‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് കര്‍തൃമേശ ആചരിക്കേണ്ടത്’ എന്ന് നാം എന്തുകൊണ്ട് വിശ്വസിക്കുന്നു?

തിരുവത്താഴം അല്ലെങ്കില്‍ അപ്പം നുറുക്കല്‍ കര്‍ത്താവായ യേശുക്രിസ്തുതന്നെ, താന്‍ ക്രുശില്‍ മരിക്കുന്നതിനു തലേന്ന് വൈകിട്ട് സ്ഥാപിച്ചതാണ്. ക്രിസ്തുവിനെ ഓര്‍ക്കുന്നതിന്നായിട്ടുള്ള ഒരു കൂടിവരവാണ് തിരുവത്താഴയോഗം. ഈ ശ്രേഷ്ടമേറിയ കല്പന ഒന്നാം നൂറ്റാണ്ടിലെ പ്രാദേശിക സഭകള്‍ പ്രാവര്‍ത്തികമാക്കിയിരുന്നുവെന്നത് അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെ കൂടിവരുന്നതിന്റെ ഉദ്ദേശ്യവും കാരണവുമെല്ലാം കൂടുതല്‍ തികവോടെ ലേഖനങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്.

 

s അപ്പം നുറുക്കല്‍ (Breaking of Bread) എന്ന പദം എല്ലായ്പ്പോഴും തിരുവത്താഴം അല്ലെങ്കില്‍ കര്‍ത്താവിന്റെ അത്താഴം (Lord’s Supper) എന്നതിനെ പരാമര്‍ശിക്കുന്നതല്ല. ക്രമീകരിക്കപ്പെട്ടിട്ടുള്ള പൊതുവായ ഭക്ഷണം എല്ലാവരും ഒരുമിച്ചുകൂടി ഭക്ഷിക്കുന്നതിനെ ഉദ്ദേശിച്ചുകൊണ്ടാണ്‌ പല സന്ദര്‍ഭങ്ങളിലും ‘അപ്പം നുറുക്കല്‍’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണമായി, ലുക്കോസ്.24:30-ല്‍ നാം വായിക്കുന്നു, ”അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍……..”. അപ്പൊ. പ്രവൃ. 2:46 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്, ”………..വീട്ടില്‍ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും….” എന്നാണ്. ഒരു ഭവനത്തിന്‍റെ അന്തരീക്ഷത്തില്‍ എല്ലാവരും ഒരുമിച്ചുകൂടി ആഹാരം കഴിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമാണ് നാം ഇവിടെ കാണുന്നത്. അപ്പൊ. 27:34-35-ല്‍ നിന്നും നാം മനസ്സിലാക്കുന്നത്, ”പൗലോസ്‌ അപ്പം എടുത്ത് എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തീട്ടു നുറുക്കി തിന്നു തുടങ്ങി” എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്‌. തങ്ങളുടെ ശാരീരിക ബലത്തെ പ്രതി ആഹാരം കഴിച്ചേ പറ്റൂ എന്ന് തന്‍റെ സഹയാത്രികരെ പൗലോസ്‌ ബുദ്ധിയുപദേശിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ തിരുവചനഭാഗങ്ങളെ മനസ്സിലാക്കുന്നതിലും അതിലെ സത്യങ്ങളെ പരിഗണിക്കുന്നതിലും ഇവയുടെ പശ്ചാത്തലത്തിന് വളരെ പ്രാധാന്യമുണ്ട്. പൊതുവായി ഒരുക്കപ്പെട്ട ആഹാരത്തില്‍ പങ്കുകൊള്ളുന്നതിനെക്കുറിച്ച് മാത്രമാണ് പ്രസ്തുത വേദഭാഗങ്ങള്‍ പ്രതിപാദിക്കുന്നത് എന്നത് ഈ വാക്യങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുമ്പോള്‍ വളരെ വ്യക്തമായി ഗ്രഹിക്കാവുന്നതാണ്.

 

‘അപ്പം നുറുക്കല്‍’ എന്ന പ്രയോഗം ‘കര്‍ത്തൃമേശ’ ആചരിക്കുന്നതിന്നായിട്ട് കൂടിവരുന്നതിന്നോടുള്ള ബന്ധത്തിലും വിശുദ്ധ തിരുവെഴുത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അപ്പൊ.പ്രവൃത്തികളുടെ പുസ്തകത്തിലാണ് അത്തരം കൂടിവരവിനെക്കുറിച്ചു ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടായ്മ, പ്രാര്‍ത്ഥന തുടങ്ങി ഒരു സ്ഥലംസഭയില്‍ കാണപ്പെടേണ്ട ശുശ്രുഷകളുടെ നിരയിലാണ് ‘അപ്പം നുറുക്കല്‍’ എന്ന പ്രമാണവും നാം കാണുന്നത്.(അപ്പൊ.2:42). വിശ്വാസികള്‍ ഒരുമിച്ചുകൂടിവരുമ്പോള്‍ വളരെ വ്യക്തമായ ചില ആത്മീയശുശ്രുഷകള്‍ അവരുടെ നടുവില്‍ കാണുവാന്‍ കഴിയുമെന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. അപ്പൊ. 20:7-ല്‍, ദൈവമക്കള്‍ കൂടിവന്നത് ഒരു പ്രത്യേക കാര്യത്തിന്നായിട്ടാണ് എന്നത് സത്യമാണ്. മാത്രമല്ല, ഇവിടത്തെ പശ്ചാത്തലം പഠിച്ചുകഴിഞ്ഞാല്‍ ഇവിടെ പറഞ്ഞിരിക്കുന്ന ‘അപ്പം നുറുക്കുവാന്‍’ എന്നത് ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനെയല്ലായെന്നത്  തികച്ചും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്.

 

സഭയിലെ ദൈവമക്കള്‍ തമ്മിലുള്ള കൂട്ടായ്മ വെളിപ്പെടുത്തപ്പെടുന്ന ഒരവസരമാണ് തിരുവത്താഴ ശുശ്രുഷ. അപ്പൊ. 20:7-ല്‍, ഈ s2ശുശ്രൂഷ അനുവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ ശിഷ്യന്മാര്‍ ‘ഒരുമിച്ചുകൂടി വന്നപ്പോള്‍’ (came together….) എന്നാണ് നാം കാണുന്നത്. 1 കൊരി. 11 – ലൂടെ കടന്നുപോകുമ്പോള്‍, സഭയൊരുമിച്ചുള്ള  കൂടിവരവിന്റെ അനിവാര്യത വളരെ വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയും. ”നിങ്ങള്‍ കൂടിവരുമ്പോള്‍ ….(when ye come together…)” എന്ന പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. (vs.17,18,20,33). ഒരു പ്രത്യേക വ്യക്തിയുടെ ഭവനത്തില്‍ ക്രമീകരിക്കപ്പെട്ട സ്വകാര്യമായ ഒരു സന്ദര്‍ഭമോ ആഘോഷമോ ഒന്നുമായിരുന്നില്ല അത്. നേരെമറിച്ച്, വിശ്വാസികള്‍ക്കെല്ലാവര്‍ക്കുമുള്ള പങ്കാളിത്തത്തിന്നായി സജ്ജീകരിക്കപ്പെട്ട ഒരു യോഗമായിട്ടാണ് നമുക്കിത് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. സഭയിലെ ദൈവമക്കള്‍ ഒരുമിച്ചുകൂടിവന്ന് അനുവര്‍ത്തിക്കേണ്ട ഒരു കല്പനയായിട്ടാണ് തിരുവത്താഴശുശ്രുഷ സഭയ്ക്ക് നല്‍കിയിരിക്കുന്നത്. ആയതുകൊണ്ട്, നാമായിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സൌകര്യാര്‍ത്ഥം ഒരുക്കപ്പെട്ട ചുറ്റുപാടിലല്ല, മറിച്ച്, സ്ഥലംസഭയില്‍ തന്നെയായിരിക്കണം തിരുവത്താഴം ആചരിക്കുന്നതും എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്‍വിന്‍ എന്ന് കല്പിച്ച നമ്മുടെ കര്‍ത്താവിനെ നാം ഓര്‍ക്കേണ്ടതും.

 

‘ശബ്ബത്തില്‍’ നിന്നും വ്യത്യസ്തമാണ് ‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം’ എന്ന് പറയുന്നത്. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ എന്നത് നാം പറയുന്ന ഞായറാഴ്ച അല്ലെങ്കില്‍ കര്‍തൃദിവസം ആണ്. കര്‍ത്താവായ യേശുക്രിസ്തു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റത് S4ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിലാണ്.(മത്തായി.28:1; മര്‍കോസ്.16:2,9; ലുകോസ്.24:1; യോഹ.20:1). ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ അതേ ദിനം തന്നെ ശിഷ്യന്മാരുടെ നടുവിലായിട്ടാണ്‌ നാം കാണുന്നത്. മരണത്തെ തോല്പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ് പുനരുത്ഥാനം ചെയ്ത യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്റെ ദിനമെന്നത് ക്രൈസ്തവതയോട് വളരെ പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധന്മാര്‍ അതായത്, ദൈവമക്കള്‍ ആഴ്ചവട്ടത്തിന്റെ പ്രാരംഭദിവസം സഭയായി ഒരുമിച്ചുകൂടുന്നു എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുകയാണ് 1 കൊരി.16:2 വാക്യം (”ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍ തോറും നിങ്ങളില്‍ ……”). ഞായറാഴ്ച ദിവസം അഥവാ ആഴ്ചവട്ടത്തിന്റെ പ്രാരംഭ ദിവസം കര്‍ത്താവിനെ ഓര്‍ക്കേണ്ടതുല്പ്പെടെ വ്യക്തമായ ആത്മീയ ശുശ്രുഷകള്‍ക്കായി വേര്‍തിരിക്കപ്പെട്ടതാണ്, അല്ലെങ്കില്‍ വേര്‍തിരിക്കപ്പെടെണ്ടതാണ് എന്ന ആത്മീയസത്യമാണ് ഈ വിശകലനത്തിലൂടെ നമുക്ക് ലഭിക്കുന്നത്.

 

കര്‍തൃദിവസമാണ് കര്‍തൃമേശ ഒരുക്കി കര്‍ത്താവിനേയും അവന്‍റെ ക്രൂശുമരണത്തേയും ഓര്‍ത്തുകൊണ്ട്‌ വലിയവനായ ദൈവത്തെ ആരാധിക്കേണ്ടത് എന്ന വിലപ്പെട്ട സത്യത്തിലേക്കാണ് ഇതോടനുബന്ധിച്ചുള്ള ചിന്തകള്‍ വിരല്‍ചൂണ്ടുന്നത്. എന്നാല്‍ കര്തൃമേശ ആചരിക്കേണ്ടത് എത്ര പ്രാവശ്യം, ഏതു സമയം എന്നൊക്കെയുള്ള ചിന്ത സ്വാഭാവികമായും ഉയിര്‍ന്നുവരാവുന്നതാണ്. തിരുവചനം വളരെ വ്യക്തമായി പരിശോധിക്കുകയാണെങ്കില്‍ ആഴ്ചതോറും അനുവര്‍ത്തിക്കേണ്ട ഒരു കല്പ്പനയായിട്ടാണ് തിരുവത്താഴത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

 

അപ്പം നുറുക്കല്‍ അല്ലെങ്കില്‍ തിരുവത്താഴമെന്നത് തുടര്‍മാനമായി, സ്ഥിരമായി ചെയ്തു പോന്നിരുന്നതാണെന്നുള്ളത് അപ്പൊ.2:42 – ല്‍ നിന്നും നമുക്ക് ഗ്രഹിക്കാം. ഓരോ പ്രാദേശീക സഭയുടെയും, വിശ്വാസികളുടെയും ജീവിതത്തില്‍ സ്ഥിരമായി, ആഴ്ചതോറും തുടര്‍മാനമായി  കാണപ്പെടെണ്ടിയിരിക്കുന്ന ഒരു ശുശ്രുഷയാണ് തിരുവത്താഴം.

 

1 കൊരി.11:26 – ല്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗമാണ് ‘ചെയ്യുമ്പോഴൊക്കെയും’ (as often as) എന്നത്. ഇതിന്റെ അര്‍ത്ഥം, കര്‍ത്തൃമേശാചരണം സഭയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉണ്ടാകുന്നു എന്നതാണ്. അതായത്, സഭ കൂടിവരുമ്പോള്‍ ഓരോ തവണയും ആ ശുശ്രുഷ നിവര്‍ത്തിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ”കര്‍ത്താവ് വരുവോളം’ (..till He come..) എന്നുകൂടി വാക്യം.26-ല്‍ പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. അതായത്, പുതിയനിയമ മാതൃക സഭ അനുവര്‍ത്തിക്കേണ്ട പ്രധാനപ്പെട്ട ഒരു പ്രമാണമായി തിരുവത്താഴം ഇരിക്കുന്നു. അത് വചനത്താല്‍ സ്ഥാപിതമായതും സത്യമായതുമാണ്. മാത്രമല്ല, കര്‍ത്താവ് മടങ്ങിവരുന്നതുവരേയും നാമായിരിക്കുന്ന ഈ കാലഘട്ടത്തിലും സഭകള്‍തോറും തുടര്‍ന്നുപോരേണ്ടതുമായ അനുഗ്രഹീതമായ ഒരു ശുശ്രുഷയാണ് കര്‍ത്തൃമേശാചരണം എന്നുള്ളത്.

 

കര്‍ത്തൃമേശ തുടര്‍മാനമായി ചെയ്തുപോരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാന്‍ അപ്പൊ. പ്രവൃത്തി. 20 നമ്മെ കൂടുതല്‍ സഹായിക്കുന്നുണ്ട്. ആഴ്ചവട്ടത്തില്‍ ഒന്നാം നാളില്‍, ആഴ്ചതോറും ചെയ്തുപോരുന്ന ഒരു ശുശ്രുഷയായിട്ടാണ് കര്‍ത്തൃമേശയെക്കുറിച്ചു Sunday3അപ്പൊ. 20-ല്‍ നാം മനസ്സിലാക്കുന്നത്. പെന്തെക്കൊസ്ത് നാളിലെങ്കിലും  യെരുശലെമില്‍ എത്തിച്ചേരേണ്ടതിന്നാല്‍ മാസിഡോണിയയില്‍ നിന്നും വളരെ തിടുക്കപ്പെട്ടുള്ള ഒരു യാത്രയിലായിരുന്നു അപ്പോസ്തലനായ പൗലോസ്‌ (…,he hasted,…v.16). എന്നാല്‍ യാത്രാമദ്ധ്യേ ത്രോവാസില്‍ ഏഴു ദിവസം താന്‍ പാര്‍ത്തു. തന്‍റെ തിടുക്കത്തെ അവഗണിച്ചുകൊണ്ട്, മനപ്പൂര്‍വ്വമായി ത്രോവാസില്‍ താന്‍ സമയം ചിലവഴിച്ചതിന്നു വളരെ വ്യക്തമായ കാരണമുണ്ട്. കര്‍ത്തൃദിവസം തന്നെ സഭയായി അപ്പം നുറുക്കല്‍ ശുശ്രുഷയില്‍ തനിക്ക് പങ്കെടുക്കേണ്ടതായിട്ടുണ്ടായിരുന്നു. തനിക്കുള്ള യാത്രാതിടുക്കത്തെ ഉപേക്ഷിക്കുന്നതിന് അപ്പോസ്തലന് മറ്റ് വേറൊരു കാരണവുമുണ്ടായിരുന്നില്ല. തന്‍റെ യാത്രക്ക് ഭംഗം വരാതിരിക്കേണ്ടതിന്നായി സഭ വേറൊരു ദിവസം കൂടിവരുന്നതിന്നായി അപ്പോസ്തലന്‍ ആവശ്യപ്പെട്ടില്ല. യാത്രാമദ്ധ്യേ ലഭ്യമായ ഒരു സ്ഥലത്തുവച്ച് കര്‍ത്തൃമേശ ആചരിക്കാം എന്ന ധാരണയില്‍ അപ്പോസ്തലന്‍ യാത്ര തുടര്‍ന്നുമില്ല. കര്‍ത്തൃദിവസം സ്ഥലംസഭയുമായി ചേര്‍ന്ന് കര്‍ത്താവിന്റെ മേശയില്‍നിന്നും പങ്കെടുത്തുകൊണ്ട് കര്‍ത്താവിന്നെയും കര്‍ത്താവിന്റെ ക്രൂശിലെ യാഗത്തെയും അനുസ്മരിച്ചുകൊണ്ട് ആരാധിക്കേണ്ടതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് കൊരിന്ത് സഭയിലെ വിശുദ്ധന്മാരെ പ്രബോധിപ്പിക്കുന്നതോടൊപ്പം ആ കാര്യത്തില്‍ താനും വളരെ വിശ്വസ്തത പുലര്‍ത്തുന്നു എന്നുള്ളത് അപ്പോസ്തലനായ പൌലോസിന്റെ ഈ അനുഭവത്തില്‍നിന്നും നമുക്ക് ഗ്രഹിക്കുവാന്‍ കഴിയും.

 

ആഴ്ചതോറുമുള്ള കൂടിവരവ് എന്ന വിഷയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അപ്പൊ.20:7-ല്‍ ഉപയോഗിച്ചിരിക്കുന്ന ‘ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍’ എന്ന പ്രയോഗംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ‘ആഴ്ച’ (week) എന്നതിനു പകരമായി ‘ആഴ്ചകള്‍’(weeks) എന്ന ബഹുവചനപ്രയോഗമാണ് ചില ബൈബിളുകളില്‍ വിശദീകരണമായി നല്‍കിയിരിക്കുന്നത്. (eg. Newberry). ആയതിന്നാല്‍ ‘ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍’ എന്നത് ‘ആഴ്ചകളുടെ പ്രാരംഭത്തില്‍’ എന്ന് വായിക്കുവാന്‍ കഴിയും. ആഴ്ചതോറും തുടര്‍മാനമായി ചെയ്തുപോരുന്ന ഒരു പ്രവൃത്തി എന്ന അര്‍ത്ഥമാണ് ഇത് നല്‍കുന്നത്. അതിന്നാല്‍, അപ്പം നുറുക്കുന്നതിനുള്ള കൂടിവരവ് സഭകളില്‍ ഓരോ ആഴ്ചകളിലും ഒന്നാം നാളില്‍ നടക്കപ്പെടെണ്ടതാണ്.

 

കൂടിവരവിന്റെ സമയം (The time of gathering)

 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏതു സമയത്താണ് കര്‍ത്തൃമേശ ആചരിക്കേണ്ടത് എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്. ദൈനംദിനരീതികളോടുള്ള ബന്ധത്തില്‍ എഴുത്തുകാരനായ ലൂക്കോസ് പിന്തുടരുന്നത്, റോമാക്കാരന്റെയോ യഹൂദന്റെയോ എതുമായിക്കൊള്ളട്ടെ, ആഴ്ചവട്ടത്തിന്റെ പ്രാരംഭദിവസത്തിലെ പ്രഥമ കാര്യമായി കര്‍ത്തൃമേശ ആചരിക്കുന്നതിന്നായിട്ടു സഭ കൂടിവന്നു എന്നതാണ് അപ്പൊ. പ്രവ. , അദ്ധ്യായം 20 വെളിപ്പെടുത്തുന്നത്.

 

ത്രോവാസിലെ വിശുദ്ധന്മാര്‍ക്ക് അപ്പം നുറുക്കല്‍ ശുശ്രുഷയ്ക്ക് മുന്പായിട്ട് കര്‍ത്തൃദിവസം  മറ്റൊരു കൂടിവരവ് ഉണ്ടായിരുന്നില്ല എന്നത് അപ്പൊ.20:7-ലൂടെ വ്യക്തമാണ്. തിരുവത്താഴാചരണത്തിനു ശേഷമായിട്ടാണ് തിരുവചനം പ്രസംഗിക്കപ്പെടുന്നത്. കര്‍ത്തൃമേശാചരണത്തിന്‍റെ പ്രാധാന്യതയെയാണ് ഈ മാതൃക ചൂണ്ടിക്കാണിക്കുന്നത്. മറ്റ് ആത്മീയ ശുശ്രുഷകള്‍ക്കുമുന്പായി, കര്‍ത്തൃദിവസം വിശുദ്ധന്മാര്‍ സഭയായി ഒരുമിച്ചുകൂടിവന്നു ‘എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്‍വിന്‍’ എന്നുള്ള കര്‍ത്താവിന്റെ കല്പന നിവര്‍ത്തിച്ചിരുന്നു എന്ന് ഈ വിധത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 

അപ്പൊ.20-ലെ തിരുവചന സത്യത്തെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍, തിരുവത്താഴം ശനിയാഴ്ചയൊ ഞായറാഴ്ച്ച സന്ധ്യാസമയത്തോ മറ്റും ക്രമീകരിക്കുന്നതിന് യാതൊരു നീതീകരണവുമില്ല. വചനശുശ്രുഷയ്ക്ക് മുന്‍പ് ആരാധന എന്നതാണ് തത്വം. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവജനം സഭയായി ഒരുമിച്ചുകൂടി അനുവര്‍ത്തിക്കേണ്ട പ്രഥമ ആത്മീയശുശ്രുഷയെന്നത് കര്‍ത്തൃമേശ ആചരിക്കുകയെന്നത് തന്നെയാണ്. എന്നിരുന്നാല്‍തന്നേയും, ചില രാജ്യങ്ങളില്‍ പ്രാദേശികമായ രീതികളും, അവധി സമയവും,  നിയമത്തിന്റെതായ നിയന്ത്രണങ്ങളും നിമിത്തം ഈ കാര്യം പ്രായോഗികമാക്കുന്നതിനു ബുദ്ധിമുട്ടുണ്ട് എന്നത് മറക്കുന്നില്ല.

 

പ്രായോഗിക പാഠങ്ങള്‍ 

ലളിതമായ ചില പാഠങ്ങള്‍ നാം ചിന്തിച്ചുവന്നതില്‍നിന്നും നമുക്ക് ലഭ്യമാണ്.

 

1. തിരുവത്താഴമെന്നത് സഭയുടെ യോഗമായതിന്നാല്‍ ഒരു സ്ഥലത്ത് പ്രാദേശികമായ സഭാകൂടിവരവ് ഇല്ലാതിരിക്കെ ഒരു വീട്ടിലോ, ഹോട്ടല്‍ മുറിയിലോ, യാത്രാമദ്ധ്യേ വാഹനത്തിലോ അതുമല്ലെങ്കില്‍ ക്യാമ്പ് സൈറ്റിലോ മറ്റോ വച്ച് തിരുവത്താഴം ആചരിക്കുന്നത് തികച്ചും വചനവിരുദ്ധവും അറിവില്ലായ്മയുടെ ഫലവുമാണ്‌.

 

2. ശാരീരികമായ ബലഹീനത നിമിത്തം സഭയില്‍ കടന്നു വരാന്‍ കഴിയാതെയിരിക്കുന്ന ഒരു വ്യക്തി തന്‍റെ ഭവനത്തില്‍വച്ച് അപ്പം നുറുക്കി തിരുവത്താഴം ആചരിക്കുന്നതിന്നെയും വചനം പിന്താങ്ങുന്നില്ല. എന്നാല്‍, യോഗ്യമായ സ്ഥലം ലഭ്യമല്ലാതിരിക്കെ സഭയൊന്നാകെ ഒരു ഭവനത്തില്‍ കൂടിവരുകയാണെങ്കില്‍ അവിടെ തിരുവത്താഴം ആചരിക്കുന്നത് യോഗ്യമാണ്.

 

3. കര്‍ത്തൃദിവസം സഭയായി തിരുവത്താഴം ആചരിക്കുന്നതിനു തടസ്സമാകുന്ന നിലയില്‍ തങ്ങളുടെ യാത്രകളും അവധിദിനങ്ങളും മറ്റും ക്രമീകരിക്കുവാന്‍ ദൈവജനം ശ്രദ്ധിക്കേണ്ടതാണ്.

 

4. സഭായോഗത്തിലെ അസാന്നിദ്ധ്യം കൊണ്ട് വ്യക്തമാക്കപ്പെടുന്ന ഒരു കാര്യം, കര്‍ത്താവിന്റെ കല്പന പാലിക്കുന്നതില്‍ നാം പരാജയപ്പെടുന്നു എന്നതാണ്. മാത്രമല്ല, കര്‍ത്താവിന്റെ സാന്നിദ്ധ്യത്താലുള്ള അനുഗ്രഹം നാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

 

5 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം നുറുക്കുവാന്‍ കൂടിവരുന്നത് ഒരു പ്രാദേശീക സഭയുടെ  ഉത്തരവാദിത്വതിലും,  മൂപ്പന്മാരുടെ മേല്‍നോട്ടത്തിലും ആയിരിക്കണം.

 

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.