സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?

‘യോഗത്തിനു പോകാന്‍ സമയമായി… വണ്ടിയുടെ താക്കോല്‍, ഫോണ്‍, ബൈബിള്‍, എല്ലാം എടുത്തില്ലേ?…..നമുക്ക് പോകാം….’. ഒരു സഭാകൂടിവരവില്‍ സംബന്ധിക്കുവാന്‍ പോകുന്നതിന്നു മുമ്പുള്ള നമ്മുടെ തയ്യാറെടുപ്പ് സാധാരണ ഇത്രമാത്രമോ? പ്രിയ സ്നേഹിതാ, താങ്കള്‍ ഒരു സഹോദരനോ സഹോദരിയോ ആരും ആയിക്കൊള്ളട്ടെ, സഭയോഗ കൂടിവരവിലെ പ്രാരംഭഗാനം പാടുന്നതിനു മുന്‍പുതന്നെ, നാമോരോരുത്തരും, ആ കൂടിവരവിനു മുന്പായിട്ടു നിവര്‍ത്തിക്കേണ്ടിയിരിക്കുന്ന നമ്മുടെ ഒരുക്കത്തെക്കുറിച്ച് ചുരുക്കം ചില ആലോചനകള്‍ തിരുവചനം ആധാരമാക്കി ഇവിടെ പ്രസ്താവിക്കുവാന്‍ താല്പര്യപ്പെടുന്നു. പുതിയനിയമ പ്രകാരമുള്ള പ്രാദേശീക സഭയിലെ  സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം ആണ് വിഷയം.meeting_4

പിതാക്കന്മാരുടെ പാരമ്പര്യം പിന്തുടരുന്ന ഒരു ചടങ്ങായിട്ടോ, കേവലം സമയം കൊല്ലുന്നതിനു വേണ്ടിയോ, അല്ലെങ്കില്‍ യോഗത്തിന്റെ സമയത്ത് കസേര ഒഴിഞ്ഞു കിടക്കാതിരിക്കുന്നതിനായിട്ടോ വേണ്ടിയാണ് സഭാകൂടിവരവില്‍ സംബന്ധിക്കുന്നതിന്റെയും കൂടിവരവിലെ കൂട്ടായ്മയുടെയും ആവശ്യമെന്ന് ഭൂരിഭാഗം വിശ്വാസികള്‍ക്കും അഭിപ്രായമുണ്ടാകയില്ല. എന്നാല്‍ സഭാകൂടിവരവില്‍ പങ്കെടുക്കുന്നതിനു തയ്യാറാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നത് യാഥാര്‍ഥ്യമുള്ള വസ്തുതയാണ്.  വളരെ ഉത്തരവാദിത്വപ്പെട്ട മൂന്ന് വ്യത്യസ്ത നിലയിലുള്ള പ്രവൃത്തികള്‍, ഒരു കൂടിവരവിന്നോടുള്ള ബന്ധത്തില്‍, ഒരു വിശ്വാസിക്ക് ഉണ്ടെന്നുള്ളത് വിശുദ്ധ തിരുവചനം വിഭാവനം ചെയ്യുന്നുണ്ട്. ഒരുക്കം (Preparation), പരിശോധന (Examination), നിരപ്പ് (Reconciliation) എന്നിവയാണത്.

 

Preparationസഭയോഗത്തിനായുള്ള ഒരുക്ക (Preparation) ത്തിന്റെ പ്രാധാന്യതയെക്കുറിച്ച് പറയുമ്പോള്‍ പുറപ്പാട് 23:15 – ല്‍ വലിയവനായ ദൈവം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ”………എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുത്.” ആണ്ടിലൊരിക്കല്‍ യിസ്രായേല്‍ മുഴുവനും യാഹോവയ്ക്ക് യാഗം കഴിക്കുവാനായി കൂടിവരുമ്പോള്‍ ആരാധകരായ ഓരോരുത്തരും ഓരോ യാഗവസ്തുവുമായി വരണമായിരുന്നു. വെറുങ്കയ്യായി കടന്നുവന്ന് ഉത്സവത്തില്‍ പങ്കെടുത്ത് തന്‍റെ ഉത്തരവാദിത്വം നിറവേറ്റി എന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. നമ്മുടെ സ്ഥലംസഭയുടെ കൂടിവരവുകളിലേക്കു നമുക്ക് നമ്മുടെ ശ്രദ്ധയെ ഒന്നു തിരിക്കാം. കര്‍ത്താവിന്റെ കല്പനയായ തിരുവത്താഴമേശ വച്ചു നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തെ ഓര്‍ത്തുകൊണ്ട്‌ പിതാവായ ദൈവത്തെ ആരാധിക്കുന്ന കൂടിവരവില്‍ നീണ്ട നിശബ്ദത ശുശ്രൂഷകള്‍ക്കിടയില്‍ ഉണ്ടോ? ശുശ്രൂഷയില്‍ പങ്കെടുക്കുന്ന സഹോദരന്മാര്‍ ഓരോ ആഴ്ചയിലും ഒരേതരം വാക്കുകള്‍ കൊണ്ടുള്ള ശുശ്രൂഷകളാണോ ചെയ്യുന്നത്? യാതൊന്നും ഒരിക്കലും ഉരിയാടാന്‍ കഴിയാത്തവരായി ഒരുപറ്റം സഹോദരന്മാര്‍ സ്ഥലംസഭയിലുണ്ടോ? ‘അതെ’ എന്നാണ് ഇതിനൊക്കെ ഉത്തരമെങ്കില്‍ കൂടിവരവില്‍ സംബന്ധിക്കുന്നതിനു മുന്നോടിയായി ഒരുക്കത്തോടെ കടന്നുവരേണ്ട സഹോദരന്മാര്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഈ ദാരിദ്ര്യ അവസ്ഥയ്ക്ക് കാരണമെന്നത് തികച്ചും വാസ്തവമാണ്. എല്ലാ ദിവസവും തിരുവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു മുഖാന്തരം നമ്മുടെ ഹൃദയം അനവധി ആത്മീയചിന്തകളാല്‍ നിറയുകയും സഭ കൂടിവരുമ്പോള്‍ പിതാവായ ദൈവത്തിന്‍റെ സന്നിധിയില്‍ സൌരഭ്യവാസനയായ യാഗമായി നമ്മുടെ ചിന്തകളെ സമര്‍പ്പിക്കുവാന്‍ നമുക്ക് ഇടയാകുകയും ചെയ്യും. വിദ്വാന്മാര്‍ യേശുകര്‍ത്താവിനെ ദര്‍ശിക്കുവാന്‍ വന്നപ്പോള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിച്ചത് യെരുശലെമില്‍ വന്നിട്ട് അവിടെയുള്ള ഏതെങ്കിലും കടകളില്‍ നിന്നല്ല. അവര്‍ അവരുടെ സ്വന്തദേശത്തുനിന്നും അവ കൂടെ കൊണ്ടുവന്നു. നാം എങ്ങനെയിരിക്കുന്നു? ഒന്നു ചിന്തിക്കുക….

 

സഭയോഗത്തിനായുള്ള ‘പരിശോധന’ (examination) യോടുള്ള ബന്ധത്തില്‍ 1 കൊരി.11:28 ആണ് പ്രസക്തമായിട്ടുള്ളത്. ക്രിസ്തുവിന്‍റെ Abhacken ശരീരത്തെയും രക്തത്തെയും പ്രതിനിധാനം ചെയ്യുന്ന മേശമേലുള്ള അപ്പവീഞ്ഞില്‍ നിന്നും പങ്കെടുക്കുന്നത് ഏറ്റവും ഗൌരവമേറിയ ദൈവകല്‍പ്പനയുടെ അനുഷ്ഠാനമാണ്. ആഴ്ച മുഴുവനും ലോകത്തിന്‍റെ മോഹങ്ങളിലും, സുഖത്തിലും, ലോകത്തിന്‍റെ ഭാഷകളിലും, കൂട്ടുകെട്ടിലുമൊക്കെ മുഴുകികഴിഞ്ഞതിനുശേഷം കര്‍ത്തൃദിവസം സഭാകൂടിവരവില്‍ കടന്നുവന്നിരുന്നു തന്നെത്താന്‍ ശോധന ചെയ്യാതെ മേശയില്‍നിന്നും പങ്കാളിയായിത്തീരുന്ന കാര്യം വിശുദ്ധനായ കര്‍ത്താവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. പ്രിയപ്പെട്ടവരേ, നാം എത്രമാത്രം ഭയഭക്തിയുള്ളവരായിരിക്കണം…..സഭായോഗത്തിനു പോകുന്നതിനു മുന്‍പായി കൃപാസനത്തിനു മുന്‍പാകെ നമ്മുടെ മുട്ടുകളെ മടക്കുവാന്‍ നമുക്ക് ഇടയാകുന്നുവെങ്കില്‍ കൊള്ളാമായിരുന്നു… കര്‍ത്താവിനെ ദു:ഖിപ്പിക്കുന്നതായിട്ട് എന്തെങ്കിലും നമ്മിലുണ്ടോയെന്നു ദൈവസന്നിധിയില്‍ ശോധന ചെയ്ത് ബോധ്യം വരുന്ന കുറവുകളെ തിരുമുമ്പാകെ ഏറ്റുപറഞ്ഞു തിരുത്തല്‍ പ്രാപിച്ച് ദൈവസന്നിധിയില്‍ സ്തുതിസ്തോത്രയാഗം അര്‍പ്പിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. കര്‍ത്തൃമേശയില്‍നിന്നും പങ്കെടുക്കുന്നതിനുമുന്പ് ഒരു സ്വയപരിശോധന വിശ്വാസികള്‍ ഓരോരുത്തരും ചെയ്യണമെന്നുള്ള അപ്പോസ്തലനായ പൌലോസിന്റെ വളരെ വിനയത്തോടെയുള്ള അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിക്കുവാന്‍ നാം മനസ്സുള്ളവരാണോ? നാം നമ്മെത്തന്നെ ഒന്നു പരിശോധനാ വിധേയമാക്കുക…….

 

Reconcileസഭയോഗത്തിനായുള്ള ‘നിരപ്പിന്റെ’ (Reconciliation) ആവശ്യകതയെക്കുറിച്ച് പറയുമ്പോള്‍ കര്‍ത്താവിന്റെ തന്നെ വാക്കുകള്‍ നമുക്ക് ആധാരമായിട്ടുണ്ട്. മത്തായി 5:23,24 – ല്‍ നാം വായിക്കുന്നു, ”ആകയാല്‍ നിന്‍റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്‍റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓര്‍മ്മ വന്നാല്‍ നിന്‍റെ വഴിപാടു അവിടെ യാഗപീഠത്തിന്‍റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്‍റെ വഴിപാടു കഴിക്ക”. ഇവിടെ പറയുന്ന ഈ വ്യക്തി ആരാധന കഴിക്കുന്നതിനു ഒരുങ്ങിയാണ് വന്നിരിക്കുന്നത് എന്നത് സത്യമാണ്. എന്നാല്‍ ഒരുക്കിക്കൊണ്ടുവന്ന വഴിപാടു കഴിക്കുന്നതിനു മുന്‍പായി തനിക്ക് ഒരുപടികൂടി മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. യാഗപീഠത്തിന്‍റെ മുന്‍പിലേക്കു കടന്നുവന്നപ്പോള്‍, താന്‍ തന്നെത്താന്‍ ശോധന ചെയ്തപ്പോള്‍, ഒരുപക്ഷേ തനിക്ക് തന്‍റെ കുറവുകളെ ഓര്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നിരിക്കാം. കൂട്ടുസഹോദരനോട് കോപിച്ച അനുഭവം, അല്ലെങ്കില്‍ സഹോദരനെതിരെ വളരെ നിന്ദ്യമായി പറഞ്ഞതും എഴുതിയതുമായ വാക്കുകള്‍, അതുമല്ലെങ്കില്‍ ഭൌതീകമായ ചില ബാദ്ധ്യതകള്‍, തുടങ്ങിയ വസ്തുതകളൊക്കെ ആ മനുഷ്യന്‍ ഓര്‍ത്തിരിക്കാന്‍ സാധ്യതയുണ്ട്. ദൈവസന്നിധിയില്‍ അതായത് സഭാകൂടിവരവില്‍ കടന്നുവന്ന് വളരെ ‘അനുഗ്രഹീതമായ ആലോചനകളാല്‍’ സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെ താനും ദൈവവുമായിട്ടുള്ള ബന്ധം ഏറ്റവും ഊഷ്മളമേറിയതാണെന്നുള്ളത് ഒരുപരിധിവരെ മറ്റുള്ളവരുടെ മുന്‍പാകെ പ്രകടിപ്പിക്കുവാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കാം. എന്നാല്‍ പ്രിയപ്പെട്ടവരെ, കൂട്ടുസഹോദരന്നുമായി നിരപ്പു പ്രാപിക്കേണ്ട ആവശ്യമുള്ളപ്പോള്‍ അപ്രകാരം ചെയ്യാതെ,   യോഗത്തില്‍വന്നു ‘പ്രകടനം’ നടത്തുന്നവര്‍  മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്.  അതായത്, താനും തന്‍റെ കൂട്ടുസഹോദരന്നുമായിട്ടുള്ള ബന്ധം ഒട്ടും സുഖകരമായതല്ല എന്ന വസ്തുതയെ മറച്ചുപിടിച്ചു കൊണ്ടാണ് ദൈവസന്നിധിയില്‍ ആരാധന കഴിക്കുന്നത്‌. ആ യാഗത്തില്‍ ദൈവം എത്രത്തോളം പ്രസാദിക്കുമെന്നത് നാം ചിന്തിക്കുന്നത് നന്നായിരിക്കും.

 

പ്രിയപ്പെട്ടവരേ, നാം നമ്മെത്തന്നെ ഒന്നു വിലയിരുത്തുവാന്‍ തുനിയുക. പ്രിയ സഹോദരാ/സഹോദരി, താങ്കളും മറ്റൊരാളുമായിട്ടുള്ള ക്രിസ്തീയസ്നേഹ ബന്ധത്തിന്‍റെ മനോഹരത്വം നഷ്ടപ്പെടുത്തുന്നതായിട്ടു എന്തെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടോ? സഹോദരന്നുമായിട്ട് മുന്നവസരത്തില്‍ നടത്തിയ സൗഹൃദ സംഭാഷണം ദേഷ്യത്തോടെയാണോ അവസാനിപ്പിക്കേണ്ടതായി  വന്നത്? തമ്മില്‍ ഇടര്‍ച്ച തോന്നിപ്പിക്കുന്ന മനസ്സോടെയാണോ ഫോണ്‍സംഭാഷണം അവസാനിപ്പിച്ചത്? നിങ്ങളുടെ ഭാഗത്തുനിന്നല്ല തെറ്റ് സംഭവിച്ചതെങ്കില്‍ക്കൂടി, കൂട്ടുസഹോദരനോട് സന്ധി ചെയ്യാനോ ക്രമീകരിക്കപ്പെടേണ്ട കാര്യങ്ങളെ ക്രമപ്പെടുത്താനോ ഉള്ള മനസ്സൊരുക്കം താങ്കളുടെ ഭാഗത്തു നിന്നുണ്ടോ? തുടങ്ങിയ അനേകം ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മനസ്സിന്‍റെ കണ്ണാടിയില്‍ തെളിയുന്നുണ്ടാകാം… തിരുത്തലുകളോടുകൂടി ദൈവസന്നിധിയില്‍ നിരക്കേണ്ടതിന്റെ കടമ നമുക്കോരോരുത്തര്‍ക്കുമാണ്. ക്രിസ്തീയദര്‍ശനത്തില്‍  തികഞ്ഞ പ്രാഗത്ഭ്യത്തോടെ അനുസ്യൂതമായ ആരാധനാജീവിതം നയിക്കുന്നതിന് വളരെയധികം ത്യാഗം ആവശ്യമാണ്‌ എന്നത് ശരിയാണ്. എന്നാല്‍ പ്രിയപ്പെട്ടവരേ, ആ ജീവിതം ഏറ്റവും വിലയേറിയതാണ്. അത് എന്തിനേക്കാളും പതിന്മടങ്ങ് വിലമതിക്കപ്പെട്ടതാണ്.

 

ഇനി നിങ്ങള്‍ ചിന്തിക്കൂ!…..സഭായോഗത്തിനു പോകുവാന്‍ എത്രമാത്രം ഒരുങ്ങിയിരിക്കുന്നുവെന്നത് സ്വയം വിലയിരുത്തൂ……പോരായ്മകള്‍ പരിഹരിക്കൂ…….ദൈവസന്നിധിയില്‍ വിലയേറിയ ജീവിതം കാഴ്ചവയ്ക്കൂ……ദൈവം നമ്മെ അനുഗ്രഹിക്കട്ടെ………

 

www.sabhasathyam.com

Filed in: നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.