ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?

ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന,  ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍, വചനത്തോട് അനുസരണം കാണിച്ച, ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്ന  ഒത്തിരി ഒത്തിരി അമ്മച്ചിമാരുടെ  ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്നു ഈ വിഷയം ഒന്നുകൂടി ചിന്തിക്കാം.

ഒരു സഭ പ്രവര്‍ത്തിക്കുന്നത് ഒരു ശരീരം പോലെയാണ് (1 കോരി 12:12-27). ഓരോ അംഗങ്ങളും തങ്ങളുടെ പ്രവൃത്തിയിലൂടെ സഭയുടെ പുരോഗതിക്കു സംഭാവന നല്‍കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമതക്കു ഏതൊക്കെ അവയവങ്ങളെ ഉപയോഗിക്കണം എന്ന് തലച്ചോറിനറിയാം. സഹോദരിയായാലും സഹോദരനായാലും ഓരോ വിശ്വാസിയുടെയും ആത്മീയവും ഭൌമികവുമായ കാര്യപ്രാപ്തി മൂപ്പന്മാര്‍ക്കറിയാം, മൂപ്പന്മാര്‍ അറിഞ്ഞിരിക്കണം.

ദൈവം, സ്ത്രീ പുരുഷന്മാരെ ഭരമേല്പിച്ച (ഉല്പത്തി 2) ഉത്തരവാദിത്വപ്രകാരം സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ വര്‍ണ്ണങ്ങളോടും മറ്റും ആഭിമുഖ്യം കൂടുതലുള്ളവരാണ്. ദൈവ സൃഷ്ടിയില്‍ തന്നെ പ്രത്യേക പരിഗണന ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നല്കീട്ടുണ്ട്.  മറ്റുള്ളവരുടെ പ്രയാസ ഘട്ടങ്ങളില്‍ അവരെ ആശ്വസിപ്പിക്കുന്നതിലും, മക്കളുടെ കാര്യത്തിലും, ആകാരശ്രദ്ധയിലും, രൂപകല്പനയിലും എല്ലാം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈഭവവും താല്‍പര്യവും. നമ്മുടെ സഭാഹോളും പരിസരവും വൃത്തിയാക്കുന്നതും, ഭംഗിയാക്കുന്നതും, വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതും തുടങ്ങി പല കാര്യങ്ങളും  സഹോദരിമാര്‍ക്ക് ചെയ്യാനാകും. സഹോദരിമാര്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മൂപ്പന്മാര്‍ ആരായണം. സണ്ടേസ്കൂളിനു ആവശ്യമായ ചിത്രങ്ങള്‍, മെറ്റീരിയല്സ്, പഠന സഹായികള്‍ എന്നിവ തയ്യാറാക്കുന്നതിന് സഹോദരിമാര്‍ക്ക് പ്രത്യേക വൈഭവമുണ്ട്. ഇരിപ്പിട ക്രമീകരണങ്ങള്‍ സഭയില്‍ ഒരുക്കുന്നതിന് സഹോദരിമാരുടെ അഭിപ്രായത്തിനും സഹകരണത്തിനും പ്രാധാന്യമുണ്ട്. സഭയുടെ ആവശ്യത്തിനായി ഭക്ഷണമൊരുക്കുന്നതില്‍ സഹോദരിമാരുടെ ദൈനംദിന പരിചയം സഭക്കുപയോഗിക്കുവാനാകും. എത്ര ഭക്ഷണമുണ്ടാക്കണം, മെനു (Menu) എന്തായിരിക്കണം എന്നൊക്കെ സഹോദരിമാരുടെ അഭിപ്രായത്തിനാകട്ടെ പ്രാധാന്യം. (എന്നും ഹോട്ടല്‍ ഫുഡ് കഴിക്കുന്നവര്‍ക്കിത് ബാധകമല്ല). സഭയുടെ വരവ് ചെലവു കണക്കുകളോ, നോട്ടുകളോ തയ്യാറാക്കുമ്പോള്‍ കയ്യെഴുത്ത് പ്രതിയുണ്ടാക്കുന്നതിനോ, രേഖയാക്കുന്നതിനോ ആ മേഖലയില്‍ പ്രാഗത്ഭ്യമുള്ള, വിശ്വസ്തതയുള്ള യുവ സഹോദരിമാരുടെ കഴിവുകളുപയോഗിക്കാനാവും.

വ്യക്തിപരമായും, കുടുംബപരമായും പ്രശ്നങ്ങള്‍ നേരിടുന്ന സഹോദരിമാരില്‍ നിന്ന് വിവരങ്ങള്‍ തിരക്കിയറിയുവാന്‍ സഹോദരിമാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അവ തക്ക സമയത്ത് സഭയുടെ അഭിവൃദ്ധിക്കായി മൂപ്പന്മാരെ അറിയിച്ചാല്‍ മാത്രമേ തക്ക സമയത്ത് മൂപ്പന്മാര്‍ക്കു സഹായമെത്തിക്കുവാന്‍ കഴിയുകയുള്ളൂ. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ വിശ്വസിച്ചേല്പിക്കാന്‍ കഴിയുന്ന സഹോദരിമാര്‍ നമ്മുടെ സഭകളിലുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ്‌ അവരെ വേണം  മൂപ്പന്മാര്‍ അങ്ങനെയുള്ള ദൌത്യം ഏല്‍പ്പിക്കാന്‍ . (ഏഷണിക്കാരെ ഏല്പിച്ചാല്‍ സര്‍വം നാശം ഫലം). “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക”(തീത്തോസ് 2:4,5). ഇളയ സഹോദരിമാരോടുള്ള ഇക്കാര്യങ്ങളുടെ ഉത്തരവാദിത്ത്വം മാത്രം മതി സഹോദരിമാര്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാതാകാന്‍. ബുദ്ധിയും വിവേകവും പരിജ്ഞാനവും ഉള്ള മൂപ്പന്മാര്‍ ഈ ചുമതല മുതിര്‍ന്ന സഹോദരിമാരെ ഏല്പിച്ചാല്‍ സഭകളെ ഒരു പരിധി വരെ വലിയ സാക്ഷ്യക്കേടുകളില്‍ നിന്ന് രക്ഷിക്കാനാകും (സീരിയലും സിനിമയും കണ്ടു, നടു നിവര്‍ത്താന്‍ നേരമില്ലാത്ത മിനക്കെടുന്ന ‘പ്രത്യേക ഇനങ്ങളും’ ഇന്ന് ദൈവ ഭവനങ്ങളിലുണ്ട്, കൂടാതെ ഇവരുടെയൊക്കെ ഫേസ് ബുക്കില്‍ സിനിമാ പോസ്റ്ററും, പരസ്യവും സുലഭം)

ഒരു സഹോദരി രോഗിയായാല്‍ കടന്നു ചെന്ന് ആശ്വസിപ്പിക്കാന്‍, സഹായിപ്പാന്‍ ആരുണ്ടു നമ്മുടെ സഹോദരിമാരല്ലാതെ? പ്രസവ ശുശ്രൂഷകള്‍ക്കായി വീടുകളില്‍ കടന്നു ചെന്ന് തുണിയലക്കുന്നതും,വിരിച്ചിടുന്നതും, ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം സ്വര്ഗത്തിന് വലിയ ശുശ്രൂഷകള്‍ തന്നെ. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ തിരഞ്ഞു കണ്ടെത്തി ഇരു ചെവിയറിയാതെ സഹായിപ്പാന്‍  കഴിവുള്ള നമ്മുടെ സഹോദരിമാരേ മൂപ്പന്മാര്‍ ഒന്ന് ഉല്‍സാഹിപ്പിച്ചിരുന്നെങ്കില്‍!!!? സ്കൂള്‍ തുറക്കുന്ന സമയത്തൊക്കെ ഒരു കൈത്താങ്ങലായി, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരു ആശ്വാസമായി മാറാം. (എവിടെയൊക്കെയോ നിക്ഷേപം നടത്തി, ഈ ലോകത്തില്‍ കഴിയുന്നിടത്തോളം സ്വരുക്കൂട്ടി വച്ച് പുഴുവും തുരുമ്പും കെടുക്കാം എന്ന് പഠിപ്പിക്കുന്ന മൂപ്പന്‍ ജീവികളുമുണ്ടാകാം???) നമ്മുടെ സഭകളിലുള്ള അനേകരെ രക്ഷയിലേക്കും ആത്മീയ കൂട്ടായ്മയിലേക്കും നയിച്ച “അനുഗ്രഹീത പ്രിസ്കില്ലമാര്‍ക്കായി” നമ്മുക്ക് പ്രശംസിപ്പാന്‍ ഏറെയുണ്ട്.

സഭയുടെ ഉത്തരവാദിത്ത്വങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഏതാനും ചില അവയവങ്ങള്‍ മാത്രമല്ല. ഉപയോഗിക്കാതിരുന്നാല്‍ അവയവങ്ങള്‍ ശോഷിച്ചു പോകും. അതിനാല്‍ മൂപ്പന്മാര്‍ എല്ലാ സഹോദരിമാര്‍ക്കും (തരം തിരിക്കാതെ, കുറച്ചു കാണാതെ)  അവരവരുടെ പ്രാപ്തിക്കനുസരിച്ചു ഉത്തരവാദിത്ത്വങ്ങള്‍ വിഭജിച്ചു നല്‍കേണ്ടതാണ്. അവരവരെ ഏല്പിക്കുന്ന ജോലി വചനാനുസാരം ചെയ്യുവാന്‍ ഉത്സാഹിക്കുന്നത് സഭയെ ജീവനുള്ളതാക്കി തീര്‍ക്കുവാന്‍ സഹായിക്കും. ജീവനുള്ള ഒരു സഭയില്‍ സഹോദരിമാര്‍ സജീവ പങ്ക് വഹിക്കുന്നത് മേല്‍പറഞ്ഞ കര്‍ത്തവ്യങ്ങളിലൂടെയാണ്. അല്ലാതെ നാല് പേരറിയാനുള്ള വ്യഗ്രത നിറഞ്ഞ വചന വൈപരീത്യങ്ങളിലൂടെയല്ല.

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, സ്ത്രീ സഭയില്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം

Comments

  1. Sam says:

    Sorry, i do not have malayalam font. I liked your above articles. These are not articles but practical instructions for all our churches. please include many more subjects, which will be an encouragement & guidance for those who love to obey the God more effectively..God Bless.

© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.