സഭയുടെ പരിധിക്കപ്പുറമായി വരുന്ന വിവിധ ശുശ്രൂഷകളെ ദൈവജനം ‘വേലകള്‍’ (Ministry) എന്ന പേരിലാണ് വിളിക്കുന്നത്. ദൈവനാമമഹത്വത്തിന്നായി സംഘടിപ്പിക്കുന്ന ഇത്തരം വേലകളില്‍ (ശുശ്രൂഷകളില്‍) പങ്കെടുക്കുന്നതുകൊണ്ട് വിശ്വാസികള്‍, ഒരു പക്ഷെ, ആത്മീയമായി ഉണരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ദൈവവചനപ്രകാരം നിലനില്‍ക്കുന്ന ഒരു സ്ഥലം സഭയിലെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആ വിശ്വാസിയുടെ ആത്മീയമായ സകല അഭിവൃദ്ധിക്കും ആവശ്യമായ ആഹാരം താനുള്‍പ്പെട്ടു നില്‍ക്കുന്ന സഭയില്‍ നിന്നാണ് ലഭിക്കേണ്ടത്. തന്‍റെ സഭയില്‍ ഇരുന്നാണ് താന്‍ പഠിക്കേണ്ടത്. സഭയിലൂടെയാണ് കര്‍ത്താവിന്റെ വേല ചെയ്യേണ്ടത്. കര്‍ത്താവിന്റെ സഭയുടെ പൊതുപ്രയോജനത്തിനു ഉതകുമാറായിരിക്കണം ഓരോ വിശ്വാസികളും നിലനില്‍ക്കേണ്ടത്. സഭയില്‍ വന്ന്, സഭയില്‍ നിന്ന് പഠിക്കാതെ ആത്മീയമായ പരിജ്ഞാനത്തിനും കൂട്ടായ്മക്കും വേണ്ടി മറ്റ് മുഖാന്തരങ്ങളില്‍ ആശ്രയിക്കുന്നത്, നമ്മുടെ ആത്മീയ വളര്‍ച്ചക്ക് വേണ്ടി, ആത്മീയ ജീവിതത്തിനു വേണ്ടി, വലിയവനായ ദൈവം ഒരുക്കിയിരിക്കുന്ന പ്രാദേശികമായ സഭകള്‍ (Local Assemblies ) എന്ന സംവിധാനം പൂര്‍ണ്ണമായി വിജയമാകുന്നില്ല എന്ന ഒരു ധ്വനിയാണ് ഉണ്ടാക്കുന്നത്.
പഴയനിയമം നാം പരിശോധിക്കുമ്പോള്‍, യിസ്രായേല്‍ ജനം വ്യത്യസ്തമായ രണ്ട് സാഹചര്യത്തില്‍ അഥവാ സ്ഥലങ്ങളില്‍ (High places) ദൈവത്തിനു യാഗം കഴിക്കുന്ന ദൃശ്യം നമുക്ക് കാണുവാന്‍ കഴിയും. ഒന്നാമതായി കാണുന്നത്, അവര്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ യഹോവക്ക് പകരം അവര്‍ ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും വേണ്ടി ആരാധന അര്‍പ്പിക്കുന്നു. (1. രാജാ. 12:32 ). യാഗപീഠത്തില്‍തന്നെയാണ് യാഗം കഴിച്ചത്. ആരാധനയാണ് അവരും അര്‍പ്പിച്ചത്. എന്നാല്‍ ആരെയാണോ ആരാധിക്കേണ്ടത്, ആ ദൈവത്തിനല്ല അവര്‍ യാഗം കഴിച്ചത്. പ്രിയ ദൈവജനമേ, നാം സഭയായി ദൈവത്തെ ആരാധിക്കുന്നവരാണ്. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തുവാനാണ് നാം സഭയായി ഒരുമിച്ചു കൂടിവരുന്നത്. നമ്മുടെ ആരാധനാ വിഷയം നമ്മുടെ രക്ഷിതാവായ കര്‍ത്താവ് തന്നെയായിരിക്കട്ടെ. മഹത്വവും പുകഴ്ചയും ബഹുമാനവും സ്തുതിയും സ്തോത്രവുമെല്ലാം നമ്മുടെ കര്‍ത്താവിന്നു അര്‍പ്പിക്കാം. നമ്മുടെ സഭാകൂടിവരവുകളില്‍ കര്‍ത്താവ് മാത്രം ഉയര്‍ന്നുനില്‍ക്കട്ടെ. മാനുഷികമായ കഴിവുകള്‍, നാമങ്ങള്‍, ഒന്നും ദൈവസന്നിധിയില്‍ ഉയരാന്‍ ഇടയാകാതിരിക്കട്ടെ.
മറ്റൊരു വിധം, 2 ദിന.33:17 വായിക്കുമ്പോള്‍ നാം കാണുന്നുണ്ട്. യിസ്രായേല്‍ജനം തങ്ങളുടെ ദൈവമായ യഹോവക്കാണ് യാഗം കഴിക്കുന്നത്. പക്ഷെ, പൂജാഗിരികളിലാണ് യാഗം അര്‍പ്പിക്കുന്നത്. ദൈവമായ യഹോവ ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന സ്ഥലത്തല്ല അവര്‍ ആരാധിക്കുന്നത്. അശുദ്ധമായ സ്ഥലത്ത് വിശുദ്ധനായ ദൈവത്തെ ആരാധിക്കുന്നു. ഇന്നും അനേകം വിശ്വാസികള്‍ ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ദൈവത്തെയാണ് ഈ വിശ്വാസികളും സ്നേഹിക്കുന്നത്, ആരാധിക്കുന്നത്. എന്നാല്‍ നിത്യനായ ദൈവം ആഗ്രഹിക്കുന്ന രീതിയിലല്ല, സ്ഥലത്തല്ല, ഇവര്‍ ആരാധിക്കുന്നത്. അതായത്, ദൈവത്തിന്‍റെ ജീവനുള്ള വചനം വെളിപ്പെടുത്തുന്ന മാതൃക പ്രകാരമല്ല ഇവര്‍ ആരാധിക്കുന്നത്. പഴയനിയമ യാഗപീഠവും ദൈവാലയവും ഒക്കെ ഇന്ന് പുതിയനിയമ കാലഘട്ടത്തില്‍ പ്രാദേശികമായ സഭാകൂടിവരവുകളാണ്.(Local Assemblies). രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട ഒരു ദൈവപൈതല്‍ സ്ഥലം സഭകളിലാണ് ദൈവത്തെ ആരാധിക്കേണ്ടത്. സഭയുടെ പേര് ഏതാണെന്നല്ല നോക്കേണ്ടത്, മറിച്ച്, ദൈവവചനം ആധാരമായിട്ടുള്ള, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്ന, അപ്പോസ്തലീക മാതൃക പിന്‍പറ്റുന്ന സ്ഥലം സഭയാണോ എന്നാണ് തിരിച്ചറിയേണ്ടത്.
യിസ്രായേല്‍ജനം ചെയ്ത ഈ രണ്ടു കാര്യങ്ങളും യാഹോവക്ക് വെറുപ്പായിരുന്നു. ഇത് രണ്ടും യഹോവ അംഗീകരിച്ചില്ല. ദൈവത്തിനു യാഗം കഴിക്കേണ്ടത്, ദൈവത്തെ ആരാധിക്കേണ്ടത്, ദൈവം പറയുന്ന സ്ഥലത്ത്, പറയുന്ന മാതൃക പ്രകാരമായിരിക്കണം. നമ്മുടെ താല്പര്യത്തിനു അനുസരിച്ച് നമ്മുക്ക് ഇഷ്ട്ടമുള്ളടത്തൊക്കെ, ഇഷ്ടം പോലെ മറ്റുള്ളവരുമായി ചേര്‍ന്നു യാഗം കഴിക്കാതിരിക്കാന്‍ സൂക്ഷിക്കണം. “നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.”(ആവ. 12:13,14).
യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു എന്ന ഒരു ന്യായീകരണം യിസ്രായേലിന് നിരത്തുവാനുണ്ട്. (1. രാജാ. 3: 2 ). ഇന്ന് നമ്മുടെ പല വിശ്വാസികളും ഇതുപോലെ പല ന്യായങ്ങളും പറഞ്ഞാണ് മറ്റ് പലയിടങ്ങളിലും ചെന്നെത്തുന്നത്. ‘ആയിരിക്കുന്ന സ്ഥലത്ത് യോഗ്യമായ സഭയില്ല, യോഗം മുടക്കരുതല്ലോ എന്ന് വിചാരിച്ച് ‘അവരോടൊപ്പം‘ ചേര്‍ന്നു പോകുന്നു.‘ ഇതാണ് ഇങ്ങനെയുള്ള പ്രിയപ്പെട്ടവര്‍ പറയുന്ന ഒരു വാദം. വിദേശരാജ്യങ്ങളില്‍ ജോലിയോടുള്ള ബന്ധത്തില്‍ ആയിരിക്കുന്ന ചില വിശ്വാസികള്‍, തങ്ങളുടെ ഭാഷയിലല്ലാത്ത സഭാകൂടിവരവുകള്‍ ആയതിനാല്‍ സ്വന്തം മാതൃഭാഷയില്‍ ദൈവത്തെ ആരാധിക്കുന്നതിനായി പകരം സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു. വ്യത്യസ്തമായ ഉപദേശവും സഭാതാല്പര്യങ്ങളും വചന വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉള്ളവരെല്ലാവരും ഒരുമിച്ചുകൂടി വചനം ധ്യാനിക്കുന്നു. ദൈവവചനം പഠിക്കുന്നു. ആര്, ആരെ പഠിക്കുന്നു എന്ന് ഒരു നിശ്ചയവുമില്ല. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ഏതു സ്ഥലത്താണോ അവിടെയുള്ള ‘ചര്‍ച്ചില്‍ ‘ പോയി കൂടിയാല്‍ മതി എന്ന ചിന്താഗതിയിലേക്ക് നമ്മുടെ വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുന്നു. സ്ഥലം സഭയായി ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കര്‍ത്താവിനെ ആരാധിക്കേണ്ടതുള്ളതുകൊണ്ട് അപ്പോസ്തലനായ പൗലോസ് തന്‍റെ യാത്ര നീട്ടിവച്ചു എന്ന് നാം വായിക്കുന്നുണ്ട്. (അപ്പൊ. 20: 6, 7). അതാണ് അപ്പോസ്തലീക മാതൃക.
പ്രിയപ്പെട്ടവരേ, നാം കര്‍ത്താവിന്നായി വിളിക്കപ്പെട്ടിരിക്കുന്നു. വിളിച്ചവന്റെ സ്വഭാവം നമ്മിലൂടെ വെളിപ്പെടണം. ദൈവം നിഷ്കര്‍ഷിച്ചിട്ടില്ലാത്ത, ആക്കിവെക്കാത്ത എല്ലാത്തില്‍ നിന്നും ദൈവം നമ്മെയും വേര്‍തിരിച്ചിരിക്കുകയാണ്.
ഒരു യഥാര്‍ത്ഥ സഭാവിശ്വാസി എന്തില്‍ നിന്നൊക്കെ വേര്‍പെട്ടിരിക്കണം എന്ന് ദൈവ വചനം പഠിപ്പിക്കുന്നു.
ദൈവ വചനത്തില്‍ അനുവദനീയമല്ലാത്തത് എന്ന് വ്യക്തമാക്കപ്പെട്ടതില്‍ (Marked License)നിന്നും വേര്‍പെട്ടിരിക്കണം.
പങ്കെടുക്കുന്ന കൂടിവരവ് ദൈവവചനപ്രകാരമുള്ളതാണോ എന്ന് വിവേചിച്ചറിയണം. ‘ഒരേ സമയം തന്നെ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കുവാന്‍ പാടില്ല’ എന്ന പഴമൊഴി പോലെ തന്നെ അര്‍ത്ഥം വരുന്ന വാക്യമാണ് അപ്പോസ്തലനായ പൗലോസ് നമ്മെ ഉപദേശിക്കുന്നത്. “നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?” (1കോരി.10:21,22). “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.” (2 കൊരി.6: 14-17)
നീതിയുക്തമായത് എന്ന് ചിന്തിക്കാവുന്ന (Legalism) തില്‍ നിന്നും വേര്‍പെട്ടിരിക്കണം.
അതായത്, പല യോഗങ്ങളും കാണുമ്പോള്‍ നമുക്കും സഹകരിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നിയേക്കാം. നീതിക്ക് നിരക്കാത്തത് ഒന്നും അവിടെ ഉണ്ടാകയില്ല. എന്നാല്‍, ദൈവവചന സത്യങ്ങള്‍ക്ക് നിരക്കാത്തത് കണ്ടേക്കാം. സഭയുടെ മൂല്യങ്ങളെ കുറച്ചു കാണിക്കുന്നത് പലതും ഉണ്ടായിരിക്കാം. ദൈവമക്കള്‍ നന്നായി വിചിന്തനം ചെയ്തിട്ടുവേണം സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. മാനുഷീക ബുദ്ധിയും, മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനെക്കാള്‍, ഉപരി ദൈവീക നീതിയും ന്യായവും, ആയ പരിശുദ്ധാത്മ നടത്തിപ്പിലും നാം ആശ്രയിക്കണം. “ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.” (എബ്രായര്‍.13:13). . 13 : 13 )
വിഭാഗീയത ജനിപ്പിക്കുന്നവ (Dinominationalism) യില്‍ നിന്നും വേര്‍പെട്ടിരിക്കണം.
വിഭാഗീയത നിമിത്തം മത്സരബുദ്ധിയോടെ തട്ടിക്കൂട്ടുന്നതൊന്നും ദൈവഹിതപ്രകാരമല്ല. വിഭാഗീയത വളര്‍ത്തുന്നത് സഭയോട് മത്സരിക്കുന്നതിന് തുല്യമാണ്. സഭക്കപ്പുറമായി, പ്രത്യേക താല്‍പര്യങ്ങള്‍ക്കുവേണ്ടി ക്രമീകരിക്കപ്പെടുന്ന കൂടിവരവുകളില്‍ നിന്നും സഭയെ സ്നേഹിക്കുന്ന, അനുസരിക്കുന്ന ഒരു വിശ്വാസി അകന്നു കൊള്ളണം. ഭൌതീകമായ പല മാനദണ്ഡങ്ങളുടെ (വിദ്യാഭ്യാസ യോഗ്യതകള്‍, പണം, പ്രതാപം, കുടുംബ പാരമ്പര്യം,…… മറ്റു പലതും) അടിസ്ഥാനത്തില്‍ പക്ഷം പിടിക്കുവാനും, നേതാവാകാനും, നേതാവാക്കാനും ഒക്കെയുള്ള പ്രവണത ഈ കാലങ്ങളില്‍ കൂടിവരുന്നു. സ്ഥലം സഭയില്‍ ഇത് പാടില്ലാത്തതാണ്. “നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നു പോൽ. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?” (1കൊരി.1:11-13).
സഭക്ക് ആവശ്യമായ സകല ആത്മീയ പരിപോഷണവും സ്ഥലംസഭയുടെ കൂടിവരവുകളില്‍ നിറവേറ്റിത്തരുവാന്‍ സഭയുടെ നാഥനായ കര്‍ത്താവ് ശക്തനാണ്. ഓരോ വിശ്വാസിയും ആ പരിപോഷണത്തിനു അര്‍ഹനാണ്. ദൈവവചനത്തിന്റെ പരിധിയില്‍ ഒരു വിശ്വാസി പുലര്‍ത്തേണ്ട വ്യക്തമായ ‘വേര്‍പാട്’ പാലിച്ചു ജീവിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
