു ആദ്യം പ്രവര്‍ത്തിച്ചു, പിന്നീട് തന്നേക്കാള്‍ വേലയില്‍ മുതിര്‍ന്ന ദൈവദാസനോടൊപ്പം ശുശ്രുഷിച്ചു. അതിനു ശേഷമാണ് പൗലോസ്‌ തനിക്ക് പ്രത്യേകമായി ലഭിച്ച നിയോഗമനുസരിച്ച്, ജാതികളുടെ ഇടയിലെ സുവിശേഷ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. യോശുവ മോശയുടെ കീഴില്‍ ശുശ്രൂഷകന്‍ (യോശുവ 1:1.യോശുവ 24:13 ) ആയിരുന്നു. ആ അഭ്യസനത്തിനു  ശേഷമാണ് ദേശങ്ങള്‍ പിടിച്ചടക്കുന്നതിന്നായി അവന്‍ ഉപയോഗിക്കപ്പെട്ടത്. .. എലിശയുടെ മേല്‍ പുതപ്പു വീണപ്പോഴും സംഭവിച്ചത് ഇതാണ്. “പിന്നെ അവൻ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീർന്നു.” (1രാജാ 19:21). പൌലോസിനും ബര്‍ന്നബാസിനും സഹായിയായി യോഹന്നാന്‍ ഉണ്ടായിരുന്നു (അപ്പൊ 13:5).

 

രണ്ടാം മിഷനറി യാത്രയില്‍ പൌലോസ് തന്റെ കൂടെ ചേര്‍ത്ത തിമോത്തിയോസിനോടുള്ള ബന്ധത്തില്‍ നാം വായിക്കുന്നത്,  “ അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു” (അപ്പൊ 16:2,3) എന്നാണ്. ഇവിടെയും നാം കാണുന്നത്, കര്‍തൃവേലയില്‍ പരിചയമുള്ളവരോടൊപ്പം പരിശീലനം നേടുന്ന മാതൃകയാണ്. ഈ മാതൃക ഫലപ്രദമായി നടപ്പാക്കുന്നതില്‍ ബൈബിള്‍ കോളേജുകള്‍ പരാജയമാണ്. അടുത്ത തലമുറയിലുള്ളവര്‍ക്ക് ആത്മീയ പഠനവും വചനത്തിലുള്ള പരിശീലനവും ലഭ്യമാകേണ്ടത് തങ്ങള്‍ ആയിരിക്കുന്ന സ്ഥലംസഭയില്‍ നിന്നുമാണ്. പരിശീലിപ്പിച്ചു നടത്തേണ്ട ഉത്തരവാദിത്വം  മൂപ്പന്മാരില്‍ അല്ലെങ്കില്‍ ഇടയന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. നേരെമറിച്ച്, സഭാജനത്തെ പരിശീലിപ്പിച്ച്, പരിപാലിച്ചു നടത്തേണ്ട വലിയ ദൌത്യം, പേരിന്‍റെകൂടെ നാലക്ഷരങ്ങള്‍ എഴുതിചേര്‍ത്ത് ഉണ്ടാക്കിയ യോഗ്യതയുള്ള ശമ്പളക്കാരെയാണോ ഏല്പിക്കേണ്ടത് എന്നത് ചിന്തിക്കുക. അപ്പോസ്തോലിക ഉപദേശം പ്രാദേശീക സഭകളിലൂടെ വളരെ ഗൌരവപരമായി തന്നെ കൈമാറപ്പെടെണ്ടതാണ് എന്ന് അപ്പസ്തോലന്‍ തന്നെ വളരെ വ്യക്തമായി പറയുന്നു. “നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക”(2 തിമോത്തി 2:2) എന്നാണ് നാം വായിക്കുന്നത്. ഒരു ദൈവപൈതലിനു തനിക്ക് ലഭിച്ച കൃപാവരങ്ങള്‍ ഉപയോഗിക്കുന്നതിനും വളര്‍ത്തുന്നതിന്നുമായി ദൈവം ഒരുക്കിയിരിക്കുന്ന ഇടം, തന്‍റെ സ്ഥലംസഭ തന്നെയാണ്. അനുഗ്രഹിക്കപ്പെട്ട സഭാജീവിതം നയിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, താനായിരിക്കുന്ന സ്ഥലംസഭയില്‍നിന്നും ആത്മീയ സത്യങ്ങള്‍ പഠിക്കുന്നു എന്ന് മാത്രമല്ല ക്രിസ്തീയജീവിതം വിജയകരമായി നയിക്കുവാന്‍ ആവശ്യമായ പരിശീലനവും തനിക്ക് ലഭിക്കുന്നു. തനിക്ക് പ്രാപ്യമായ കൃപകള്‍ പ്രാവര്‍ത്തിക മാക്കുന്നതിന്നുള്ള അവസരവും ഒരു സഭാവിശ്വാസിക്ക് തന്‍റെ സ്ഥലംസഭയിലൂടെ ലഭിക്കുന്നു. പ്രാദേശിക സഭയാകുന്ന പഠനക്കളരിയിലൂടെ ആയിരിക്കണം ഒരു ദൈവപൈതല്‍ ആത്മീയമായി വളരേണ്ടത്. ദൈവം സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണത്. ബൈബിള്‍ കോളേജ് പഠനമോ, പഠന വിഷയങ്ങളോ ദൈവം ഒരുക്കിയിരിക്കുന്ന യാഥാര്‍ഥ്യത്തിനു പകരമാവില്ല . പുതിയ നിയമസഭയാകുന്ന ആത്മീയ യൂണിവേഴ്സിറ്റി നല്‍കുന്ന ശ്രദ്ധയേറിയതും ചിട്ടയുള്ളതുമായ പഠന നിര്‍ദേശങ്ങള്‍, അതാണ്‌ ഏറ്റവും മൂല്യമര്‍ഹിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാംതന്നെ നമ്മുടെ സഭകളുടെ ബൈബിള്‍ ക്ലാസുകള്‍  ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്നത് തന്നെയായിരുന്നു. എന്നാല്‍ അനിവാര്യമായ ഈ വചനപഠനം ഇന്ന് ഒട്ടുമിക്ക സഭകളിലും അന്യമായിരിക്കുന്നു എന്ന് പറയുന്നതില്‍ ഒട്ടും ഖേദിക്കേണ്ടതില്ല. (ഇത് സാക്ഷ്യപ്പെടുത്തുന്ന ചില പിതാക്കന്മാര്‍, അതായത്  എസക്കിയേല്‍ സാറിന്റെയും സൈമണ്‍ സാറിന്റെയും ശിഷ്യന്മാരുടെ മുന്നില്‍ ജ്ഞാനികള്‍ എന്ന് നടിക്കുന്ന അനേകര്‍ തല കുനിക്കുന്നതിനു ഈ തലമുറയില്‍ ജീവിച്ചിരിക്കുന്ന പലരും സാക്ഷികള്‍ ആയേക്കാം) .

 

മൂപ്പന്മാര്‍ക്ക് സഭയിലെ വചന പഠനത്തിന്റെയും ക്രമീകരണങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കാനാകില്ല. സ്ഥലംസഭയിലൂടെയാണ് കൃമീകൃതമായ വചന പഠനവും പരിശീലനവും നടക്കേണ്ടത്‌. അതായത് കൃപാവരങ്ങളുടെ പരിശീലനത്തിലൂടെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തന 3 BSകേന്ദ്രമായി നമ്മുടെ സഭകള്‍ ബൈബിള്‍ കോളേജുകള്‍ക്ക്‌ പകരമായി വര്‍ത്തിക്കേണ്ടതാണ്. ദു:ഖകരം എന്ന് പറയട്ടെ, ഈ കാര്യത്തില്‍  സഭകള്‍ക്ക് വീഴ്ചയുണ്ട് എന്നത് വസ്തുതയാണ്. എന്ന് കരുതി തിരുവചനം ഊന്നിപഠിപ്പിക്കുന്ന സത്യത്തെ മാറ്റിയെഴുതുവാന്‍ ആര്‍ക്കും അവകാശമില്ല. ഗൗരവമുള്ള ഉദ്ദേശ്യത്തോടെ, സ്ഥലംസഭകള്‍ പോരാ എന്ന് കണ്ട്, നിലവാരമുള്ള കോളേജും സ്ഥാപനവും അന്വേഷിച്ചു നടക്കുന്നവര്‍, ദൈവവേലക്കായി തങ്ങളെതന്നെ സമര്‍പ്പിച്ച്‌, ദൈവസന്നിധിയില്‍ വളരെയധികം സമയം ചിലവഴിച്ചു പഠിക്കുന്ന, ആയിരിക്കുന്ന സഭയിലൂടെ വളര്‍ന്നും പരിശീലിച്ചും സഭയ്ക്ക് പ്രയോജനപ്പെടുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് എങ്ങനെയാണ് പ്രചോദനമാകുന്നത്? ഡിഗ്രി സമ്പാദിക്കാത്തവര്‍ കഴിവു കുറഞ്ഞവര്‍ എന്ന തരംതിരിവാണോ സംജാതമാകുന്നത്?.. കര്‍ത്താവിന്നായി ഉപയോഗപ്പെടുവാന്‍ ‘ജ്ഞാനത്തിന്‍റെ’ ധാരാളിത്തം അനിവാര്യമാണ് എന്ന ചിന്താഗതി ഉടലെടുക്കുകയാണോ?… ഇത്തരം വെല്ലുവിളികള്‍ നാം അഭിമുഖീകരിക്കേണ്ടത് ഒരു വഴിമാറ്റത്തിലൂടെ യാകാതിരിക്കട്ടെ…

 

നമ്മുടെ യുവസഹോദരന്മാര്‍ ദൈവത്തോടൊപ്പം ചിലവഴിച്ചാല്‍, അതെ അധികമധികം ചിലവഴിച്ചാല്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മീയ വിപ്ലവത്തിന്റെ പാതകളെ പിന്നെയും നമ്മുക്ക് വെട്ടിയൊരുക്കാനാകും.. ആത്മാക്കള്‍ക്കായി ദാഹത്തോടെ നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തലങ്ങും വിലങ്ങും വിശ്രമമില്ലാതെ സഞ്ചരിക്കുന്ന  സുവിശേഷകന്മാരെ നമ്മുക്ക് കാണാനാകും…. സര്‍ട്ടിഫിക്കറ്റുകള്‍ തലയ്ക്കു കീഴെ വച്ച് കിടന്നുറങ്ങുന്ന,  വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം അതുയര്‍ത്തി കാണിക്കുന്നവരെയല്ല നമ്മുക്കിന്നാവശ്യം… തിയറി മാത്രമറിയാവുന്നവരെയുമല്ല വേണ്ടത്….പ്രത്യുത, ശിഷ്യത്വത്തിന്റെ പാതയില്‍ സ്വന്ത ജീവിതം മാതൃകാപൂരിതമാക്കി, അനേകരെ ശിഷ്യത്വത്തിലേക്ക് നയിക്കുന്ന, ഉപദേശങ്ങളെ പ്രമാണിക്കുന്ന ഭക്തിയുള്ള യുവജനങ്ങളെയാണ്, അതെ,  നസറായന്‍റെ യഥാര്‍ത്ഥ ശിഷ്യന്മാരെയാണ് ഇന്ന് ദൈവസഭയ്ക്ക്, ദൈവരാജ്യത്തിന്‍റെ വ്യാപ്തിക്കായി, ആവശ്യമായിരിക്കുന്നത്…. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ? സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?
വിശ്വാസികളും വിശ്വാസ ജീവിതവും വിശ്വാസികളും വിശ്വാസ ജീവിതവും
ഞങ്ങള്‍ വിശ്വസിക്കുന്നു ?? ഞങ്ങള്‍ വിശ്വസിക്കുന്നു ??
സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ! സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !
© 2017 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.