ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സാമ്പത്തീക കാര്യങ്ങള്‍. ദശാംശം, ഭാഗ്യകുറി, ഗാനമേള, സിനിമ പ്രദര്‍ശനം, ബക്കറ്റു പിരിവ്, ഭഷ്യമേള, ലേലംവിളി, സ്പോന്‍സര്‍ഷിപ്പ്, ജനനം, മരണം, വിവാഹ വാര്‍ഷീകം, മാസവരി, ആണ്ടുവരി, ‘കുഴല്‍പണം’ (പലതിന്റെയും പേരുപറഞ്ഞു വിദേശത്ത് നിന്നും എത്തിക്കുന്ന പണം) ഇങ്ങനെ തുടങ്ങി… എന്തെല്ലാം ഓമന പേരില്‍ ഉള്ള പിരിവുകള്‍. പിന്നെ കൂടുതല്‍ കൊടുക്കുന്ന ‘വിശ്വാസിയുടെ’ പേര് പ്രസിദ്ധപ്പെടുതലും, അവരെ ആദരിക്കുന്നതുമായ ‘ശുശ്രുഷകളും ഇന്ന് സുലഭമാണ്.
പുതിയനിയമ സഭയുടെ സാമ്പത്തീക വിഷയങ്ങള്‍ എങ്ങനെ നിര്‍വഹിക്കപ്പെടണം എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. പഴയ നിയമത്തില്‍ ദശാംശം കൊടുക്കണം എന്ന കല്പന കാണുവാന്‍ സാധിക്കും. പഴയനിയമവും പുതിയ നിയമവും തമ്മിലുള്ള വിത്യാസങ്ങള്‍ പോലും അറിയാത്ത വിശ്വാസികള്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം ആണ്. പഴയനിയമം വരുവാനുള്ളതിന്‍റെ നിഴലും, യഹൂദ ജാതിയുമായും ബന്ധപ്പെട്ടതും ആയിരുന്നു. മാത്രമല്ല, കാര്‍മ്മീകമായ എല്ലാ പ്രമാണങ്ങളും നിവൃത്തിക്കപ്പെടുകയും, നീക്കം വരുകയും ചെയ്തിട്ട് പുതിയ നിയമവും കല്പനകളും കര്‍ത്താവ് നമ്മുക്ക് തന്നു. പുറമേ കാണുന്നതും, ബാഹ്യമായി ഉത്തേജിപ്പിക്കപ്പെടുന്നതും, മനുഷ്യ വികാരങ്ങളെ സ്വാധീനിച്ചു ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതൊക്കെയും പ്രാദേശീക സഭയുടെ സത്യങ്ങള്‍ക്ക് ചേരുന്നതല്ല. ആത്മാവിലും സത്യത്തിലും ഉള്ളതിന് മാത്രമേ സഭയില്‍ സ്ഥാനമുള്ളൂ. നമ്മുടെ പ്രധാന വിഷയത്തിലേക്ക് കടന്നു വരാം.
ദൈവീക, ആത്മീയ കാര്യങ്ങള്‍ക്കു എങ്ങനെ പണം കണ്ടെത്തണം, എങ്ങനെ ചെലവു ചെയ്യണം എന്നതിനു ദൈവ വചനത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാണുവാന്‍ സാധിക്കും. ചില പ്രായോഗീക വിഷയങ്ങള്‍ സഭാസത്യം ഇവിടെ കുറിക്കുന്നു.
സഭയില്‍ എടുക്കുന്ന ധനശേഖരണം (സ്തോത്രകാഴ്ച), അത് ദൈവത്തിന്നായി സമര്‍പ്പിക്കപ്പെടുന്ന ഒരു യാഗമാണ്… സഭയായി കര്‍ത്താവിന്നു കൊടുക്കുന്നതിന്റെ ആവശ്യകത ശരിയായി മനസിലാക്കി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്ന ആരാധനയായി അത് മാറും. നമ്മെത്തന്നെ കര്‍ത്താവിന്നായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. കര്‍ത്താവിന്നു നമ്മെത്തന്നെ സമര്‍പ്പിക്കുന്നത് വ്യക്തമായ ഒരു ആത്മീയയാഗമാണ്, ശ്രേഷ്ഠ ആരാധനയാണ്. (എബ്രായര്‍ 13:13-16). ആയതിനാല്‍, നമുക്കുള്ളത്, ഉള്ളതില്‍ നിന്നും കര്‍ത്താവിന്നായി നാം സമര്‍പ്പിക്കുമ്പോള്‍ അത് സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായിത്തീരുന്നു. (ഫിലി.4:18). ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വിശുദ്ധന്മാര്‍ സഭയായി ചേര്‍ന്നുവന്നു ദൈവത്തെ ആരാധിക്കുമ്പോള്‍ തങ്ങളുടെ ഭൌതിക നന്മകളില്‍ നിന്നും ദൈവത്തിനായി സമര്‍പ്പിക്കുന്നതും ആരാധനയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ദൈവത്തെ ആരാധിക്കുവാനായി, തിരുവത്താഴ ശുശ്രുഷയോടുള്ള ബന്ധത്തില്‍, സഭയായി കൂടിവരുന്നതില്‍ ഒഴികെ മറ്റൊരു കൂടിവരവിലും അതായത്, പ്രാര്‍ത്ഥനായോഗത്തിലോ ബൈബിള്‍ക്ലാസിലോ സുവിശേഷ യോഗങ്ങളിലോ ഒന്നും നമ്മുടെ സ്ഥലം സഭകള്‍ സ്തോത്രകാഴ്ച എടുക്കാറില്ല എന്നത് തന്നെ ദൈവവചനത്തിന്‍റെ മാതൃകയാണ്. ഒരു തരത്തിലുള്ള നിര്‍ബന്ധിത പിരിവുകളും നമ്മുടെ സ്ഥലം സഭകളില്‍ ഇല്ലല്ലോ. അതില്‍ നാം അഭിമാനം ഉള്ളവരും ആണ്. എന്നാല്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളില്‍ നിന്നു പോലും സ്തോത്രകാഴ്ച എടുക്കുന്ന ഇതര സഭാ വിഭാഗങ്ങളുണ്ട്. കര്‍ത്താവിന്നായി കൊടുക്കുന്നതില്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിന്നാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ന്യായീകരിച്ച് പറയുന്നത്.
വിശുദ്ധനായ ദൈവത്തെ ആരാധിക്കുവാന്‍ വിശുദ്ധന്മാര്‍ക്കു മാത്രമേ കഴിയുകയുള്ളൂ. രക്ഷിക്കപ്പെട്ട്, പുതിയനിയമ കല്പനകള്‍ അനുസരിച്ച്, വിശുദ്ധന്മാരോടോന്നിച്ചു സ്ഥലം സഭയായി ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് (സഭാ കൂടയ്മയില്‍ ഉള്ളവര്‍ക്ക്) മാത്രമേ ദൈവസന്നിധിയില്‍ വിശുദ്ധയാഗം കഴിക്കുവാന്‍ പുതിയനിയമം പഠിപ്പിക്കുന്നുള്ളൂ. ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്നത്, ആത്മീയവും ഭൗതീകവുമായ എല്ലാ യാഗങ്ങളും, ദൈവത്തിനു വിശുദ്ധമായിരിക്കണം. സ്ഥലം സഭകളില്‍ എടുക്കുന്ന സ്തോത്രകാഴ്ച ദൈവസന്നിധിയില്‍ വിശുദ്ധ യാഗമായി ദൈവം കണക്കിടുന്നുവെങ്കില്‍, തീര്‍ച്ചയായും നാം മനസ്സിലാക്കേണ്ട വസ്തുതയെന്നത്, ആ വിശുദ്ധ യാഗാര്‍പ്പണത്തിലുള്ള പങ്ക് ഓരോ വിശുദ്ധന്മാര്‍ക്കുമായിരിക്കണം. അതായത്, രക്ഷിക്കപ്പെടാത്ത വക്തികള്‍, മുതിര്‍ന്നയാളായാലും കുട്ടികളായാലും, സ്ഥലം സഭയില്‍ എടുക്കുന്ന സ്തോത്രകാഴ്ചയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്.
യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവുമായി ജീവിതത്തില്‍ സ്വീകരിക്കാത്ത ഒരാള്‍ക്കും ദൈവത്തിനു പ്രസാദകരമായ നിലയില്‍ ഒന്നും കൊടുക്കുവാന്‍ കഴിയില്ല. ” ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്;……” എന്ന് സദൃശ്യവാക്യങ്ങള്‍ 15- ന്‍റെ 8 -ല്‍ പറയുന്നു. പഴയനിയമത്തില്‍ ‘ദുഷ്ടന്മാര്‍’ (wicked men) എന്ന് പറഞ്ഞിരിക്കുന്ന ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ് പുതിയനിയമപ്രകാരമുള്ള ‘രക്ഷിക്കപ്പെടാത്ത’ എല്ലാവരും. എന്തുകൊണ്ടാണ് ഇവരുടെ യാഗത്തില്‍ ദൈവം പ്രസാദിക്കാതിരിക്കുന്നത്..? സദൃ.21 : 27 – ല്‍ അതിന്നുള്ള കാരണവും ഉണ്ട്. അവിടെ നാം വായിക്കുന്നത്,’ ദുരാന്തരത്തോടെ അര്‍പ്പിച്ചാല്‍’ ( with a wicked mind ) എന്നാണ്. അതായത്, ദുഷ്ടത നിറഞ്ഞ ഹൃദയത്തോടെ എന്നര്‍ത്ഥം. ദുഷ്ടതക്ക് കാരണം പാപമാണ്. പാപം വസിക്കുന്നിടത്ത് ദുഷ്ടത കൊടികുത്തി വാഴും. രക്ഷിക്കപ്പെടാത്ത ഒരാളുടെ മനസ്സ് എന്നത് പാപപങ്കിലമാണ്. പാപത്തോടുകൂടി ദൈവത്തിനു യാഗം കഴിക്കാന്‍ കഴിയില്ല. പാപിയായ, രക്ഷിക്കപ്പെടാത്ത ഒരാള്‍ ദൈവസന്നിധിയില്‍ എടുക്കുന്ന വിശുദ്ധയാഗമായ സ്തോത്രകാഴ്ചയില്‍ പങ്കാളിയാകുന്നു എന്ന് വരികില്‍ ആ യാഗാര്‍പ്പണം എങ്ങനെ വിശുദ്ധമായി തീരും?
”തിരുനാമം നിമിത്തം ജാതികളോട് ഒന്നും വാങ്ങിയില്ല” എന്ന് യോഹന്നാന്‍ എഴുതിയ ലേഖനം ഏഴാം വാക്യത്തില്‍ നാം വായിക്കുന്നു.
ദൈവനാമമഹത്വത്തിന്നായി ദൈവജനമാണ് നല്‍കേണ്ടത്. ദൈവത്തിനു വേണ്ടത് തന്‍റെ മക്കള്‍ നല്‍കുന്നതാണ്. ദൈവം ആഗ്രഹിക്കുന്നതും തന്റെ മക്കളില്‍ നിന്നും മാത്രമാണ്. നാം സഭയായി ദൈവസന്നിധിയില്‍ എടുക്കുന്ന ശേഖരണത്തില്‍ ദൈവമക്കളുടെതല്ലാത്തത് ഉണ്ടോ എന്ന് ശോധന ചെയ്യേണ്ടിയിരിക്കുന്നു.
ദൈവത്തിന്നായി അര്‍പ്പിക്കപ്പെടുന്ന യാഗങ്ങള്‍ വിശുദ്ധമായിരിപ്പാന്‍ ഇടയാകട്ടെ. സ്ഥലംസഭകളില്‍ എടുക്കുന്ന സ്തോത്രകാഴ്ച വിശുദ്ധ യാഗമായി കണ്ടുകൊണ്ട്, അതില്‍ വിശുദ്ധിയോടെ പങ്കെടുത്തുകൊണ്ട്, ഓരോ വിശ്വാസികളും വ്യക്തിപരമായും സഭയായോരുമിച്ചും പൌരോഹിത്യ ശുശ്രുഷ നിവര്‍ത്തിക്കണം. സ്തോത്രകാഴ്ചയിലേക്ക് കൊടുക്കുന്നതും കൊടുക്കുന്നവരും വിശുദ്ധമായിരിപ്പാന്‍ ഇടയാകണം. ദൈവസന്നിധിയില്‍ സുഗ്രാഹ്യമായ യാഗമായി, ദൈവം പ്രസാദിക്കുന്ന വിശുദ്ധ ആരാധനയായി കര്‍തൃദിവസം സഭകളില്‍ എടുക്കുന്ന ധനശേഖരണം (സ്തോത്രകാഴ്ച) ആയിരിക്കട്ടെ. അപ്പോസ്തലന്മാര്‍ കാട്ടിത്തന്ന മാതൃകയാണിത്. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അപ്പം നുറുക്കുവാന്‍ കൂടിവന്നതിനോടൊപ്പം സ്തോത്രകാഴ്ച ശേഖരണവും ആദിമസഭകളില്‍ ഉണ്ടായിരുന്നു. നമ്മുടെ പിതാക്കന്മാര്‍ അതേ മാതൃക സ്വീകരിച്ച് അത് അനുവര്‍ത്തിച്ചുപോന്നു. ഈ കാലഘട്ടത്തിലും നമ്മുടെ സ്ഥലം സഭകള്‍ ആ രീതി തന്നെ പിന്തുടരുന്നു. തുടര്‍ന്നും, സ്ഥലം സഭയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച് ദൈവനാമമഹത്വത്തിന്നായി നില്‍ക്കുവാന്‍ ദൈവം നമ്മെ ധാരാളമായി സഹായിക്കട്ടെ.

if any believer is not able to give this due to any financial constraints is there any problems…i do have saw that some of our brothers not able to give due to some problems.
സ്തോത്രകാഴ്ച എന്നത് മനുഷ്യരെ പ്രീതിപ്പെടുത്തുവാനുള്ള കാര്യമല്ല. പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വിശ്വാസിയുടെ എല്ലാ ജീവിത സാഹചര്യങ്ങളും ദൈവം അറിയുന്നതാണ്, അനുവദിക്കുന്നതാണ്. അതുകൊണ്ട് പണം കൊടുക്കുന്നതോ, കൊടുക്കാതിരിക്കുന്നതോ വ്യക്തിപരമാണ്. മാത്രമല്ല ദൈവ സന്നിധിയില്‍ നീതീകരിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്തൃയവും നമ്മുക്കുണ്ട്. നാം എല്ലാറ്റിനും കണക്കും ബോധിപ്പിക്കേണ്ടവരാണ്.