ഉപകരണസംഗീതം, നാടകങ്ങള്‍, പാവകളി തുടങ്ങി മറ്റ് കലാരൂപങ്ങള്‍, ആത്മീയസ്വഭാവം പരിഗണിക്കാത്ത യോഗാന്തരീക്ഷം, വിനോദജനകമായ മറ്റു പരിപാടികള്‍ തുടങ്ങിയവയൊക്കെ യോഗങ്ങളില്‍ കൂടുതല്‍ ആളുകള്‍ കടന്നുവരുന്നതിന്നു വളരെ സഹായകമാണ് എന്നുള്ള അഭിപ്രായം കേള്‍ക്കാറുണ്ട്. സുവിശേഷം കേള്‍ക്കുന്നതിന്നായിട്ടു ആളുകളെ ആകര്‍ഷിക്കുന്ന ‘പരിപാടികളില്‍’ നമുക്ക് ഏതറ്റം വരെ പോകാന്‍ പറ്റും?

ആണ്ടിലൊരിക്കല്‍ സുവിശേഷമഹായോഗമോ, മാസത്തിലൊരിക്കല്‍ രണ്ട് ദിവസത്തെ സുവിശേഷപ്രവര്‍ത്തനങ്ങളോ, ആഴ്ചതോറും ഭവനസന്ദര്‍ശനമോ  സഭകള്‍തോറും നടത്തിയേ തീരൂവെന്നതിന്നു തിരുവചനത്തില്‍നിന്നും വാക്യമുദ്ധരിച്ചു ശഠിക്കുവാന്‍ കഴിയില്ല. എന്നാല്‍ ദൈവജനം ഒരുമിച്ചുകൂടിവരുന്നതിന്റെ ഇടയിലേക്ക് അവിശ്വാസികളായിട്ടുള്ളവര്‍ കടന്നുവരുന്നതിന്ന് സാദ്ധ്യതയുണ്ട് എന്ന് അപ്പോസ്തലനായ പൗലോസ്‌ ദൈവവചനത്തിലൂടെ വ്യക്തമാക്കുന്നു. 1.കൊരി.14:23 – ല്‍ നാം ഇങ്ങനെയാണ് അപ്പോസ്തലന്റെ വാക്കുകള്‍ വായിക്കുന്നത്, ”……….എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ ……….”. സാദ്ധ്യമായ അവസരങ്ങള്‍ സത്യസുവിശേഷം പ്രസംഗിക്കുന്നതിന്നായി വിനിയോഗിക്കണമെന്നതിനു ഒരു സംശയവുമില്ല. എന്നാല്‍ യോഗങ്ങളിലേക്ക് അവിശ്വാസികളായിട്ടുള്ളവരെ ആകര്‍ക്ഷിക്കുന്നതിന്നായി, അവരെ സുവിശേഷം കേള്‍പ്പിക്കണമെന്ന ചിന്തയോടെ, പ്രസംഗത്തിനോടൊപ്പം ഒരുക്കുന്ന മറ്റു ചിലവയുടെ പരിധി ഏതറ്റം വരെയാകാം എന്നതാണ് നമ്മുടെ ചിന്താവിഷയം.

 

aചോദ്യത്തിലെ ഒരു പരാമര്‍ശമാണ് സംഗീതവും സംഗീതോപകരണങ്ങളുമെന്നത്. ദൈവജനത്തിന്റെ കൂടിവരവുകളില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെ തിരുവചനം പിന്താങ്ങുന്നില്ല. സംഗീതോപകരണങ്ങളോടുകൂടി പാടുന്നതിനെയാണ് 1 കൊരി.14:15 – ല്‍ ‘പാടുക’ (sing) എന്നതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ‘പാടുക’ (sing) എന്നതിന്നായി ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘psallo’ എന്നാണ്. സ്തുതി സ്തോത്ര ഗീതങ്ങള്‍ അര്‍പ്പിക്കുന്നതിന്നെയാണ് പുതിയനിയമത്തില്‍ ‘psallo’ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉപകരണ സംഗീതത്തിന്‍റെ ചിന്തകള്‍ ഒന്നും 1 കൊരി.14:15 – ന്‍റെ പശ്ചാത്തലം നമ്മുടെ മുമ്പില്‍ കൊണ്ടുവരുന്നില്ല. അപ്പോസ്തലന്‍ എഴുതുന്നത്‌, ”…………….ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും” എന്നാണല്ലോ. ആയതുകൊണ്ട്, സകല വാദ്യോപകരണങ്ങളുമുപയോഗിച്ച് താളമേളങ്ങള്‍ കൊണ്ട് കൊഴുപ്പിക്കുന്ന സംഗീതത്തിലൂടെ അപ്പോസ്തലന്‍ ഉദ്ദേശിച്ചിരിക്കുന്ന ഗുണഗണങ്ങള്‍ പ്രകടമാകുമെന്നത് കേവലം മിഥ്യാധാരണയാണ്.

 

bഇനി, നാടകങ്ങള്‍, പാവകളി തുടങ്ങിയവയിലൂടെയുള്ള ശ്രമംകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത് എന്നത് ഒരു വിചിന്തനം നടത്തുന്നത് നല്ലതായിരിക്കും. ഒരു കാര്യം നാം ഓര്‍ക്കണം. മറ്റുള്ളവരെ, അതായത്,b Instruments3പാപികളായിട്ടുള്ളവരെ വിനോദിപ്പിക്കുക എന്നതല്ല നമ്മുടെ നിയോഗം. മറ്റുള്ളവരെ യോഗങ്ങളിലേക്ക് ആകര്‍ക്ഷിക്കുന്നതിന്നായി ഇത്തരം വേലകളുടെപ്രചരണം നടത്തി ആത്മാക്കളെ നേടാമെന്നുള്ളത് വചനത്തിനു നിരക്കാത്ത ധാരണയാണ്. നേരെമറിച്ച്, ദൈവവചനയോഗ്യമായ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണം ആത്മീയഫലങ്ങള്‍ക്കായി പരിശ്രമിക്കേണ്ടത്.

 

ഒട്ടുംതന്നെ ആത്മീയസ്വഭാവം പ്രകടിപ്പിക്കാത്ത, ആത്മീയ അന്തരീക്ഷം കാംക്ഷിക്കാത്ത, വളരെ ലഘുവായ ആത്മഭാരത്തോടുകൂടിയുള്ള ഒരു യോഗമാണെങ്കില്‍ (less formal atmosphere) , ധാരാളം പ്രിയപ്പെട്ടവര്‍ക്ക് കടന്നുവരുന്നതിന് കൂടുതല്‍ താല്പര്യമുണ്ടാകും എന്ന ഒരു ചിന്താഗതി സാധാരണയായിട്ടുണ്ട്. എന്നാല്‍, നാം പ്രസംഗിക്കുന്ന സുവിശേഷത്തിലൂടെ നാം കൈകാര്യം ചെയ്യുന്നത് കേവലം ലഘുവായി കാണേണ്ട കാര്യങ്ങളല്ല. മറിച്ച്, നിത്യജീവനേയും മരണത്തെയുംക്കുറിച്ചും, സ്വര്‍ഗ്ഗവും നരകത്തെയുംക്കുറിച്ചുമുള്ള അതിപ്രധാനമായ വസ്തുതകളാണ് സുവിശേഷത്തിലൂടെ വെളിപ്പെടുത്തപ്പെടുന്നത്. ആകയാല്‍, ബോധമനസുകളെ ശോധന ചെയ്‌വാന്‍ കഴിയുന്ന തിരുവചനത്തിന്‍റെ ആധികാരികതയോടെ, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനാല്‍ ക്രമീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷമായിരിക്കണം സുവിശേഷത്തിന്‍റെ പ്രസംഗത്തിന്നായി ഉളവാക്കപ്പെടെണ്ടത്.

 

ജനങ്ങളെ ആകര്‍ക്ഷിക്കുന്നതിന്നായി ഉപകരിക്കപ്പെടാമെന്ന് നിനയ്ക്കുന്ന ‘മറ്റു പരിപാടികള്‍ക്ക്’ (bridge-building events) വാസ്തവത്തില്‍ ദൈവവചനാടിസ്ഥാനത്തില്‍ യാതൊരു പ്രസക്തിയുമില്ല. നേരെമറിച്ച്, നാം ഓരോരുത്തരും നമ്മുടെ അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടേയും ഒക്കെ മുമ്പില്‍ നമ്മുടെ ജീവിതംതന്നെ അവര്‍ക്ക് ക്രിസ്തുവിലെക്കുള്ള ഒരു പാലമാക്കിത്തീര്‍ക്കണം. വിശുദ്ധമായ ക്രിസ്തീയജീവിതം അവരുടെ മുമ്പില്‍ കാഴ്ചവച്ചുകൊണ്ട്, അവര്‍ക്ക് നമ്മിലുള്ള വിശ്വാസം ആര്‍ജ്ജിക്കുവാന്‍ നമുക്ക് സാധിക്കണം. നാം നയിക്കുന്ന ജീവിതം കണ്ടുകൊണ്ട്‌, നമ്മുടെ ക്രിസ്തീയസാക്ഷ്യം മനസ്സിലാക്കി, ആ പ്രിയപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെ അറിയണമെന്നുള്ള വാഞ്ച ഉണ്ടാകും.

 

വിശ്വസ്തതയോടുകൂടിയുള്ള സുവിശേഷത്തിന്റെ പ്രസംഗത്താല്‍ ദൈവം ഇന്നും മനുഷ്യരെ രക്ഷിക്കും. എന്നാല്‍ ആകര്‍ക്ഷണത്തിനും രസത്തിന്നുമായി ഒട്ടും കൂട്ടിച്ചേര്‍ക്കാതെ, എല്ലാ നിര്‍മ്മലതയോടും ശക്തിയോടുംകൂടെ സത്യസുവിശേഷമായിരിക്കണം പ്രസംഗിക്കേണ്ടത്. എന്നിട്ടും അവിശ്വാസികള്‍ ആരുംതന്നെ സുവിശേഷം കേള്‍ക്കുന്നതിനായി യോഗങ്ങള്‍ക്ക് കടന്നുവരുന്നില്ലെങ്കില്‍, അവരുടെ ഇടയില്‍ സുവിശേഷം എത്തിക്കുന്നതിനായി ഉതകുന്ന ഉപകരണ യോഗ്യമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് നാമും നമ്മുടെ സഭകളും ചിന്തിക്കേണ്ടത്.

 

സത്യസുവിശേശത്തിന്റെ യഥാര്‍ത്ഥ സാക്ഷികളായി കൂടുതല്‍ പ്രയോജനപ്പെടുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

 

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.