‘വിവാഹം എല്ലാവര്‍ക്കും മാന്യം’ എങ്കിലും ‘മാന്യതയില്ലാത്ത’ വിവാഹ ചടങ്ങുകള്‍……. ഒരു ‘പ്രവാസി’ യുടെ ചില അവധിക്കാല അനുഭവങ്ങള്‍…..

എല്ലാവര്‍ഷവും അവധിക്കാലം കുടുംബമായി നാട്ടില്‍ വരുന്ന  റോണി പതിവുപോലെ ഈ വര്‍ഷവും വന്നു. ചില നാളുകള്‍ക്ക് ശേഷം കണ്ടതുകൊണ്ടു ഞങ്ങള്‍ വിശേഷങ്ങളും ആത്മീയ വിഷയങ്ങളും പങ്കുവെച്ചു. അങ്ങനെ റോണിയുടെ സഭയില്‍, അവര്‍  പങ്കെടുത്ത ഒരു വിവാഹത്തിലെ ചില കണ്ടതും, കേട്ടതും, പിന്നെ കുറെ അനുഭവങ്ങളും റോണിയില്‍ നിന്നും കേള്‍ക്കുവാന്‍ ഇടയായി.

 

സഭാസത്യം: എങ്ങനെയുണ്ടായിരുന്നു കല്യാണം.

 റോണി: വളരെ നന്നായിരുന്നു, എല്ലാം ഒരു ചടങ്ങ് ആണല്ലോ!

 സഭാസത്യം: എന്താ റോണി അങ്ങനെ പറഞ്ഞേ?, നിങ്ങടെ കുടുംബക്കാരുടെ തന്നെ കല്യാണം ആയിരുന്നല്ലോ!

 റോണി: അതൊക്കെ ശരിയാ, പക്ഷെ നമ്മുടെ വിശ്വാസത്തിനും, വേര്‍പാടിനും ചേര്‍ന്ന രീതിയില്‍ അല്ലായിരുന്നു,

 സഭാസത്യം: ഒന്ന് വിശദീകരിക്കാമോ?

 റോണി: ഞങ്ങടെ കുടുംബത്തിലെ പെണ്‍കുട്ടി ആയതുകൊണ്ടും, അവരോടു പ്രത്യേക സ്നേഹമുള്ളത് കൊണ്ടും, രാവിലെ തന്നെ ഞാന്‍ അവരുടെ വീട്ടിലെത്തി. വളരെ കാലമായി കാണാതിരുന്ന ചിലരെ ഒക്കെ കാണുവാന്‍ സാധിച്ചു. ഫോട്ടോയും വീഡിയോയും എടുക്കാനായി സ്റ്റുഡിയോകരെത്തി. ഫോട്ടോ എടുക്കാനായി ‘മണവാട്ടി പെണ്ണ്’ വരുവാനായി പറഞ്ഞപ്പോള്‍ “ഒരുക്കി കഴിഞ്ഞില്ല അല്പം താമസം ഉണ്ടെന്നു” അകത്തൂന്നു വിളിച്ചു പറഞ്ഞു.

കുറെ കഴിഞ്ഞപ്പോള്‍ ‘മണവാട്ടി’ വന്നു. ഫോട്ടോയും വീഡിയോയും ഒക്കെയായി സമയം നീങ്ങി. ‘നമ്മള്‍ക്ക് ‘ഹാളില്‍’ പോകാന്‍ സമയമായില്ലേ?’ എന്ന് പെണ്ണിന്‍റെ വല്ലിയാപ്പന്‍ ഇടക്കിടെക്ക് ചോദിക്കുന്നുണ്ടായിരുന്നു. സമയമായപ്പോള്‍  പെണ്ണിന്‍റെ പിതാവ് (സഭയിലെ ഉത്തരവാദിത്വമുള്ള പോസ്റ്റും വഹിക്കുന്ന വ്യക്തിയാണ്) നമ്മുക്ക് പ്രാര്‍ത്ഥിച്ചു ഇറങ്ങാന്‍ സമയമായി എന്ന് പറഞ്ഞു. ആര് കേള്‍ക്കാന്‍? ഫോട്ടോക്കാരും, വീഡിയോക്കാരും പല പോസുകളിലായി വേണ്ടപ്പെട്ടവരെ ഒക്കെ നിറുത്തി ‘എടുക്കുന്നു’.

അങ്ങനെ LATE ആയി പ്രാര്‍ഥിക്കുവാന്‍ നിന്നു..

ഏ…ന്നോ….ടുള്ള നിന്‍ സര്‍വാ.. നാന്‍…മകള്‍ക്കായി ഞാന്‍…

ഏ..ന്തൂ..ച്ചെ.യ്യേ..ണ്ടു നിനാ..ക്കേ….ശൂ..പാരാ….

എന്ന പാട്ടിന്‍റെ രണ്ടടി നീട്ടി പാടി, പ്രാര്‍ഥിക്കുവാനായി സഭയിലെ മൂപ്പന്മാരെയോ, ഉത്തരവാദിത്വപ്പെട്ടവരെ ഒക്കെ അന്വേഷിച്ചു. ആരെയും കണ്ടില്ലതാനും, (പിന്നീടറിഞ്ഞു – വീട്ടില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു പെണ്ണിനെ ഇറക്കണം എന്ന് സഭക്കാരോട് പറഞ്ഞില്ലപോലും) അപ്പോള്‍ തന്നെ പെണ്ണിന്‍റെ പിതാവ്, ‘ജോര്‍ജ്കുട്ടി പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചാട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ പാസ്റ്റര്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിച്ചു, എല്ലാവരും സഭാഹാളിലേക്ക് യാത്രയായി.

സഭാഹാളില്‍ കയറിയപ്പോള്‍ തന്നെ പാട്ടുകളും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു PROGGRAM SHEET ഞങ്ങള്‍ക്കെല്ലാവര്‍ക്കും കിട്ടി. ഞങ്ങളുടെ വലിയ സഭാഹാളിന്‍റെ പകുതിക്ക് പിറകിലായി, ശുശ്രൂഷകള്‍ എല്ലാം കൃത്യമായി കാണുകയും കേള്‍ക്കുകയും ചെയ്യത്തക്ക രീതിയില്‍ കുടുംബമായി ഞാന്‍ ഇരിപ്പിടം പിടിച്ചു.

 സഭാസത്യം: അത് നന്നായി, പ്രത്യേകിച്ചു നമ്മുടെ മക്കള്‍ക്കും നമ്മുടെ സംസ്കാരത്തിലുള്ള, വിശ്വാസികളുടെ ഇടയിലുള്ള വിവാഹ ശുശ്രൂഷകള്‍ കാണുകയും മനസിലാക്കുകയും ചെയ്യുന്നത് നല്ലതാണ്‌.

 റോണി:  എന്‍റെച്ചായ, അച്ചായന്‍ ബാക്കിയൂടെ കേട്ടിട്ടു പറയ്‌ നല്ലതണോന്ന്..

നമ്മുടെ ഇടയിലെ പ്രമുഖരായ ചില സുവിശേഷ പ്രാസംഗികര്‍, സംഘടനാ (സുവിശേഷ, ബാല, teen, യുവാക്കള്‍, മാസവേല, പ്രാര്‍ത്ഥനയോഗം.. പിന്നെ അവിയല് ടൈപ്പ് പ്രാദേശീക സംഘടനകള്‍ വേറെയും) നേതാക്കള്‍, തുടങ്ങിയവര്‍ നേരത്തെ എത്തുകയും പെണ്ണിന്റെ ‘കൊച്ചപ്പന്‍’ ഈ പ്രിയപ്പെട്ടവരെ ഇരുത്തുകയും ചെയ്തു. അങ്ങനെ മുപ്പന്മാരും, ‘A’ ക്ലാസ്സ്‌ പ്രാസംഗികരും സ്റ്റേജിലും, ഫണ്ട് വേലക്കാര്‍ സ്റ്റേജിനോടടുത്തും, കര്‍ത്താവിന്‍റെ ദാസന്മാര്‍  എവിടെങ്കിലും ആയി ഇരിക്കുകയും ചെയ്തു.

ക്ഷണിക്കപ്പെട്ടവരായ ഞങ്ങളുടെ നാട്ടുകാരെയും സുഹൃത്തുക്കളെയും കൊണ്ട് സഭാഹാള്‍ നിറഞ്ഞു. വലിയ ‘പാര്‍ട്ടി’ ആയതുകൊണ്ട് സഭാഹാളിന്‍റെ മുറ്റത്തും ഒരു പന്തല്‍ കെട്ടി, അകത്തു നടക്കുന്ന ശുശ്രൂഷകള്‍ ‘തല്‍സമയം’ അവര്‍ക്ക് കാണാനായി TV  സൗകര്യങ്ങളും  ഉണ്ടായിരുന്നു.

പത്തുമണി എന്ന് പറഞ്ഞത്, തുടങ്ങിയപ്പോള്‍ സമയം 10.50,

വിവാഹം ഒരു ‘western style’ ആയിരുന്നത് കൊണ്ടാണോ ആവൊ? നമ്മുടെ അവതാരകന്‍ (ANCHOR) പലരെയും ‘welcome’ ചെയ്തു. അങ്ങനെ നമ്മുടെ ചെറുക്കന്‍റെ മാതാപിതാക്കളെ സ്വാഗതം ചെയ്തപ്പോള്‍, അങ്ങ് പിറകില്‍ നിന്നും ചെറുക്കന്‍റെ പിതാവിന്‍റെ കൈയില്‍ കോര്‍ത്ത്‌ പിടിച്ചു (തൂങ്ങിക്കിടന്നു എന്ന് പറയുന്നതാവും ശരി) മാതാവ്‌ കൈ വീശി വീശി (ഇന്ദിരാഗാന്ധി സ്റ്റൈലില്‍) അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വരുന്നു, പിതാവിന്‍റെ മുഖത്ത് ഒരു ചമ്മല്‍ പ്രകടമായിരുന്നു. അങ്ങനെ അവര്‍ മുന്‍പിലെത്തി, അവിടെ ഇരുന്നു. നമ്മുടെ ഇടയില്‍ ഈ പരിപാടി, ഞാന്‍ ആദ്യമായി കാണുന്നത് കൊണ്ട് ഞാന്‍ അതിശയത്തോടെ നോക്കിപ്പോയി.

പിന്നെയും അവതാരകന്‍ “ഇപ്പോള്‍ നമ്മുടെ ഗായകസംഗം ഒരു പാട്ടു പാടും, അപ്പോള്‍ നമ്മുടെ മണവാളനും, മണവാട്ടിയും മുന്‍പിലേക്ക് കടന്നു വന്നു അവര്‍ക്കായി ഒരുക്കിയിരിക്കുന്ന സീറ്റില്‍ ഇരിക്കണം”.

അങ്ങനെ ഇടിയും മിന്നലും കൂടിയുള്ള ഗാനം തുടങ്ങി, പണ്ട് ഞാന്‍ നാടകവും, കഥാപ്രസംഗവും ഒക്കെയായി നടന്ന കാലത്ത്, കര്‍ട്ടന്‍ ഉയര്‍ത്തുമ്പോള്‍ സാധാരണയായി ഉണ്ടായിരുന്ന ഒരു ബഹളം എനിക്ക് ഓര്‍മ്മ വന്നു. ഞാന്‍ ഈ പാടുന്നവരെ ഒന്ന് ശ്രദ്ധിച്ചു നോക്കി. ഒരാള്‍ ഒരു കറുത്ത, പറ്റിപ്പിടിച്ചിരിക്കുന്ന ഉടുപ്പും, നരച്ച് കീറിയ ഒരുമാതിരി ഫാഷന്‍ ജീന്‍സും. മറ്റെയാള്‍ അല്പം തലമുടിയും (പാട്ടു പാടുമ്പോള്‍ കുലുക്കാന്‍ പാകത്തിന്) നല്ല ‘ബ്രാന്‍ഡ്‌’ T ഷര്‍ട്ടും, സാധാരണയെക്കാള്‍ കൂടുതലായി ഇറക്കിയിട്ടിരിക്കുന്ന ‘ജനറേഷന്‍ ഗാപ്‌’ ഉള്ള പാന്റ്സും ആണ് വേഷം. പാടുന്ന പെങ്കൊച്ചിന്‍റെ സ്റ്റൈല്‍ ഞാന്‍ പറയുന്നില്ല. ഈ അടിപൊളി പാട്ടിനോടൊപ്പം തന്നെ, നമ്മുടെ മണവാളനെയും, മണവാട്ടിയേയും അവരുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ‘താളത്തിനോത്ത് മാര്‍ച്ച്‌’ ചെയ്തു അവര്‍ക്കായി ഒരുക്കപ്പെട്ട സീറ്റില്‍ കൊണ്ടിരുത്തി,

 സഭാസത്യം: അതെന്തൊരു പരിപാടി? അങ്ങനെ ഞാന്‍ കണ്ടിട്ടില്ലല്ലോ…. എന്‍റെ റോണി ഒന്ന് ചുരുക്കി പറ..

റോണി: ok, ചുരുക്കത്തില്‍ അവിടുന്ന് വന്നവരുടെയും (മണവാളന്റെ കൂടി വന്നവര്‍) ഇവിടുള്ളവരുടെയും (മണവാട്ടിയുടെ കൂട്ടത്തിലുള്ളവര്‍) പ്രാര്‍ത്ഥനയും പ്രസംഗങ്ങളും എല്ലാം വീതം വെച്ച് നല്‍കി, പണ്ടൊക്കെ വിവാഹ സമയങ്ങളിലും നന്നായി ‘സുവിശേഷം’ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സുവിശേഷം പറയുന്നത് ഇവിടെ കേട്ടില്ല. ചില ഉപദേശിമാര്‍ അവരുടെ സ്ഥിരം തമാശകള്‍ ഒക്കെ പ്രസംഗിച്ചു, സദസ്സിനെ ചിരിപ്പിച്ചു. പലര്‍ക്കും അരോചകമായി തോന്നി. എങ്കിലും സമയകാര്യത്തിലും മറ്റും അവതാരകന്‍ അല്പം ബലം പിടിച്ച്, കാര്യങ്ങള്‍ ഭംഗിയാക്കി. മാത്രമല്ല നമ്മുടെ ഗായകസംഗത്തിന്‍റെ കാതടപ്പിക്കുന്ന പാട്ടുകള്‍ ഒരു പുത്തന്‍ ഉണര്‍വും ഉണ്ടാക്കി.

അവതാരകന്‍ പറഞ്ഞു, നമ്മുടെ ഇന്നത്തെ പ്രധാന വിഷയമായ വിവാഹ ശുശ്രൂഷയുടെ സമയമായി, ഈ വിവാഹം നടത്തികൊടുക്കാനായി നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്ന നമ്മുടെ ‘സുവിശേഷകന്‍’ (പേര് ഇവിടെ പറയുന്നില്ല) എന്ന് തുടങ്ങി വിലയേറിയ ദാസന്‍റെ ‘ഇല്ലാത്ത വലുപ്പം, എല്ലാം ഉണ്ടെന്നു’ പറഞ്ഞു.

സഭാസത്യം: വിവാഹം നടത്തുവാന്‍ പക്വതതയും കൃപയും ഉള്ള പ്രാപ്തരായ സുവിശേഷകരും, മൂപ്പന്മാരും ഒക്കെയായ ദൈവ ദാസന്മാര്‍ നിങ്ങടെ സഭയില്‍ തന്നെ ഉണ്ടായിരുന്നല്ലോ. പിന്നെ എന്തുകൊണ്ടാണ് ‘വിവാഹ നടത്തിപ്പിന്’ പ്രത്യേകം സുവിശേഷകനെ വിളിച്ചത്… റോണിക്ക് ഈ സുവിശേഷകനെ അറിയാമോ?

റോണി: അതല്ലെ അതിന്‍റെ രസം, ഞങ്ങടെ സഭയുളിള്ളവര്‍ക്ക് ഈ ഇങ്ങനെയുള്ള ‘വല്യ കല്യാണം’ നടത്തുവാനുള്ള ‘സ്റ്റാറ്റസ്’ ഇല്ലെന്നു കരുതിയായിരിക്കും ‘നല്ല മിടുക്കന്‍’ മാരായിട്ടുള്ളവരെ പുറത്തൂന്നു വിളിക്കുന്നത്‌.

എനിക്ക് മാത്രമല്ല അവിടെ കൂടിവന്നിരിക്കുന്ന മിക്കവര്‍ക്കും അറിയാവുന്ന ആളായിരുന്നു ഈ കല്യാണം നടത്താന്‍ വന്ന ‘സുവിശേഷകന്‍’. നമ്മുടെ അവതാരകന്‍ അദ്ദേഹത്തെ പറ്റി പറഞ്ഞ ‘വെടി’ കേട്ട് ഞാനൊന്നു ഞെട്ടി. പിന്നെ തിരക്കിയപ്പോള്‍ അറിഞ്ഞത് വെറും ‘ചക്കിപ്പൂച്ചയെ’ പറ്റി പറയാന്‍ പറഞ്ഞാലും അതിനെ ‘പുലിയാക്കി’ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുള്ള ആളാണ് നമ്മുടെ ഈ ‘കൂലി അവതാരകന്‍’, തരം കിട്ടിയാല്‍ എന്തും പറയും.

സഭാസത്യം: അതുകൊണ്ടല്ലേ അവതാരകനായി ജീവിക്കാന്‍ പറ്റുന്നത്.

റോണി: എന്നാലും അച്ചായ ദൈവത്തിന്റെയും, ദൈവസഭയുടെയും മുന്നില്‍ പറയുന്നതിന് അല്‍പം മര്യാദ വേണ്ടേ?

നമ്മുടെ സുവിശേഷകന്‍ വിവാഹ ശുശ്രൂഷയുടെ മുന്നോടിയായി അല്‍പ സമയം ‘വചനം’ സംസാരിക്കുവാന്‍ തുടങ്ങി. ‘വരനെ’ ആദ്യമായാണ് കാണുന്നത് എങ്കിലും കേട്ടറിവ് അനുസരിച്ചുള്ള കാര്യങ്ങള്‍ ‘മസാലയൊക്കെ ചേര്‍ത്ത്’  മുന്പരിചയത്തെക്കാള്‍ ഭംഗിയായി പോക്കിപറഞ്ഞു (നമ്മുടെ സുവിശേഷകനല്ലേ ആള്‍….) . വധുവിനെ നേരത്തെ കണ്ടിട്ടില്ലങ്കിലും വീട്ടുകാരെ നേരത്തെ പരിചയമുണ്ട്. അതും പറച്ചിലിനൊരു കുറവും വരുത്തിയില്ല, അങ്ങനെ ഈ പിള്ളേരെ പറ്റി കുടുബക്കാരെക്കാള്‍ കൂടുതലായി നമ്മുടെ ‘ദാസനുള്ള’ അറിവും, പറഞ്ഞ പൊങ്ങച്ചവും’  ഒക്കെ കേട്ടു മൂക്കത്ത് വിരല്‍ വച്ച് പോയി.

ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന സമയത്തൊക്കെയും, tie യുടെ അറ്റത്ത് പിടിച്ചു കൂടെക്കൂടെ വലിക്കുകയും, കോട്ടിന്‍റെ പോക്കറ്റില്‍ കൈയിടുകയും, പാന്‍സിന്‍റെ പോക്കറ്റില്‍ നിന്നും തുവാല വലിച്ചെടുത്ത് മുഖവും, തലയും, കഴുത്തും ഒക്കെ തുടക്കുന്നതും തുടങ്ങി ‘ദാസന്‍’ ഒത്തിരി ബുദ്ധിമുട്ടുന്നത് കണ്ടു. മീനമാസത്തിലെ നമ്മുടെ വിയര്‍ക്കുന്ന ആവിയും ചൂടും, vdo ക്കാരുടെ തീപാറുന്ന ലെറ്റും, പാച്ചാത്യ രാജ്യങ്ങളില്‍ തണുപ്പിനെ അതിജീവിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന ‘കോട്ടും സൂട്ടും’ മാത്രമല്ല, അതിന്റെ കൂടെ മലോരോക്കെ കാണുന്ന VDO യില്‍ ഒരു ‘കുറവ്’ പാടില്ലല്ലോ എന്ന് കരുതിയുള്ള തത്രപ്പാടും കൂടിയായപ്പോള്‍ ‘ജോറായി’.

സഭാസത്യം: മാന്യമായ വസ്ത്രധാരണം ഉള്ള, അത് കൃത്യമായി പഠിപ്പിക്കുന്ന ഈ ഉപദേശിക്കു അദ്ധേഹത്തിന്‍റെ രീതിയില്‍ തന്നെ വന്നാല്‍ മതിയായിരുന്നല്ലോ…

റോണി: അച്ചായാ.. ഉപദേശിയെ എന്തിനു പറയണം, കല്യാണം നടത്താനായി ഞങ്ങടെ ചേട്ടന്‍ ഉപദേശിയെ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞതാണ്‌. എങ്ങനായാലും ഞങ്ങള്‍ക്ക് കൊഴപ്പമില്ല, എങ്കിലും വിദേശത്ത് ജനിച്ചു വളര്‍ന്ന ചെറുക്കാനാണ്, ചെറുക്കന്‍ ‘കോട്ടും സൂട്ടും ടൈയും’ ആണ്. അതുകൊണ്ട് ബ്രദറും അങ്ങനെ വരണം. അല്ലെങ്കില്‍ അതൊരു അഭംഗിയാണ്. അങ്ങനെ നമ്മുടെ ദാസനും ‘സ്റ്റൈല്‍ ആയി’ എത്തിയതാണ്. ‘കഴുതക്ക് നെറ്റിപ്പട്ടം കെട്ടിയത് പോലെ..’

സഭാസത്യം: പാവം സുവിശേകന്‍, ഇതിനു വല്ല കാര്യവും ഉണ്ടോ??

റോണി: വധൂവരന്മാരെ സദസിന്നു പരിചയപ്പെടുത്തിയ ശേഷം, ചില വാക്യങ്ങള്‍ വായിച്ചു..

മുപ്പിരിച്ചരടും, സാമര്‍ത്യമുള്ള ഭാര്യയും, മുന്തിരിവള്ളിയും, ഒലിവു തൈകളും, കാനവിലെ കല്യാണവും, സഭയുടെ കാന്തനും മണവാട്ടി സഭയും ഒക്കെ ഓടിച്ചു പറഞ്ഞു, വിവാഹ ജീവിതത്തിലേക്ക് പ്രവേശക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ ഓര്‍പ്പിച്ചു. വാക്യത്തിലേക്ക് കടന്നു.

“………………ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു…….” (എഫെസ്യര്‍ 5:22-32)

ഇവിടെ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്ന മണവാട്ടി സഭയേയും, മണവാളന്‍ സഭയുടെ കാന്തനായ നമ്മുടെ യേശു കര്‍ത്താവിനെയും പ്രധിനിധീകരിക്കുന്നു എന്ന് തുടങ്ങി,   നമ്മുടെ ‘സുവിശേഷകന്റെ’ തനതായ ശൈലിയില്‍ ഈ സത്യം വിവരിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. പിന്നെ വിവാഹ ശുശ്രൂഷയിലേക്ക് കടക്കാന്‍ സമയമായി, വധൂ വരന്മാര്‍ എഴുന്നേറ്റു നില്ക്കാന്‍ ‘ശുശ്രൂഷക്കാരന്‍’ അവിശ്യപ്പെട്ടു. അവര്‍ എഴുന്നേറ്റു നിന്നപ്പോള്‍ നന്നായി കാണുവാനായി, മറ്റു പലരോടൊപ്പം ഞാനും ഒന്ന് എഴുന്നേറ്റു നോക്കി. എന്നാല്‍ ശുശ്രൂഷ കാണുവാന്‍ സാധിച്ചില്ല, കാരണം

ചെറുക്കന്‍റെയും, പെണ്ണിന്‍റെയും കൂട്ടത്തില്‍ നിന്നും വെവേറെ വീഡിയോക്കാരും ഫോട്ടോക്കാരും, പിന്നെ തല്‍സമയ സംപ്രേഷണം ചെയ്യുന്നവരും (VDO എടുക്കാന്‍, ലൈറ്റുപിടിക്കാന്‍, ലൈറ്റിനു കുടപിടിക്കാന്‍, ഇതിന്‍റെയൊക്കെ വയറുപിടിക്കുന്നവര്‍, ഫോട്ടോ എടുക്കുന്നവര്‍, Helpers) എല്ലാവരും കൂടെ ‘പതിനേഴു പേര്‍’ നിരന്നപ്പോള്‍ പിന്നെ ശുശ്രൂഷ ഒന്നും കാണുവാന്‍ സാധിക്കില്ല എന്ന് ഉറപ്പായി. മാത്രമല്ല ഞങ്ങളുടെ അടുത്തിരിക്കുന്നവര്‍ ‘ഇവന്‍റെയൊക്കെ പിറകുഭാഗം കാണുവാനാണോ ഞങ്ങളെയൊക്കെ വിളിച്ചു വരുത്തിയത്’ എന്ന് അടക്കം പറയുന്നതും കേട്ടു.

സഭാസത്യം:  നിങ്ങടെ സഭക്ക് കൂടി ഇത് നാണക്കേടായി പോയല്ലോ റൊണീ? 

റോണി: അത് പിന്നെ പറയണോ? ഞാന്‍ ആ സഭയില്‍ തന്നെ കൂടുന്ന വ്യക്തിയാതുകൊണ്ട് – ഭാര്യയും മക്കളും അവിടെയിരുന്നെങ്കിലും – ഞാന്‍ പതുക്കെ മുന്‍പില്‍ സ്റ്റേജിന്‍റെ വശത്തുള്ള വാതിലിലെത്തി ശുശ്രൂഷ നേരില്‍ കാണത്തക്ക വിധം നിന്നു.

മണവാട്ടിസഭയെ പ്രധിനിധീകരിച്ചു നില്‍ക്കുന്ന നമ്മുടെ ‘മണവാട്ടി’ യുടെ വേഷം സാരിയും ബ്ലൌസും, (തയ്ച്ചപ്പോള്‍ തുണി തികയാഞ്ഞത് കൊണ്ട് ഉള്ളത് കൊണ്ട് തയ്ച്ചു എന്ന് തോന്നിപ്പോയി) ‘മൂടുപടമായി’ ചിലന്തിവല പോലുള്ള ഒരു നെറ്റ് തലയില്‍ പകുതിക്ക് പിറകിലായി തൂക്കിയിട്ടിരിക്കുന്നു. സുന്ദരിയാക്കാന്‍ ഒതുക്കിയ പുരികവും, ചുണ്ടിലെ ചുവപ്പും, മുഖത്തെ പൈയ്ന്റും, പിന്നെ മുഖത്തിന്‌ മുന്‍പില്‍ രണ്ടു സ്പ്രിങ്ങ് തൂങ്ങി കിടക്കുന്നത് പോലെ മുടി ഇട്ടിട്ടുണ്ട്. ആകെ ഒരു വല്ലാത്ത സ്റ്റൈല്‍.

എന്‍റെ ബന്ധമായത് കൊണ്ട് പറയുകയല്ല, ഇവള്‍ നല്ല മാതൃക യുള്ള ഒരു പെണ്‍കുട്ടിയായിരുന്നു, നല്ല വസ്ത്രം, നല്ല പെരുമാറ്റം, ആത്മീയ താല്‍പര്യം, സണ്ടേസ്കൂള്‍ അദ്ധ്യാപിക തുടങ്ങി എല്ലാവര്ക്കും നല്ലത് മാത്രമേ ഈ കുട്ടിയെ പറ്റി പറയാനുള്ളൂ.

സഭാസത്യം: പിന്നെ ഈ കുട്ടിക്ക് ഇപ്പോള്‍ എന്ത് പറ്റി?

റോണി: അതല്ലേ നമ്മുടെ പ്രശ്നം, നമ്മുടെ മണവളനെയും കൂടി ഒന്ന് കണ്ടിട്ട് അത് ഞാന്‍ പറയാം..

മണവാളന്‍ പാവം പയ്യന്‍, ജന്മനാ തലമുടി ഇല്ലാത്തവനായിരുന്നു എന്ന് തോന്നുന്നു. അതോ തല ‘ക്ലീന്‍ഷേവ്’ ചെയ്തതാണോ ആവൊ?. മുഖത്ത് വളരെ പണിപ്പെട്ടു സൂക്ഷിക്കുന്ന ‘വള്ളിത്താടി’ (കാട്ടിലെ ഊഞ്ഞാല് വള്ളി തൂങ്ങി കിടക്കുന്നത് പോലെ ഉള്ള ഒരുതരം 2020 ഫാഷന്‍). ‘കോട്ടും സൂട്ടും ടൈയും’ തന്നെയാണ് വേഷം.

ഈ വിവാഹ ശുശ്രൂഷ നടത്തിയ ‘സുവിശേഷകന്‍’ വേര്‍പെട്ട സഭകളില്‍ ഉപദേശം ശക്തമായി പറയുന്ന, പഠിപ്പിക്കുന്ന, ഉപദേശത്തിന്റെ ‘സംരക്ഷകന്‍’ എന്ന് നമ്മുടെ മധ്യത്തില്‍ അറിയപ്പെടുന്ന ഒരു ‘വലിയ ദാസനാണ്’ എന്നത് വിചിത്രമാണ്.

സഭാസത്യം:  ഇവരുടെയൊക്കെ പറച്ചിലും, പഠിപ്പിക്കലും സഭാവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്, സുവിശേഷകന്മാര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും ‘നിയമം’ വേറെ…

റോണി: എന്തായാലും ശുശ്രൂഷ ഒക്കെ കഴിഞ്ഞു, കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തി വിളിച്ചു പറഞ്ഞു.. ആദ്യം അവിടെ നിന്ന് വന്നവരും പിന്നെ ഇവിടെയുള്ളവരും SONY DSCഭക്ഷണത്തിനായി വിരുന്നു ശാലയിലേക്ക് പ്രവേശിക്കണം. അങ്ങനെ ഞങ്ങളും നല്ല കോഴി ബിരിയാണിയുടെ മുന്‍പില്‍ സ്ഥാനം പിടിച്ചു. ‘ചെറുക്കനും പെണ്ണും’ വരാതെ ആഹാരത്തിനു വേണ്ടി സ്തോത്രം ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ഞങ്ങള്‍ കാത്തിരുക്കുമ്പോള്‍, പെണ്ണ് സാരി മാറാന്‍ പോയി, ഫോട്ടോ എടുക്കുന്നതെയുള്ളൂ എന്നൊക്കെ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നത് കേട്ടു. ഞങ്ങടെ നാട്ടുകാരല്ലേ….. മിക്കവാറും ആളുകള്‍ ബിരിയാണി അകത്താക്കിയ ശേഷം. ‘ഐസ്ക്രീം’ തരണേ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്‍റെ പിള്ളേര്‍ക്ക് കാര്യം ഒന്നും മനസിലാകാതെ അവരും പറയുന്നുണ്ട് ‘അപ്പാ നമ്മക്കും കഴിക്കാം…’ പലരും കഴിച്ചു പോയതിനു ശേഷമാണു നമ്മുടെ ‘ചെറുക്കനും പെണ്ണും’ എത്തിയത്. പിന്നെ കേക്ക് മുറിക്കലും, കരിക്ക് കുടിക്കലും, സമ്മാനം കൊടുക്കലും, ഫോട്ടോ എടുക്കലും ഒക്കെയായി പിന്നേം late. എന്തായാലും അവസാനം ബിരിയാണിയും കഴിച്ചു. എല്ലാരേം ഒന്ന് ‘ഹലോ’ പറയുവാന്‍ സമയകിട്ടി.

സഭാസത്യം:  താമസിച്ചാലും നല്ല ‘ഫുഡ്‌’ കിട്ടിയല്ലോ.

റോണി: എന്തായാലും നല്ല ‘ഫുഡ്‌’ ആയിരുന്നു. പിന്നെ നമ്മുടെ ‘സുവിശേകനെ’ ചെന്ന് കണ്ടു മാറ്റി നിറുത്തി ഞാനൊന്നു ചോദിച്ചു. ‘ബ്രദറെ ഈ പെണ്ണിന്‍റെയും ചെറുക്കന്‍റെയും വേഷവും സ്റ്റൈലും വിശ്വാസികളായ നമ്മുക്ക് ചേര്‍ന്നതാണോ, പെണ്ണ് തലയില്‍ ഇട്ടിരിക്കുന്നത് ദൈവ വചനപ്രകാരം ഉള്ള ‘മൂടുപട’മായി അംഗീകരിക്കാന്‍ കഴിയുമോ? മൂടുപടം എന്ന ഉപദേശത്തിന്‍റെയും നഗ്നമായ ലംഘനം അല്ലേ?.

“മോനെ എനിക്കറിയാം, പക്ഷെ ഞങ്ങള്‍ ഉപദേശിമാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും, വിവാഹം നടത്തി തരണമെന്ന് പറഞ്ഞു വിളിച്ചു, ഞങ്ങള്‍ വന്നു എന്ന് മാത്രം. ഇവിടെ വിവാഹത്തിനു വേണ്ടി സഭാഹാളില്‍ ‘ചെറുക്കനും, പെണ്ണും’ മുന്‍പിലെത്തുമ്പോളാണ് ഞങ്ങള്‍ കാണുന്നത്. പിന്നെ എന്ത് ചെയ്യാന്‍ പറ്റും? മാത്രമല്ല ഇതൊക്കെ അതാതു സഭയിലെ മൂപ്പന്മാരുടെയും, ഉത്തരവാദിത്വപ്പെട്ടവരുടെയും കടമയാണ്”.

സഭാസത്യം:  അതും ശരിയാണെല്ലോ, എന്നിട്ട്….

റോണി:  ഞാന്‍ ഞങ്ങളുടെ മൂപ്പനെ (പാസ്റ്റര്‍ അഥവാ ബിഷപ്പ്) കണ്ടു കാര്യം പറഞ്ഞു.. വളരെ ലാഘവത്തോടെ കേട്ടു (അവര്‍ നിത്യം കാണുന്നത് ഇത്തരം വിവാഹങ്ങള്‍ ആണല്ലോ) എന്ന് മാത്രമല്ല, “ഇക്കാര്യത്തില്‍ സഭക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അവരുടെ വീട്ടുകാരുടെ ഉത്തരവാദിത്വം ആണ്…” അങ്ങനെ മൂപ്പന്‍ കൈകഴുകി ഉത്തരവാദിത്വം വീട്ടുകാരുടെ മേലിലിട്ടു ഒഴിഞ്ഞുമാറി..

സഭയിലെ പക്വതയുള്ള മുതിര്‍ന്ന ഒരു വിശ്വാസി എന്ന നിലയില്‍ മറ്റൊരു ചേട്ടായുമായി ഈ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചു. “എന്‍റെ പൊന്നു റൊണീ, ഞാന്‍ ഒന്നും പറയാനില്ല. പണ്ടൊരു കാര്യം പറഞ്ഞതിന്‍റെ പേരില്‍ ഇവരുണ്ടാക്കിയ പ്രയാസം ഇപ്പോഴും തീര്‍ന്നിട്ടില്ല.” എന്ന് പറഞ്ഞു. അങ്ങനെ ഒതുങ്ങി ‘മിണ്ടാപ്രാണികളായി’ മാറിയ ഒരു കൂട്ടം വിശ്വാസികള്‍….

ഇത്രയും ഒക്കെയായ സ്ഥിതിക്ക്, പെണ്ണിന്റെ പിതാവിനോട് തന്നെ കാര്യം അന്വേഷിക്കാനായി തീരുമാനിച്ചു. അദ്ദേഹം വളരെ തിരക്കിലായിരുന്നു, ഇടയ്ക്കിടയ്ക്ക് മാറിനിന്നു, പോക്കറ്റിലുള്ള പണം ‘തരം തിരിച്ചു’ എടുക്കാന്‍ പാകത്തിന് വക്കുന്നു, ദാസന്മാരെ കാണുന്നു. ‘കൈമടക്ക്‌’ കൊടുക്കുന്നു. ചുരുക്കത്തില്‍ കടന്നു വന്ന ദാസന്മാരെ അവരുടെ ‘സ്റ്റാറ്റസും, ക്ലാസും അനുസരിച്ച് അവരെ ബഹുമാനിക്കുന്ന തിരക്കായിരുന്നു. എന്നാല്‍ ചില വേലക്കാരെ കണ്ടിട്ടും ‘കണ്ടില്ലാന്നു നടിക്കുന്നു’.

അതിനിടയില്‍ ഞാന്‍ എന്‍റെ ചോദ്യം ചോദിച്ചു. “അച്ചായാ.. ഈ കാര്യങ്ങള്‍ നമ്മുക്കോ നമ്മുടെ സഭക്കോ ചേര്‍ന്നതാണോ?” മറുപടി ഇങ്ങനെയായിരുന്നു – “എടാ എനിക്കിതൊന്നും ഇഷ്ടമല്ല, നീ അവളോട്‌ ചോദിക്ക്….”

സഭാസത്യം:  എന്നിട്ട് പെണ്കൊച്ചിനോട് ചോദിച്ചോ?

റോണി:  ചോദിച്ചോന്നോ…തിരക്കിനിടയിലാണെങ്കിലും അവള് ഇങ്ങനെ പറഞ്ഞു ‘ഒരുക്കാനായി വന്ന ബ്യുട്ടിഷന്‍ ചേച്ചി ഒരുക്കിയതാ… എന്‍റെ കൂടെ പഠിച്ച കൂട്ടുകാര്‍ നല്ലതാണെന്ന് പറയുകയും ചെയ്തു.’

അങ്ങനെ ഉത്തരവാദിത്വം ആരുടേതാണെന്ന് പിടികിട്ടി. മാത്രമല്ല ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് എന്നോട് ഇവര്‍ മിണ്ടാതുമായി.

സഭാസത്യം:  നമ്മുടെ ഇടയില്‍ ഇന്ന് കാണുന്നചില  വിവാഹങ്ങളിലെ വസ്ത്രധാരണം, മൂടുപടം എന്ന ഉപദേശം ഒക്കെ തീരുമാനിക്കുന്നത്‌, സ്ഥലം സഭയോ, വീട്ടുകാരോ അല്ല… പിന്നെയോ ഒരുക്കാന്‍ വരുന്ന ‘ബ്യുട്ടിഷന്‍ ചേച്ചി’  മാരാണ്.

റോണി:  ശരിയാണ്… ഇത് സ്ഥലം സഭയെ അവഹേളിക്കുക യാണെല്ലോ..

സഭാസത്യം:  ചെറുക്കനും, പെണ്ണും കഴിഞ്ഞ ഞായറാഴ്ച്ച സഭായോഗത്തിന് വന്നില്ലേ?

റോണി:  വന്നിരുന്നു, സഭായോഗത്തിന് ശേഷം, പെണ്ണിന്‍റെ കൈയ്യില്‍ അണിഞ്ഞിരുന്ന മോതിരംw (7) കണ്ട്, എന്‍റെ അമ്മ അവളോട്‌ ചോദിച്ചു ‘ എന്താ മോളെ നീ മോതിരം ഇട്ടോ?’ ‘വിവാഹ മോതിരമാ അമ്മാമ്മേ.. അച്ചാച്ചന്‍ വന്നപ്പോള്‍ അവിടുന്ന് വാങ്ങി കൊണ്ട് വന്നതാ..’ മറ്റു പലരും ഇത് കണ്ടിട്ടും ഒന്നും പറഞ്ഞില്ല, എന്‍റെ അമ്മയും  മിണ്ടാതെ സ്ഥലം വിട്ടു. ഞാന്‍ നേരിട്ട് കണ്ടില്ലെങ്കിലും ‘ഫേസ്ബുക്കില്‍’ കണ്ട ഫോട്ടോയില്‍ നിന്നും കാര്യം മനസ്സിലായി.

സഭാസത്യം:  ആ ശരിയാ… ഓരോരുത്തരുടെ ആത്മീയ സ്ഥിതി അറിയണമെങ്കില്‍ അവരുടെ ‘ ഫേസ്ബുക്കില്‍’ നോക്കിയാല്‍ മതി.

വിവാഹ മോതിരം, താലിമാല, തുടങ്ങി എല്ലാറ്റിനും പിന്നില്‍ ഒരു ചരിത്രം ഉണ്ട്. ഈ മോതിരത്തിന്‍റെ ചരിത്രം ആഭരണ പ്രിയരായ ഈ ‘മോതിര ബ്രദറണ്കാര്‍ക്ക്’ അറിയില്ലല്ലോ, ഇത് പാപത്തോടും, വിഗ്രഹങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല നമ്മുടെ സംസ്കാരം അനുസരിച്ച്, ഭാരതത്തില്‍ വിവാഹം കഴിഞ്ഞതാണ് എന്നതിനു സ്ത്രീകള്‍ നെറ്റിയില്‍ ‘തിലകകുറി’ അഥവാ ‘സിന്ദൂരം’ ഇടണം.

ഇതൊക്കെ മനസിലാക്കിയ നമ്മുടെ ആത്മീയരായ പിതാക്കന്മാര്‍ കൃത്യമായ വേര്‍പാട്‌ പാലിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ‘വേര്‍പാട്‌’ എന്ന ഉപദേശം പറയാന്‍ പലര്‍ക്കും ‘പേടി’യാണ് എന്നതാണ് സത്യം.

റോണി:  എനിക്കറിയാം, ‘സഭാസത്യ’ത്തില്‍ വന്നിരുന്ന ചില ലേഖനങ്ങളില്‍ ആഭരണം, മോതിരം തുടങ്ങിയവയെ ശക്തമായ  ‘നാടന്‍ ഭാഷയില്‍’ എഴുതിരിക്കുന്നത് കണ്ടിരുന്നു. നമ്മള്‍ വിശ്വസ്തതയോടെ ദൈവനാമ മഹത്വത്തിനായി പറയനുള്ളത് പറയുക… ചെവിയുള്ളവര്‍ കേള്‍ക്കെട്ടെ….

അച്ചായാ..  ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ക്ക് പ്രായോഗികമായി എന്ത് ചെയ്യാന്‍ പറ്റും?

സഭാസത്യം:  അനാത്മീയത കാണുമ്പോള്‍ അതില്‍ നിന്നും ‘തെറ്റ്’ മനസിലാക്കി ‘ശരി’ എന്താണെന്നു ദൈവവചനാടിസ്ഥാനത്തില്‍ പഠിക്കണം.  നമ്മില്‍ പലര്‍ക്കും പരിചയമുണ്ടെങ്കിലും ‘വേര്‍പാട്‌’ നഷ്ടപ്പെടുത്തുന്ന വിഷയങ്ങള്‍ ആയതുകൊണ്ട് നാം വളരെ ശ്രദ്ധിക്കേണ്ടതും, നമ്മുടെ കുടുംബങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തേണ്ടതും, നല്ല മാതൃകകള്‍  സൂക്ഷിക്കേണ്ടതും ആവിശ്യമാണ്. സഭാസത്യങ്ങളെ മനപൂര്‍വം അവഗണിക്കുന്ന, വേര്‍പാട്‌ ഇല്ലാത്ത ‘വിശ്വാസികളുമായി അകലം പാലിക്കുക. അല്ലാതെ തലമുറ ദൈവമില്ലാത്തവരായി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു കരഞ്ഞിട്ടു കാര്യമില്ല.

റോണി:  ’ചെറുപ്പകാലങ്ങലിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’…എന്നാണല്ലോ…. എന്താണ് സ്ത്രീയുടെ അലങ്കാരം എന്ന് കൃത്യമായി ദൈവ വചനത്തില്‍ പറയുന്നുണ്ടല്ലോ. ഏതു സന്ദര്‍ഭത്തിലും ഈ ‘ലിമിറ്റ്’ പാലിക്കണം.

സഭാസത്യം:  ശരിയാണ്, മണവാട്ടി തീര്‍ച്ചയായും മറ്റുള്ളവരെക്കാള്‍ അലങ്കരിക്കപ്പെട്ടവള്‍ ആയിരിക്കണം എന്നതില്‍ സംശയം ഇല്ല. എന്നാല്‍ അലങ്കാരത്തിന്‍റെ അര്‍ത്ഥം അവളുടെ ശരീര പ്രദര്‍ശനവും, ആഡംബരവും, വിശ്വാസികള്‍ക്ക് യോഗ്യമല്ലാത്ത ‘പ്രത്യേക’ സ്റ്റൈലുകളും അല്ല. പിന്നെയോ, യോഗ്യമായതും, ലജ്ജാശീലതോടും ഉള്ള മാന്യമായ വസ്ത്രധാരണവും, ‘മൂടുപടം’ എന്ന ഉപദേശത്തിനെ അവഗണിക്കാതെയുള്ള തലയും, ദൈവം തന്ന സൌന്ദര്യത്തെ തുച്ചീകരിക്കാതെ, വിശ്വാസി എന്ന ബോധ്യത്തില്‍ നമ്മുടെ കര്‍ത്താവിനെ നാമത്തെ ആവോളം ഉയര്‍ത്തുന്നതും ആയിരിക്കണം.

ഓരോ സ്ഥലത്തും പ്രാദേശീകമായി ചില വസ്ത്രധാരണ രീതി നിലവിലുണ്ട് എങ്കിലും, ഒരു വിശ്വാസിയുടെ തിരഞ്ഞെടുപ്പുകള്‍ ദൈവസഭക്കും വചനത്തിനും നിരക്കുന്നത് ആയിരിക്കണം.

എന്നാല്‍ ഇതിനു വിരുദ്ധമായി, ഇന്ന് നാം കാണുന്ന സ്ഥലം സഭകളില്‍ പലതും മണവാട്ടിസഭയെ പ്രതിനിധീകരിക്കുന്നത്  ’റോണി പറഞ്ഞ ആ മണവാട്ടി’യെക്കാള്‍ മോശമായിട്ടാണ്. സഭയുടെ കാന്തനായ കര്‍ത്താവിനെ പ്രധിനിധീകരിക്കുന്ന ‘മണവാളന്‍’  നമ്മുടെ കര്‍ത്താവിനെ മറ്റൊള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് (അവതരിപ്പിക്കുന്നത്‌) വളരെ തെറ്റായ രീതിയിലാണ്‌.

റോണി:  എല്ലാ വിവാഹങ്ങളും ഈ രീതിയില്‍ അല്ലല്ലോ….

സഭാസത്യം:  വിശ്വാസികളുടെ മധ്യത്തില്‍ നല്ല മാതൃകയുള്ള വിവാഹ നടത്തിപ്പുകള്‍ ഇപ്പോഴും ഉണ്ട് എന്നുള്ളത് നന്ദിയോടെ ഓര്‍ക്കുന്നു, തങ്ങളുടെ വിവാഹത്തിലും സാക്ഷ്യം പുലര്‍ത്തിയവര്‍ അഭിമാനത്തോടെ കുടുംബമായി, സഭക്ക് അനുഗ്രഹമായി ഉപയോഗപ്പെടുന്നു എന്നതും പ്രശംസനീയമാണ്.

വിളിച്ചു വരുത്തിയ അതിഥികളുടെയും, സഭയുടെയും സമൂഹത്തിന്റെയും മുന്‍പില്‍, ഒരു വിശ്വാസിക്ക് വ്യക്തിപരമായ സാക്ഷ്യം ഉയര്‍ത്തുവാന്‍, ഒരു ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയ സന്ദര്‍ഭമാണ് ആ വ്യക്തിയുടെ വിവാഹം.

പുതിയ നിയമ സഭക്കും  വിശ്വാസിക്കും യോഗ്യമായ മാതൃകകളിലേക്ക് നമ്മുക്ക് തിരിച്ചു വരാം.

 • സമയം കൃത്യമായി പാലിക്കണം
 • വസ്ത്ര ധാരണത്തില്‍ യോഗ്യമായ മാന്യത പുലര്‍ത്തണം
 • ആഡംബരങ്ങള്‍ ഒഴിവാക്കാം.
 • ധൂര്‍ത്ത് ഒഴിവാക്കി, ആ പണം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാം.
 • വിവാഹത്തിന് പങ്കെടുക്കുന്ന അതിഥികള്‍ക്ക് ശുശ്രൂഷകള്‍ കാണുവാനും കേള്‍ക്കുവാനും ആവിശ്യമുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.
 • ദൈവവചനത്തിനും, ദൈവസഭക്കും പ്രാധാന്യം കൊടുക്കണം.
 • വിവാഹ ശുശ്രൂഷകളില്‍ സുവിശേഷം പ്രസംഗിക്കപ്പെടണം.
 • വിവാഹ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തണം.
 • പുതിയ നിയമ ഉപദേശ വിഷയമായ ‘മൂടുപടം’ അവഗണിക്കരുത്.
 • വീഡിയോ, ഫോട്ടോ, തല്‍സമയ സംപ്രേഷണം തുടങ്ങിയവ ശുശ്രൂഷകള്‍ക്ക് തടസം വരാതിരിക്കുവനായി, സഭയുടെ ചുമതലപ്പെട്ടവര്‍ ശുശ്രൂഷ തുടങ്ങുന്നതിനു മുന്‍പ് തന്നെ അവര്‍ക്ക് ആവിശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കണം.
 • പ്രാദേശീക സഭയില്‍ ഉള്ളവര്‍ തന്നെ ശുശ്രൂഷകള്‍ നടത്തുന്നതാണ് കൂടുതല്‍ ഉത്തമം.
 • സഭയുടെ സാക്ഷ്യത്തിന് കോട്ടം വരുത്തുന്ന അനാവിശ്യമായ ‘പുത്തന്‍ രീതികള്‍’ ഒഴിവാക്കണം
 • വിവാഹം നടത്തുന്നവര്‍ ‘കേവലം’ നടത്തിപ്പുകാര്‍ മാത്രമാകാതെ വധൂവരന്മാരെ പറ്റി, പ്രത്യേകിച്ച് അവരുടെ ആത്മീയ സ്ഥിതിയെ കുറിച്ച് സാമാന്യം അറിവുള്ളവരായിരിക്കണം.
 • ഉപദേശപരമായി വിത്യാസമുള്ള സഭയില്‍ നിന്നുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ല.
 • പുതിയ നിയമ ഉപദേശത്തെ അന്ഗീകരിക്കാത്ത വ്യക്തികളെ വിവാഹ ശുശ്രൂഷകളിളോ, പ്രാദേശീക സഭയുടെ വേദികളിലോ  വചനം പറയുവാനോ, പാട്ടു പാടുവാനോ അനുവദിക്കുന്നത് യോഗ്യമല്ല.
 • നിലവിളക്ക്, മിന്ന്, മോതിരം, മാല തുടങ്ങിയുള്ള ജാതീയ കാര്യങ്ങളെ നിര്‍ബന്ധമായി ഒഴിവാക്കണം.
 • വിവാഹ ശുശ്രൂഷക്കും, ഭക്ഷണത്തിനും ഇടയിലുള്ള ഫോട്ടോ എടുക്കല്‍, വസ്ത്രം മാറല്‍ തുടങ്ങിയവ മറ്റുള്ളവരെ മുഷിപ്പിക്കാതെ സമയം ക്രമീകരിക്കണം.
 • വിവാഹം നടത്തപ്പെടുന്ന സ്ഥലത്തെ പ്രാദേശീക, സംസ്കാരീക വിഷയങ്ങളെ ദൈവവചനത്തിന്‍റെ പരിധിയില്‍ നിന്ന് തന്നെ മാനിക്കണം.
 • അങ്ങനെ നമ്മുടെ സഭയിലെ വിശ്വാസികളെയും, പിന്നെ ചന്തമായും, ക്രമമായും ഉള്ള ശുശ്രൂഷകളും കണ്ടിട്ട് ‘നിങ്ങളുടെ ഇടയില്‍ വാസ്തവമായി ദൈവമുണ്ട്’ എന്ന് മറ്റുള്ളവര്‍ സാക്ഷ്യം പറയുവാന്‍ ഇടയാകണം.
Filed in: ആഭരണം, ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം

Comments

 1. S SANJIVI KOOTHATTUKULAM, #91 9961166767 says:

  CONGRATULATIONS FOR THIS TYPE OF ARTICLES. THE MARRIAGE FUNCTIONS , DRESS , AND ALL ARE BECOMING AS THE WORLD. ITS VERY MUCH SHAME THAT, THE MINISTERS CHILDREN’S MARRIAGE ALSO DOING LIKE THAT.
  NO IMPOTENCE TO THE LOCAL ASSEMBLIES AND MINISTERS. SINGERS ARE LEADING THE TIME. MANY OF THE EVANGELISTS ARE DOING THE SAME THAT YOU MENTIONED THE ARTICLE.
  ACTUALLY MANY THINGS ARE -WITH FULL OF DETAILS- WITH US. WILL SHARE LATER
  BE STAND FOR THE SOUND DOCTRINE.
  WE ARE BEHIND YOU. NO, WITH YOU
  WITH ALL LOVE AND REGARDS.

© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.