സഹോദരിമാരുടെ തലമുടി എത്രമാത്രം നീളമുള്ളതായിരിക്കണം? അതുപോലെതന്നെ സഹോദരന്മാരുടെ തലമുടിയ്ക്ക് എത്രവരെ നീളമാകാം?

 കണക്കുകള്‍ക്കൊണ്ട് വളരെ കൃത്യതയാര്‍ന്ന ഉത്തരം ഈ ചോദ്യങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയില്ലായെന്നത് തികച്ചും പരമാര്‍ത്ഥമായ വസ്തുതയാണ്. കാരണം, ഓരോരുത്തരുടേയും തലമുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ചില സഹോദരിമാരുടെ തലമുടി എന്തു ചെയ്താലും നീളം വയ്ക്കുന്നതായിരിക്കില്ല. എന്നാല്‍ മറ്റു ചിലരുടേത് എളുപ്പം നീളം വയ്ക്കുന്നതായിരിക്കാം. തലമുടിയുടെ നീളം ഇത്ര സെന്റീമീറ്റര്‍, അല്ലെങ്കില്‍ ഇത്ര ഇഞ്ച് മാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്നതിന്ന് ആധികാരികമായ വചനമൊന്നും വിശുദ്ധവേദപുസ്തകത്തിലില്ല. എന്നിരുന്നാല്‍തന്നേയും, തിരുവചനഭാഗങ്ങളില്‍ക്കൂടി വ്യക്തമാക്കപ്പെടുന്ന ഒരു സത്യമാണ്, സഹോദരിമാരുടെ തലമുടി നീളമേറിയതായിരിക്കണമെന്നത്. അതായത്, നീളം കുറയ്ക്കുന്നതിന്നായിട്ടു മുടി കത്രിച്ചു കളയരുത്. മാത്രമല്ല, നീണ്ട മുടി എന്ന് പറഞ്ഞിരിക്കുന്നതുതന്നെ നീളം മുറിച്ചു കളഞ്ഞ മുടി എന്നതിന്‍റെ വിപരീതശബ്ദത്തെയാണ് ജനിപ്പിക്കുന്നത്. ആയതിനാല്‍, തലമുടിയുടെ നീളത്തോടുള്ള ബന്ധത്തില്‍ ആണും പെണ്ണും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കണമെന്ന് തന്നെയാണ് തിരുവചനം പഠിപ്പിക്കുന്നത്.

ഈ വിഷയം പരിഗണിക്കുമ്പോള്‍ നമുക്കുള്ള നടത്തിപ്പ് തീര്‍ച്ചയായും തിരുവചനത്തിലധിഷ്ടിത മായിക്കൊണ്ട് ആയിരിക്കണം. നമുക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ ഇഷ്ടങ്ങളോ സഹവിശ്വാസികളുടെതന്നെ തലമുടിയുടെ ഭംഗിയോ രൂപമോ ആകൃതിയോ ഒന്നുമായിരിക്കരുത് വ്യക്തിപരമായി നമ്മുടെ താല്പര്യങ്ങള്‍ക്ക് ആധാരമായിരിക്കേണ്ടത്‌. 1 കൊരി. 11:14, 15 – ല്‍ ഇങ്ങനെ വായിക്കുന്നു, ”പുരുഷന്‍ മുടി നീട്ടിയാല്‍ അത് അവന്ന് അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു അവള്‍ക്കു ഒരു മൂടുപടമായി നല്കിയിരിക്കകൊണ്ട് അവള്‍ക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?”. അതായത്, പുരുഷനെ സംബന്ധിച്ചിടത്തോളം നീണ്ട മുടിയും സ്ത്രീയെ സംബന്ധിച്ചിടത്തോളം കത്രിച്ചു കളഞ്ഞ്‌ നീളം കുറച്ചു കളഞ്ഞ തലമുടിയുമെന്നത് തികച്ചും അപമാനം ഉളവാക്കുന്ന വസ്തുതയാണ് എന്നാണ് വചനം വ്യക്തമാക്കുന്നത്. നീട്ടി വളര്‍ത്തിയ മുടി പുരുഷനു പാടില്ല എന്ന് തിരുവചനം പഠിപ്പിക്കുന്നു. എന്നാല്‍, തലമുടി മുഴുവന്നും വടിച്ചുകളയത്തക്കനിലയില്‍ തല ക്ഷൌരം ചെയ്യുന്നത് പുരുഷനു ഭൂഷണമല്ല എന്നതാണ് ദൈവവചനത്തിന്റെ താല്പര്യം.

സഭാകൂടിവരവുകളില്‍ സഹോദരിമാരോട് തല മൂടത്തക്കനിലയില്‍ മൂടുപടം ധരിക്കണമെന്ന് സ്ഥലംസഭകള്‍ ആവശ്യപ്പെടുന്നത് ‘സഹോദരകാര്യം’ (Brethren matters ) ആയതുകൊണ്ടല്ല. മറിച്ച്, ദൈവവചനം പഠിപ്പിച്ചുതരുന്ന ഒരു സത്യമാണത്. അതുപോലെതന്നെ, സഹോദരന്മാര്‍ തലമുടി നീട്ടിവളര്‍ത്താതെയിരിക്കുന്നതും സഹോദരിമാര്‍ തങ്ങളുടെ തലമുടി നീട്ടിവളര്‍ത്തുന്നതിന്റെയും ആവശ്യകതയും ഉത്തരവാദിത്വവും തിരുവചനത്തിലൂടെ വളരെ വ്യക്തമായി ഉറപ്പാക്കപ്പെട്ടു നല്‍കപ്പെട്ടിട്ടുള്ളത്‌ തന്നെയാണ്.

Filed in: ആഭരണം, ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.