സഭാകൂട്ടായ്മയില്‍ ഉള്ള ഒരു വിശ്വാസിക്ക് അവിശ്വാസിയായ ഒരു വ്യക്തിയേയൊ, രക്ഷിക്കപ്പെട്ടതെങ്കിലും സഭയുമായി കൂട്ടായ്മാ ബന്ധത്തില്‍ വരുവാന്‍ താല്പര്യമില്ലാത്ത ഒരാളെയോ വിവാഹo ചെയ്യുന്നതില്‍ ദൈവവചനം എന്ത് പറയുന്നു?

“വിവാഹം “എന്ന് പറയുന്നത് തന്നെ, ഇന്ന് സ്വാഭാവികമായും വിശ്വാസികളുടെ ഇടയില്‍  വിശ്വാസപ്രമാണത്തിന്, വിരോധമായി സംഭവിക്കുന്ന ഒരു പ്രതിഭാസമായി  മാറികൊണ്ടിരിക്കുന്നു. വിവിധ ജാതികളില്‍നിന്നും, വoശങ്ങളില്‍നിന്നും, ഭാഷകളില്‍ നിന്നും കുഞ്ഞാടിന്റെ വിലയേറിയ രക്തത്താല്‍ വിലക്ക് വാങ്ങപ്പെട്ടവരുടെ കൂട്ടമായ സഭയില്‍ തന്നെ  ജാതിയുടെയും, നിറത്തിന്റെയും, വര്‍ണ്ണത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ പ്രകടമായി വരുന്നു. ഇതിനു ചുക്കാന്‍ പിടിക്കുന്നവരോ,  ”ഏകപിതാവിന്റെ മക്കള്‍”, ”സഹോദരവര്‍ഗ്ഗം”, ” ദൈവമക്കള്‍” എന്നൊക്കെ പറഞ്ഞ് ‘ആത്മീയന്മാര്‍’ എന്ന് സ്വയം പ്രശംസിക്കുന്നവരും. ഇങ്ങനെയുള്ളവരെയോര്‍ത്ത് ലജ്ജ തോന്നുന്നു. ദൈവസഭ  എന്നത് കളി പറഞ്ഞു കളിയ്ക്കുവാനോ, പക്ഷം ചേരുവാനോ, ഗ്രൂപ്പ്‌ ഉണ്ടാക്കുവാനോ ഉള്ള സ്ഥലമല്ല. ക്രിസ്തുയേശുവിന്‍റെ നാമത്തില്‍ കൂടിവരുന്ന ദൈവജനത്തിന്റെ കൂട്ടമാണ്  ദൈവസഭ. ദൈവത്തിന്റെ നാമം മാത്രം മഹത്വപ്പെടേണ്ട സ്ഥലം. എന്നാല്‍ ദു:ഖകരമെന്നു പറയട്ടെ,  ഇന്ന് മനുഷ്യരുടെ മഹത്വം എടുക്കാന്‍ ഉള്ള വേദിയായി സ്ഥലംസഭകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവവചനത്തിനും ദൈവീകാലോചനകള്‍ക്കും അതീതമായി, മാനുഷികമായ ചിന്താഗതികള്‍ക്ക് അനുസൃതമായാണ് ഒട്ടുമിക്ക സഭകളും ഇന്ന് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

 

”വിവാഹം  എല്ലാവര്‍ക്കും  മാന്യമായിരിക്കട്ടെ” എന്ന് ദൈവവചനം പറയുന്നു. എന്നാല്‍ ഇന്ന് പണവും, പ്രതാപവും, വിദ്യാഭ്യാസവും, പാരമ്പര്യവും ഒക്കെ കണക്കിലെടുത്ത്, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പില്ലാതെ നടക്കുന്ന വിവാഹത്തിന്‍റെ അനന്തര  ഫലങ്ങള്‍ കാണാന്‍ വേറെ എവിടെയും പോകേണ്ട, സ്ഥലംസഭയില്‍ തന്നെ നോക്കിയാല്‍ മതി. പ്രിയരേ… എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?.. കാരണം മറ്റൊന്നുമല്ല, ദൈവഹിതത്തെ പരിഗണിക്കാതെ, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തന്നെയാണ്. എവിടെയെല്ലാം നാം ദൈവത്തിനോ ,ദൈവവചനത്തിനോ മുന്‍ഗണന കൊടുക്കാതിരിക്കുന്നോ, അവിടെയെല്ലാം ആയതിന്‍റെ  ആത്യന്തികമായ ഫലം ദൈവീകാനുഗ്രഹം ഇല്ലാ എന്നുള്ളതായിരിക്കും. ഇങ്ങനെയുള്ളവര്‍ ആത്മീയ തലത്തില്‍ പ്രാവര്‍ത്തീകമയി വില കൊടുക്കേണ്ടതായി വരും.
“ദൈവം  അനന്യന്‍” (എബ്രയര്‍ 1:12, എബ്രയര്‍ 13:8) ആണ്. അവന്‍ മാറ്റമില്ലാത്തവനാണ്. പ്രിയരേ, ദൈവവചനവും അങ്ങനെതന്നെയാണ്. അത് സ്വര്‍ഗ്ഗത്തില്‍  എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്. തിരുവചനത്തില്‍  ഒരിടത്തു അങ്ങനെയും മറ്റൊരിടത്ത്‌ വേറെ രീതിയിലും സംസാരിക്കുന്നത് കാണുവാന്‍ സാധിക്കുകയില്ല . എന്നിരുന്നാല്‍ തന്നേയും വചനത്തില്‍ പറഞ്ഞിരിക്കുന്നവയെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന കേമന്മാരെ നാം കാണാതെ പോകരുത്. വചനം സത്യമാണ് . തിരുവചനസത്യങ്ങള്‍ ദൈവാത്മാവിനാല്‍ എഴുതപെട്ടതാണ്. തിരുവെഴുത്തിലെ  പ്രമാണങ്ങള്‍ , ദൈവസഭയില്‍, കുടുംബത്തില്‍, വ്യക്തിജീവിതത്തില്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രായോഗികമാക്കി ജീവിക്കുവാന്‍ ഒരു ദൈവപൈതല്‍ ബാദ്ധ്യസ്ഥനാണ്.  എല്ലാവര്‍ക്കും അറിയാവുന്ന, മനപാഠമാക്കിയിട്ടുള്ളതാണ്,  ” നിങ്ങള്‍ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്;….” (2കൊരിന്ത്യര്‍ 6:14 ) എന്ന വേദവാക്യം. തികച്ചും,  വിവാഹത്തെക്കുറിച്ച് തന്നെയാണ്  ഇത് പ്രതിപാദിക്കുന്നത്. ഒരു ദൈവപൈതലിന്റെ വിവാഹത്തോടുള്ള ബന്ധത്തില്‍ ദൈവം വച്ചിട്ടുള്ള ഒരു വ്യവസ്ഥയാണ്‌ 1കൊരിന്ത്യര്‍ 7:39-ല്‍ നമുക്ക് വായിക്കുവാന്‍ സാധിക്കുന്നത്‌. “കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ”  (…, only in the Lord (kjv)) എന്ന് വളരെ വ്യക്തമായി എഴുതിയിരിക്കുന്നു.

ആത്മീയജീവിതത്തോട്‌ ബന്ധപ്പെട്ട്, പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന  രണ്ടു പദപ്രയോഗങ്ങള്‍ വളരെ ചിന്തനീയമാണ്. ഒന്ന് “കര്‍ത്താവിലും” മറ്റൊന്ന് “ക്രിസ്തുവിലും” എന്നുള്ളത്. ‘ക്രിസ്തുവില്‍’ എന്നത്,  നമുക്ക് കര്‍ത്താവിലുള്ള കൂട്ടായ്മയേയും ബന്ധത്തേയും കാണിക്കുന്നു. എന്നാല്‍ “കര്‍ത്താവില്‍” എന്നുള്ള പദo നമ്മുടെ ഉത്തരവാദിത്വത്തോടുള്ള ബന്ധത്തില്‍ നമ്മുക്കുള്ള പൂര്‍ണ സമര്‍പ്പണത്തെയാണ് കാണിക്കുന്നത്. അതുകൊണ്ട് “കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായിട്ട്എന്ന് പറയുമ്പോള്‍ ,കര്‍ത്താവില്‍ ജീവിതം  സമര്‍പ്പിച്ചിട്ടുള്ള  രണ്ടു വ്യക്തികള്‍ തമ്മിലായിരിക്കണം വിവാഹിതരാകേണ്ടത് എന്നാണ് സൂചിപ്പിക്കുന്നത്. കര്‍ത്താവിന്റെ  കര്‍തൃത്വം അംഗീകരിച്ച് കര്‍ത്താവിനെ ആരാധിക്കുന്ന വ്യക്തികള്‍ എന്ന് ചുരുക്കം. ‘കര്‍ത്താവായ യേശുക്രിസ്തുവിന്റെ  നാമത്തില്‍ കൂടിവരിക” എന്ന സത്യം മനസ്സിലാക്കിയിട്ടും അവന്റെ കര്‍തൃത്വത്തിനു വിധേയപ്പെടാതെയും , ദൈവജനത്തോടൊരു മിച്ചുള്ള സഭാകൂട്ടായ്മയില്‍ താല്പ്പര്യപ്പെടാതെയും ഇരിക്കുന്ന ഒരു വിശ്വാസി യഥാര്‍ത്ഥത്തില്‍ രക്ഷകനായ കര്‍ത്താവിനെ  പൂര്‍ണമായും അനുസരിക്കുന്നില്ല എന്നതാണ് സ്പഷ്ടം. ഇങ്ങനെയുള്ളവരെ വിവാഹം ചെയ്യുന്നത് യോഗ്യമാണോ ?…  ഇങ്ങനെയുള്ള വിവാഹബന്ധത്തിലൂടെ, ഒരു യഥാര്‍ത്ഥ ദൈവപൈതലിനു അനുഗ്രഹീതമായ, ദൈവവചനത്തിനു യോഗ്യമായ നിലയിലുള്ള, ഫലകരമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിന്ന് സാദ്ധ്യമാകുമോ?…പ്രിയപ്പെട്ടവരെ, വചനത്തിന്‍റെ ആധികാരികതയോടെ ഒരു പരിശോധനക്കായി നാം തന്നെ ഒന്ന് വിധേയരാകുക….

 

അവിശ്വാസികളുമായിട്ടും , രക്ഷിക്കപെട്ടു എന്ന് പറയുന്നുവെങ്കിലും ദൈവത്തെ വചനപ്രകാരം ആരാധിക്കാന്‍ താല്പര്യമില്ലാത്തവരുമായിട്ടുള്ള വിവാഹത്തെ  ദൈവ വചനം  പ്രോത്സാഹിപ്പിക്കുന്നില്ല. അങ്ങനെയുള്ള തെറ്റുകളില്‍ അകപ്പെട്ടിട്ടുള്ള കുടുബത്തിലുള്ളവരില്‍ പലരും (ഇന്നലെ വരെ സത്യത്തിനു വേണ്ടി നിന്നവര്‍) സ്വന്തക്കാര്‍ ചെയ്ത തെറ്റുകളെ ആത്മീയ വല്ക്കരിക്കുന്നതും നീതീകരിക്കുന്നതും ഇക്കാലങ്ങളില്‍  കൂടുതലായി കണ്ടുവരുന്നു.  ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നവന്‍ അവന്റെ കല്പനകളെ  പ്രമാണിക്കുന്നു. ”അവന്‍റെ (ദൈവത്തിന്‍റെ) കല്‍പ്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം;…” (1 യോഹ.5:3). ഒരു ദൈവപൈതലിന്റെ ജീവിതത്തിലെ മുന്‍ഗണന എന്നത് ദൈവത്തെ ആരാധിക്കുകയും, വചനപ്രകാരം ജീവിതം ക്രമപ്പെടുത്തി ദൈവഹിതം നിറവേറ്റുക എന്നതാണ്. എന്നാല്‍ അതിനു വിഘാതമായി തീരാവുന്ന തരത്തിലുള്ള വിവാഹ ബന്ധങ്ങളില്‍ , ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ ഏര്‍പ്പെടാതിരിക്കുന്നതായിരിക്കും അഭികാമ്യമായിട്ടുള്ളത്

 

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.