‘വിശ്വാസി’കളായ പുരുഷന്മാരുടെ മുടിയും, താടിയും..!!!

വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാണ് (1 കൊരിന്ത്യര്‍ 16:17). ശരീരത്തിന്‍റെ അലങ്കാരം ദൈവത്തെ  മഹത്വപ്പെടുത്തുന്നതിന്നു ഉതകുന്ന നിലയില്‍ തന്നെയായിരിക്കണം. ഈ ലോകത്തിന്‍റെ നിലവാരമല്ല ദൈവജനത്തിന് ഉണ്ടാകേണ്ടത്. പത്രോസിന്റെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം അവന്‍ യേശുവിനോടു കൂടെയുള്ളവന്‍ എന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു. അകത്തെ ശുദ്ധി പുറമേ വെളിപ്പെടുത്തണം. വിശ്വാസിയുടെ രൂപവും ഭാവവും അലങ്കാരവുമെല്ലാം താന്‍ ദൈവത്തിനുള്ളവനോ അതോ ആത്മീയ പ്രകാശം ലഭിക്കാത്തവനോ എന്ന് സാക്ഷ്യപ്പെടുത്തുന്നു എന്ന വസ്തുത ദൈവജനം ഓര്‍ത്തിരിക്കേണ്ടതാണ്.

വിശ്വാസികളായ പുരുഷന്മാര്‍ മറ്റുള്ളവരോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും ദൈവമക്കള്‍ എന്ന നിലയില്‍ ക്രിസ്തുവിനെ മാതൃകയാക്കണം. അവര്‍ തങ്ങളുടെ മുടിയുടെയും താടിയുടെയും കാര്യത്തിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ മുടി നീട്ടി വളര്‍ത്തുവാനോ, ദൈവസഭയില്‍ ആയിരിക്കുമ്പോള്‍ തലയില്‍ മൂടുപടമോ, തൊപ്പിയോ ധരിക്കുവാനോ പാടില്ല.

ഇക്കാലത്ത് യൌവ്വനക്കാരായ വിശ്വാസികളിലും, ചില സഭാ ശുശ്രൂഷക്കാരിലും കാണപ്പെടുന്ന നിന്ദ്യവും പ്രാകൃതവുമായ ഒരു അനുകരണമാണ് ജപ്പാന്‍താടി, ഫ്രഞ്ചുതാടി, അരോമാത്താടി, അണ്ണാന്‍ത്താടി തുടങ്ങി ഒട്ടനവധി ഓമന പേരിലുള്ള ‘താടിയുടെ’ രൂപപ്പെടുത്തല്‍ . രാഷ്ട്രീയക്കാരെയും സിനിമാതാരങ്ങളെയും, ബുദ്ധി ജീവികളെയും ഒക്കെ വിശ്വാസി അന്ധമായി അനുകരിക്കുന്നതിനെയാണ് ഇത്തരം ഭാവങ്ങള്‍ വ്യക്തമാക്കുന്നത് . ദൃശ്യമാധ്യമങ്ങളില്‍ ഇക്കൂട്ടര്‍ തിരുവചനവുമായി നില്‍ക്കുന്നതും കണ്ടിട്ടുണ്ട് .അയ്യോ കഷ്ടം!!! ലോകത്തോട്‌ വേര്പാടില്ലാത്തവര്‍ ദൈവവചനം വിഭാഗിക്കുവാനോ ദൈവീകശുശ്രൂഷ ചെയ്യുവാനോ പാടില്ല. ചില വിശ്വാസികളുടെ മുഖത്ത്  രൂപപ്പെടുത്തി വച്ചിരിക്കുന്നതും, ആ രോമങ്ങളെ തടവുന്നതും, വലിക്കുന്നതും മറ്റും കണ്ടാല്‍ ചില മൃഗങ്ങളുടെ മുഖത്തെ തന്നെ അനുകരിക്കുന്നു എന്ന സംശംയം നമ്മില്‍ ഉളവാക്കും. സഭായോഗങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യംകൊണ്ട്, തങ്ങളുടെ ലോകത്തോടുള്ള സ്നേഹവും ലോകമോഹവുമൊക്കെയാണ് ഇവര്‍ തന്നെത്താന്‍ സ്ഥലംസഭയില്‍ വിളംബരം ചെയ്യുന്നത്. ‘….’ലജ്ജ ആയതില്‍ അവര്‍ക്ക് മാനം തോന്നുന്നു….”.(ഫിലിപ്യര്‍ 3:19) ലോകം മുഴുവനും വിശേഷാല്‍ ദൈവവചനം ആദായസൂത്രമാക്കിയവരും അവരുടെ മക്കളും, ലോകമോഹ വലയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു നാശകൂപത്തിലേക്കും, ആത്മീക അധപതനത്തിലേക്കും ഒഴുകുമ്പോള്‍, വേര്‍പെട്ട വിശ്വാസികള്‍ ഇപ്രകാരമുള്ള പ്രാകൃത വേഷം കെട്ടി പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുത്.

പുരുഷന്മാരുടെ മൂടുപടത്തെയും (തൊപ്പി) മുടിയെയും താടിയെയും കുറിച്ചു പറഞ്ഞിരിക്കുന്ന ചില വേദഭാഗങ്ങള്‍. ഇക്കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

“മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.” 1കൊരിന്ത്യര്‍ 11:4,7

“പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം” – 1കൊരിന്ത്യര്‍ 11:14

“രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു; നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.” ലേവ്യ.19:26, 27

വേര്‍പെട്ടവരായി ജീവിക്കുക എന്നത് വിശ്വാസിയുടെ പ്രായോഗിക ജീവിതത്തിനു അനിവാര്യമാണ്. കേരളത്തിലെ ബ്രദറന്‍ കൂട്ടായ്മയിലായിരിക്കുന്ന വിശ്വാസികള്‍ പൊതുവേ ‘വേര്‍പാടുകാര്‍’ എന്നറിയപ്പെടുന്നു. കര്‍ത്താവിന്റെ ശിഷ്യന്മാരുടെ സ്വഭാവം, പെരുമാറ്റം, സ്നേഹം, സൗമ്യത, ദയ എന്നിവ കണ്ടറിഞ്ഞ ഒന്നാം നൂറ്റാണ്ടിലെ ജനത ക്രിസ്തുവിന്റെ ശിഷ്യന്മാരെ ക്രിസ്ത്യാനികള്‍ എന്ന് പേരുവിളിച്ചു. ആയതുപോലെ, നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ തിരുവചന സത്യങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കിയപ്പോള്‍ അവരില്‍ സമൂലമായ മാറ്റം വന്നു. പാരമ്പര്യമായ സകലവും വിട്ടു, ലോകത്തിന്റെ ആനന്ദങ്ങളും, സുഖ സൌകര്യങ്ങളും വിട്ടു, അവരുടെ നടപ്പിലും പെരുമാറ്റത്തിലും സംസാരത്തിലും മാത്രമല്ല, അവരുടെ ദൈനം ദിന ജീവിതത്തിലും, വസ്ത്രധാരണത്തിലും പ്രത്യേകത കണ്ട അന്നത്തെ ജനം വിളിച്ച പേരാണ് ‘വേര്‍പാടുകാര്‍’. അവര്‍ ലോകത്തിന്‍റെതായ സകലത്തിലും നിന്ന് വേര്‍പാട്‌ പാലിച്ചവര്‍ ആയിരുന്നു. പൂര്‍വ പിതാക്കന്മാര്‍ ദൈവത്തോടും ദൈവ വചനത്തോടും പറ്റിച്ചേര്‍ന്നു സ്വര്‍ഗീയ കാഴ്ചപ്പാടിനോടു കൂടെ ജീവിച്ചു എങ്കില്‍ ഇന്നത്തെ തലമുറ ദൈവത്തോട് അകന്നു ദൈവവചനത്തില്‍ നിന്നും അയവുണ്ടായി ലൌകീകതയില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നു.

അടുത്ത കാലത്ത് ഗള്‍ഫിലുള്ള ഒരു സഭകളില്‍ സന്ദര്‍ശനത്തിനായി എത്തിയ ചിലരുടെ അനുഭവം പറഞ്ഞു കേള്‍ക്കുകയുണ്ടായി. ഇവിടെ ഞങ്ങളുടെ സഭയില്‍ ‘ശുശ്രുഷ’ ചെയ്യണമെങ്കില്‍ സഹോദരന്റെ ഈ ‘താടി’ വെച്ചുകൊണ്ട് അനുവദിക്കാന്‍ സാധിക്കില്ല എന്ന് മൂപ്പന്മാര്‍ അറിയിച്ചു. അവര്‍ പറഞ്ഞതനുസരിച്ച് കാലങ്ങളായി കാത്തു സൂക്ഷിച്ച അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായ ‘താടി’ ഇല്ലാതെയാണ് ‘ശുശ്രുഷ’ അനുവദിച്ചത്. മറ്റൊരു സംഭവത്തില്‍ പ്രത്യേക ശുശ്രുഷക്കായി എത്തിയ വ്യക്തിയുടെ  ’മോതിരം’ സഭയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ‘ശുശ്രുഷ’ തുടങ്ങുന്നതിനു മുന്‍പുതന്നെ കാണുകയുണ്ടായി. സഹോദരന്‍ മോതിരം ധരിക്കുന്ന വ്യക്തിയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, ‘മോതിരം’ ഇട്ടുകൊണ്ടുള്ള ശുശ്രുഷ ഈ സഭയില്‍ അനുവദനീയമല്ല എന്ന് മൂപ്പന്‍മാര്‍ പറഞ്ഞു. അങ്ങനെ ‘മോതിരം’ പെട്ടിയിലൊളിപ്പിച്ചു ശുശ്രുഷയും കഴിഞ്ഞു ഉപദേശി മടങ്ങി. ചുരുക്കത്തില്‍ കര്‍ത്താവിനായി തീരുമാനം എടുക്കുവാന്‍ കെല്‍പ്പുള്ള, മാതൃകയുള്ള മൂപ്പന്‍മാര്‍ ചിലയിടങ്ങളില്‍ ഉണ്ട് എന്നുള്ളത് നന്ദിയോടെ ഓര്‍ക്കുന്നു.

ഈ തലമുറയിലെ ‘വിശ്വാസികള്‍ എന്ന് അഭിമാനിക്കുന്ന’ ചിലരുടെ സംസാരം, പെരുമാറ്റം, നടപ്പ്, ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഉള്ള വസ്ത്രധാരണം, മുടി കത്രിക്കല്‍, അണിഞ്ഞൊരുങ്ങല്‍, ആഭരണ ധാരണം, പുരുഷന്മാര്‍ താടി വിരൂപമാക്കല്, തെറ്റായ ആശയം നല്‍കുന്ന പടങ്ങളുള്ള ടീ ഷര്‍ട്ടും, അടിവസ്ത്രം കാണത്തക്ക രീതിയില്‍ പാന്റ്സും ധരിക്കല്‍. തുടങ്ങി രാഷ്ട്രീയക്കാരെപ്പോലെ സംഘടിക്കല്‍, പക്ഷംചേരല്‍ എന്നിവ എല്ലാം ‘വിശ്വാസികളെ’ ലോകാനുരൂപരാക്കുന്നു. ലോകക്കാരില്‍ നിന്നും ദൈവവിശ്വാസികളെ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലേക്ക് അധ:പധിച്ചു. ”ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല. (സംഖ്യാ 23:9)” എന്ന ഇസ്രയേലിനെ കുറിച്ചുള്ള സാക്ഷ്യം വേര്‍പെട്ട വിശ്വാസികളുടെ ജീവിതത്തിലും അന്വര്‍ത്ഥമാണ്‌. അത് നഷ്ടപ്പെടുത്തുവാന്‍ ഇടയാകരുത്. വിശ്വാസികള്‍ ലോകത്തിന്റെ ഉപ്പാണ്, അവര്‍ ലോകത്തിന്‍റെ വെളിച്ചമാണ്. ഉപ്പെന്ന നിലയില്‍ അനേകരുടെ ജീവിതങ്ങളെ കേടുപടുകളില്‍ നിന്നു സൂക്ഷിക്കുകയും, അവര്‍ക്ക് രുചി പകര്‍ന്നു കൊടുക്കുകയും വേണം. വെളിച്ചമെന്ന നിലയില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ദൈവത്തിന്‍റെ വെളിച്ചം പകര്‍ന്നു കൊടുക്കണം. മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന ‘കോപ്രായങ്ങള്‍’ ചെയ്യുന്നതിന് പകരം മറ്റുള്ളവരെ ദൈവത്തിലേക്ക് ആകര്ഷിക്കുന്നവരായിരിക്കണമെന്നു സാരം.

യേശു ക്രിസ്തുവില്‍ വിശ്വസിച്ചു, കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുമ്പോള്‍ അവര്‍ ദൈവ മക്കള്‍ ആയിത്തീരുന്നു. അതായതു ദൈവം നമ്മുടെ പിതാവായിത്തീരുന്നു. ”അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹന്നാന്‍ 1:12)” ഈ വിശുദ്ധ ബന്ധത്തില്‍ ദൈവ കല്പന പ്രമാണിച്ച് ലോകത്തോട്‌ വേര്‍പെടുമ്പോള്‍, നാം പിതാവിന്റെ സ്നേഹത്തിലേക്കു പ്രവേശിക്കുന്നു. ഈ ജീവിത യാത്രയില്‍ ഈ അപ്രമേയ സ്നേഹം രുചിച്ചറിഞ്ഞു അനുഭവിക്കുവാനും, വിശുദ്ധിയില്‍ ജീവിക്കുവാനും ഇടയാകുന്നു. മറ്റെല്ലാത്തിലും ഉപരിയായി ദൈവത്തെ മാത്രം സ്നേഹിക്കുവാന്‍ നാം പ്രാപ്തരായിത്തീരുന്നു. “എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും. ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു. യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹന്നാന്‍ 14:21-23). ലോകത്തിന്റെ സകല മോഹങ്ങളില്‍ നിന്നും, പാപത്തില്‍ നിന്നും, ദുരുപദേശങ്ങളില്‍ നിന്നും, ദുരുപദേഷ്ട്ടാക്കളില്‍ നിന്നും, അവിശ്വാസികളില്‍ നിന്നും, അനാചാരങ്ങളില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും വേര്‍പെട്ടു തന്നെത്താന്‍ വെടിപ്പാക്കി വിശുദ്ധി ഉള്ളവരായി, വിശ്വാസികളുടെ ഉടമസ്ഥനു ഉപയോഗത്തിനും നല്ലവേലക്കും ഒരുങ്ങിയിരിക്കുന്ന മാനപാത്രങ്ങളായി, വിശുദ്ധ ജീവിതം നയിപ്പാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ…..

Filed in: ആഭരണം, ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം

Comments

  1. Yohannansamuel says:

    Thudaruka

  2. Noble says:

    ഇതുപോലെയുള്ള നല്ല ലേഖനം ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ഒപ്പം താങ്കള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.