‘ശേഷിപ്പുകള്‍ക്ക്’ (Remnant) പറയാനുള്ള സാക്ഷ്യം ?

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ‘ശേഷിപ്പ്’ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഉപയോഗത്തിന് ശേഷം മിച്ചം വന്ന (ശേഷിച്ച) ഭാഗത്തെ കുറിക്കുന്നു. ദൈവീക പദ്ധതിയുടെ ഭാഗമായി  ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ പാപത്തിന്റെ ഫലമായി ദൈവത്തിനായി ഉപയോഗപ്പെടെണ്ടതായ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നപോയി. അവനെ വീണ്ടെടുക്കുവാന്‍ പിന്നെയും ദൈവം പദ്ധതികള്‍ ഒരുക്കി. അങ്ങനെ ദൈവീക പദ്ധതിയുടെ ഭാഗമായി, സത്യത്തെ മുറുകെ പിടിക്കുന്ന ഒരു ചെറിയ കൂട്ടത്തിനെ അഥവാ ‘ശേഷിപ്പിനെ’ എല്ലാകാലത്തും ദൈവം തന്‍റെ നാമ മഹത്വത്തിനായി സൂക്ഷിച്ചിരുന്നു.

remnant2

തിരുവചനത്തിന്‍റെ പ്രാരംഭത്തില്‍തന്നെ, ഉല്‍പ്പത്തിപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശേത്തിന്റെ നാളുകള്‍ തുടങ്ങി വരാനിരിക്കുന്ന മഹാപീഡനകാലത്തിലൂടെ കടന്നുപോകുന്ന ‘ശേഷിപ്പുകളെ’ കുറിച്ച് വരെയും നാം പരിശോധിക്കുമ്പോള്‍, ഒരു ചെറിയ കൂട്ടം ശേഷിപ്പുകളിന്മേലാണ്, പിന്നീട് വരുന്ന ശേഷിപ്പുകള്‍ക്കുവേണ്ടി, ദൈവം തന്‍റെ സാക്ഷ്യം വെളിപ്പെടുത്തുന്നത്, അവര്‍ മുഖാന്തരമാണ് അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ഈ ശേഷിപ്പുകള്‍ വഹിക്കുന്ന സാക്ഷ്യത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് നന്നായി പഠിക്കണമെങ്കില്‍ യിസ്രായേലിന്റെ ചരിത്രത്തിന്‍റെ സിംഹഭാഗത്തെക്കുറിച്ച്, പ്രത്യേകാല്‍, എസ്രായുടെയും നെഹെമ്യാവിന്റെയും നേതൃത്വത്തിലുണ്ടായ ഉദ്ധാരണത്തിന്‍റെ കാലഘട്ടത്തെ പഠനവിധേയമാക്കേണ്ടത് ആവശ്യമാണ്‌.

 

ഉയര്‍ത്തപ്പെട്ട നമ്മുടെ കര്‍ത്താവ് , സര്‍ദ്ദീസിലെ സഭയോടു പറയുന്നത്, ഇന്ന് നമ്മുടെ ചുറ്റുപാടിലും ബാധകമാണ്. വെളിപ്പാട് 3: 2 – ല്‍ നാം ഇങ്ങനെ വായിക്കുന്നു, ”ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക;… ”. സ്ഥലംസഭയുടെ ആരോഗ്യകരമല്ലാത്ത, ദൈവഹിതത്തിനു എതിരായിട്ടുള്ള സാക്ഷ്യത്തിന് നിമിത്തമായിത്തീരുന്നത്, പിന്തിരിഞ്ഞുപോകുന്ന, ആത്മീയമായ ദാരിദ്ര്യത്തിന്‍റെ അവസ്ഥയിലേക്ക് പോകുന്ന വിശ്വാസികളാണ് എന്നുള്ളത് സാധാരണയായി മനസ്സിലാക്കുവാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ ദൈവം തക്കസമയത്ത് വീണ്ടെടുപ്പിന്റെയും ഉണര്‍വ്വിന്റെയും അവസ്ഥയെ ശേഷിപ്പുകളുടെ മദ്ധ്യേ അയയ്ക്കുന്നതുകൊണ്ട് വീഴ്ചകളെ അതിജീവിച്ച്, ക്രിസ്തീയ സാക്ഷ്യത്തിന്റെ കൊടി പാറിച്ച് നിലനില്‍ക്കുവാന്‍ സത്യ ഉപദേശം മുറുകെ പിടിക്കുന്ന ചെറിയ ചെറിയ കൂട്ടങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും അതാതു സ്ഥാനങ്ങളില്‍ ഇടയാകുന്നുവെന്നത് നാം നന്ദിയോടെ ഓര്‍ക്കേണ്ടതാണ്.

ദൈവജനത്തിന്റെ ഓരോ കാലഘട്ടത്തിലുമുള്ള ഉദ്ധാരണത്തിന്റേയും ആത്മീയമായ ഉണര്‍വ്വിന്റെയും വീണ്ടെടുപ്പിന്റെയും പിന്നില്‍ നിവര്‍ത്തിക്കപ്പെട്ട പ്രധാനമായ ചില വസ്തുതകളെ നാം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

 i) പരാജയങ്ങളെയും കുറവുകളെയും വളരെ വിനയത്തോടെ ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞു.

 ii) പരിശുദ്ധാത്മപ്രേരിതമായ ദൈവവചനത്തിനു പ്രഥമസ്ഥാനം നല്‍കി.

 iii) സര്‍വ്വശക്തനായ ദൈവത്തില്‍ ശിശുസഹജമായ വിശ്വാസം അര്‍പ്പിച്ചു.

 iv) വിശ്വസ്തരായ ആളുകള്‍ ദൈവജനത്തിന്റെ മദ്ധ്യേ എഴുന്നേറ്റു.

 v) ദൈവാത്മാപ്രേരിതമായി ദൈവജനത്തിന്റെ ഉദ്ധാരണത്തിനു ഉപയോഗ്യമായ ഉപകരണമായി ദൈവം എഴുന്നേല്‍പ്പിച്ചവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. കൂടാതെ

 vi) പിശാചിന്‍റെ വിഷലിപ്തമായ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ കഴിഞ്ഞു.

Remnant3 വിശ്വാസികളായ നമ്മില്‍ പലരും സാധാരണ ചോദിക്കാറുണ്ട്, ”നമ്മളാണ് ശരിയെങ്കില്‍ എന്തുകൊണ്ടാണ് നാം കേവലം ന്യൂനപക്ഷവും ഒട്ടുംതന്നെ ഉണര്‍വ്വില്ലാത്തവരുമായിരിക്കുന്നത്? ”. പ്രിയപ്പെട്ടവരേ, ഒരിക്കലും സമൂഹം അളക്കുന്ന മാനദണ്ഡത്തില്‍ നാം നമുക്കുതന്നെ വിലയിടരുത്. ലോകത്തിന്‍റെ അളവുകോലില്‍ പ്രധാനമായിരിക്കുന്നത് കൂട്ടത്തിന്‍റെ വലിപ്പവും, എണ്ണത്തിലെ പെരുപ്പവും, സംഘടിത ശക്തിയും, സമൂഹത്തിലെ സ്വാധീനതയുമൊക്കെയാണ്. എന്നാല്‍ ദൈവത്തിന്‍റെ നിലവാരമെന്നത് തികച്ചും സമൂഹം കാണുന്നതില്‍നിന്നും വിഭിന്നമാണ്. ദൈവത്തിന്‍റെ ഹിതം ഇങ്ങനെയാണ്, ”ജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.” (1 കൊരി.1:27, 28, 29).

എന്നിരുന്നാല്‍തന്നേയും നാം ചെറിയ ആട്ടിന്‍കൂട്ടമായിരിക്കുന്നതു കൊണ്ട്, വിശ്വാസികളായ നാം തികഞ്ഞവരായിരിക്കുന്നുവെന്ന്remnant1 അവകാശപ്പെടുന്നത് വിഡ്ഢിത്തമാണ്. നമ്മുടെ ബലഹീനതകളും കുറവുകളും സ്വയം നിരത്തി, സംതൃപ്തി അടയുകയെന്നത് ഒരു ലവോദിക്കന്‍ ചിന്താഗതിയാണ്. അതായത്,  ശീതോഷ്ണവാനുമല്ല, ഉഷ്ണവാനുമല്ല, നേരെമറിച്ച്, ശീതോഷ്ണവാനായിട്ട് ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തിയില്‍ നിര്‍വൃതിയടഞ്ഞു മുന്നോട്ടു പോകുകയെന്ന താല്പര്യം. നാം നമ്മുടെ കഴിവില്ലായ്മയെക്കുറിച്ചു എപ്പോഴും ബോധവാന്മാരായിരിക്കണം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ ശക്തിയും സാന്നിദ്ധ്യവും നമ്മില്‍ വെളിപ്പെടുമാറത്തക്ക വിധത്തില്‍ ദൈവം നമ്മെ സന്ദര്‍ശിക്കെണ്ടതിനു നാം ദൈവത്തോട് എപ്പോഴും അപേക്ഷിക്കുന്നവരായിരിക്കേണ്ടത് അനിവാര്യമാണ്.

 

B.C. 536 – ല്‍, സെരുബ്ബാബേലിന്‍റെ നേതൃത്വത്തില്‍ അമ്പതിന്നായിരത്തോളം പ്രവാസികളുടെ ഒരു ‘ശേഷിപ്പ്’ ബാബിലോണ്‍ പ്രവാസത്തില്‍നിന്നും യെരുശലെമിലെക്കും യെഹൂദയിലേക്കും മടങ്ങിവന്നു. അതിന്നും വളരെ വര്‍ഷങ്ങള്‍ക്കുശേഷം അതായത്, ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൈവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്‌. സെരുബ്ബാബേലിന്‍റെ വരവും എസ്രായുടെ മടങ്ങിവരവും തമ്മില്‍ അമ്പത്തേഴു വര്‍ഷത്തെ കാലദൈര്‍ഘ്യമാണുള്ളത്‌. വീണ്ടും, മതില്‍ പണിക്കായി നെഹെമ്യാവു എഴുന്നേല്‍ക്കുന്നത്‌ പതിമ്മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷമാണ്. പിന്നീട് മുപ്പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രവാചകനായ മലാഖി യിസ്രായേലിനെക്കുറിച്ചു എഴുതി, ”ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാല്‍ നിങ്ങള്‍: നീ ഞങ്ങളെ ഏതിനാല്‍ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു…..”(മലാഖി.1:2). അതായത് സെരുബ്ബാബേലിന്‍റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച വലിയ ആത്മീയ ഉണര്‍വ്വിനുശേഷം ഏകദേശം നൂറ്റിമുപ്പത്‌ വര്‍ഷം പിന്നിട്ടപ്പോള്‍ ദൈവത്തിന്‍റെ പ്രവാചകനായ മലാഖി ശുശ്രുഷിക്കുന്നത്, തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്തെന്നു ഗ്രഹിക്കാതെ, ദൈവത്തില്‍നിന്നും വളരെ അകന്നുപോയി കഴിയുന്ന ഒരു ജനസമൂഹത്തിന്‍റെ മദ്ധ്യത്തിലാണ്.

 

പ്രിയ ദൈവജനമേ, നാം, നമ്മുടെ വിശ്വാസസമൂഹം, ഏതാണ്ട് ഇതുപോലെതന്നെ, ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ മലയാള കരയില്‍ നൂറു സംവത്സരത്തിന്നും മേലേ കാലങ്ങള്‍ പിന്നിട്ടല്ലേ ഇന്ന് എത്തിനില്‍ക്കുന്നത്?..  ശതാബ്ദിയൊക്കെ ആഘോഷിച്ച പാരമ്പര്യമാണ് നമുക്ക് പറയാനുള്ളത്. മൂന്നാമത്തെയും നാലാമത്തെയുമൊക്കെ തലമുറകളാണ് ഇന്ന് സ്ഥലംസഭകളിലുള്ളത്. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ സമൃദ്ധിയായി പ്രാപിച്ച ശേഷിപ്പുകളാണ് നാമെന്ന് സാക്ഷ്യം പറയുന്നതില്‍ ഒട്ടും ലജ്ജിക്കേണ്ട. എന്നാല്‍ പിതാക്കന്മാരുടെ നാളുകളിലുണ്ടായിരുന്ന ആത്മീയസ്ഥിതിയുമായി ഇന്നത്തെ നിലവാരത്തെ തുലനം ചെയ്യുമ്പോള്‍ നാം എത്രയോ ലജ്ജിതരാണ് എന്ന് നമുക്ക് മനസ്സിലാകും. ദേശത്തു ക്രിസ്തുവിന്‍റെ സാക്ഷികള്‍, വേര്‍പെട്ടവര്‍ എന്ന മുദ്ര, ദൈവദാസന്‍മാര്‍ എന്ന വിശേഷണം, ക്രിസ്തീയസ്നേഹത്തില്‍ ഇടപെടുന്നവര്‍, ആത്മീയകാര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കുന്നവര്‍, ഞായറാഴ്ചദിവസം വിശുദ്ധമായിക്കണ്ട് സഭയില്‍പോകുന്നവര്‍, തിരുവചന സത്യങ്ങളും ഉപദേശങ്ങളും കറതീര്‍ന്ന് പഠിപ്പിക്കുന്നവര്‍ തുടങ്ങിയ അനേകം വിശേഷണങ്ങള്‍ക്ക് യോഗ്യരായിരുന്നു നമ്മുടെ സമൂഹം. എന്നാല്‍ ഇന്ന് നാമുള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലംസഭകളും നാം പ്രതിനീധീകരിക്കുന്ന വിശ്വാസ കൂട്ടങ്ങളുമൊക്കെ ഏതു നിലവാരത്തിലുള്ള ക്രിസ്തീയസാക്ഷ്യമാണ് ദേശത്ത് വഹിക്കുന്നത് എന്ന് ശോധന ചെയ്യുന്നത് നല്ലതാണ്.

 

ഉപദേശത്തിലെ നിശ്ചയത്തില്‍ പുതുതലമുറയ്ക്ക് എന്ത് സാക്ഷ്യമാണ് പറയാനുള്ളത്?…  വേര്‍പാട് എന്ന പദത്തിന്റെ അര്‍ത്ഥത്തിനും പ്രായോഗികതയ്ക്കും ഇന്നത്തെ ശേഷിപ്പ് എന്തു പ്രസക്തിയാണ് കാണുന്നത്?… ദുര്‍വ്യാഖ്യാനങ്ങള്‍ക്കും തങ്ങളുടെ പെരിമയ്ക്കുമൊക്കെ നമ്മുടെ സഭകള്‍ കീഴ്പ്പെടുന്നുവോ?… ഇതിനൊക്കെ ഉത്തരം കണ്ടെത്തുവാന്‍ നാം ബാധ്യസ്ഥരാണ്.

 

എസ്രായുടെയും നെഹെമ്യാവിന്റേയും നേതൃത്വത്തിലുണ്ടായിരുന്ന ശേഷിപ്പുകള്‍ക്ക് വലിയ വസ്തുതകള്‍ നമ്മോടായിട്ട് remnantസംസാരിക്കാനുണ്ട്. ആ ചെറിയ കൂട്ടങ്ങളെന്നത്, ബലഹീനരും കുറവുള്ളവരും സാധാരണക്കായവരാല്‍ ഉള്ളതായിരുന്നു. അവരുടെയിടയില്‍ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. അവരുടെ അകത്തും പുറത്തും അവര്‍ക്ക് ശത്രുക്കളുണ്ടായിരുന്നു. നേതൃനിരയില്‍ നിന്നവര്‍വരെ പരാജയപ്പെട്ടുപോയി. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെ പ്രകാശിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങളോ അത്ഭുതങ്ങളോ ഒന്നും അവരുടെയിടയില്‍ നടന്നില്ല. നൂതന വെളിപ്പാടുകളൊന്നും ഉണ്ടായുമില്ല. ദൈവത്തിന്‍റെ വചനം മാത്രമായിരുന്നു അവര്‍ക്ക് ആധാരമായിട്ടുണ്ടായിരുന്നത്. ദൈവത്തിന്‍റെ ആലോചനപ്രകാരം അവര്‍ മുന്നോട്ടുപോയി. ജാതികളില്‍നിന്നും വേര്‍പെട്ട ജീവിതം നിമിത്തം അവര്‍ പരിഹാസിതരായിത്തീര്‍ന്നു. ദൈവീക കരുതല്‍ അവര്‍ അനുഭവിച്ചു. പക്ഷേ, ദൈവമുന്‍പാകെ അവര്‍ ആത്യന്തികമായി പരാജയപ്പെട്ടുപോയി എന്ന സത്യമാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. യഹോവ ദൈവമായിരിക്കുന്ന ജനം, വിശുദ്ധ ജാതിയെന്ന നിലയില്‍ കാത്തുസൂക്ഷിക്കേണ്ടിയിരുന്ന, വിശുദ്ധമായ വേര്‍പാട് ജീവിതത്തില്‍ വന്ന വീഴ്ചകളാണ് അവരെ ദൈവത്തിന്‍റെ മുമ്പില്‍ പരാജിതരാക്കിയത്. വേര്‍പാട് നഷ്ടപ്പെടുത്തിയിട്ട്, തങ്ങള്‍ക്കു ചുറ്റുമുള്ള ദേശങ്ങളിലെ ജനങ്ങളുമായി, ജാതീയ ആചാരങ്ങളുമായി അവര്‍ ഇടകലര്‍ന്നുപോയി.

 

ഫിലദെല്ഫ്യയിലെ സഭയെക്കുറിച്ച് കര്‍ത്താവു പറയന്നതുപോലെ തന്നെ,  ആയിരിക്കാന്‍ ഇഷ്ടവും  താല്‍പര്യവും സന്തോഷവുമൊക്കെ ഉള്ളവരാണ് നാമും. എന്നാല്‍ ലവോദിക്കരോട് കര്‍ത്താവ് പറയുന്ന വാക്കുകള്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. ”നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു” (വെളി.3:18). ദൈവത്തില്‍ തന്നെ അഭയവും ആശ്രയവും പ്രാപിപ്പാന്‍ ആഹ്വാനം ചെയ്യുന്നു.

 

യെഹൂദാജനത്തിലെ ശേഷിപ്പിനോട് ദൈവം മലാഖി പ്രവാചകനിലൂടെ സംസാരിക്കുന്ന വാക്കുകള്‍ നമ്മുടെ ഹൃദയങ്ങളെ Remnent5കര്‍ത്താവായ ദൈവത്തില്‍ വിശ്വസ്തമായി സൂക്ഷിക്കുവാന്‍ നമുക്ക് ധൈര്യം പകര്‍ന്നു തരുന്നത് തന്നെയാണ്. ”യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും” (മലാഖി.3:16).

 

വേര്‍പെട്ട ജീവിതമാണ്‌ ശേഷിപ്പിന്‍റെ’ മുഖമുദ്ര. വേര്‍പാടില്ലാത്ത ജീവിതം വിശ്വാസികളായ നമ്മുടെ ഹൃദയം ദുഃഖ പൂരിതമായി തീര്‍ത്തിട്ടുണ്ടോ? ലോകമയത്വം വിശ്വാസികളുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്ന ഇക്കാലയളവിലും വേര്‍പാട് സത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ‘ശേഷിപ്പ്’ അവിടവിടെയായി ഉണ്ട്. വേര്‍പാട്‌ ജീവിതം അത്ര എളുപ്പമല്ലാത്ത ഒരു പോരാട്ടം തന്നെയാണ്. ഒഴുക്കിനെതിരെയുള്ള നീന്തലാണ്. ജഡത്തോടും, ലോകത്തോടും പിശാചിനോടുമുള്ള പടവെട്ടലാണ്. ദൈവത്തോട് കൂടെ നടക്കുവാനും, ദൈവത്തെ പ്രസാദിപ്പിക്കുവാനും ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രൂപാന്തരമാണിത്. അതിനു പ്രതിഫലമുണ്ട് നിശ്ചയം.

 

കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന ഭക്തകവി പി. വി തൊമ്മിയുടെ വരികള്‍ നമ്മുക്കും ചേര്‍ന്നു പാടി ദൈവത്തെ മഹത്വപ്പെടുത്താം….

ചെറിയകൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി

പരമരാജ്യം തരുവതിനു താതന്നിഷ്ടമാം

ഉറപ്പും ധൈര്യവും നല്ല സ്ഥിരതയും കലര്‍-

ന്നൊരുങ്ങി നില്‍പിന്‍ തിരുവചനം അനുസരിക്കുവാന്‍

വരുമനവധി കഷ്ടം നമ്മുക്ക് ധരയില്‍

കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം

യേശുക്രിസ്തുവില്‍ ഭക്തിയോടെ ജീവിപ്പാന്‍

ആശിച്ചിടുന്നവര്‍ക്ക് പീഡയുണ്ട് നിര്‍ണ്ണയം

പ്രതിഫലത്തിന്മേല്‍ നോട്ടം വെച്ചു സഹിക്ക നാം

വിധി ദിനത്തില്‍ നമ്മുക്ക് നല്ല ധൈര്യമേകുവാന്‍

ദാനിയേലിന്നായി സിംഹവായടച്ചവന്‍

വാനില്‍ ജീവിക്കുന്നു നമ്മെ കാവല്‍ ചെയ്യുവാന്‍

മരണത്തോളം താന്‍ ദിവ്യചരണമില്ലയോ

ശരണമായി നമുക്കു മേലില്‍ അരുത് ചഞ്ചലം.

******

www.sabhasathyam.com

Filed in: നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.