ദൈവജനം സഭയായി കൂടിവരുന്നതിന്റെ ‘നടുവില്‍’ മാത്രമാണോ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യമുള്ളത്? അതോ, കുടുംബപ്രാര്ത്ഥനയിലോ ഒരുപറ്റം വിശ്വാസികള്‍ ചില പ്രത്യേക സന്ദര്ഭ്ങ്ങളില്‍ ഒരുമിച്ചുകൂടിവരുന്നതിന്റെയോ നടുവില്‍ കര്‍ത്താവിന്‍റെ സാന്നിദ്ധ്യമുണ്ട്‌ എന്ന് പറയുന്നതിന്റെ പ്രസക്തിയെന്ത്?

ഒരു കൂടിവരവിന്‍റെ ‘നടുവില്‍’ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ  സാന്നിദ്ധ്യം ഉണ്ടോ എന്ന ചോദ്യത്തിന്‍റെ വ്യക്തമായ ഉത്തരം മത്തായി 18 നെ ആധാരമാക്കി പഠിച്ചാല്‍ നമുക്ക് ലഭിക്കും. കര്‍ത്താവ് വളരെ വ്യക്തമായി പറയുന്ന  അനുഗ്രഹീതമായ വസ്തുത മത്തായി 18:20- ല്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ (കര്‍ത്താവായ യേശുക്രിസ്തു) അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ (കര്‍ത്താവ്) നിങ്ങളോടു പറയുന്നു.”  ഈ വാക്യത്തിന്‍റെ പശ്ചാത്തല വിഷയമെന്നത് സഭയാണ്. ‘സഭ’ എന്ന പദം തന്നെ കര്‍ത്താവ് ഈ ഭാഗത്ത് ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. (vs. 17). ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്,  വാക്യം. 20 – ല്‍ പരാമര്‍ശിച്ചിരിക്കുന്ന കൂടിവരവ് എന്നത് വിശ്വാസികള്‍ ഒരു പ്രാദേശിക സഭ എന്ന നിലയില്‍ ഒരുമിച്ചുകൂടുന്ന കൂടിവരവിന്നെയാണ് വ്യക്തമാക്കുന്നത് എന്നത് വളരെ കൃത്യമാണ്. കര്‍ത്താവിന്റേതായ ഈ വാക്കുകളായി,  പുതിയനിയമ വചനാടിസ്ഥാനത്തിലുള്ള ഒരു പ്രാദേശികസഭ എന്ന സത്യത്തിനു വിത്ത് പാകിയിരിക്കുന്ന പ്രമാണമാണ്‌ മത്തായി.18:20 ല്‍ എഴുതിയിരിക്കുന്നത്.

 

ഒരു സ്ഥലംസഭയില്‍ കൂട്ടായ്മാബന്ധത്തിലുള്ള വിശ്വാസികള്‍ എല്ലാവരും ഒരുമിച്ചുകൂടിവരുന്ന കൂട്ടത്തെക്കുറിച്ചു നമ്മുടെ കര്‍ത്താവ് വ്യത്യസ്തനിലകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരു നല്ല ആട്ടിടയന്‍ തന്‍റെ ആടുകളെ ഏതുവിധേന പരിപാലിച്ചു നടത്തുന്നുവോ, അതേ ആശയത്തിന്‍റെ സത്യമായ ആവിഷ്കാരമായിരിക്കണം ഒരു സ്ഥലംസഭയിലും വിളങ്ങേണ്ടത് എന്ന സത്യമാണ് 12 – 14 വാക്യങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. വിശ്വാസികള്‍ തമ്മിലുണ്ടായേക്കാവുന്ന വൈഷമ്യങ്ങളെ പരിഹരിക്കുന്നതിന്നും ആവശ്യമായ തിരുത്തലുകളും അച്ചടക്കസമീപനങ്ങളും സ്വീകരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ഒരിടമാണ് ഒരു പ്രാദേശിക സഭ (vs.15 – 17). തിരുവചനത്തിന്‍റെ അടിസ്ഥാനത്തില്‍, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ത്താവ് അധികാരം നല്‍കിയിരിക്കുന്നത് തന്‍റെ നാമത്തില്‍ കൂടിവരുന്ന വിശ്വാസികളുടെ കൂട്ടമായ സ്ഥലംസഭയ്ക്കാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം എന്താണോ തീരുമാനിച്ചിരിക്കുന്നത്, അത് നടപ്പില്‍ വരേണ്ട സ്ഥലമാണ് പ്രാദേശികസഭ. ദൈവഹിതപ്രകാരമായിരിക്കണം ഒരു സഭ, അകത്തും പുറത്തും വിളങ്ങേണ്ടത്. (vs.18). ഐകമത്യപ്പെട്ടുള്ള പ്രാര്‍ത്ഥനയ്ക്കായുള്ള ഇടമാണ് സ്ഥലംസഭ.

 

സഭാകൂട്ടായ്മയില്‍നിന്നും പുറത്താക്കപ്പെടുന്ന ഒരു വ്യക്തി അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ വ്യക്തിയെ അവസാനിപ്പിക്കാന്‍ ശ്രമിക്കയുമരുത്. നേരെമറിച്ച്, സഭയൊന്നാകെ ഐക്യതയോടെ ആ വ്യക്തിക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുമ്പോള്‍, ആ വ്യക്തി മാനസാന്തരപ്പെട്ട് മടങ്ങിവരുന്നത് കാണുവാന്‍ കഴിയും.

 

മത്തായി. 18 – ലൂടെ വെളിപ്പെടുത്തപ്പെടുന്ന എല്ലാ സത്യങ്ങളും പ്രമാണങ്ങളും ഒക്കെ ഒരു പ്രാദേശിക സഭാകൂടിവരവിലെ ദൈവമക്കളുടെ കൂട്ടായ്മാബന്ധത്തോടും സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളോടും സഭയെന്ന ദൈവത്തിന്‍റെ മഹത്തരമായ സംവിധാനത്തോടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വചനം നമ്മെ ഗ്രഹിപ്പിക്കുന്ന സത്യമാണ്. എന്നാല്‍, കുടുംബങ്ങളിലും ദൈവമക്കള്‍ സംഗമിക്കുന്ന മറ്റ്  സാഹചര്യങ്ങളിലുമൊക്കെ കര്‍ത്താവിന്റെ മഹനീയ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയില്ല എന്ന് മേല്‍പ്പറഞ്ഞത്‌കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. പ്രത്യുത, സഭയുടെ കൂടിവരവ് എന്നതില്‍നിന്നും വ്യത്യസ്തമായി വിശ്വാസികള്‍ ഒരുമിച്ചുകൂടിവരുന്ന ഒരു കൂട്ടത്തിനോടും മത്തായി.18:20 – ലെ പ്രമാണം പ്രായോഗികമാകുന്നില്ല. വിശ്വാസികളായ ദൈവമക്കള്‍ സ്ഥലംസഭയെന്ന നിലയില്‍ ഒരുമിച്ചുകൂടിവരുന്നതിന്റെ അടിസ്ഥാനപ്രമാണമെന്നത് മത്തായി.18:20 തന്നെയാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സാന്നിദ്ധ്യം സഭയുടെ നടുവിലാണുള്ളത്. അത് വളരെ പ്രധാനപ്പെട്ടതും വ്യക്തവുമായ ഒരു സത്യമാണ്. ഒരു ഭവനത്തിന്‍റെ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് കര്‍ത്താവിന്റെ സാന്നിദ്ധ്യം സഭയുടെ നടുവില്‍ ഉണ്ടെന്നുള്ള ബോധ്യം നമുക്ക് പകര്‍ന്നു തരുന്നത്. കാരണം, കര്‍ത്താവിന്റെ നാമത്തില്‍ ദൈവജനം കൂടിവരുമ്പോള്‍ അവരുടെ മദ്ധ്യേ ജീവനുള്ള ദൈവത്തിന്‍റെ സാന്നിദ്ധ്യമാണ് ഉണ്ടാകുന്നത്. ഈ വിഷയത്തില്‍ കര്‍ത്താവിന്റെ വാഗ്ദത്തവും ഉറപ്പും സഭയ്ക്കാണ് കര്‍ത്താവ് നല്‍കിയിരിക്കുന്നത്. ജീവന്നുള്ള നമ്മുടെ കര്‍ത്താവായിരിക്കും പ്രസ്തുത സഭയുടെ അല്ലെങ്കില്‍ സഭാകൂടിവരവിന്റെ അധികാരിയും നിയന്ത്രിതാവും.

 

മത്തായി.18:20 കേവലം ഒരു പ്രാര്‍ത്ഥനാകൂടിവരവിലേക്കോ ചായസല്‍ക്കാരത്തിലെക്കോ ഒക്കെയായി പരിമിതപ്പെടുത്തരുത്. മറിച്ച്, ഒരു സ്ഥലംസഭയുടെ വചനാനുസൃതമായ സകല യോഗങ്ങളോടുമുള്ള ബന്ധത്തിലാണ് മത്തായി.18:20 പ്രാവര്‍ത്തികമായിരിക്കുന്നത്‌ എന്ന വചന സത്യത്തെ അവഗണിക്കുവാന്‍ നമുക്ക് ഇടയാകാതിരിക്കട്ടെ…… ദൈവവചനത്തോട് വിശ്വസ്തത പുലര്‍ത്തുവാന്‍ ആവോളം നമുക്ക് കഴിയട്ടെ…

 

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം) അധ്യായം 11 – മദ്ധ്യത്തില്‍ (പുതിയ നിയമം)
അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം) അധ്യായം 10 – മദ്ധ്യത്തില്‍ (പഴയനിയമം)
അധ്യായം 9 – എന്‍റെ നാമത്തില്‍ അധ്യായം 9 – എന്‍റെ നാമത്തില്‍
അധ്യായം 8 – ക്രിസ്തുവിന്റെ സഭകള്‍ അധ്യായം 8 – ക്രിസ്തുവിന്റെ സഭകള്‍
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.