ഒരു പ്രാദേശീക സഭയിലെ മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും വിരമിക്കേണ്ടതുണ്ടോ?

പഴയനിയമകാലത്ത്, ലേവ്യപൌരോഹിത്യത്തില്‍, സമാഗമനകൂടാരത്തിലെ ശുശ്രുഷകള്‍ക്ക് വളരെയധികം ശാരീരിക അധ്വാനം ആവശ്യമായിരുന്നു. അതുകൊണ്ട്, സമാഗമനകൂടാരത്തില്‍ വേല ചെയ്യുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായപരിധി പറഞ്ഞിരുന്നു. “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ  പ്രവേശിക്കേണം.  അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;  എങ്കിലും സമാഗമനകൂടാരത്തിലെ കാര്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം”. (സംഖ്യ. 8:23-26). സമാഗമന കൂടാരത്തിലെ വേല ചെയ്യുന്ന പ്രായം ഇരുപത്തിയഞ്ചു വയസ്സുമുതല്‍ അമ്പതുവയസ്സുവരെ ആയിരിക്കണമെന്ന് ദൈവം നിഷ്കര്‍ഷിച്ചിരുന്നു. ഇങ്ങനെയുള്ള വേദ ഭാഗങ്ങളില്‍ നിന്നും ശുശ്രൂഷകള്‍ ചെയ്യുവാനുള്ള പക്വതയും, ശാരീരീക ആരോഗ്യവും അവിശ്യമായിരുന്നു എന്ന് മനസിലാക്കാം.

പുതിയനിയമ സഭാകാലയളവിലേക്കു വരുമ്പോള്‍ ഇങ്ങനെയുള്ള പ്രായത്തിന്‍റെ അളവുകോലൊന്നും മുഖവിലയ്ക്ക് വരുന്നില്ല. പുതിയനിയമ സഭയില്‍ ശാരീരികമായ അദ്ധ്വാനമല്ലല്ലോ, മറിച്ച് ആത്മീയമായ വേലയാണല്ലോ കൂടുതലായി വിളങ്ങേണ്ടത്. എങ്കില്‍തന്നേയും പ്രായമേറുന്തോറും പ്രവര്‍ത്തിക്കുന്നതിന്നുള്ള പരിമിതിയും ഏറിവരും എന്നത് മാനുഷികസഹജമാണ്. പ്രായമേറിയ  ഒരു സഭാമൂപ്പനെ സംബന്ധിച്ചിടത്തോളം, പ്രായാധിക്യത്തിന്റെതായ വൈഷമ്യതകള്‍ നിമിത്തം, സഭയിലെ ശുശ്രുഷകളോടുള്ള ബന്ധത്തിലുള്ള ഉത്തരവാദിത്വങ്ങളുടെ തികഞ്ഞ നിറവേറ്റല്‍ ഒരുപക്ഷേ അപ്രാപ്യമായി വന്നേക്കാം. മാത്രമല്ല, സഭയിലെ ഊര്‍ജ്ജ്വസ്വലരായ മറ്റു സഹോദരങ്ങളെപ്പോലെ കാര്യങ്ങളെ ക്രമീകരിക്കുവാന്‍ കഴിയാതെയും വരാം. പക്ഷേ, പലപ്പോഴും  നാം കണ്ടുവരുന്ന പ്രവണതയെന്നത്, ബലഹീനതകള്‍ സഹിച്ചുകൊണ്ടാണെങ്കില്‍ക്കൂടിയും തങ്ങളുടെ പദവിയില്‍ നിന്നും താഴെയിറങ്ങാന്‍ ഇത്തരം വളരെ പ്രായം ചെന്ന മൂപ്പന്മാരായ പ്രിയപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്നുള്ളതാണ്. തങ്ങള്‍ ചെയ്യുന്നതുപോലെ സഭാപരിപാലനം നടത്തുവാന്‍ പ്രാപ്തരായ, മതിയായ സഹോദരന്മാര്‍ തങ്ങളുടെ കൂട്ടത്തില്‍ ഇല്ലായെന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി. തങ്ങള്‍ സ്ഥാനമൊഴിഞ്ഞാല്‍ സഭയുടെ ശക്തി അപ്പാടെ നഷ്ടപ്പെട്ടുപോകും, സഭയുടെ സ്ഥിതി ആകെ ദയനീയമായിത്തീരും എന്നതാണ് ഈ പ്രിയപ്പെട്ടവരുടെ മറ്റൊരു ധാരണ. ആയതിനാല്‍, പ്രശംസിക്കപ്പെടുന്നതിനു പകരം, മറ്റുള്ളവരില്‍നിന്നും അനുകൂലമല്ലാത്ത പരാമര്‍ശങ്ങള്‍ ശ്രവിക്കുന്നതുവരേയും ഇത്തരം സഹോദരന്മാര്‍ ‘മൂപ്പന്‍’ എന്ന പദവിയില്‍ തുടരാന്‍ ശ്രമിക്കുന്നതാണ് കാണുവാന്‍ കഴിയുന്നത്‌.

ഭൌതീകജോലിയുള്ള പ്രിയപ്പെട്ടവരും സ്ഥലംസഭയില്‍ ‘മൂപ്പന്‍’ പദവി വഹിക്കുന്നവരായിട്ടുണ്ടാകാം. തങ്ങളുടെ ഭൌതികമായ ജോലിയോടൊപ്പം തന്നെ സ്ഥലംസഭയില്‍ സഭാപരിപാലനം നടത്തി ക്രിസ്തീയജീവിതം നയിക്കുന്ന പ്രിയപ്പെട്ടവര്‍ ധാരാളമുണ്ട്. (ഭൌതീകജോലിയുടെ തിരക്ക് മൂലം വേണ്ടവിധം വചനത്തില്‍ അധ്വാനിക്കുവാന്‍ സാധിക്കാത്തവര്‍ മൂപ്പന്‍ ശുശ്രൂഷ ഏറ്റെടുക്കുകയോ, തുടരുകയോ ചെയ്യുന്നത് സഭക്ക് നന്മയുണ്ടാകുകയില്ല)      ഭൌതീകജോലിയില്‍നിന്നും വിരമിച്ചതിന്നുശേഷവും തങ്ങളായിരിക്കുന്ന സ്ഥലംസഭയില്‍ ‘വേലയുടെ’ മുഖത്ത് തുടരുവാന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നത് തികച്ചും പ്രശംസാര്‍ഹമാണ്. എന്നാല്‍ പ്രായത്തിന്റെതും മറ്റുമായ ആരോഗ്യകരമായ പ്രശ്നങ്ങളാല്‍ വലയുന്നതുനിമിത്തം സ്ഥലംസഭയിലെ തുടര്‍മാനമായ തങ്ങളുടെ സാന്നിധ്യം ക്രമേണ കുറഞ്ഞുവരുന്നു എന്നുള്ളത് ചിന്തിക്കേണ്ടതാണ്. മുന്‍കാലങ്ങളില്‍ നിവര്‍ത്തിച്ചുവന്നതുപോലെ സഭയുടെ കാര്യങ്ങള്‍ നന്നായി നോക്കാനും ശുശ്രുഷകളില്‍ സജീവ പങ്കാളിത്തം വഹിക്കാനും, സഭയ്ക്ക് തങ്ങളില്‍നിന്നും ആത്മീയ ശുശ്രുഷകളുടെ നന്മകള്‍ ലഭിക്കാതെ വരാനും കൂടികൂടി വരുന്ന, തുടര്‍മാനമായ അസാന്നിദ്ധ്യം മുഖാന്തരമായിത്തീരുന്നു.

എന്നാല്‍, സ്ഥലംസഭയില്‍ ഇത്തരം ദു:സ്ഥിതി വന്നുഭവിക്കാതെ സൂക്ഷിക്കുവാന്‍ പരിജ്ഞാനമുള്ള ഇടയന്മാര്‍ക്ക് സാധിക്കും. മോശെയ്ക്കു ശേഷം യോശുവ നേതൃത്വം ഏറ്റതുപോലെ, ഏലിയാവില്‍നിന്നും എലീശായിലേക്ക് ശുശ്രുഷയുടെ ഉത്തരവാദിത്തം കൈമാറ്റം ചെയ്യപ്പെട്ടതുപോലെ, പൗലോസ്‌ തിമോഥെയോസിനെ അഭ്യസിപ്പിച്ചതുപോലെ അടുത്ത തലമുറയ്ക്ക് ഉത്തരവാദിത്വങ്ങള്‍ കൈമാറുവാന്‍ തയാറാകണം. ദര്‍ശനം ഉള്ള മൂപ്പന്മാര്‍, അവര്‍ക്ക് കാര്യങ്ങള്‍ പൂര്‍ണ തോതില്‍ നിര്‍വഹിക്കുവാന്‍ പ്രാപ്തിയുള്ള കാലങ്ങളില്‍ തന്നെ, കൃപാവരമുള്ള യുവസഹോദരന്‍മാരെ കണ്ടെത്തി വേണ്ടതായ പ്രോത്സാഹനം നല്‍കിയും ആത്മീയവിഷയങ്ങളില്‍ അവരെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്‌. പ്രായമായ, അവശത അനുഭവിക്കുന്ന, മൂപ്പന്മാര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍നിന്നും ഒഴിഞ്ഞ് പകരം കഴിവും കൃപയുമുള്ള സഹോദരന്മാരുടെ കരങ്ങളിലേക്ക് സഭയെ മേയ്ക്കുന്നതിന്നായി ഏല്‍പ്പിച്ചുകൊടുക്കുന്നത്, സഭാവിശ്വാസികള്‍ക്ക് ലഭിക്കേണ്ട പരിപാലനം ഇല്ലാതെയാക്കുന്ന ഒരു പ്രവൃത്തിയാണ് എന്ന് ചിന്തിക്കേണ്ട യാതൊരു കാരണവുമില്ല. സ്ഥാനമൊഴിയുന്ന, പ്രായവും പക്വതയും നിറഞ്ഞ പ്രിയപ്പെട്ടവര്‍, തക്കതായ സമയത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും സഭാശുശ്രുഷകന്മാര്‍ക്ക്, പ്രത്യേകിച്ച് ഇടയന്മാര്‍ക്ക്, നല്കിക്കൊടുക്കുവാന്‍ കഴിയുന്ന രീതിയില്‍ അവര്‍ സ്ഥലംസഭയോടുള്ള ബന്ധത്തില്‍ തുടരുന്നത് ഏറ്റവും അഭിലക്ഷണീയമായ ഒരു കാര്യം തന്നെയാണ്. ചുരുക്കത്തില്‍ സഭാ പരിപാലനത്തിന്റെ ചുമതലകള്‍  നിറവേറ്റുവാന്‍ ആരോഗ്യം ഉള്ളപ്പോള്‍ തന്നെ അടുത്ത തലമുറയെ പ്രപ്തിയുള്ളവരാക്കി വളര്‍ത്തിയെടുക്കണം.

ദൈവം തന്‍റെ സഭയില്‍, പ്രാദേശിക സഭകളില്‍, സഭാപരിപാലനം എന്ന വിഷയത്തോടുള്ള ബന്ധത്തില്‍ വളരെ വ്യക്തവും ക്രമീകൃതവുമായ രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സഭാജനമായിരിക്കുന്ന നാമോരോരുത്തരും അത് മനസ്സിലാക്കുകയും ദൈവദത്തമായ മാതൃകയ്ക്കും കല്പ്പനകള്‍ക്കും വിധേയപ്പെടെണ്ടത് ആവശ്യമാണ്‌. സ്ഥലംസഭയുടെ ഏതെങ്കിലും കാര്യത്തില്‍, തീരുമാനങ്ങളില്‍, പ്രവര്‍ത്തികളില്‍, ഒരു സഭാവിശ്വാസിക്ക് ഏതെങ്കിലും നിലയില്‍ യോജിക്കാന്‍ കഴിയാതെവരുകയാണെങ്കില്‍, അത്തരം വിഷയം സഭാനാഥനായ, ആടുകളുടെ വലിയ ഇടയനായ നമ്മുടെ  കര്‍ത്താവിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുക….സഹവിശ്വാസിയെ വിധിക്കാനും പഴിക്കാനും തുനിയരുത്…..കണക്കു ബോധിപ്പിക്കേണ്ടവര്‍ സഭാമൂപ്പന്മാരാണല്ലോ (എബ്രാ.13:17)……….. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.

Filed in: Featured, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.