ക്രിസ്തുവിൽ നിന്ന് വേറിട്ട ക്രിസ്ത്യാനിത്വം!!

Away1

ക്രിസ്തുവില്‍ നിന്ന് തന്നെയല്ലേ ക്രിസ്ത്യാനിത്വം ഉത്ഭവിച്ചത്‌ !! പിന്നെ എങ്ങനെയാണ്‌ ക്രിസ്തുവില്നിന്നു വേറിട്ട ക്രിസ്ത്യാനിത്വം എന്ന് പറയാൻ സാധിക്കുന്നത്? അന്ത്യൊക്ക്യയിൽ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യന്മാരെ  ”ക്രിസ്ത്യാനികൾ” എന്ന് ലോകം വിളിച്ചത് (അപ്പോ.പ്രവർത്തി: 11:26). കാരണം അവരുടെ ജീവിത രീതിയും, ക്രമവും എല്ലാം ക്രിസ്തുവിനോട് സാമ്യം ഉള്ളതായിരുന്നു എന്ന് മാത്രമല്ല അവരുടെ ജീവിതത്തിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്നത് ക്രിസ്തു മാത്രമായിരുന്നു. ദൈവ സ്നേഹം അവർ അന്നുള്ള ജനങ്ങളോടു പ്രസ്താവിക്കുകയും അതുമുഖാന്തരം അനേകർ യേശുക്രിസ്തുവിൽ  വാസ്തവമായി വിശ്വസിച്ചു രക്ഷപ്രാപിച്ചു അവിടുത്തെ പ്രാദേശീക സഭയോടു  ചേർന്ന് ദൈവത്തെ മഹത്വപ്പെടുത്തി. അതു തികച്ചും ദൈവാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ഫലമാണ്.

 

ദൈവ വചനത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് അവര്‍ വേര്‍പെട്ട ഒരു കൂട്ടമായിത്തീര്‍ന്നത്‌. എന്നാൽ ഇന്ന് കാണുന്ന ഭൂരിഭാഗം ക്രിസ്ത്യാനികള്‍ എന്നഭിമാനിക്കുന്നവരെ നോക്കികൊണ്ട്‌ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ സാധിക്കുമോ?   അവർ അനുകരിക്കുന്നത് ക്രിസ്തുവിനെയാണോ?  ഒരിക്കലുമല്ല !!  അവർ അംഗീകരിച്ചു അനുസരിക്കുന്നത് ദൈവീക ഉപദേശ സത്യങ്ങളെ യാണോ?? അതോ, തങ്ങളുടെ സ്വന്തം മനസാക്ഷിയിൽ ചൂടുപിടിച്ചു എന്തെങ്കിലുമൊക്കെ കാട്ടികൂട്ടി തങ്ങളുടെ മനസിന്‌ തൃപ്തി വരുത്തുവാൻ  ശ്രമിക്കുന്നതാണോ? എന്തെല്ലാം കോലാഹലങ്ങളാണ് ക്രിസ്ത്യാനികൾ എന്ന് പേരെടുത്തവർ കാട്ടികൂട്ടുന്നത്. ദൈവ വചനത്തിലെങ്ങും  ഒരടിസ്ഥാനവുമില്ലാത്ത സംഗതികളെ വാനോളം ഉയർത്തി കൊണ്ടാടുകയാണ് ഇക്കൂട്ടർ. ഒരു കാര്യം നാം എല്ലാവരും സമ്മതിക്കേണ്ടി വരും, എന്തെന്നാൽ ദൈവവചനത്തെ കോട്ടിക്കളഞ്ഞു കൊണ്ട്, ആദിമ ക്രിസ്തീയ സഭയുടെ മാതൃകകളെ തുച്ചീകരിച്ചുകൊണ്ട്, ദൈവവചനത്തിൽ പറഞ്ഞിട്ടുള്ള സത്യങ്ങളെ കാറ്റിൽ പറത്തികൊണ്ട്, നാളുകൾ ചെല്ലുംതോറും അപര ക്രിസ്ത്യാനികളും ക്രിസ്തീയസംഘടനകളും കൂടികൂടി വരികയാണ്‌. എന്നാൽ ഈ കൂടിവരുന്ന മിക്ക സ്ഥലത്തും ക്രിസ്തുവിനെയോ, ദൈവവചനത്തേയോ നമുക്ക് കാണാൻ സാധിക്കുന്നില്ല എന്നതില്‍ വലിയ  ആശ്ച്ചര്യം തോന്നേണ്ടതില്ല. ബൈബിളില്‍ നിന്നും ചില സാരോപദേശങ്ങള്‍ ഒക്കെ പ്രസംഗിക്കുന്നുണ്ടാകും,  പക്ഷെ  ഒരു കഴമ്പും കാണുകയില്ല എന്ന് മാത്രം.

 

ഇന്ന്, മനുഷ്യനെ തെറ്റിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഒരായുധമാണ്‌ ദൈവവചനം. ഉല്പത്തിപുസ്തകത്തില്‍ മുതൽ നമുക്ക് കാണാന്‍ സാധിക്കുന്നതാണ് സാത്താന്‍റെ വചന പ്രഘോഷണം. ആരും വീണു പോകും… ചില പ്രസംഗികരുടെ പ്രസംഗം കേള്‍ക്കാന്‍ എന്താ രസം?  വികാര അനുഭവങ്ങളുടെ ആധിക്യം.. എന്നാൽ ‘ജുടുക്ക്’ അതിന്റെ ഉള്ളില്‍ തന്നെയുണ്ട് പ്രിയരേ. വചനം പഠിക്കുകയോ അത് ദൈവാത്മാവിനാൽ അറിയാൻ ശ്രമിക്കാതെയും ഇരിക്കുന്ന ഒരാളെ തെറ്റിക്കാൻ   സാത്താന് വളരെ എളുപ്പമാണ്. ‘മുറി വൈദ്യന്‍  ആളെ കൊല്ലും’ എന്ന് കേട്ടിട്ടുണ്ടോ!  അതുപോലെ തന്നെയാണ് ഇന്ന് സംഭവിക്കുന്നത്‌. ദൈവവചനം യഥാര്‍ത്ഥമായി പഠിക്കാന്‍ ശ്രമിക്കാതെ, എവിടെയെങ്കിലും അല്ഭുതരോഗശാന്തിയുണ്ട്, പ്രാർത്ഥനയുണ്ട് , ധ്യാനമുണ്ട്  എന്ന് കേട്ടാൽ  അങ്ങോട്ട്‌ ഓടിചെല്ലും. ഒട്ടും വൈകാതെ വൈകാരികതയുടെ അനന്തതലത്തിലേക്ക് നാം മാറ്റപ്പെടുകയും ചെയ്യും. പിന്നെ ദൈവ വചനം എത്ര  പറഞ്ഞാലും അത് വേണ്ട, “അവിടെയുള്ളത് പോലെ നിങ്ങള്ക്കും  ഉണ്ടോ?  ’രോഗാശാന്തി’  ഉണ്ടോ?,  പ്രവചനം ഉണ്ടോ? ” എന്നുള്ള ചോദ്യങ്ങളാണ് ഇത്തരക്കാരില്‍ നിന്നും വരുന്നത്. ഇവര്ക്കൊന്നും ദൈവത്തെ വേണ്ട, ദൈവത്തിന്‍റെ അനുഗ്രഹം മാത്രം മതി. ക്രിസ്തുവില്ൽ നിന്ന് വേറിട്ട ക്രിസ്ത്യാനിത്വത്തിന്റെ ഇന്നത്തെ മുഖം ഇതുതന്നെയാണ്. ഇവിടെയെല്ലാം സാത്താൻ തന്‍റെ സ്വന്ത  ഇഷ്ട്ടപ്രകാരം വ്യക്തികളിലൂടെ തിരുവചനത്തെ വളച്ചൊടിച്ചു ഉപയൊഗിക്കുന്നു.

 

ക്രിസ്തുവില്‍നിന്നു വേറിട്ട  ‘സഭകളും’, സംഘടനകളും നാൾക്കുനാൾ എണ്ണത്തിൽ  പെരുകിക്കൊണ്ടിരിക്കയാണ്. എന്താണ് ഇതിന്‍റെ കാരണം?  ദൈവവചനം പറയുന്നു, ‘നാശത്തിലേക്കുള്ള വാതില്‍ വിശാലമാകുന്നു. അനേകർ അതിലൂടെ കടക്കും. “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു”( മത്തായി 7:13 ).

 

അനേകർ  അതിലൂടെ കടന്നു യഥാര്‍ത്ഥമായത് നഷ്ടപെടുത്തുകയും ചെയ്യുന്നു. ഇവർ  അനുഗമിക്കുന്ന വ്യക്തികള്‍  യഥാര്‍ത്ഥത്തില്‍ ദൈവവചന സത്യങ്ങൾ തന്നെയാണോ പറയുന്നതും, പഠിപ്പിക്കുന്നതും എന്ന് ചിന്തിക്കേണ്ടതാണ്. തികച്ചും വചനവിരുദ്ധങ്ങളായ ജല്‍പ്പനങ്ങളും, മാനുഷീക വികാരത്തെ ഉണര്‍ത്തി അത് ‘ആത്മനിറവുകളാണ്’ എന്നുള്ള വൃഥാ പ്രഖ്യാപനങ്ങളും  മാത്രമാണ്. ഇങ്ങനെയുള്ളവരെ ദൈവവചനം വിളിക്കുന്നത്‌  ’കുരുടന്മാരായ വഴികാട്ടികൾ’ എന്നാണ്. ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് ഇവര്‍ അറിയുന്നില്ല,  ഇവര്‍ക്കുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന തീപൊയ്കയത്രേ. നിത്യമായ  ശിക്ഷാവിധി അവരെ കാത്തിരിക്കുന്നു. ഇവര്‍ക്കു മാത്രമല്ല,  ദൈവവചനം വിട്ടു ഇവരെ പിൻപറ്റിയ എല്ലാവര്ക്കും തന്നെ.

 

Awayഇക്കൂട്ടര്‍   അത്ഭുതങ്ങൾ  ചെയ്യുന്നതും, രോഗസൗഖ്യം നല്‍കുന്നതും,  പ്രവചിക്കുന്നതും,  ദർശനങ്ങൾ  കാണുന്നതും, എല്ലാം യേശുവിന്റെ നാമത്തില്‍തന്നെ എന്ന് അവർ പറയുന്നതായിട്ടു നമുക്ക് കാണാൻ സാധിക്കും. എന്നാൽ അങ്ങിനെയുള്ളവരെക്കുറിച്ച് ദൈവവചനം പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ, “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.” (മത്തായി 7 : 22,23).  ”കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.” (മത്തായി 7 :15)

 

ഇതിൽ നിന്ന് മനസിലാക്കാൻ പറ്റുന്ന ഒരു വലിയ സത്യം, ഈ കാലഘട്ടത്തില്‍  യേശുവിന്റെ നാമത്തിലും ഈ പറഞ്ഞ തട്ടിപ്പ് പരിപാടികളെല്ലാം നടക്കും എന്ന് തന്നെയാണ്. വഞ്ചിക്കപ്പെടരുത് സുഹൃത്തേ…  സാത്താൻ താനും വെളിച്ചദൂതന്റെ  വേഷം ധരിച്ചു അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കും . ഒരിക്കലും ഈ വസ്തുത മറന്നു പോകാൻ  ഇടയാകരുത്.

 

“സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു” ( ഗലാത്യര്‍ 5:1)

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.