സഭകളില്‍ “രക്ഷിക്കപ്പെടുക” എന്നതിനെ സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!

അനേക ക്രിസ്തീയ സമൂഹങ്ങള്‍, “രക്ഷിക്കപ്പെടുക” എന്നത് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു അനിവാര്യമല്ല എന്ന് പഠിപ്പിക്കുന്നു. അതുപോലെതന്നെ ഇക്കാലങ്ങളില്‍ സുവിശേഷ വിഹിത സഭകളിലും ‘രക്ഷിക്കപ്പെടുക’ എന്നതിന്‍റെ ഗൗരവം കുറഞ്ഞു വരുന്നുണ്ടോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു.

Salvation

പക്ഷെ, തിരുവചനം കര്‍ത്താവിന്റെ വാക്കുകളിലൂടെ തന്നെ ഒരു വ്യക്തി രക്ഷിക്കപ്പെടെണ്ടതിന്‍റെ പ്രാധാന്യത സ്ഥിരീകരിക്കുന്നു. കര്‍ത്താവിന്റെ പ്രഖ്യാപനം ഇങ്ങനെയാണ്,  ““നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി.18:3).  “ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു” എന്ന് വ്യക്തമാക്കുമ്പോള്‍  ഒരു കാരണവശാലും അതിനു ആര്‍ക്കും ഒഴികഴിവ് പറയാന്‍ നിവൃത്തിയില്ല എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പ്രിയപ്പെട്ടവരേ, മര്‍മ്മപ്രധാനമായ ആ കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചത് നാം ഓര്‍ക്കുന്നുണ്ടോ? ഇക്കാലയളവില്‍ ‘രക്ഷയുടെ’ പൂര്‍ണ്ണ ചുമതല ചില സംഘടനകള്‍ എറ്റെടുത്തിരിക്കുന്നതായി തോന്നുന്നു. ചില ക്യാമ്പുകള്‍ക്ക് കടന്നു പോകുന്ന കുഞ്ഞുങ്ങള്‍ ‘കൂട്ടമായി രക്ഷിക്കപ്പെടുന്നു’, ചില ക്രൂസേഡുകളില്‍ അനേകര്‍ രക്ഷിക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നു, കൈ ഉയര്‍ത്തുന്നു, തീരുമാന കാര്‍ഡ് പൂരിപ്പിക്കുന്നു, ഹൃദയം കൊടുക്കുന്നു….. (അവര്‍ക്ക് ഇത് എണ്ണവും പരസ്യവും ആയിരിക്കാം, എന്നാല്‍ നമ്മുക്ക് ഇത് ഒരു അടിയന്തിരപ്രാധാന്യമുള്ള ജീവന്മരണ പ്രശ്നമാണ്)…..

രക്ഷിക്കപ്പെട്ടു എന്ന് പറയുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ രക്ഷാനുഭവത്തെക്കുറിച്ചു മാതാപിതാക്കള്‍ എന്ന നിലയില്‍ നാം ചോദിച്ചറിയാറുണ്ടോ? സഭയുടെ ചുമതലപ്പെട്ടവര്‍ രക്ഷയുടെ ഗൗരവം സഭയില്‍ പറയാറുണ്ടോ, അവര്‍ ഇക്കാര്യം ഉറപ്പുവരുത്താറുണ്ടോ? നമ്മുടെ സഭകള്‍ കുഞ്ഞുങ്ങളോട് സുവിശേഷം പറയുക എന്ന ദൌത്യം മറ്റു പലരെയും / പലതിനെയും ഏല്പിച്ചു ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറുകയാണോ? ഇത്തരം അനേകം ചോദ്യങ്ങള്‍ക്ക് നാം വ്യക്തമായ ഉത്തരം കണ്ടെത്തിയേ മതിയാകൂ…

കര്‍ത്താവായ യേശുക്രിസ്തു തികഞ്ഞ ശാസനയുടെ ഭാവത്തിലാണ് മേല്‍പ്പറഞ്ഞ വാക്കുകള്‍ (മത്തായി.18:3) ഉദ്ധരിച്ചിരിക്കുന്നത്. രക്ഷിക്കപ്പെട്ടില്ല എങ്കില്‍ സ്വര്‍ഗം ഒരു വ്യക്തിക്ക് നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും ആ വ്യക്തി നരകത്തില്‍ പോകും എന്നത് തിരുവചനത്തില്‍നിന്നും വളരെ വ്യക്തമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചില പ്രസംഗങ്ങളില്‍ എങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, തീരുമാനമെടുത്താല്‍ മതി, ജീവിതം സമര്‍പ്പിച്ചാല്‍ മതി എന്നൊക്കെ. ദൈവവചന സത്യമായ ‘വീണ്ടുംജനിക്കുക’, ‘മാനസാന്തരപ്പെടുക’ തുടങ്ങിയ ശബ്ദങ്ങളൊക്കെ കേള്‍ക്കുന്നത് ഇന്നാളുകളില്‍ അന്യം നിന്നുപോയോ?, ഇപ്പോള്‍ ഇതൊക്കെ ഒരു ആചാരാമോ, സഭയില്‍ ആളുകളെ കൂട്ടുവാനുള്ള മാര്‍ഗങ്ങളോ മാത്രം ആയി അധപതിച്ചുവോ?  ചിലര്‍ക്ക് ഇങ്ങനൊക്കെ കേള്‍ക്കുന്നത് തന്നെ നിന്ദ്യമായി തുടങ്ങിയിരിക്കുന്നു….. ഡമാസ്കസിന്റെ പടിവാതില്കല്‍ നടന്ന  പൗലോസിന്റെ മാനസാന്തരത്തിന്റെ സാഹചര്യത്തിന്  ചില പ്രത്യേകതകള്‍ ഉണ്ട് എന്നത് തിരുവചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു ഇന്ന് നടക്കുന്ന പല ‘രക്ഷിക്കപ്പെടലുകളും’ ചില വൈകാരീക അനുഭവം മാത്രമായി (പാപബോധം ഇല്ലാതെ തന്നെ) മാറുന്നു.

രക്ഷിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നമ്മുടെ അനുഭവം എന്ത് ?

“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു..” (മത്തായി  18:3)

എന്തുകൊണ്ടാണ് കര്‍ത്താവ് ശിഷ്യന്മാരോട്, നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ  ആകണം എന്ന് പറഞ്ഞത്? അതിന്‍റെ കാരണം വളരെ വ്യക്തമാണ്. ശിഷ്യന്മാര്‍ ഈ സന്ദര്‍ഭത്തില്‍, തങ്ങളില്‍ ആരാണ് വലിയവന്‍ എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആയിരുന്നു. അവര്‍ അഹങ്കാര മനോഭാവം ഉള്ളവര്‍ ആയിരുന്നു. അവരുടെ കഴിവുകള്‍, ഓരോരുത്തരുടെയും പ്രാധാന്യത എന്നിവയെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍,  നമ്മുടെ കര്‍ത്താവ് മനസിലാക്കി, അവരോടു പറയുകയാണ്, അവര്‍ ശിശുക്കളെപ്പോലെ, അതായത് അറിവും, കഴിവും ഇല്ലാത്തതും ആശ്രയ മനോഭാവം ഉള്ളതും ആയവര്‍  ആയിത്തീരണം. രക്ഷക്ക് മുമ്പ് ഓരോ വ്യക്തിയും തങ്ങളുടെ പാപം നിറഞ്ഞ നിസ്സഹായത എന്ന യാഥാര്‍ത്യബോധത്തില്‍ എത്തിച്ചേരണം എന്ന സത്യത്തെയാണ്‌ കര്‍ത്താവ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു യഥാര്‍ത്ഥ ദൈവപൈതല്‍ രക്ഷിക്കപ്പെടുന്നതിനു മുമ്പ് ഇങ്ങനെ ഒരു അനുഭവത്തില്‍ എത്തിചേര്‍ന്നിരിക്കും.

എത്ര വലിയ രാജാവോ, പ്രബലനോ, പ്രഭുവോ ആണെങ്കിലും മനുഷ്യന്‍ ദൈവമുമ്പാകെ “പാപം ചെയ്യുന്ന ദേഹിയാണ്”. ഇടുക്കുവാതിലിലൂടെ കടക്കുന്ന ഏവനെയും രക്ഷിതാവായ ദൈവം രൂപാന്തരപ്പെടുത്തി എടുക്കും. ഒന്നുമില്ലാത്തവനെപ്പോലെ, (തനിക്കു പുകഴുവാന്‍ ഒന്നുമില്ലാത്തവനായി) ദൈവകരുണയില്‍ മാത്രം ആശ്രയിക്കുന്ന ഒരു വ്യക്തിയാക്കി സര്‍വ്വശക്തനായ ദൈവം അവനെ തീര്‍ക്കും. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ജീവിതത്തില്‍ അങ്ങനെ ഒരു അവസ്ഥ രക്ഷക്ക് മുമ്പ് സംജാതമായിട്ടുണ്ടോ? തങ്ങളുടെ നഷ്ടപ്പെട്ട അവസ്ഥയും, ന്യായവിധിക്കു മാത്രമുള്ള അര്‍ഹതയെയും കുറിച്ച് ചിന്തിച്ചു വായടഞ്ഞു പോകുന്ന അവസ്ഥ…….

മദ്യപാനം, പുകവലി, തുടങ്ങിയ ചില പാപ സ്വഭാവത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ചു എന്നത് മാത്രമാണ്, രക്ഷയുടെ അനുഭവത്തെക്കുറിച്ചു ചോദിച്ചാല്‍ ചിലര്‍ക്ക് പറയുവാനുള്ളത്. ചിലരോട് ചോദിച്ചാല്‍ സ്നാനപ്പെട്ടു എന്നും സഭയില്‍ പോയി തുടങ്ങി എന്നും, മറ്റു ചിലര്‍ അസുഖം മാറി എന്നൊക്കെയായിരിക്കും പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥമായ രക്ഷ അനുഭവിച്ചവര്‍ക്കു, മാധുര്യമേറിയ ആ സംഭവത്തിനു മുമ്പ് അവരുടെ ആന്തരിക മലിനത തിരിച്ചറിഞ്ഞതിനെക്കുറിച്ചും, വിശുദ്ധനായ ദൈവത്തോട് തങ്ങള്‍ക്കുണ്ടായിരുന്ന മറുതലിപ്പിനെക്കുറിച്ചുമൊക്കെ പറയാനുണ്ടാകും. തിരിച്ചറിവിനാല്‍ ഉളവാകുന്ന അപരാധബോധം (പാപബോധം) കൊണ്ടുണ്ടാകുന്ന സമ്പൂര്‍ണ്ണമായ ‘ഒരു തകര്‍ച്ച’യില്ലാതെ, വഞ്ചന നിറഞ്ഞ മനുഷ്യ ഹൃദയത്തിനു ഒരിക്കലും ദൈവസന്നിധിയില്‍ പൂര്‍ണ്ണമായും കീഴ്പ്പെടാനാകില്ല.  “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു”. (സങ്കീ 34:18). എന്‍റെ കൈയ്യില്‍ ഒന്നുമില്ല,. . എനിക്ക് പുകഴുവാന്‍ ഒന്നുമില്ല …എന്‍റെ രക്ഷക്ക് ക്രൂശില്‍ മരിച്ച രക്ഷകന്‍റെ കൃപ മാത്രം.. എന്ന ബോധ്യത്തോടെ ദൈവമുന്‍പാകെ വരണം.

രക്ഷിക്കപ്പെടുന്നതിനോടൊപ്പം തന്നെയുണ്ടാകുന്ന പശ്ചാത്താപം

ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ” (അപ്പൊ 3:19). 

ഒരു പാപി തന്‍റെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിഞ്ഞാല്‍ പശ്ചാത്താപം അധികം ദൂരമില്ലാതെ അവനില്‍ കാണാം.  എങ്കിലും ചിലരെങ്കിലും ഇവിടെ വച്ച് കൈവിടപ്പെടാറുണ്ട്. ചിലര്‍ പറയാറുണ്ട്‌ എന്നും കിടക്കുന്നതിനു മുമ്പ് പാപം ഏറ്റുപറഞ്ഞാല്‍ മതി സ്വര്‍ഗത്തില്‍ പോകാം. മറ്റു ചിലര്‍ പറയുന്നത് സ്വര്‍ഗത്തില്‍ പോകുന്നതിനായി ഞങ്ങള്‍ ചില ദുശ്ശീലങ്ങളെ ഉപേക്ഷിച്ചു നല്ല മനുഷ്യരായി എന്നാണു. കഴിഞ്ഞ കാലത്തെക്കുറിച്ചും ചെയ്തികളെക്കുറിച്ചും വളരെ ദു:ഖമുണ്ട് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ബൈബിളിലെ “രക്ഷക്കായുള്ള മാനസാന്തരം” എന്താണ്?. ക്രിസ്തുവിലായി തീരുന്ന വ്യക്തി (പുതുമനുഷ്യന്‍) തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മനോവേദന ഉള്ളവനായിരിക്കും, എന്നാല്‍ ഒരു വ്യക്തി ക്രിസ്തുവിലാകാതെ, അതായത് അവന്‍റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കാതെ, ദൈവത്തോട് കാണിച്ച അവഗണനക്കോ, അതിക്രമത്തിനോ സ്വയമേവ ദു:ഖിച്ചിട്ടു യാതൊരു കാര്യവുമില്ല. തന്‍റെ ജീവിതശൈലിയെ ഓര്‍ത്തോ, താന്‍ മുഖാന്തരം തന്‍റെ കുടുംബത്തിനു നഷ്ടമായിപോയ നന്മകളെ പറ്റിയുള്ള ചിന്തകള്‍ നിമിത്തമൊക്കെ സ്വാഭാവികമായ ദു:ഖം തനിക്കുണ്ടായേക്കാം. എന്നാല്‍ അതിനെക്കാളുപരി, പാപബോധം വരുന്ന ഒരു വ്യക്തിയെ കഠിനമായി മഥിക്കുന്നത് പശ്ചാത്താപത്തോടൊപ്പം തന്‍റെ  അകതാരിലെ പാപം നിറഞ്ഞ അവസ്ഥയും, നിത്യ നരകത്തിന്നായുള്ള  തന്‍റെ അര്‍ഹതയും അതുമൂലമുള്ള  മനോവേദനയും ആയിരിക്കും. ദൈവം ഒരു പാപിയുടെ മനസ്സാക്ഷിക്കു അവന്‍റെ അവസ്ഥ വെളിപ്പെടുത്തി കൊടുക്കുമ്പോള്‍, താന്‍ ദൈവമുന്‍പാകെ ഒരു  പാപിയാണെന്ന് തന്‍റെ സ്വന്തം മനസാക്ഷിനിമിത്തം തനിക്ക് സമ്മതിക്കെണ്ടതായിവരുന്നു. തല്‍ഫലമായി, അവന്റെ ഹൃദയം പാപത്തെ വിട്ടുതിരിയുവാനുള്ള ഒരു വിശുദ്ധ ആഗ്രഹം കൊണ്ട് നിറയുകയും ചെയ്യും. സ്വയത്തോടും, പാപത്തോടും ദൈവത്തോടും ഇതുവരെയില്ലാത്ത ഒരു മനോഭാവം അവനുണ്ടായിരിക്കും.

ധൂര്‍ത്തപുത്രന്റെ ചിത്രം അതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ഒരു രൂപം നമ്മുക്ക് നല്‍കും. അവന്‍റെ സ്വയ താല്‍പര്യങ്ങള്‍ മാറി… അവന്‍റെ പാപത്തെക്കുറിച്ചു അവന്നു ബോധ്യമുണ്ടായി,…. മകന്‍ എന്ന പേരിനു തനിക്ക് യോഗ്യതയില്ല എന്ന് സമ്മതിക്കുന്നു,… ഒരു വൈമനസ്യവും കൂടാതെ സ്വന്ത വീട്ടിലേക്കു അവന്‍ മടങ്ങുന്നു,…. പിതാവിന്‍റെ കരുണ ഞാന്‍ അര്‍ഹിക്കുന്നില്ല എന്ന തിരിച്ചറിവ് അവനുണ്ടാകുന്നു….. ദൈവ വചനപ്രകാരമുള്ള മാനസാന്തരത്തിന്‍റെ സ്വഭാവം ഇവയൊക്കെയാണ്. പ്രിയ സ്നേഹിതാ, താങ്കളുടെ രക്ഷ എങ്ങനെയുള്ളതായിരുന്നു? ശരിയായ മാനസാന്തര അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നോ? യോഹന്നാന്‍ 3:16 പറയുന്നു, “നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു” എന്ന്.  ലൂകോസ് 13:3  “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും”. ശരിയായ മാനസാന്തരം (ദൈവത്തിങ്കലേക്കുള്ള മാനസാന്തരം)  അല്ലെങ്കില്‍ നശിച്ചു പോകുക. ഇതിലേതെങ്കിലും ഒരു വഴി മാത്രമേ മുന്നിലുള്ളൂ.  എത്ര മാത്രം ജാഗ്രത ഈ വിഷയത്തില്‍ നാം  പുലര്‍ത്തണം എന്ന് ഒന്നിരുത്തി ചിന്തിക്കുക ….

രക്ഷിക്കപ്പെട്ടശേഷമുള്ള ഫലങ്ങള്‍ എന്ത് ?

നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു..” (1 തെസ്സ  1:9)

‘രക്ഷിക്കപ്പെട്ടവര്‍’ എന്നതിനു തെസ്സലോനിക്ക്യരുടെ ജീവിതത്തില്‍ എന്ത് തെളിവാണ് ഉണ്ടായിരുന്നത്?. അവര്‍ വിഗ്രഹങ്ങളെ വിട്ടു തിരിയുന്നതിനും, ദൈവത്തിന്റെ യഥാര്‍ത്ഥ സേവകര്‍ ആയിത്തീരുന്നതിനും അപ്പൊ. പൌലോസ് സാക്ഷിയായി. ഒന്നാം നൂറ്റാണ്ടില്‍ നടന്ന മാനസാന്തരവും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നടക്കുന്ന മാനസാന്തരവും തമ്മില്‍ വ്യത്യാസം വല്ലതുമുണ്ടോ? ഒരു വ്യത്യാസവുമില്ല!!!! രക്ഷിക്കപ്പെടലിന്‍റെ ഫലം ഉടന്‍ തന്നെ അവരുടെ ജീവിതത്തില്‍ പ്രകടമാകും. ഒരുവന്‍ രക്ഷിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ മറുതലിക്കുന്ന ഒരു പാപി കര്‍ത്താവിനെ അനുസരിക്കുന്ന ഒരു ഭക്തനായി മാറുകയാണ് ചെയ്യുന്നത്. വ്യാജമായി, ഒരു ലോകമനുഷ്യനായി  രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തുടരാനാകയില്ല. ചിലര്‍ പറയാറുണ്ട്‌, ഞങ്ങള്‍ സര്‍വ്വസ്വതന്ത്രരാണ്. എന്നാല്‍ കര്‍ത്താവ്‌ പറയുന്നു,  “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാന്‍  8:34). വേറെ വാക്കില്‍ പറഞ്ഞാല്‍ രക്ഷിക്കപ്പെട്ടയാള്‍ ജീവനുള്ള സത്യദൈവത്തെ സേവിക്കുന്ന  (1 തെസ്സ 1:9) ഒരു വ്യക്തിയായി മാറും. എന്നാലും ചിലര്‍ ചിന്തിക്കുന്നത് ‘രണ്ടു യജമാനന്മാരെ’ സേവിക്കാനാകും, ചില്ലറ പാപങ്ങളൊക്കെയുള്ള ജീവിതം നയിക്കുന്ന ഞങ്ങളും രക്ഷിക്കപ്പെട്ടവരാണ് എന്നൊക്കെ. ബൈബിള്‍ വളരെ വ്യക്തമായി, ശക്തമായി  പറയുന്നു,  “Whosoever has been born of God does not practice sin” ( ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ (പാപത്തില്‍ തുടരുവാന്‍) കഴികയുമില്ല.( (1 John 3:9). ഒരു വ്യക്തി രക്ഷക്കപ്പെടുമ്പോള്‍ സംഭവിക്കുമ്പോള്‍ നിലനില്ക്കുന്ന ഫലങ്ങളും അവരില്‍ നിന്ന് ഉണ്ടാകും. ശരിയായ രക്ഷാനുഭവമുള്ള ഒരു വ്യക്തിയെ ബൈബിള്‍ വായിക്കാനോ പ്രാര്‍ഥിക്കാനോ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല, അവന് ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ദൈവമക്കലുംയുള്ള ബന്ധത്തിലും ആനന്ദം കണ്ടെത്തും. രക്ഷ എന്നത് ആത്മാവില്‍ നടക്കുന്ന രൂപാന്തരമാണ്. അവരിലെ ദൈവസ്വഭാവം അത് പ്രകടമാകും.

രക്ഷിക്കപ്പെട്ടവന്‍ ദൈവകൃപയാല്‍ രക്ഷിക്കപ്പെട്ടവനാകയാല്‍ കൃപയില്‍ ആശ്രയിച്ചു തന്നെ ജീവിക്കുകയും, പ്രവര്‍ത്തിക്കുകയും വേണം. അതിനാല്‍ രക്ഷയില്‍ വളര്‍ച്ച ഉണ്ടാകും. അതിനാല്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിക്കണം, ആത്മീയ ആഹാരം കഴിക്കണം, കട്ടിയുള്ളആഹാരം കഴിക്കുകയും, കര്‍ത്താവിനായി അധ്വാനിക്കുകയും, അവന്റെ നാമ മഹത്വത്തിനായി പൊരുതുകയും ഒക്കെ ചെയ്യണം. ഇതെല്ലാം ജീവിതവും പ്രവര്‍ത്തിയും ആണ്. ഇവയെല്ലാം രക്ഷിക്കപ്പെട്ടത്തിനു ശേഷം ചെയ്യണ്ടതാണ്. ഇവ ചെയ്തല്ല രക്ഷക്കപ്പെടുന്നത്.                 

salva

പ്രിയ സ്നേഹിതാ, വിശ്വാസി എന്നോ വേര്‍പെട്ടവന്‍ എന്നോ അറിയപ്പെടുന്ന മറ്റു പലരെക്കാള്‍ അധികമായി, താങ്കള്‍ ജീവിത മൂല്യങ്ങള്‍ കാത്തുസുക്ഷിക്കുന്ന / മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന ഒരു നല്ല വ്യക്തിയായിരിക്കാം. യഥാര്‍ഥ രക്ഷയുടെ സന്തോഷവും, വളര്‍ച്ചയും താങ്കള്‍ക്ക് ഉണ്ടായിട്ടുണ്ടോ?   ചില വൈകാരീക അനുഭവങ്ങളുടെയും, സാഹചര്യങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ ‘രക്ഷിക്കപ്പെട്ടു’ എന്ന മിഥ്യാധാരണയില്‍ ഇത്ര വലിയ രക്ഷ താങ്കള്‍ക്ക് നഷ്ടമാകരുത്, അങ്ങനെ ഒരു പ്രശ്നത്തിലാണെങ്കില്‍ ഇനി വൈകരുത്, ഭയപ്പെടാതെ ഉറങ്ങരുത്, ഉണര്‍ന്നെഴുന്നെല്‍ക്കുക… രക്ഷ കരഗതമാക്കുക…. .മറിച്ചൊരു  ദുരന്തം നമ്മുക്കോ നമ്മുടെ ഉറ്റവര്‍ക്കോ സഭാംഗങ്ങള്‍ക്കോ സംഭവിക്കാതിരിക്കട്ടെ !!!!!!!

www.sabhasathyam.com

Filed in: Featured, പൊതുവായവ

You might like:

അധ്യായം 6 – എന്‍റെ സഭ – ഈ പാറമേല്‍ അധ്യായം 6 – എന്‍റെ സഭ – ഈ പാറമേല്‍
അധ്യായം 5 – സഭയും സഭകളും അധ്യായം 5 – സഭയും സഭകളും
അധ്യായം 4 – സഭ ഒരു പുതിയ നിയമ മര്‍മ്മം അധ്യായം 4 – സഭ ഒരു പുതിയ നിയമ മര്‍മ്മം
അധ്യായം 3 –  സഭയും പഴയനിയമവും അധ്യായം 3 – സഭയും പഴയനിയമവും
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.